Saturday, July 17, 2010

വ്യാപാരമേഖല കുത്തകകള്‍ക്ക് അടിയറവെയ്ക്കുന്നതിന്റെ പ്രത്യാഘാതം

മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിദേശ - ദേശീയ കുത്തകകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്കും സന്തോഷമാണ്. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുകക്ഷികളുടെ പിന്തുണ ആവശ്യമായിരുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എയ്ക്ക് ഉദ്ദേശിച്ചതുപോലെ കുത്തകകള്‍ക്ക് വേണ്ടിയുള്ള ഭരണം നടത്താനായില്ല. സാധാരണ ജനവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുത്തക വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷം അവരെ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇപ്പോഴത്തെ യു പി എ സര്‍ക്കരിന് അത്തരത്തിലുള്ള ഒരു തടസവുമില്ല. വിദേശ-ദേശീയ കുത്തകകള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്, മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ഭരണനയങ്ങളും നടപടികളുമാണ് കഴിഞ്ഞ ഒരു വര്‍ഷമായി കാഴ്ച നടപ്പില്‍ വരുത്തുന്നത്.

പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ-പാചകവാതക വിലകൂട്ടിയെന്നത് മാത്രമല്ല, പെട്രോളിന്റെ വില യഥേഷ്ടം വര്‍ധിപ്പിക്കുവാന്‍ എണ്ണ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് സ്വാതന്ത്ര്യവും നല്‍കി. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണ വ്യാപാര കമ്പനികള്‍ പെട്രോളിന്റെ വിലയെക്കുറിച്ച് പര്യാലോചന നടത്തുമെന്നാണ് തീരുമാനം. ക്രമേണ ഡീസലിന്റെ കാര്യത്തിലും ഈ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കും.
ഇതുപോലെ വ്യാപാര രംഗത്തും വിദേശകുത്തക കമ്പനികള്‍ക്ക് എല്ലാ പാതകളും തുറന്നു കൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 7 ലെ ബിസിനസ് ലൈനിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഒരു കോടി മൂന്ന് ലക്ഷം ചെറുകിട വ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയിലെല്ലാംകൂടി മൂന്ന് കോടി മുപ്പത്തി ഒന്ന്‌ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി ജെ പി നേതാവ് മുരളീമനോഹര്‍ ജോഷി ചെയര്‍മാനായ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെറുകിട വ്യാപര രംഗത്ത് നിന്നും വിദേശ-ദേശീയ കുത്തകകളെ പൂര്‍ണമായും നിരോധിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ചെറുകിട വ്യാപാര രംഗത്ത് വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ച വേണമെന്നാണ് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടത്. ഒരു ഇനത്തിന്റെ ചെറുകിട വ്യാപാരത്തില്‍ 51 ശതമാനം വിദേശ നിക്ഷേപം ആവാം എന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്നാല്‍ വിവിധതരം ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ വിദേശനിക്ഷേപംകൊണ്ടു വരുന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. കേന്ദ്ര വ്യവസായ നയരൂപീകരണ-പ്രോത്സാഹന വകുപ്പ് ചെറുകിട വ്യാപാര രംഗത്ത് വിദേശ-ദേശീയ കുത്തകളെ അനുവദിക്കുന്നതു സംബന്ധിച്ച് ഒരു കരട് നയം ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകിടവ്യാപാരരംഗത്ത് വിദേശ-ദേശീയ കുത്തകകളുടെ നിക്ഷേപത്തിന് ചിലകാരണങ്ങളും പറഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാര രംഗത്തെ വിദേശ നിക്ഷേപം കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുകയും നാണയപ്പെരുപ്പം കുറയ്ക്കുകയും ഒപ്പം വിദേശ സാങ്കേതിക വിജ്ഞാനം കൊണ്ടുവരുമെന്നുമാണ് ഇതിന് കാരണമായി പറയുന്നത്. ക്യാരീഫോര്‍, വാള്‍മാര്‍ട്ട്, ഊള്‍വര്‍ത്ത്‌സ് തുടങ്ങിയ വിദേശ വ്യാപാര കമ്പനികള്‍ ഇതിനെ സ്വാഗതം ചെയ്യുന്നു. ആദിത്യ ബിര്‍ള തുടങ്ങിയ ദേശീയ കുത്തകകളും ഇതിന് വേണ്ടി പരിശ്രമിക്കുകയാണ്. തുടക്കത്തില്‍ പത്ത് ലക്ഷം ജനസംഖ്യയ്ക്ക് മുകളിലുള്ള പട്ടണങ്ങളില്‍ ചെറുകിട വ്യാപാരരംഗത്ത് വിദേശ നിക്ഷേപം ആവാം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിദേശ നിക്ഷേപം വഴി രാജ്യത്തിനുണ്ടാവുമെന്ന് പറയുന്ന നേട്ടങ്ങളുടെ അവകാശ വാദങ്ങളെല്ലാം വെറും പൊള്ളയാണ്. കൃഷിക്കാരുടെ വരുമാനം എങ്ങനെ വര്‍ധിക്കുമെന്ന് പറയുന്നില്ല. യഥാര്‍ഥത്തില്‍ കൃഷിക്കാരുടെ വരുമാനം വര്‍ധിക്കണമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചെയ്യുന്നതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തണം. നാണയപ്പെരുപ്പം എങ്ങനെ കുറയുമെന്നോ ചെറുകിട വ്യാപാരത്തില്‍ എന്ത് സാങ്കേതിക ജ്ഞാനമാണ് കൊണ്ടുവരുന്നതെന്നോ കേന്ദ്രം പറയുന്നില്ല. ഇത് സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു പ്രചരണതന്ത്രം മാത്രമാണ്.

രാജ്യത്ത് ചെറുകിട വ്യാപാരരംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിന്റെ പരിണിതഫലം കോടിയില്‍പ്പരം വരുന്ന സ്വയംതൊഴില്‍ കണ്ടെത്തിയ ചെറുകിട വ്യാപാരികള്‍ കാലക്രമത്തില്‍ ഈ രംഗത്ത് നിന്നും തുടച്ചുനീക്കപ്പെടും. ഇപ്പോള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന മൂന്ന് കോടിയില്‍പ്പരം പേരില്‍ മഹാഭൂരിപക്ഷവും തൊഴില്‍ രഹിതരായി മാറും. വിദേശികള്‍ക്ക് കച്ചവടത്തിന് സൗകര്യം അനുവദിച്ചുനല്‍കി രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെട്ടതുപോലെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യവും വ്യാപാര രംഗത്തെ നിയന്ത്രണങ്ങളും വീണ്ടും സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവ് വയ്ക്കുന്നതാവും ഇതിന്റെയെല്ലാം പരിണിതഫലം.

ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

3 comments:

  1. മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിദേശ - ദേശീയ കുത്തകകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്കും സന്തോഷമാണ്. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുകക്ഷികളുടെ പിന്തുണ ആവശ്യമായിരുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എയ്ക്ക് ഉദ്ദേശിച്ചതുപോലെ കുത്തകകള്‍ക്ക് വേണ്ടിയുള്ള ഭരണം നടത്താനായില്ല. സാധാരണ ജനവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുത്തക വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷം അവരെ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇപ്പോഴത്തെ യു പി എ സര്‍ക്കരിന് അത്തരത്തിലുള്ള ഒരു തടസവുമില്ല. വിദേശ-ദേശീയ കുത്തകകള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്, മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ഭരണനയങ്ങളും നടപടികളുമാണ് കഴിഞ്ഞ ഒരു വര്‍ഷമായി കാഴ്ച നടപ്പില്‍ വരുത്തുന്നത്.

    ReplyDelete
  2. പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ-പാചകവാതക വിലകൂട്ടി എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചു കൂവുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ആലോചിക്കണ്ടേ? ഈ വിളകള്‍ കൂട്ടിയില്ലെങ്കില്‍ പകരം അതിന്റെ ഉല്പാദകര്‍ക്ക് സര്‍ക്കാരില്‍ നിന്നും സബ്സിഡി കൊടുക്കണ്ടേ?

    ഉദാഹരണത്തിന് പെട്രോള്‍ ഉല്പാദകര്‍ക്ക് ൧൪൦൦൦ കോടിയാണ് സബ്സിഡി കൊടുക്കുന്നത്. ഈ സബ്സിഡി നികുതി പണമല്ലേ? നികുതി പണം പെട്രോള്‍ ഉപയോക്താക്കള്‍ക്ക് മാത്രം കൊടുക്കനുള്ളതാണോ. പെട്രോള്‍ ഉപയോഗിക്കാത്ത കോടാനുകോടി ജനങ്ങള്‍ക്കു കൂടി അവകാശപെട്ടതല്ലേ ഈ പണം? അതുപോലെ തന്നെ പാചകവാതകവും . ഡീസലിന് വേണ്ടി സബ്സിഡി കൊടുക്കണമെന്ന് നമുക്ക് വാദിക്കാം . അതല്ലേ നാം അടിസ്ഥാന വര്‍ഗത്തിന് വേണ്ടി ചെയ്യേണ്ടതും. (അക്ഷര തെറ്റുകള്‍ ഉണ്ടാകാം, ഗൂഗിള്‍ തന്ന ട്രന്‍സ്ളിട്ടരറേന്‍ ആണ് ഉപയോഗിച്ചു നോക്കുന്നത്)

    ReplyDelete
  3. അങ്കിളെ അതല്ലാ പ്രശ്നമിവിടെ... മന്മോഹന്‍ എന്ത് ചെയ്താലും തെറ്റെന്ന് പറയുക.. ഒരു നൂറു കൊല്ലം കഴിയ്മ്പോള്‍ സഖാക്കള്‍ക്ക് ബുദ്ദി വരും അപ്പോള്‍ ഇവ അന്ന് നടപ്പിലാക്കും.. കമ്പ്യൂട്ടര്‍ ഗൊ ബാക്ക്!

    ReplyDelete