2010ല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ രണ്ട് തവണ വര്‍ദ്ധിപ്പിച്ചു - ആദ്യം നികുതി വര്‍ദ്ധനയും പിന്നീട് വില വര്‍ദ്ധനയും. അതിനും പുറമെ പെട്രോളിനു മേലുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞു; ഡീസലിനും ഭാവിയില്‍ വില നിയന്ത്രണം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ഉണ്ടായി. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഉള്‍പ്പെടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഇടിത്തീപോലെയാണ് വില വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ജനകീയ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്. ജൂണ്‍ 26ന് ഹര്‍ത്താല്‍ ആചരിച്ചുകൊണ്ട് കേരളത്തില്‍ എല്‍ഡിഎഫ് ആ പ്രതിഷേധം പ്രകടിപ്പിക്കുകയാണുണ്ടായത്. ദേശീയതലത്തില്‍ തന്നെ കൂടുതല്‍ സംഘടനകളെയും ജനവിഭാഗങ്ങളെയും അണിനിരത്തി ജൂലൈ 5ന് ഇടതുപക്ഷം ദേശീയ ഹര്‍ത്താല്‍ നടത്തി പ്രക്ഷോഭത്തെ കൂടുതല്‍ ഉയര്‍ന്ന ഘട്ടത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും ചില മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് ഏപ്രില്‍ 27ന് ദേശീയ ഹര്‍ത്താല്‍ നടത്തുകയും പാര്‍ലമെന്റില്‍ ധനാഭ്യര്‍ത്ഥനയ്ക്കെതിരെ ഖണ്ഡനോപക്ഷേപം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ കഴിഞ്ഞ നിരവധി മാസങ്ങളായി വിലക്കയറ്റത്തിനെതിരെ നടത്തിവരുന്ന നിരന്തര പ്രക്ഷോഭ സമരങ്ങളുടെ തുടര്‍ച്ചയാണ് ഈ ഹര്‍ത്താലുകള്‍.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തുടരെ തുടരെ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വാര്‍ത്തയില്‍ ഒതുക്കി ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നുതന്നെ ആ വിഷയത്തെ മായ്ച്ചുകളയാന്‍ പെടാപ്പാടുപെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, ഈ ജനകീയ പ്രതിഷേധങ്ങള്‍ക്കുനേരെ ഉറഞ്ഞുതുള്ളുകയാണ്. ആവര്‍ത്തിച്ച് വില വര്‍ദ്ധിപ്പിക്കുകയും ജനവിരുദ്ധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ മൌനംപാലിക്കുന്ന മാധ്യമങ്ങള്‍ (കോടതികളും) പ്രതിഷേധവും ജനകീയ ചെറുത്തുനില്‍പുകളും ആവര്‍ത്തിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതില്‍ വല്ലാതെ അസ്വസ്ഥരാണ്. പൊതുപണിമുടക്കുകളും ഹര്‍ത്താലുകളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വൃഥാ വ്യായാമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളല്ല,അതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് ജനവിരുദ്ധം എന്നു സ്ഥാപിക്കുകയാണ് ഇക്കൂട്ടരുടെ ദുഷ്ടലാക്ക്.
എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഭരണാധികാരികളുടെ നടപടികളെ ചെറുക്കുന്നതിന് ലോകമാകെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ് സമരങ്ങള്‍ ശക്തിപ്പെടുകയാണെന്ന വസ്തുത ഈ കൂപ മണ്ഡൂകങ്ങള്‍ കാണുന്നില്ല; അഥവാ കണ്ടിട്ടും ജനങ്ങളില്‍നിന്ന് ആ വസ്തുത മറച്ചുവെയ്ക്കുകയാണ്. എന്നാല്‍ ആഗോള മുതലാളിത്തത്തിന്റെയും നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെയും കടുത്ത വക്താവായ "ദ ഇക്കണോമിസ്റ്റ്'' വാരിക, "ലോകം വര്‍ഗസമരത്തിന്റെയും വ്യവസായ തര്‍ക്കങ്ങളുടെയും യുഗത്തിലേക്ക് തിരിച്ചുപോവുകയാണോ?'' എന്ന് ആശങ്കപ്പെടുകയാണ്. (2010 ഏപ്രില്‍ 24 ലക്കം). നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധന്മാര്‍ ലോകമാകെ പടര്‍ന്നുപിടിക്കുന്ന ഈ വര്‍ഗ പോരാട്ടങ്ങളിലേക്കും അതിലേക്ക് നയിക്കുന്ന കാരണങ്ങളിലേക്കും കണ്ണു തുറന്ന് നോക്കുന്നത് നന്നായിരിക്കും.
മുതലാളിത്തത്തിന്റെയും അതിന്റെ ശവക്കുഴി തോണ്ടാന്‍ പിറവിയെടുത്ത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലമായ യൂറോപ്പ് തന്നെയാണ് ഇന്ന് ഈ വര്‍ഗസമരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. "പൊതുപണിമുടക്ക് മൂലം ഫ്രാന്‍സ് നിശ്ചലമായി'' എന്നാണ് ജൂണ്‍ 25ന്റെ 'ഹിന്ദു' പത്രം പെന്‍ഷന്‍ വയസ്സ് ഉയര്‍ത്താനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതിനെതിരെ ഫ്രാന്‍സില്‍ നടന്ന പൊതുപണിമുടക്കിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. റോഡ്, റെയില്‍, വ്യോമഗതാഗതങ്ങള്‍ പണിമുടക്ക് മൂലം സ്തംഭിച്ചു. വിദ്യാലയങ്ങളും ആശുപത്രികളും പോസ്റ്റ് ഓഫീസുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യമേഖലയിലെ തൊഴിലാളികളും പൊതുപണിമുടക്കില്‍ അണിനിരന്നു. ബാങ്കുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സാംസ്കാരിക സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. 200 കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 20 ലക്ഷത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. മെയ് മാസത്തില്‍ നടന്ന 'പ്രതിഷേധ ദിനാചരണ'ത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ അണിനിരന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ പണിമുടക്കുകളും ഉപരോധവും ഇനിയും ഉണ്ടാകും എന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഗ്രീസില്‍ 8 പൊതുപണിമുടക്കുകളാണ് നടന്നത്. ഏറ്റവും ഒടുവില്‍ ജൂണ്‍ 29 നാണ് പൊതുപണിമുടക്ക് നടന്നത്. തൊഴിലാളി വിരുദ്ധനയങ്ങളില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഇനിയും ശക്തമായ പണിമുടക്കും പ്രക്ഷോഭങ്ങളും തുടരും എന്നാണ് ട്രേഡ്യൂണിയനുകളും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രഖ്യാപിച്ചിരിക്കുന്നത്. 2010 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗ്രീസിലെ കര്‍ഷകര്‍ ആഴ്ചകളോളം പൊതുനിരത്തുകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പൊതുപണിമുടക്കുകള്‍ക്കു പുറമെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍, തങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ അതാത് മേഖലകളില്‍ പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നുമുണ്ട്. ഈ ഓരോ പണിമുടക്കും ഗ്രീസിനെയാകെ നിശ്ചലമാക്കുകയായിരുന്നു. പലപ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ എത്താറുമുണ്ട്.
മെയ് 29ന് പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. (ഒരു കോടിയാണ് പോര്‍ച്ചുഗലിന്റെ മൊത്തം ജനസംഖ്യ). 1974ല്‍ ഫാസിസ്റ്റ് വാഴ്ച അവസാനിപ്പിച്ചശേഷം നടന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജൂണ്‍ 25ന് ഇറ്റലിയില്‍ നടന്ന പൊതുപണിമുടക്കും ആ രാജ്യത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. സ്പെയിനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജൂണ്‍ 8ന് നടത്തിയ പണിമുടക്കില്‍ 80 ശതമാനത്തോളം ജീവനക്കാര്‍ പങ്കെടുത്തിരുന്നു. 13,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളത്തില്‍ 5% വെട്ടിക്കുറവ് വരുത്താനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുമുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍, ദേശീയ പൊതുപണിമുടക്ക് നടത്തുമെന്നാണ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റുമാനിയയില്‍ മെയ് 17ന് തൊഴിലില്‍നിന്ന് വിരമിച്ച തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്റ് പിടിച്ചടക്കുകയാണുണ്ടായത്. മെയ് 31ന് നടത്തിയ പൊതുപണിമുടക്കില്‍ രാജ്യമാകെ സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി സമസ്ത വിഭാഗങ്ങളും പണിമുടക്കിലും ഉപരോധസമരത്തിലും അണിനിരന്നു.
ഈ പണിമുടക്കുകളിലെല്ലാം ഏറെക്കുറെ സമാനമായ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. കടുത്ത കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുന്ന യൂറോപ്പിലെ സാമ്പത്തികമായി ദുര്‍ബലമായിരിക്കുന്ന ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, അയര്‍ലണ്ട്, ഇറ്റലി, റുമാനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് പകരമായി ഈ രാജ്യങ്ങള്‍ തങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ച് സമയബന്ധിതമായി ബജറ്റ് കമ്മി ഇല്ലാതാക്കണമെന്നാണ് ഐഎംഎഫും യൂറോപ്യന്‍ യൂണിയനും നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകളുടെ എണ്ണം കുറയ്ക്കല്‍, ശമ്പളം കുറയ്ക്കല്‍, പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കല്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കല്‍, സേവന-വികസന മേഖലകളിലെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കല്‍, വില വര്‍ദ്ധനവ് സൃഷ്ടിക്കുന്ന വിധം പരോക്ഷ നികുതികള്‍ വര്‍ദ്ധിപ്പിക്കല്‍, ഇടത്തരം ജീവനക്കാരെയും തൊഴിലാളികളെയും കൂടി ആദായനികുതി പരിധിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഗ്രീസില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തില്‍ 40 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. എന്നാല്‍ ബാങ്കുകള്‍ക്കും മറ്റു കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ധനികര്‍ക്ക് പൊതുവെയും നികുതി ഇളവുകളും ധനസഹായങ്ങളും കൈ അയച്ച് നല്‍കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരുകളൊന്നും അല്‍പവും പിന്നോക്കമല്ല. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളിലാണ് ഈ നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെങ്കിലും തുടര്‍ന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലും ഈ നയങ്ങള്‍ അടിച്ചേല്‍പിക്കാനാണ് ഐഎംഎഫും യൂറോപ്യന്‍ യൂണിയനും മൂലധനശക്തികളും തീരുമാനിച്ചിരിക്കുന്നത്.
ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വവും ദാരിദ്യ്രവും പട്ടിണിയും വര്‍ദ്ധിക്കാനുള്ള സാധ്യത ഏറുകയാണ്.15 വര്‍ഷത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും വലിയ 6 ബാങ്കുകളുടെ ആസ്തി അമേരിക്കയുടെ ജിഡിപിയുടെ 17 ശതമാനമായിരുന്നത് ഇന്ന് 63 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പൊതുപണം വിനിയോഗിച്ചതിനെ തുടര്‍ന്ന് അവ കൊള്ളലാഭം വാരിക്കൂട്ടുകയാണ്. 1992ല്‍ അതിസമ്പന്നരായ അമേരിക്കക്കാരുടെ വരുമാനം ശരാശരി കുടുംബങ്ങളിലെ വരുമാനത്തിന്റെ 1124 ഇരട്ടി ആയിരുന്നത് 2007 ആയപ്പോള്‍ 6900 ഇരട്ടി ആയി വര്‍ദ്ധിച്ചു - അതായത് അമേരിക്കയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഈ കാലഘട്ടത്തില്‍ 6 ഇരട്ടി വര്‍ദ്ധിച്ചു എന്നാണ് അര്‍ത്ഥം. 2009 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട്ട് പ്രകാരം ധനിക - ദരിദ്ര അന്തരത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്താണ്. പോര്‍ച്ചുഗല്‍ 5-ാം സ്ഥാനത്തും ബ്രിട്ടനും ഇറ്റലിയും 7-ാം സ്ഥാനത്തും ഗ്രീസും അയര്‍ലണ്ടും പത്താം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങളിലെല്ലാം തൊഴിലില്ലാത്തവരുടെ എണ്ണവും അനുദിനം പെരുകുകയാണ്.
ഈ രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ് സമരങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ നോക്കുന്നതിനൊപ്പം തന്നെ ജനങ്ങളെ ശിഥിലീകരിക്കാനും സമരത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടികളെയും അപകീര്‍ത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനും തീവ്രശ്രമമാണ് നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം നടക്കുന്ന പണിമുടക്കുകളുടെയും പ്രക്ഷോഭങ്ങളുടെയും മുന്‍നിര സംഘാടകരായി അതാതിടത്തെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വളര്‍ന്നിരിക്കുന്നു എന്നതാണ് പിന്തിരിപ്പന്മാരെ അലോസരപ്പെടുത്തുന്നത്. ഗ്രീസിലെ ജനങ്ങള്‍ അലസന്മാരും പണി എടുക്കാത്തവരും ആയതിനാലാണ് ഗ്രീസ് പ്രതിസന്ധിയില്‍ അകപ്പെട്ടതെന്നും അവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ജര്‍മ്മനിയിലെ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. മറിച്ച് ഗ്രീസിലെ മാധ്യമങ്ങളാകട്ടെ ജര്‍മ്മന്‍ വിരുദ്ധ വികാരം ഇളക്കിവിടാന്‍ നിരന്തരം പ്രചരണം നടത്തുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയെ രണ്ട് ജനവിഭാഗങ്ങള്‍ തമ്മിലുള്ള സ്വത്വസംഘര്‍ഷങ്ങളാക്കി മാറ്റാനുള്ള വലതുപക്ഷ നീക്കത്തിനെതിരെ കമ്യൂണിസ്റ്റുപാര്‍ടികള്‍ തൊഴിലാളിവര്‍ഗ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂറോപ്പില്‍ സമരരംഗത്ത് അണിനിരക്കുന്നത്. ഗ്രീസിലെ കമ്യൂണിസ്റ്റു പാര്‍ടി "യൂറോപ്പിലെങ്ങുമുള്ള തൊഴിലാളികളെ, ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം ഇതിനെതിരെ ഉയര്‍ത്തുമ്പോള്‍ മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും കമ്യൂണിസ്റ്റുകാരും ഇത് ഏറ്റെടുക്കുന്നതായാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്.
മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും കുറയ്ക്കാനും അതിനെതിരായ സമരത്തെ അടിച്ചമര്‍ത്താനും സര്‍ക്കാരുകള്‍ തുനിയുമ്പോള്‍ ജനകീയ ചൈനയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂലി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ കൂലി കൂടുതലിനും തൊഴില്‍സമയം കുറയ്ക്കുന്നതിനുമായി നടക്കുന്ന സമരങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയുമാണ് അവിടത്തെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് "ഗാര്‍ഡിയന്‍'' പത്രത്തില്‍ സ്യൂമാസ് മില്‍നെ എന്ന മാധ്യമ പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വിവിധ പ്രാദേശിക സര്‍ക്കാരുകള്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളത്തില്‍ 27 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയത് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ ആവേശം പകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലും ജനവിരുദ്ധമായ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിനെതിരെയുള്ള സമരങ്ങളാണ് അനുദിനം വര്‍ദ്ധിച്ചുവരുന്നത്. അത്തരം സമരങ്ങളെ തമസ്കരിക്കുന്നതിനും അവയ്ക്കുനേരെ കരിവാരി എറിയുന്നതിനുമാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ത്താലിനും തൊഴിലാളി പണിമുടക്കുകള്‍ക്കുംനേരെയുള്ള മനോരമയുടെയും മറ്റും ഉറഞ്ഞുതുള്ളലുകളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അപ്രസക്തമായ വിവാദങ്ങള്‍ക്ക് അവര്‍ തിരികൊളുത്തുന്നതും ഭരണവര്‍ഗത്തിനുനേരെ ഉയരുന്ന ജനവികാരത്തെ വഴി തിരിച്ചുവിടുന്നതിനാണ്.
ജി വിജയകുമാര്‍ ചിന്ത വാരിക 16072010
No comments:
Post a Comment