Sunday, July 4, 2010

പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ളാക്ക് മെയില്‍ ബിസിനസ്

പത്രപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയിട്ട് ബ്ളാക്ക് മെയില്‍ ബിസിനസ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരെയും ബിസിനസുകാരെയും അപവാദകഥകളിലൂടെ അപമാനിക്കാന്‍ ക്വട്ടേഷന്‍. ഇരകളുടെ പേരും പടവും സഹിതം 'അടുത്ത ലക്കത്തില്‍ വായിക്കുക' എന്ന അറിയിപ്പുകാട്ടി ഭീഷണിപ്പെടുത്തി ധനസമാഹരണം. ക്രൈം എന്ന അശ്ളീല പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ. ഇതോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ അപവാദകഥകള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെ കേരളത്തിലെ പ്രമുഖ മാധ്യമ മുതലാളിമാര്‍ക്ക് ഈ അശ്ളീലവാരിക പ്രിയപ്പെട്ടതായി. സൈബര്‍ കുറ്റകൃത്യത്തിന് ക്രൈം പത്രാധിപര്‍ പിടിയിലായ സംഭവം ഈ മാധ്യമങ്ങള്‍ക്ക് ഒറ്റക്കോളത്തില്‍ കൊച്ചു വാര്‍ത്ത മാത്രമായി. വാര്‍ത്ത മുക്കി കൂറുപ്രകടിപ്പിച്ചതിനു പുറമെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന പ്രതിയുടെ വാദം ഉയര്‍ത്തിപ്പിടിക്കാനും ഈ മാധ്യമങ്ങള്‍ മത്സരിച്ചു.

അപമാനിക്കപ്പെട്ടവര്‍ പ്രതികരിച്ച ഘട്ടത്തിലെല്ലാം മാധ്യമസ്വാതന്ത്ര്യമെന്ന് അലമുറയിട്ട് അശ്ളീലവാരികാ പത്രാധിപനെ സംരക്ഷിക്കാന്‍ പലരും ഓടിയെത്തി. മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറാണ് ഇതില്‍ പ്രധാനി. ക്രൈം ഓഫീസ് സന്ദര്‍ശിച്ചാണ് അദ്ദേഹം അശ്ളീല പത്രാധിപന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഒരു പതിറ്റാണ്ടിലേറെയായി ഒരുതരം മാധ്യമ ഗുണ്ടാപ്രവര്‍ത്തനമാണ് ക്രൈം വാരിക നിര്‍വഹിക്കുന്നത്. ഒരു മനോരോഗ വിദഗ്ധന്റെ പേരിലുള്ള ലൈംഗിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമായി കോഴിക്കോട്ടുനിന്നാണ് തുടക്കം. ഇതുവഴി വിപണി പിടിച്ചശേഷമാണ് ക്രൈം എന്ന പേരില്‍ രംഗത്തിറങ്ങുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച് ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ചത് കോളിളക്കമുണ്ടാക്കി. അന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ക്രൈം ഓഫീസ് അടിച്ചുതകര്‍ത്തു. ഇത് ലാവ്ലിന്‍ രേഖകള്‍ പിടിച്ചെടുക്കാനുള്ള ആക്രമണമായി ചിത്രീകരിച്ചതോടെ മാധ്യമങ്ങള്‍ ഇയാള്‍ക്കൊപ്പം നിന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി പലരും വിലപിച്ചു. കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ചതിനുള്ള ശിക്ഷയ്ക്ക് അങ്ങനെ രാഷ്ട്രീയമുഖം വന്നു. ഇതിനുശേഷമാണ് ആസ്ഥാനം കൊച്ചിയിലേക്കു മാറ്റിയത്.

തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെയും കുടുംബാംഗങ്ങളെയും അപമാനിച്ച് ക്രൈം ഇറക്കല്‍ പ്രധാന ബിസിനസാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ വിതരണംചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാഹനത്തില്‍ കൊണ്ടുപോയ ആയിരക്കണക്കിന് ക്രൈം വാരിക നാട്ടുകാര്‍ പിടികൂടി. വോട്ടര്‍മാരെ സാധീനിക്കാന്‍ കവറുകളിലാക്കി വച്ച ഒന്നേകാല്‍ ലക്ഷം രൂപയും ഡിസിസി അംഗം അടക്കമുള്ള നേതാക്കളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. രാഷ്ട്രീയനേതാക്കള്‍ക്കു പുറമെ പ്രശസ്തരായ പല ചലച്ചിത്രതാരങ്ങളും ക്രൈമിന്റെ അപമാനത്തിന് ഇരകളായി. ഒരു പ്രമുഖ താരത്തെ എയ്ഡ്സ് ബാധിതനെന്നും മറ്റൊരു താരത്തെ ഗര്‍ഭിണിയെന്നും ചിത്രീകരിച്ച് വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. മറ്റൊരു പ്രമുഖ നടി സ്വന്തം നീലച്ചിത്രം വില്‍ക്കുന്നതായി ആക്ഷേപിച്ചു. സാംസ്കാരിക നായകര്‍ നേരിട്ട അപമാനത്തിനു പരിധിയില്ല. 'ഡിസിസി സെക്രട്ടറിയുടെ കാമകേളി' അടുത്ത ലക്കത്തില്‍ വായിക്കുക എന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചശേഷം മലബാറിലെ ഒരു കോഗ്രസ് നേതാവിനോട് പണം ചോദിച്ച സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തിരിച്ച് ഭീഷണി ഉയര്‍ന്നപ്പോഴാണ് അതില്‍നിന്നു പിന്മാറിയത്.

ക്രൈം നന്ദകുമാറിന്റെ കംപ്യൂട്ടറുകള്‍ പരിശോധിക്കും

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍നിന്നും പാലാ വള്ളിച്ചിറയിലെ സഹായിയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍ വിശദമായി പരിശോധിക്കും. പൊലീസിന്റെ സൈബര്‍ ഫോറന്‍സിക് ഡിവിഷനാണ് ഇത് പരിശോധിക്കുക. ഇതിലൂടെ നന്ദകുമാര്‍ നടത്തിയ സമാനമായ ചില പ്രവര്‍ത്തനങ്ങളുടെ തെളിവുകളും ലഭിക്കുമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.

ചാന്‍സലര്‍ വാച്ച് കമ്പനി ഉടമ സി സി അലക്സാണ്ടര്‍ക്കെതിരെ ക്രൈം വാരികയുടെ ഓലൈന്‍ പതിപ്പിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് നന്ദകുമാര്‍ അറസ്റ്റിലായത്. അലക്സാണ്ടറും ഒരു ബന്ധുവുമായി ഉണ്ടായിരുന്ന കേസ് നന്ദകുമാര്‍ മുതലെടുക്കുകയായിരുന്നെന്ന് സൈബര്‍ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സൈബര്‍ പൊലീസ് സിഐമാരായ അജിത്കുമാറിന്റെയും അജിത്മോഹന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച നന്ദകുമാറിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. അലക്സാണ്ടറെക്കുറിച്ച് വാര്‍ത്ത കൊടുത്തത് തന്റെ അറിവോടെയാണെന്ന് നന്ദകുമാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അലക്സാണ്ടര്‍ക്കെതിരെ തെളിവൊന്നും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ല.

ദേശാഭിമാനി 05072010

1 comment:

  1. പത്രപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയിട്ട് ബ്ളാക്ക് മെയില്‍ ബിസിനസ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരെയും ബിസിനസുകാരെയും അപവാദകഥകളിലൂടെ അപമാനിക്കാന്‍ ക്വട്ടേഷന്‍. ഇരകളുടെ പേരും പടവും സഹിതം 'അടുത്ത ലക്കത്തില്‍ വായിക്കുക' എന്ന അറിയിപ്പുകാട്ടി ഭീഷണിപ്പെടുത്തി ധനസമാഹരണം. ക്രൈം എന്ന അശ്ളീല പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ. ഇതോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ അപവാദകഥകള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെ കേരളത്തിലെ പ്രമുഖ മാധ്യമ മുതലാളിമാര്‍ക്ക് ഈ അശ്ളീലവാരിക പ്രിയപ്പെട്ടതായി. സൈബര്‍ കുറ്റകൃത്യത്തിന് ക്രൈം പത്രാധിപര്‍ പിടിയിലായ സംഭവം ഈ മാധ്യമങ്ങള്‍ക്ക് ഒറ്റക്കോളത്തില്‍ കൊച്ചു വാര്‍ത്ത മാത്രമായി. വാര്‍ത്ത മുക്കി കൂറുപ്രകടിപ്പിച്ചതിനു പുറമെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന പ്രതിയുടെ വാദം ഉയര്‍ത്തിപ്പിടിക്കാനും ഈ മാധ്യമങ്ങള്‍ മത്സരിച്ചു.

    ReplyDelete