Tuesday, July 6, 2010

ഇതിഹാസ തുല്യമായ പ്രതിഷേധം

ഐതിഹാസികമായ പ്രതിഷേധമുന്നേറ്റത്തിനാണ്, ജനങ്ങളുടെ എല്ലാം മറന്നുള്ള രോഷപ്രകടനത്തിനാണ് തിങ്കളാഴ്ച രാജ്യം സാക്ഷിയായത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം ഉപേക്ഷിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടന്ന ദേശീയ ഹര്‍ത്താല്‍ ഇന്ത്യയുടെ ജനമുന്നേറ്റചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറി. ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടികളാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. പിന്നീട് ബിജെപിയും എന്‍ഡിഎ കക്ഷികളും ഭാരത്ബന്ദിനും ആഹ്വാനംചെയ്തു.

ദുസ്സഹമായ വിലക്കയറ്റം സൃഷ്ടിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരായി ജനങ്ങള്‍ ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. കേരളത്തില്‍ സമ്പൂര്‍ണ ഹര്‍ത്താലാണ് നടന്നത്. ഹര്‍ത്താലുകള്‍ പൊതുവെ ബാധിക്കാത്ത വന്‍ നഗരങ്ങളടക്കം രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലയിലും ജനങ്ങള്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി രംഗത്തിറങ്ങി.

ചരിത്രത്തിലില്ലാത്ത കൊടിയ വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന വേളയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യത്താകെ ഉയര്‍ന്ന പ്രതിഷേധത്തിന് ചെവികൊടുക്കാതെ വഞ്ചനാപരമായ വാദങ്ങളാണ് വിലവര്‍ധനയെ ന്യായീകരിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പ്രതിഷേധപ്രകടനങ്ങളുടെ ശക്തിചോര്‍ത്താന്‍ സര്‍ക്കാര്‍സംവിധാനങ്ങളാകെ ഉപയോഗിക്കാനും യുപിഎ ഭരണം തയ്യാറായി. എന്നാല്‍, അത്തരം പിന്തിരിപ്പിക്കലുകളും ഇടങ്കോലിടലും ഭീഷണിയും തൃണവല്‍ഗണിച്ച്, ജീവിക്കാനുള്ള അവകാശത്തിനായി ജനങ്ങള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന; അതില്‍ അണിചേരുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിച്ചത്. എന്തിന് ഒരു വിഷയത്തില്‍ രണ്ട് ഹര്‍ത്താല്‍ എന്ന ചോദ്യമുന്നയിച്ച് പരിഹസിച്ചവരോട്, ജീവിക്കാന്‍വേണ്ടിയുള്ള സമരത്തെ ഒരുശക്തിക്കും തടയാനാകില്ലെന്ന് പ്രവര്‍ത്തിച്ചുകാട്ടിയാണ് ഇന്ത്യന്‍ജനത പ്രതികരിച്ചത്. ഹര്‍ത്താല്‍ ചരിത്രവിജയമാക്കിയ ഇന്ത്യന്‍ജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.

കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനയം തുടരാനാണ് ഭാവമെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങളാകെ അണിനിരക്കുമെന്ന കരുത്തന്‍ മുന്നറിയിപ്പാണ് ഹര്‍ത്താലിന്റെ വിജയം. ഈ ചുവരെഴുത്ത് മനസ്സിലാക്കി ഇന്ധന വിലവര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം പുനഃസ്ഥാപിക്കാനും യുപിഎ നേതൃത്വം തയ്യാറാകണം.

ഹര്‍ത്താലിനെതിരെ വികാരപരമായ പ്രകടനം നടത്തുന്നവര്‍, അതിലേക്ക് ജനങ്ങളെ നയിച്ച യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനും തയ്യാറാകണം. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുന്ന വികല നയങ്ങളല്ല, അവയ്ക്കെതിരായ പ്രതിഷേധമാണ് മ്ളേച്ഛമെന്ന് പ്രചരിപ്പിക്കുന്നവര്‍ ജനശത്രുക്കളുടെ വിടുവേലക്കാരാണെന്ന തിരിച്ചറിവുകൂടിയാണ് എല്ലാം മറന്ന് ഹര്‍ത്താല്‍ വിജയിപ്പിച്ചതിലൂടെ രാജ്യത്തെ ജനസാമാന്യം പ്രഖ്യാപിച്ചിരിക്കുന്നത്.

deshabhimani editorial 06072010

2 comments:

  1. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനയം തുടരാനാണ് ഭാവമെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങളാകെ അണിനിരക്കുമെന്ന കരുത്തന്‍ മുന്നറിയിപ്പാണ് ഹര്‍ത്താലിന്റെ വിജയം. ഈ ചുവരെഴുത്ത് മനസ്സിലാക്കി ഇന്ധന വിലവര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം പുനഃസ്ഥാപിക്കാനും യുപിഎ നേതൃത്വം തയ്യാറാകണം.

    ഹര്‍ത്താലിനെതിരെ വികാരപരമായ പ്രകടനം നടത്തുന്നവര്‍, അതിലേക്ക് ജനങ്ങളെ നയിച്ച യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനും തയ്യാറാകണം. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുന്ന വികല നയങ്ങളല്ല, അവയ്ക്കെതിരായ പ്രതിഷേധമാണ് മ്ളേച്ഛമെന്ന് പ്രചരിപ്പിക്കുന്നവര്‍ ജനശത്രുക്കളുടെ വിടുവേലക്കാരാണെന്ന തിരിച്ചറിവുകൂടിയാണ് എല്ലാം മറന്ന് ഹര്‍ത്താല്‍ വിജയിപ്പിച്ചതിലൂടെ രാജ്യത്തെ ജനസാമാന്യം പ്രഖ്യാപിച്ചിരിക്കുന്നത്.

    ReplyDelete
  2. they say the loss to indian economy due to ydays harthal is anywhr between 3000Crs to 13000Crs (Rupees).. loss of public property, private property, loss of man hours etc etc

    WELL DONE!!

    political parties can express their objection thru strikes etc. but why are u destroying the public properties? give one good reason

    ReplyDelete