Tuesday, July 20, 2010

ജമാ അത്തെ ഇസ്ളാമിക്കായി വിദൂഷകവേഷം കെട്ടുന്ന ഗവേഷകര്‍

ജമാഅത്തെ ഇസ്ളാമിയുടെ മതമൌലികവാദ സ്വഭാവം സമീപകാലത്ത് കൂടുതല്‍ തുറന്നുകാട്ടപ്പെട്ടതോടുകൂടി ആ സംഘടനയ്ക്ക് പൊതുജനമദ്ധ്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അവരുടെ പ്രസിദ്ധീകരണസ്ഥാപനങ്ങളായ മാധ്യമം പത്രവും വാരികയും എടുത്തണിഞ്ഞ പ്രഛന്ന ഇടതുപക്ഷത്തിന്റെയും ദളിത് സ്നേഹത്തിന്റെയുമൊക്കെ മുഖംമൂടി അനാവരണം ചെയ്യപ്പെട്ടതോടെ അവര്‍ അവാച്യമായ പ്രതിസന്ധിയിലായി. ആശയതലത്തില്‍ നിരായുധരായി നിലംപരിശാക്കപ്പെട്ട അവര്‍ പ്രതിരോധത്തിനായി കല്ലുവെച്ച നുണപ്രചരണത്തെയാണ് അന്തിമാശ്രയമായി കരുതിയിരിക്കുന്നത്.

സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടിനുനേരെയാണ് ജമാ അത്തെ ഇസ്ളാമിക്കാരുടെ ആക്രമണം. സിപിഐ (എം) സ്വീകരിച്ച മതനിരപേക്ഷ നിലപാട് മൃദുഹിന്ദുത്വ നിലപാടാണെന്ന് വളച്ചൊടിക്കാനാണ് അവരും അവര്‍ക്കായി പേന ഉന്തുന്നവരും നിരന്തരം ശ്രമിക്കുന്നത്. ഫാസിസ്റ്റ്-മതമൌലികവാദ സംഘടനകളുടെ പ്രധാന സവിശേഷതയാണല്ലോ നട്ടാല്‍ കുരുക്കാത്ത ഏതു കള്ളവും ആരെപ്പറ്റിയും പ്രചരിപ്പിക്കും എന്നത്. ഒരു ഉളുപ്പുമില്ലാതെ ആ നുണ നൂറല്ല പതിനായിരം തവണ ആവര്‍ത്തിക്കും എന്നുള്ളതും! കണ്‍മുമ്പിലുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെയും ചരിത്ര വസ്തുതകളേയും തമസ്കരിച്ചുകൊണ്ട് അവര്‍ നടത്തുന്ന അസത്യ പ്രചാരണങ്ങള്‍ അവരെത്തന്നെ തിരിഞ്ഞുകുത്തുന്നു.

കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ച, താന്‍ കണ്ണടച്ചു പിടിച്ചിരിക്കുന്നതുകൊണ്ട് ലോകം മുഴുവന്‍ ഇരുളിലാണെന്നും താന്‍ ചെയ്യുന്ന പ്രവൃത്തി ആരും അറിയുന്നില്ലെന്നും സങ്കല്‍പിക്കുന്നു. അതുപോലെയാണ് ജമാ അത്തെ ഇസ്ളാമിക്കുവേണ്ടി പ്രബന്ധം ചമച്ച ഡോ. ടി ടി ശ്രീകുമാറിന്റെയും അവസ്ഥ. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ കവര്‍സ്റ്റോറി, മാതൃഭൂമി പത്രത്തിന്റെ പഴയ ഒരു വാര്‍ത്തയെയാണ് ആശ്രയിച്ചിരിക്കുന്നത്. 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന വാര്‍ത്തയുടെ ഫോട്ടോ കോപ്പി എടുത്തുകൊടുത്തിട്ടുണ്ട്. 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

"ബാബറി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം'' എന്ന് ഇ എം എസ് തിരൂരില്‍ പ്രസംഗിച്ചു എന്നാണ് മാതൃഭൂമി ലേഖകന്‍ റിപ്പോര്‍ട്ടുചെയ്തത്.

വാര്‍ത്ത അച്ചടിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇ എം എസ് അത് നിഷേധിക്കുകയുണ്ടായി. അങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടേ ഇല്ലെന്നും മാതൃഭൂമി വാര്‍ത്ത തനി കള്ളമാണെന്നും ഇ എം എസ് വ്യക്തമാക്കുകയുണ്ടായി. രാമജന്മഭൂമി എന്നപേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബറി മസ്ജിദ് എന്നപേരില്‍ മുസ്ളിം ജനവിഭാഗങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലൂംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്ന് ഇ എം എസ് വിശദീകരിച്ചു.

1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. അത് ഇവിടെ കൊടുത്തിട്ടുണ്ട്. അതില്‍ ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്താണെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്താണെന്നും വിശദീകരിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് പ്രശ്നം ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന സമയമായിരുന്നു അത്. അന്ന് സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസ് എന്തു പറയുന്നു എന്ന് ദേശീയ മാധ്യമങ്ങളെല്ലാം കാതുകൂര്‍പ്പിച്ചു നില്‍ക്കുന്ന സമയമാണ്. കേരളത്തിലാവട്ടെ, മലയാള മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇ എം എസ് പറയുന്നത് വളച്ചൊടിക്കാന്‍ കച്ചകെട്ടിയിരുന്ന സമയവും. എന്നാല്‍ മാതൃഭൂമി ലേഖകനൊഴികെ മറ്റാരും ഇങ്ങനെ ഒരു പച്ചക്കള്ളം എഴുതിവിടാന്‍ ധൈര്യപ്പെട്ടില്ല.

മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പ്രാധാന്യത്തോടെ കൊടുത്ത ഈ വാര്‍ത്ത അന്നത്തെ തിരുവനന്തപുരം എഡിഷന്റെ അകത്തെ പേജില്‍ ഒരു കോളത്തില്‍ ഒതുങ്ങുകയായിരുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? ആ വാര്‍ത്ത തനി കള്ളവും കെട്ടിച്ചമച്ചതുമാണെന്ന ബോധ്യം മാതൃഭൂമിയുടെ മറ്റ് എഡിഷനുകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നു. അല്ലാതെ അവരൊക്കെ മാധ്യമരംഗത്തെ മന്ദബുദ്ധികളല്ലല്ലോ?

അന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ചിത്രംകൂടി അനുസ്മരിച്ചാലേ മാതൃഭൂമി ലേഖകന്റെ യഥാര്‍ത്ഥ പൂച്ച് മനസ്സിലാക്കാനാവൂ. 1987ജനുവരിയില്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയാണ് അധികാരത്തിലിരുന്നത്. അഴിമതിയില്‍മുങ്ങി, ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളെ മാറിമാറി പ്രീണിപ്പിച്ച്, സര്‍ക്കാര്‍ അങ്ങേയറ്റം നാണംകെട്ടു നില്‍ക്കുന്ന സമയമാണ്. അതിനെല്ലാം ഉപരിയായി ബാബറിമസ്ജിദ് പ്രശ്നം മതസൌഹാര്‍ദ്ദ അന്തരീക്ഷത്തിന് കനത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്.

ഇന്നത്തെപ്പോലെ അന്നും യുഡിഎഫിലെ രണ്ടാമത്തെ കക്ഷി മുസ്ളീം ലീഗാണ്. ഇബ്രാഹിം സുലൈമാന്‍സേഠ് ആണ് അന്ന് മുസ്ളീംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ്. ബാബറിമസ്ജിദ് പ്രശ്നത്തിന്റെപേരില്‍ റിപ്പബ്ളിക്ദിനം ബഹിഷ്കരിക്കുമെന്ന് സേഠ് പ്രഖ്യാപിച്ച സമയമാണ്. ബഹിഷ്കരണാഹ്വാനത്തിന്റെപേരില്‍ മുസ്ളീംലീഗില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സമയവും.

യുഡിഎഫിലെ ഘടകകക്ഷികളായി അന്ന് സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന എന്‍ഡിപിയും സാമുദായിക സംവരണത്തിനായി നിലകൊള്ളുന്ന എസ്ആര്‍പിയും ഉണ്ട്. ഇവര്‍ക്കെല്ലാം പരസ്പരവിരുദ്ധമായ ഉറപ്പുകള്‍ കരുണാകരന്‍ കൊടുക്കുന്ന കാലം. വര്‍ഗീയതയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ഭരണമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്ന് അര്‍ത്ഥം.

ബാബറി മസ്ജിദ് പ്രശ്നത്തില്‍ സംഘപരിവാറിന്റെ മുഖപത്രംപോലെയാണ് അന്ന് മാതൃഭൂമി പ്രവര്‍ത്തിച്ചത് എന്ന് അതിന്റെ പഴയ ലക്കങ്ങള്‍ സാക്ഷ്യംപറയുന്നു. അങ്ങേയറ്റം സംഘര്‍ഷാത്മകമായ സാഹചര്യത്തെ പരമാവധി മുതലെടുത്ത് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനാണ് അവര്‍ യത്നിച്ചത്. വര്‍ഗീയ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മസാലകള്‍ മാതൃഭൂമി പേജുകളില്‍ നിരത്താന്‍ ലേഖകര്‍ പാടുപെടുന്ന സമയമായിരുന്നു അത്. അതിനായി അര്‍ദ്ധസത്യത്തെയും അസത്യത്തെയും കൂട്ടുപിടിക്കുന്നത് മ്ളേച്ഛമല്ലെന്ന് അവര്‍ കരുതി. ആര്‍ജവത്തേക്കാള്‍ ആര്‍ജ്ജനത്തിന് പ്രാധാന്യം കല്‍പിച്ചു എന്നു സാരം.

ഇ എം എസിന്റെ പ്രസംഗത്തിന്റെപേരില്‍ ഇത്തരം ഒരു കള്ളം എഴുതാന്‍ മാതൃഭൂമി ലേഖകന്‍ ധൈര്യം കാണിച്ചതിന്റെ പശ്ചാത്തലം ഇതാണ്.

മാതൃഭൂമി കള്ളം എഴുതിയതോ അന്നേ നിഷേധിക്കപ്പെട്ട ആ 'വാര്‍ത്ത' ജമാ അത്തെ ഇസ്ളാമിക്കാര്‍ തലയിലേറ്റി നടക്കുന്നതോ ആരിലും അത്ഭുതം ഉണ്ടാക്കില്ല. എന്നാല്‍ ഗവേഷകരുടെ വേഷത്തില്‍ ചില ഡോക്ടര്‍മാര്‍ ഈ കള്ളത്തെ ആശ്രയിക്കുന്നതാണ് അതിശയകരം.

ജമാ അത്തുകാര്‍ നല്‍കിയ പത്രത്താളിന്റെപേരില്‍ ഒരു പ്രമുഖരാഷ്ട്രീയ പാര്‍ടിയേയും സമാരാധ്യനായ അതിന്റെ നേതാവിനെയും അപവദിക്കുംമുമ്പ് ആ ദിവസത്തെ മറ്റു പത്രങ്ങളെങ്കിലും പരിശോധിക്കാനുള്ള ബാധ്യത ഈ 'ഗവേഷക'നില്ലേ? ഇ എം എസിന്റെയും സിപിഐ എമ്മിന്റെയും ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് വിശദീകരണം എന്തെങ്കിലും വന്നോ എന്ന് പരിശോധിക്കാനുള്ള ക്ഷമ ഈ ഗവേഷകന്‍ കാണിക്കേണ്ടതല്ലേ? ഇവരൊക്കെയാണ് രാഷ്ട്രീയ സദാചാരത്തെപ്പറ്റി പേജുകള്‍ എഴുതിനിറയ്ക്കുന്നത് എന്നത് നമുക്കുമുമ്പിലുള്ള കറുത്ത ഹാസ്യമാണ്. ജമാഅത്തെ ഇസ്ളാമിയെ വെള്ളപൂശാന്‍ ഗവേഷണംനടത്തുന്ന ഇത്തരക്കാരെ വിദൂഷകന്റെ തൊപ്പിയണിയിച്ചായിരിക്കും കാര്യവിവരമുള്ള വായനക്കാര്‍ സ്വീകരിക്കുക. വിഖ്യാത സാഹിത്യകാരന്‍ സഞ്ജയന്റെ ഭാഷയില്‍ എല്ലാ അസത്യങ്ങളും അശ്ളീലങ്ങളാണ്. ആ നിലയ്ക്ക് അസത്യങ്ങളും അബദ്ധ ധാരണകളും മുഴച്ചുനില്‍ക്കുന്ന ശ്രീകുമാറിന്റെ ലേഖനവും അങ്ങേയറ്റം അശ്ളീലമാണെന്ന് പറയാതെ വയ്യ.

ഗിരീഷ് ചേനപ്പാടി chintha weekly 23072010

4 comments:

  1. ജമാഅത്തെ ഇസ്ളാമിയുടെ മതമൌലികവാദ സ്വഭാവം സമീപകാലത്ത് കൂടുതല്‍ തുറന്നുകാട്ടപ്പെട്ടതോടുകൂടി ആ സംഘടനയ്ക്ക് പൊതുജനമദ്ധ്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അവരുടെ പ്രസിദ്ധീകരണസ്ഥാപനങ്ങളായ മാധ്യമം പത്രവും വാരികയും എടുത്തണിഞ്ഞ പ്രഛന്ന ഇടതുപക്ഷത്തിന്റെയും ദളിത് സ്നേഹത്തിന്റെയുമൊക്കെ മുഖംമൂടി അനാവരണം ചെയ്യപ്പെട്ടതോടെ അവര്‍ അവാച്യമായ പ്രതിസന്ധിയിലായി. ആശയതലത്തില്‍ നിരായുധരായി നിലംപരിശാക്കപ്പെട്ട അവര്‍ പ്രതിരോധത്തിനായി കല്ലുവെച്ച നുണപ്രചരണത്തെയാണ് അന്തിമാശ്രയമായി കരുതിയിരിക്കുന്നത്.

    ReplyDelete
  2. കക്കോടികള്‍ ജമാത്തെ ഇസ്ലാമിനെ പാഠം പഠിപ്പിക്കും...

    ReplyDelete
  3. "...ജമാഅത്തെ ഇസ്ളാമിയുടെ മതമൌലികവാദ സ്വഭാവം സമീപകാലത്ത് കൂടുതല്‍ തുറന്നുകാട്ടപ്പെട്ടതോടുകൂടി ആ സംഘടനയ്ക്ക് പൊതുജനമദ്ധ്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി..."
    എന്താണ് ആ വെളിപ്പെട്ട കാര്യങ്ങൾ എന്ന് ഒന്ന് വിശദീകരിക്കാമോ

    ReplyDelete