Tuesday, July 6, 2010

ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോളിയം വിലവര്‍ധന

ഇന്ത്യയിലെ 120 കോടിയോളം ജനങ്ങളെ ദുരിതത്തിന്റെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നു. 35 കൊല്ലം മുമ്പത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ (1975 ജൂണ്‍ 26) അനുസ്മരിപ്പിച്ചുകൊണ്ട് ജൂണ്‍ 25ന് വരുത്തിയ ഈ വിലക്കയറ്റം സൃഷ്ടിക്കുവാന്‍ പോകുന്ന സമരങ്ങളുടെ വേലിയേറ്റം തടയാന്‍ മറ്റൊരു അടിയന്തിരാവസ്ഥകൊണ്ടുപോലും കോണ്‍ഗ്രസിന് കഴിഞ്ഞെന്നുവരില്ല. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ അത്രമാത്രം വഞ്ചിതരും ക്ഷുഭിതരും ആയിരിക്കുന്നു.

2004ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി അധികാരമേറ്റതില്‍ പിന്നീടുള്ള പന്ത്രണ്ടാമത്തെ പെട്രോളിയം വിലക്കയറ്റമാണിത്. രണ്ടാം യുപിഎ അധികാരമേറ്റതിനുശേഷമുള്ള മൂന്നാമത്തെ വിലക്കയറ്റം. 2004ല്‍ അധികാരമേറ്റതിനുശേഷം പന്ത്രണ്ടുതവണ വില വര്‍ദ്ധിപ്പിച്ചതുമൂലം (അതില്‍ ഒന്നോ രണ്ടോ തവണ ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം നേരിയതോതില്‍ വിലക്കുറവുവരുത്തിയെന്നകാര്യം വിസ്മരിക്കുന്നില്ല) കഴിഞ്ഞ ആറുകൊല്ലത്തിനുള്ളില്‍ പെട്രോളിന്റെ വില 16 രൂപയിലധികംകണ്ടാണ് വര്‍ധിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2009 ജൂലൈയില്‍ പെട്രോളിന് ലിറ്ററിന് 4 രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. തുടര്‍ന്ന് 2010 ഫെബ്രുവരിയിലെ പൊതു ബജറ്റില്‍ 2.50 രുപ വീതം വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ വില വര്‍ദ്ധനകൂടിയാകുമ്പോള്‍ ഒരൊറ്റ കൊല്ലത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10 രൂപയില്‍ കൂടുതലും ഡിസലിന് 8 രൂപയില്‍ കൂടുതലും കണ്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കേന്ദ്ര സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥയുടെ സര്‍വമേഖലകളിലും അനിയന്ത്രിതമായ വിലക്കയറ്റത്തിനാണ് വഴിവെച്ചിരിക്കുന്നത്. ലോറി ചരക്കു കടത്തുകൂലി, ബസ്ചാര്‍ജ്, ഓട്ടോ-ടാക്സി ചാര്‍ജ്, തീവണ്ടിയിലെ യാത്രക്കൂലി, ചരക്കു കടത്തുകൂലി എന്നിങ്ങനെ പ്രത്യക്ഷമായ സേവനക്കൂലി വര്‍ധനയ്ക്കു പുറമെ, പെട്രോളിയം ഉല്‍പന്നങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചു നില്‍ക്കുന്ന 30,000 ഉല്‍പന്നങ്ങളുടെ വിലകള്‍കൂടി കൂടുമ്പോള്‍, വിലക്കയറ്റത്തിന്റെ വെള്ളപ്പൊക്കംതന്നെയായിരിക്കും ഫലം.ഇത്ര വലിയ വിലക്കയറ്റത്തിലേക്ക് വലിച്ചെറിയപ്പെട്ട സാധാരണക്കാരന്റെ സ്വാഭാവികമായ പ്രതിഷേധമാണ് ജൂണ്‍ 26ന്റെ ഹര്‍ത്താലില്‍ പ്രതിഫലിച്ചത്. അതിന്റെ കൂടുതല്‍ ശക്തമായ പ്രകടനമായിരിക്കും ജൂലൈ 5ന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ ഹര്‍ത്താല്‍. അത് കൂടുതല്‍ ശക്തവും വിപുലവുമായ പ്രക്ഷോഭ സമരങ്ങളിലേക്കുള്ള നീക്കത്തിന്റെ തുടക്കമായിരിക്കുകയും ചെയ്യും.

ഇപ്പോള്‍ വരുത്തിയ വിലക്കയറ്റത്തിന്റെ പിന്നിലെ ഏറ്റവും വലിയ വഞ്ചന, വിലക്കയറ്റം വരുത്തിയതിനോടൊപ്പം വില നിയന്ത്രണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഗവണ്‍മെന്റ് പിന്‍വാങ്ങുകയും അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വിലയീടാക്കാന്‍ കുത്തക എണ്ണക്കമ്പനികളെ അനുവദിക്കുകയും ചെയ്യുന്നുവെന്നതാണ്. ഗവണ്‍മെന്റ് നല്‍കി വന്നിരുന്ന സബ്സിഡി പിന്‍വലിച്ച്, ആഭ്യന്തരവിപണിയിലെ വിലയും അന്താരാഷ്ട്ര വിപണിയിലെ വിലയും തുല്യമാക്കുന്നതുവഴി, ഇന്ത്യയിലെ ഉപഭോക്താക്കളെ അന്താരാഷ്ട്ര - ആഭ്യന്തര എണ്ണക്കുത്തകകളുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വലിച്ചെറിഞ്ഞുകൊടുത്തിരിക്കുകയാണ്. കൊള്ളലാഭക്കൊതിപൂണ്ട ഊഹക്കച്ചവടവും അവധിക്കച്ചവടവും കൊടികുത്തിവാഴുന്ന കാലഘട്ടത്തില്‍, സര്‍ക്കാര്‍ വില നിയന്ത്രണ സംവിധാനം പിന്‍വലിച്ചാല്‍ അനുദിനമുള്ള വിലക്കയറ്റം മാത്രമല്ല പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അരങ്ങുതകര്‍ക്കും. ഇപ്പോള്‍ പെട്രോള്‍ മാത്രമേ ഈ ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളുവെങ്കിലും ഡീസലും മണ്ണെണ്ണയും പാചകവാതകവും എല്ലാം ഉടനെതന്നെ ഈ സംവിധാനത്തില്‍ കൊണ്ടുവരുമെന്ന്, അമേരിക്കന്‍ പ്രസിഡണ്ടിനെ തൊഴുത് അനുഗ്രഹംവാങ്ങി തിരിച്ചുവന്ന മന്‍മോഹന്‍സിങ് പ്രസ്താവിച്ചിട്ടുണ്ട്. ഒരു കുറ്റി ഗ്യാസിന് ആയിരം രൂപ വില വരുന്ന നാളുകള്‍ അത്ര വിദൂരത്തല്ല എന്നര്‍ഥം. കരിഞ്ചന്തനടത്തുന്ന കമ്പനികള്‍ക്കെതിരെ വീട്ടമ്മമാരുടെ കലാപം കൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അത്ര വിദൂരത്തല്ല. സ്വര്‍ണത്തിന്റെ വില ദിവസവും മാറുന്നപോലെ അന്താരാഷ്ട്ര വിപണിയിലെ ഊഹക്കച്ചവടത്തിനനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും വര്‍ധിക്കുകയും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍, പ്രത്യേകിച്ചും യാത്രാ - ചരക്കു കടത്തുരംഗത്ത് അത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. തിരുവനന്തപുരത്തുനിന്ന് കാസര്‍ക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ വഴിക്ക് തൃശൂരോ കോഴിക്കോട്ടോ വെച്ച് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതും വെറും കഥയായിരിക്കുകയില്ല-അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഒരേദിവസത്തെ ഓപ്പണിങ് വിലയും ക്ളോസിങ് വിലയും ഒന്നുതന്നെയായിക്കൊള്ളണമെന്നില്ലല്ലോ.

കടുത്ത അരാജകത്വത്തിലേക്കും വാഴയ്ക്കാ റിപ്പബ്ളിക്കിലേക്കും ഇന്ത്യയെ വലിച്ചെറിയുന്നതിന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഉന്നയിക്കുന്ന കാരണങ്ങളൊന്നുംതന്നെ വിശ്വസനീയമോ യുക്തിസഹമോ അല്ല എന്നതാണ് വാസ്തവം. പ്രമുഖ രാജൃങ്ങളില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണെന്നും ഇന്ത്യയ്ക്ക് വന്‍ ശക്തിയാവണമെങ്കില്‍ വില വര്‍ദ്ധിപ്പിച്ച് അവരുടെ ഒപ്പമെത്തണമെന്നും ആണ് ഒരു വാദം. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി അനുവദിച്ച്, കേന്ദ്ര സര്‍ക്കാര്‍ മുടിഞ്ഞെന്നും റവന്യൂകമ്മി കൂടിക്കൂടി വരുന്നെന്നും അതുകൊണ്ട് വിലവര്‍ദ്ധന അല്ലാതെ മാര്‍ഗമില്ലെന്നുമാണ് മറ്റൊരു വാദം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലക്കയറ്റം എന്ന വാദവുമുണ്ട്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഉന്നയിക്കുന്നതൊക്കെ കള്ളക്കണക്കുകളും കള്ളവാദങ്ങളുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലക്കയറ്റം എന്ന വാദം പച്ചക്കള്ളമാണ്. കാരണം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ബാലന്‍സ് ഷീറ്റിലൊന്നും നഷ്ടത്തിന്റെ കണക്ക് കാണാനില്ല. ഉദാഹരണത്തിന് ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ലാഭം നാലിരട്ടിയോളം വര്‍ധിപ്പിച്ചു എന്ന് അതിന്റെ ബാലന്‍സ് ഷീറ്റ് പറയുന്നു. 2008-09 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 2949 കോടി രൂപയായിരുന്നുവെങ്കില്‍, 2009-10 വര്‍ഷത്തില്‍ 10,224 കോടി രൂപയായി ഉയര്‍ന്നു. ഈ ലാഭത്തിന്റെ വിഹിതമായി കമ്പനി ഇന്ത്യാ ഗവണ്‍മെന്റിന് നികുതി അടയ്ക്കുന്നുമുണ്ട്. ഇങ്ങനെ ലാഭത്തിലോടുന്ന കമ്പനി നഷ്ടത്തിലാണെന്നും അതിന്റെ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നും വാദിക്കുന്ന സര്‍ക്കാര്‍, ജനങ്ങളെ വഞ്ചിക്കുകയാണ്.

സബ്സിഡിയുടെ കണക്കും മറ്റൊരു തട്ടിപ്പാണ്. നൂറ് രൂപ നിങ്ങളില്‍നിന്ന് തട്ടിപ്പറിച്ചെടുത്തിട്ട്, 30 രൂപ ഔദാര്യത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് തിരിച്ചുതരുന്ന പെരും കള്ളന്റെ മഹാമനസ്കത മാത്രമേ സബ്സിഡിയിലുള്ളൂ. ലോകത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. കസ്റ്റംസ് നികുതി, എക്സൈസ് തീരുവ, സ്പെഷ്യല്‍ എക്സൈസ് തീരുവ, വിദ്യാഭ്യാസ സെസ്, റോഡ് ഡെവലപ്മെന്റ് സെസ്, വില്‍പനനികുതി എന്നിങ്ങനെ പല പേരുംപറഞ്ഞ് പെട്രോളിന്റെ മൊത്തം വിലയില്‍ 54 ശതമാനവും സര്‍ക്കാര്‍ നികുതിയായി പിരിച്ചെടുക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന് ആകെ ലഭിക്കുന്ന റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന് മാത്രമാണ്. ഗവണ്‍മെന്റിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഉല്‍പന്നം ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു. പെട്രോളിയം ഉല്‍പന്നങ്ങള്‍. ഈ ഒരൊറ്റ ഇനത്തില്‍ നിന്ന് മാത്രം 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 1,61,798 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന് നികുതി വരുമാനമുണ്ടായി. 2009 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ 56,365 കോടി രൂപയും നികുതിയായി ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ കറവപ്പശുവാണ് പെട്രോളിയം മേഖല. ഇങ്ങനെ ലഭിക്കുന്ന നികുതി വരുമാനത്തില്‍നിന്ന് ഒരു ഭാഗം മാത്രമാണ് സബ്സിഡിയായി തിരിച്ചു നല്‍കുന്നത്. അതിന്റെ ആനുകൂല്യം സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും ലഭിക്കുന്നുണ്ട്. 2009 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ ചെലവഴിച്ചത് 14,058 കോടി രൂപയാണ്. 56365 കോടി രൂപ പിടിച്ചെടുത്തതിനുശേഷം 14,058 കോടി രൂപ തിരിച്ചുകൊടുത്തതിനെയാണ് ഏറ്റവും വലിയ മഹാമനസ്കതയായി അവര്‍ സ്വയം പാടിപ്പുകഴ്ത്തുന്നത്. 2008-2009ല്‍ 1,61,798 കോടി രൂപ നികുതിയായി ലഭിച്ചപ്പോള്‍, 1,06,980 കോടി രൂപ സബ്സിഡിക്കുവേണ്ടി ചെലവാക്കി.

ഓരോ തവണ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമ്പോഴും, കേന്ദ്രസര്‍ക്കാര്‍ പറയാറുള്ള ന്യായവാദം സബ്സിഡികൊണ്ട് മുടിഞ്ഞേ എന്നാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു ഭാരമായിട്ടാണ് അവര്‍ അതിനെ ചിത്രീകരിക്കുന്നത്. എത്രതവണ സബ്സിഡി കുറയ്ക്കാനായി വില കൂട്ടിയാലും പിന്നെയും സബ്സിഡി ബാക്കിയാവുന്ന, ഒരിക്കലും വളവ്തീരാത്ത പട്ടിയുടെ വാലുപോലെയുള്ള ഈ അത്ഭുതം അവസാനിപ്പിക്കാനാവാതെ, നാട്ടുകാരെ പഴിക്കുകയാണ് ഗവണ്‍മെന്റ്. എന്നാല്‍ ഇത് അവസാനിപ്പിക്കാന്‍ ഒരെളുപ്പവഴിയുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ പകുതിയോളം സര്‍ക്കാരിന്റെ നികുതികളാണ്. നൂറുശതമാനത്തിലധികം വരും നികുതിനിരക്ക്. അത് കുറച്ചാല്‍തന്നെ, വില കുറയും. പിന്നെ സബ്സിഡി വേണ്ടിവരില്ല. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില ഉണ്ടാക്കാനാണല്ലോ, സബ്സിഡി ഏര്‍പ്പെടുത്തുന്നത്. വിലക്കയറ്റം ഉണ്ടാക്കുന്നതുതന്നെ സര്‍ക്കാരിന്റെ അതിഭീമമായ നികുതി നിരക്കുകളാകുമ്പോള്‍ ആ നിരക്ക് കുറച്ചാല്‍ സബ്സിഡി വേണ്ടിവരില്ല.

ഉദാഹരണത്തിന്, ഇന്നത്തെ ആഗോള പെട്രോളിയം വില ബാരലിന് ഏതാണ്ട് 76.5 ഡോളറാണ്. ഒരു ബാരലില്‍ 158.76 ലിറ്റര്‍ എണ്ണയാണ് ഉണ്ടാവുക. അതായത് ലിറ്ററിന് വെറും 22.24 രൂപ. അത് ശുദ്ധീകരിച്ച് പെട്രോളാക്കിയാണ് കേരളത്തില്‍ 54.3 രൂപയ്ക്ക് വില്‍ക്കപ്പെടുന്നത്. ഇറക്കുമതിച്ചെലവും ശുദ്ധീകരണച്ചെലവും എല്ലാം കണക്കിലെടുത്താലും 27.5 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോള്‍, അതിന്റെ ഇരട്ടിവിലയ്ക്ക് വില്‍ക്കുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന് നികുതിയിനത്തില്‍ വമ്പിച്ച ലാഭമുണ്ടാകുന്നു. ഈ നികുതി കുറയ്ക്കാന്‍ തയ്യാറില്ലാത്ത കേന്ദ്രസര്‍ക്കാര്‍ 2010ലെ ബജറ്റില്‍, വില വര്‍ദ്ധനയ്ക്ക് യാതൊരു കാരണവുമില്ലെന്നിരിക്കെ, ലിറ്ററിന് രണ്ടര രൂപ നിരക്കില്‍ നികുതി കൂട്ടുകയാണ് ചെയ്തത്. ഇപ്പോഴത്തെ മൂന്നര രൂപയുടെ വില വര്‍ദ്ധനവിനും യാതൊരു കാരണവുമില്ല.

ഇത് അന്താരാഷ്ട്ര വിപണിയില്‍നിന്ന് ഇറക്കുമതിചെയ്യുന്നതിന്റെ കാര്യം. ഇന്ത്യയില്‍ ആഭ്യന്തരമായി കുറച്ച് പെട്രോളിയം കുഴിച്ചെടുക്കുന്നുണ്ട്. ആകെ ഉപയോഗത്തിന്റെ 20 ശതമാനം മുതല്‍ 25 ശതമാനംവരെ. ഇങ്ങനെ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പെട്രോളിയത്തിന്, കുഴിച്ചെടുത്ത് ശുദ്ധീകരിക്കാനുള്ള ചെലവും അല്‍പം ലാഭവും കണക്കാക്കിയാല്‍ ലിറ്ററിന് 20 രൂപയില്‍ താഴെ മാത്രമേ വില വരികയുള്ളു. അതിന് ഇറക്കുമതിച്ചുങ്കവും മറ്റ് ചെലവുകളും ഒന്നും വരികയില്ലല്ലോ. എന്നിട്ടും അതും 54.3 രൂപയ്ക്കാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കലല്ലാതെ മറ്റെന്താണിത്? ഈയിടെ ഒരു എണ്ണ ഉല്‍പാദകരാജ്യം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായപ്പോള്‍, അവിടെ (ബ്രൂണെ) ഒരു ലിറ്റര്‍ പെട്രോളിന് 15 രൂപയില്‍ താഴെ മാത്രമേ വിലയുള്ളുവെന്നുംകഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ 13.5 രൂപയില്‍നിന്ന് ഒരല്‍പമേ വില വര്‍ദ്ധിച്ചിട്ടുള്ളു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ആഭ്യന്തര എണ്ണപ്പാടങ്ങളില്‍നിന്നുള്ള ഉല്‍പാദനത്തിന് അത്രയേ ചെലവ് വരു എന്നര്‍ത്ഥം.

അപ്പോള്‍ ആഭ്യന്തരമായ ഉല്‍പാദനച്ചെലവോ അന്താരാഷ്ട്ര വിപണിയിലെ വിലയോ ഇറക്കുതിച്ചെലവോ ഒന്നുമല്ല വില വര്‍ദ്ധനയ്ക്കു പ്രധാന കാരണം. മറ്റൊരു ചരക്കിനുമേലും ഇല്ലാത്തവിധം ചുമത്തുന്ന വമ്പിച്ച കേന്ദ്ര നികുതിയാണ് വില്ലന്‍. അത് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ?

അതു ചോദിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചോദിക്കുന്ന ഒരു മുട്ടാപ്പോക്ക് ചോദ്യമുണ്ട്: സംസ്ഥാന ഗവണ്‍മെന്റിനു വില്‍പന നികുതിയിനത്തില്‍ ലഭിക്കുന്ന അധികത്തുക ഒഴിവാക്കി, ഉപഭോക്താവിന് ആശ്വാസം നല്‍കിക്കൂടെ? എന്നാല്‍ ഉമ്മന്‍ചാണ്ടി മറച്ചുവെയ്ക്കുന്ന ഒരു കാര്യമുണ്ട്: കേന്ദ്ര നികുതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന്റെ വില്‍പന നികുതി വളരെ തുച്ഛമാണ്. കേന്ദ്രമുണ്ടാക്കുന്ന വിലവര്‍ദ്ധനയുടെ നേരിയ ഒരു ഭാഗം മാത്രമേ, സംസ്ഥാന ഗവണ്‍മെന്റ് നികുതിയൊഴിവ് കൊടുത്താല്‍ ഒഴിവാക്കാന്‍ കഴിയൂ. കേന്ദ്രഗവണ്‍മെന്റ് ഔദ്ധത്യപൂര്‍വം വിലക്കയറ്റം സൃഷ്ടിക്കുമ്പോഴൊക്കെ, സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ നികുതി വേണ്ടെന്നുവെയ്ക്കാന്‍ കഴിയുമോ? രണ്ടുമൂന്നുതവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് സന്നദ്ധത കാണിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും അതിനു തയ്യാറായിട്ടില്ലതാനും. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെങ്കില്‍, അങ്ങനെ ലഭിക്കുന്ന അധികവരുമാനം, പാവങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുക, പാവങ്ങളുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ജനക്ഷേമകരമായ നടപടികള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍പോലും, കേന്ദ്രം വില കൂട്ടിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അധികവരുമാനം വേണ്ടെന്ന് വെച്ചിട്ടില്ലതാനും (തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു തവണ ഒഴിച്ച്).

ഇന്ത്യക്ക് വന്‍ ശക്തിയാവണമെങ്കില്‍ വികസിതരാജ്യങ്ങളിലെ വിലനിലവാരം ഇവിടെയും വരണം എന്ന മന്‍മോഹന്‍സിങ്ങിന്റെ ന്യായം ശുദ്ധ വിഡ്ഢിത്തമാണ്. ഇന്ത്യയെപ്പോലെ ദരിദ്രമായ ഒരു രാജ്യം, ജനസംഖ്യയില്‍ 77 ശതമാനം പേരും ദിവസം 20 രൂപയില്‍ താഴെയുള്ള വരുമാനംകൊണ്ട് കഴിയാന്‍ വിധിക്കപ്പെട്ട ഒരു രാജ്യം, ജനസംഖ്യയില്‍ 50 ശതമാനംപേരും 10 രൂപയില്‍ താഴെയുള്ള വരുമാനംകൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട രാജ്യം, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കയറ്റിയാല്‍ അമേരിക്കയുടെ ഒപ്പമെത്തുമോ? അമേരിക്കയിലെ ഒരു കൂലിക്കാരന് ലഭിക്കുന്ന കൂലിയും ഇന്ത്യയിലെ കൂലിക്കാരന് ലഭിക്കുന്ന കൂലിയും തുല്യമാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്.

ഓരോരോ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും ജീവിതനിലവാരവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം കണക്കിലെടുത്ത്, അവര്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഭക്ഷ്യ വിഭവങ്ങളും മറ്റവശ്യവസ്തുക്കളും ലഭ്യമാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ചുമതല. അതിന് ആവശ്യമാണെങ്കില്‍ നികുതി വെട്ടിക്കുറയ്ക്കേണ്ടിവരും. സബ്സിഡി നല്‍കേണ്ടിവരും. ഇറക്കുമതി നിയന്ത്രിക്കേണ്ടിവരും. സംരക്ഷിത വിപണി ഏര്‍പ്പെടുത്തേണ്ടിവരും. പ്രധാനപ്പെട്ട ചരക്കുകളുടെ വില ഗവണ്‍മെന്റ് നിശ്ചയിക്കേണ്ടിവരും. അതിന് ഗവണ്‍മെന്റ് തയ്യാറില്ലെങ്കില്‍, എല്ലാം അന്താരാഷ്ട്ര വിപണിക്കു വിട്ടുകൊടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ പിന്നെ എന്തിനൊരു സര്‍ക്കാര്‍? എന്തിനാണൊരു പ്രധാനമന്ത്രി? ഇന്ത്യയുടെ ഭരണം അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെയും അവരുടെ ഇന്ത്യന്‍ പതിപ്പുകളായ റിലയന്‍സുപോലെയും എസ്സാര്‍ പോലെയും ഉള്ള കമ്പനികളെയും ഏല്‍പിച്ച് അവരുടെ ചപ്രാസിയായി സര്‍ദാര്‍ജിക്ക് കഴിഞ്ഞാല്‍പോരെ?

കുത്തക എണ്ണക്കമ്പനികള്‍ക്കുവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തുന്ന ഈ കള്ളക്കച്ചവടം കണ്ട് സഹിച്ചിരിക്കാന്‍, പക്ഷേ, ഇന്ത്യന്‍ ജനതയ്ക്കാവില്ല. മന്‍മോഹന്‍ സിങ്ങിനിത് ചപ്രാസിപ്പണിയുടെ പ്രശ്നമാണെങ്കില്‍, ഇന്ത്യന്‍ ജനതയ്ക്കിത് നിലനില്‍പിന്റെ പ്രശ്നമാണ്. ജീവന്മരണ സമരത്തിന്റെ പ്രശ്നമാണ്. ഒരുപിടി കുത്തകകള്‍ക്കുവേണ്ടി മഹാ ഭൂരിപക്ഷം ജനങ്ങളെയും എരിതീയിലേക്ക് വലിച്ചെറിയുന്ന ഈ ഉദാരവല്‍ക്കരണനയത്തെ, ഇന്ത്യന്‍ ജനത ചെറുത്ത് തോല്‍പിക്കുകതന്നെ ചെയ്യും.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 09072010

1 comment:

  1. 2004ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി അധികാരമേറ്റതില്‍ പിന്നീടുള്ള പന്ത്രണ്ടാമത്തെ പെട്രോളിയം വിലക്കയറ്റമാണിത്. രണ്ടാം യുപിഎ അധികാരമേറ്റതിനുശേഷമുള്ള മൂന്നാമത്തെ വിലക്കയറ്റം. 2004ല്‍ അധികാരമേറ്റതിനുശേഷം പന്ത്രണ്ടുതവണ വില വര്‍ദ്ധിപ്പിച്ചതുമൂലം (അതില്‍ ഒന്നോ രണ്ടോ തവണ ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം നേരിയതോതില്‍ വിലക്കുറവുവരുത്തിയെന്നകാര്യം വിസ്മരിക്കുന്നില്ല) കഴിഞ്ഞ ആറുകൊല്ലത്തിനുള്ളില്‍ പെട്രോളിന്റെ വില 16 രൂപയിലധികംകണ്ടാണ് വര്‍ധിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2009 ജൂലൈയില്‍ പെട്രോളിന് ലിറ്ററിന് 4 രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. തുടര്‍ന്ന് 2010 ഫെബ്രുവരിയിലെ പൊതു ബജറ്റില്‍ 2.50 രുപ വീതം വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ വില വര്‍ദ്ധനകൂടിയാകുമ്പോള്‍ ഒരൊറ്റ കൊല്ലത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10 രൂപയില്‍ കൂടുതലും ഡിസലിന് 8 രൂപയില്‍ കൂടുതലും കണ്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കേന്ദ്ര സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥയുടെ സര്‍വമേഖലകളിലും അനിയന്ത്രിതമായ വിലക്കയറ്റത്തിനാണ് വഴിവെച്ചിരിക്കുന്നത്.

    ReplyDelete