Wednesday, July 28, 2010

ഭക്ഷ്യധാന്യം നശിക്കുന്നത് ക്രിമിനല്‍കുറ്റം: സുപ്രീംകോടതി

ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്ന് സുപ്രീംകോടതി. ധാന്യങ്ങള്‍ നശിക്കുന്നത് തടയാനാകുന്നില്ലെങ്കില്‍ ദരിദ്രജനങ്ങള്‍ക്ക് അത് വിതരണംചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സുപ്രീംകോടതി തുറന്നടിച്ചു. ഒരൊറ്റ ധാന്യമണിപോലും പാഴായിപ്പോകാന്‍ അനുവദിക്കരുതെന്നും ധാന്യങ്ങള്‍ നശിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്രം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുവിതരണസംവിധാനത്തിലെ അപാകം ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെ ജസ്റിസുമാരായ ദല്‍ബീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കുന്നതടക്കം പത്ത് വിഷയത്തിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് ധാന്യങ്ങള്‍ പാഴാകുന്നത് കുറ്റമാണ്. പല സ്ഥലത്തും ധാന്യങ്ങള്‍ നശിക്കുന്നതായി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ധാന്യങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടിയെന്ന നിലയില്‍ സര്‍ക്കാര്‍ ഒരുക്കണം. ഹ്രസ്വകാലനടപടിയെന്ന നിലയില്‍ ഗോഡൌണുകള്‍ വാടകയ്ക്കോ മറ്റോ കിട്ടുമോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ വെള്ളംകയറില്ലെന്ന് ഉറപ്പുള്ള ടെന്റുകളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കണം. ഒരു ധാന്യമണിപോലും പാഴാകില്ലെന്ന് ഉറപ്പാക്കാവുന്നവിധത്തിലാകണം നടപടി- കേന്ദ്ര ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍ കോടതി പറഞ്ഞു.

പൊതുവിതരണസംവിധാനം (പിഡിഎസ്) എപിഎല്ലുകാര്‍ക്കുകൂടി ലഭ്യമാക്കാനോ അല്ലെങ്കില്‍ നിലവിലുള്ള ബിപിഎല്‍ വിഭാഗത്തെ കൂടുതല്‍ വിപുലപ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. പിഡിഎസ് അഴിമതി തടയാന്‍ നടപടിയുണ്ടാകണമെന്നും കോടതി പറഞ്ഞു. കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി എപിഎല്‍ വിഭാഗക്കാര്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക മന്ത്രിസമിതി തീരുമാനിച്ചു. 30 ലക്ഷം ടണ്‍ അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്ക് 11.5 കോടി വരുന്ന എപിഎല്‍ കുടുംബത്തിന് വിതരണംചെയ്യാനാണ് തീരുമാനം. 10 മുതല്‍ 35 കിലോവരെ അരിയും ഗോതമ്പും എപിഎല്‍ കുടുംബങ്ങള്‍ക്ക് അധികമായി ലഭിക്കും. ഗോതമ്പ് കിലോയ്ക്ക് 6.10 രൂപ നിരക്കിലും അരി കിലോയ്ക്ക് 8.30 രൂപയ്ക്കുമാകും നല്‍കുക. സ്വകാര്യവ്യക്തികളില്‍നിന്ന് ഗോഡൌണുകള്‍ കൂടുതല്‍ കാലത്തേക്ക് വാടകയ്ക്ക് വാങ്ങാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഒരുകോടിയോളം ടണ്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നതായാണ് റിപ്പോര്‍ട്ട്.
(എം പ്രശാന്ത്)

ദേശാഭിമാനി 28072010

2 comments:

  1. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്ന് സുപ്രീംകോടതി. ധാന്യങ്ങള്‍ നശിക്കുന്നത് തടയാനാകുന്നില്ലെങ്കില്‍ ദരിദ്രജനങ്ങള്‍ക്ക് അത് വിതരണംചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സുപ്രീംകോടതി തുറന്നടിച്ചു. ഒരൊറ്റ ധാന്യമണിപോലും പാഴായിപ്പോകാന്‍ അനുവദിക്കരുതെന്നും ധാന്യങ്ങള്‍ നശിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്രം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുവിതരണസംവിധാനത്തിലെ അപാകം ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെ ജസ്റിസുമാരായ ദല്‍ബീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്

    ReplyDelete
  2. എഫ്സിഐ ഗോഡൌണുകളിലിട്ട് നശിപ്പിക്കുന്നതിനു പകരം ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് പാഴാകുന്നതിനെതിരെ ഈ ഉത്തരവിറക്കിയത്. ജില്ലകളിലും ഡിവിഷനുകളിലും പ്രത്യേക ഗോഡൌണുകള്‍ സ്ഥാപിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും വലിയൊരു ഗോഡൌ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ന്യായവില ഷോപ്പുകള്‍ മാസം മുഴുവന്‍ തുറന്നിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുവിതരണത്തിലെ അഴിമതിക്കും ഭക്ഷ്യധാന്യം നശിക്കുന്നതിനുമെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലുമാണ് കോടതി നടപടി.

    ReplyDelete