Sunday, July 25, 2010

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ - മന്ത്രിയുടെ രാജി

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: മന്ത്രി അമിത് ഷാ രാജിവച്ചു

സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് സിബിഐ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ രാജിവച്ചു. മന്ത്രിസഭാ യോഗങ്ങളില്‍പോലും പങ്കെടുക്കാതെ ആഴ്ചകളായി ഒളിവില്‍ കഴിയുന്ന അമിത് ഷാ ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസില്‍ രാജിക്കത്ത് എത്തിച്ചത്. ഗാന്ധിനഗറിലെ തന്റെ വസതിയില്‍ രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ മോഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഷായെ കണ്ടെത്താനായി സിബിഐ തെരച്ചില്‍ ഊര്‍ജിതമാക്കി.

സൊഹ്റാബുദ്ദീന്‍, ഭാര്യ കൌസര്‍ബി, കുടുംബ സുഹൃത്ത് തുളസി പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഗുജറാത്ത് മന്ത്രി പ്രതിക്കൂട്ടിലായത്. രാജി അംഗീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. മോഡിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സിബിഐ കോടതി തള്ളിയിരുന്നു. ഷായെ അറസ്റ്റ് ചെയ്യാനായി രൂപീകരിച്ച പ്രത്യേക സംഘം ഗാന്ധിനഗറിലെയും അഹമ്മദാബാദിലെയും വസതിയിലും ഓഫീസിലും പരിശോധന നടത്തി. ഓഫീസിലെ ജീവനക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും ഷാ എവിടെയെന്ന് കണ്ടെത്താനായില്ല. സിബിഐ മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ട് നല്‍കിയ രണ്ട് സമന്‍സും ഷാ അവഗണിച്ച സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സിബിഐ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷായുടെ അഭിഭാഷകര്‍.

കേസിലെ 15 പ്രതികളില്‍ പതിമൂന്നാമനാണ് അമിത് ഷാ. കൊലപാതകം, കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഷാക്കെതിരെ ചുമത്തിയത്. ഷാ അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം വെള്ളിയാഴ്ച ഉച്ചയോടെയാണ് അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തിയതില്‍ അമിത് ഷായ്ക്ക് പങ്കുള്ളതായി വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് 3000 പേജുള്ള കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടി. ഗുജറാത്ത് സിഐഡി അന്വേഷിച്ച കേസ് കഴിഞ്ഞ ജനുവരി 12ന് സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചെന്നും കോടതി വിമര്‍ശിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകം വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് തെളിഞ്ഞത്. നാല് ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായ 14 പൊലീസുകാര്‍ ഇപ്പോള്‍ ജയിലിലാണ്.

അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് മന്ത്രിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഷാ നിരപരാധിയാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും നരേന്ദ്രമോഡി പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സിബിഐയെ കോണ്‍ഗ്രസ് ദുരുപയോഗിക്കയാണെന്നും മോഡി പറഞ്ഞു. എന്നാല്‍ അമിത് ഷാ നേരത്തേ തന്നെ രാജിവയ്ക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടല്‍നാടകം ഇങ്ങനെ...

2005 നവംബര്‍ 22നാണ് ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ നാടകത്തിന്റെ തുടക്കം. മധ്യപ്രദേശിലെ ജര്‍ണിയ ഗ്രാമവാസിയായ സൊഹ്റാബുദ്ദീന്‍ ഷേഖും ഭാര്യ കൌസര്‍ബിയും ഇവരുടെ സുഹൃത്ത് തുളസി പ്രജാപതിയും ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാങ്ലിയിലേക്ക് സഞ്ചരിക്കവേ ബസ് തടഞ്ഞുനിര്‍ത്തി ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സേന ഇവരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ എത്തിയെന്ന് ആരോപിച്ച് ഗാന്ധിനഗറിലെ ഫാംഹൌസില്‍ പാര്‍പ്പിച്ച് ഇവരെ പീഡിപ്പിച്ചു. നവംബര്‍ 26ന് പുലര്‍ച്ചെ നാലോടെ സൊഹ്റാബുദ്ദീനെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. കൌസര്‍ബിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കത്തിച്ചുകളഞ്ഞെന്നാണ് ഗുജറാത്ത് പൊലീസ് പറഞ്ഞത്. വ്യാജ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയായ തുളസിറാം പ്രജാപതി 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെടുന്നത്. ഈ സമയത്തും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി അമിത് ഷാ നടത്തിയ ഫോണ്‍ സംഭാഷണം സിബിഐക്ക് ലഭിച്ചിട്ടുണ്ട്.

മോഡി പരിഭ്രാന്തിയില്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിബിഐ കൊലക്കുറ്റം ചുമത്തിയ സംസ്ഥാനമന്ത്രിയെന്ന കുപ്രസിദ്ധിയോടെ അമിത് ഷാ ഗുജറാത്ത് സര്‍ക്കാരില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നഷ്ടമായത് വലംകൈ. മുസ്ളിങ്ങളെ ഉന്മൂലനംചെയ്യാന്‍ തൃശൂലവുമായി തെരുവിലിറങ്ങിയ ശിശുസംരക്ഷണമന്ത്രി മായാ കൊദ്നാനി വംശഹത്യയുടെ വയറ്റാട്ടിയെന്ന വിളിപ്പേര് നേടി രാജിവച്ചതിന് പിന്നാലെയാണ് ഷായുടെ 'അകാല വേര്‍പാടും' മോഡിക്ക് തിരിച്ചടിയായത്. അമിത് ഷാക്കെതിരായ അന്വേഷണം ഇതേരീതിയില്‍ പോയാല്‍ വൈകാതെ തന്നെത്തേടിയും സിബിഐ സംഘം എത്തുമെന്ന ഭീതിയിലാണ് മോഡി. ഗുജറാത്ത് വംശഹത്യയ്ക്കിടെ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയെ ചുട്ടുകൊന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ടിവന്ന മോഡിയുടെ ഭീതിക്ക് ന്യായമുണ്ട്.

2005 ല്‍ സൊഹ്റാബുദ്ദീന്‍ ഷേഖിനെയും ഭാര്യ കൌസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തുമ്പോള്‍ ഷാ ആഭ്യന്തര സഹമന്ത്രിയായിരുന്നു. പൂര്‍ണ ചുമതല മോഡിക്കായിരുന്നു. പ്രധാനമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്ന മോഡി മുഖ്യമന്ത്രിസ്ഥാനത്തേക്ക് കണ്ടുവച്ച ഒരേയൊരാള്‍. ഷാ തെറ്റ് ചെയ്തിട്ടില്ലന്ന് ആവര്‍ത്തിക്കുമ്പോഴും പരിഭ്രാന്തിയാണ് മോഡിയുടെ മുഖത്ത്. അന്വേഷണം ഷായിലേക്ക് എത്തുന്നത് തടയാന്‍ പലതരത്തിലും മോഡി ഇടപെട്ടു. സൊഹ്റാബുദ്ദീനും ഭാര്യയും കൊല്ലപ്പെട്ട ദിവസങ്ങളില്‍ ബന്‍സാരയും പാണ്ഡ്യനുമായി ഷാ പലവട്ടം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരുടെ സംഭാഷണത്തിന്റെ രേഖകള്‍ സിബിഐ ശേഖരിച്ചിട്ടുണ്ട്. കൌസര്‍ബിയെ കാണാനില്ലെന്ന് സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നും ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. ഈ ഘട്ടങ്ങളില്‍ ഷായുമായി നടത്തിയ സംഭാഷണങ്ങള്‍ മോഡിയെയും വെട്ടിലാക്കും.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 25072010

1 comment:

  1. 2005 നവംബര്‍ 22നാണ് ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ നാടകത്തിന്റെ തുടക്കം. മധ്യപ്രദേശിലെ ജര്‍ണിയ ഗ്രാമവാസിയായ സൊഹ്റാബുദ്ദീന്‍ ഷേഖും ഭാര്യ കൌസര്‍ബിയും ഇവരുടെ സുഹൃത്ത് തുളസി പ്രജാപതിയും ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാങ്ലിയിലേക്ക് സഞ്ചരിക്കവേ ബസ് തടഞ്ഞുനിര്‍ത്തി ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സേന ഇവരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ എത്തിയെന്ന് ആരോപിച്ച് ഗാന്ധിനഗറിലെ ഫാംഹൌസില്‍ പാര്‍പ്പിച്ച് ഇവരെ പീഡിപ്പിച്ചു. നവംബര്‍ 26ന് പുലര്‍ച്ചെ നാലോടെ സൊഹ്റാബുദ്ദീനെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. കൌസര്‍ബിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കത്തിച്ചുകളഞ്ഞെന്നാണ് ഗുജറാത്ത് പൊലീസ് പറഞ്ഞത്. വ്യാജ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയായ തുളസിറാം പ്രജാപതി 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെടുന്നത്. ഈ സമയത്തും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി അമിത് ഷാ നടത്തിയ ഫോണ്‍ സംഭാഷണം സിബിഐക്ക് ലഭിച്ചിട്ടുണ്ട്.

    ReplyDelete