രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന പൊലീസ് നിയമങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെകാലത്ത് 1861ല്‍ പാസാക്കിയ ഇന്ത്യന്‍ പൊലീസ് ആക്ടിന്റെ പകര്‍പ്പുകള്‍തന്നെയാണ്. സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലകളിലെല്ലാം വലിയ മാറ്റങ്ങളുണ്ടായെങ്കിലും പൊലീസ് നിയമം ഏറെക്കുറെ മാറാതെ നിന്നു. 1975 ജൂണ്‍ 25-ാം തീയതി കോണ്‍ഗ്രസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥയില്‍ രാജ്യത്തുടനീളം വലിയതോതിലുള്ള പൊലീസ് അതിക്രമങ്ങളാണ് ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ജനതാപാര്‍ടിയുടെ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍വന്നത്. ജനത ഗവണ്‍മെന്റ് 1977 നവംബര്‍ 15 ന് ഒരു ദേശീയ പൊലീസ് കമ്മീഷനെ നിയോഗിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനം എന്ന നിലയിലും നിയമം നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയിലും പൊലീസിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് കമ്മിഷന്‍ നിയോഗിക്കപ്പെട്ടത്.
പൊലീസിന്റെ ഭരണരീതി, അച്ചടക്ക നിയന്ത്രണം, വിശ്വാസ്യത, കേസിന്റെ അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുള്ള പ്രശ്നങ്ങള്‍, സമൂഹത്തിന്റെ ദുര്‍ബലജനവിഭാഗങ്ങളോടുള്ള ഉത്തരവാദിത്വവും അവരുടെ പരാതികളിന്മേലുള്ള ശരിയായ നടപടികളുറപ്പാക്കലും എന്നിവയായിരുന്നു കമ്മീഷന്റെ അന്വേഷണ വിഷയങ്ങള്‍.
അതോടൊപ്പം പൊലീസിന്റെ അധികാര ദുര്‍വിനിയോഗം തടയുന്നതിനുള്ള സംവിധാനം, രാഷ്ട്രീയവും മറ്റുതരത്തിലുള്ളതുമായി നിയമവിരുദ്ധ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള നടപടികള്‍ മുതലായവ സംബന്ധിച്ചും കമ്മീഷനോട് ശുപാര്‍ശ നല്‍കാനാവശ്യപ്പെട്ടു.
മൂന്നരവര്‍ഷക്കാലം വിശദമായ പഠനം നടത്തിയ കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് 1979 ഫെബ്രുവരിയിലും രണ്ടാമത്തെ റിപ്പോര്‍ട്ട് 79 ആഗസ്തിലും 3ഉം 4ഉം 5ഉം റിപ്പോര്‍ട്ടുകള്‍ 1980 - 81ലും ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. ഒടുവില്‍ ഒരു മാതൃകാ പൊലീസ് നിയമവും കമ്മീഷന്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും നടപ്പാക്കാത്ത സാഹചര്യത്തിലാണ് 1996ല്‍ മുന്‍ ഡിജിപി പ്രകാശ് സിംഗ് സുപ്രിംകോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ചെയ്തത്.
10 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇതിന്മേല്‍ സുപ്രിംകോടതി അന്തിമ വിധി പറഞ്ഞത്. കേന്ദ്രഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും 7 നിര്‍ദേശങ്ങള്‍ ഇതേത്തുടര്‍ന്ന് സുപ്രിം കോടതി നല്‍കുകയുണ്ടായി:
1. സംസ്ഥാനങ്ങളില്‍ പൊലീസിനുമേല്‍ അനാവശ്യമായ സമ്മര്‍ദങ്ങള്‍ ഇല്ലാതിരിക്കാനും ഭരണഘടനയും നിയമങ്ങളുമനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പൊലീസിനെ പര്യാപ്തമാക്കുംവിധം സംസ്ഥാന സെക്യൂരിറ്റി കമ്മീഷനുകള്‍ രൂപീകരിക്കുക.
2. ഡിജിപിയുടെ തെരഞ്ഞെടുപ്പും ചുരുങ്ങിയ കാലാവധിയും നിര്‍ണയിക്കുക.
3. ഐജി, ഡിഐജി, എസ്പി, സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എന്നിവരുടെ ഒരു സ്ഥലത്തെ ചുരുങ്ങിയ കാലാവധി നിര്‍ണയിക്കുക.
4. ക്രമസമാധാനപാലനവും കേസന്വേഷണവും വേര്‍തിരിക്കുക.
5. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമുള്‍പ്പെടെ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് ബോര്‍ഡുകള്‍ രൂപികരിക്കുക.
6. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ അന്വേഷിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന് പൊലീസ് കംപ്ളയിന്റ് അതോറിറ്റികള്‍ രൂപീകരിക്കുക.
7. കേന്ദ്രഗവണ്‍മെന്റ് ദേശീയ അടിസ്ഥാനത്തില്‍ ഒരു സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കുക.
സുപ്രിംകോടതി വിധിയെ അടിസ്ഥാനപ്പെടുത്തി കേന്ദ്രഗവണ്‍മെന്റ് മാതൃകാ നിയമങ്ങളുണ്ടാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയുണ്ടായി. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും ഗൌരവമായ പ്രവര്‍ത്തനം ഈ മേഖലയില്‍ നടത്തിയിട്ടില്ല. പക്ഷേ, കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റ് സമഗ്രമായ ഒരു നിയമം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലവതരിപ്പിച്ചു. നിയമം സമ്പുഷ്ടമാക്കുന്നതിന് അത് സെലക്ട് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തുനിന്നും വിവിധ സംഘടനകളും വ്യക്തികളും നിയമം സമ്പുഷ്ടമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളും എന്തിനുവേണ്ടിയാണോ നിലവിലുള്ള പൊലീസ് നിയമങ്ങള്‍ പരിഷ്കരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത് അതിന്റെ സത്ത അംഗീകരിക്കാത്ത നിലയിലാണ് ബില്ലുകള്‍ക്ക് രൂപം നല്‍കിയത്. എന്നുമാത്രമല്ല 2007ല്‍ തമിഴ്നാട് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തെങ്കിലും ഇതേവരെ സെലക്ട് കമ്മറ്റിയുടെ പ്രവര്‍ത്തനം ഒന്നും ആരംഭിച്ചിട്ടില്ല. തമിഴ്നാട്ടിലെ നിര്‍ദ്ദിഷ്ടബില്ലില്‍ പൊലീസിനെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിന് രൂപീകരിക്കേണ്ട പൊലീസ് കംപ്ളയിന്റ് അതോറിറ്റിയെക്കുറിച്ച് ഒന്നും പറയുന്നില്ല.
കോണ്‍ഗ്രസ് ഐ ഭരിക്കുന്ന ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഈ സംസ്ഥാനങ്ങളിലാണ് പൊലീസിനെതിരായി ഒട്ടേറെ പരാതികള്‍ പൊതുസമൂഹത്തിലുയര്‍ന്നു വന്നിട്ടുള്ളത്. മാവോയിസ്റ്റുകളെയും സംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെയും നേരിടുന്നതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നത് ഈ സംസ്ഥാനങ്ങളിലാണ്. മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടിട്ടുള്ള കാര്യവുമാണിത്. ദില്ലിയിലെ ബാത്ലാ ഹൌസ് വ്യാജ ഏറ്റുമുട്ടല്‍ ഇതില്‍ കുപ്രസിദ്ധമാണ്. ആന്ധ്രപ്രദേശില്‍ നക്സല്‍വേട്ട എന്ന പേരില്‍ നിരവധിപേരെ പൊലീസ് കൊലപ്പെടുത്തിയതായി ആക്ഷേപമുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് 2560 പൊലീസ് ഏറ്റുമുട്ടലുകളുണ്ടായതില്‍ 1224 എണ്ണം വ്യാജ ഏറ്റുമുട്ടലുകളാണ് ഈ സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍ ഏറ്റുമുട്ടല്‍ സ്പെഷ്യലിസ്റ്റുകള്‍ ഉണ്ട്. ഇതിനുപുറമെ മനുഷ്യാവകാശ കമ്മീഷന്‍ കണക്കനുസരിച്ച് പൊലീസ് കസ്റ്റഡി മരണങ്ങളുടെ എണ്ണം 2320 ആണ്.
മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധരുടെ ചക്രവര്‍ത്തിയായി കരുതപ്പെടുന്ന ഇന്‍സ്പക്ടര്‍ പ്രദീപ് ശര്‍മ 113 പേരെ വെടിവെച്ചുകൊന്നതായാണ് കണക്ക്. ശര്‍മയെക്കുറിച്ച് നിരവധി സാഹസിക കഥകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ 2008 ആഗസ്തില്‍ മാഫിയകളുമായി അദ്ദേഹത്തിനുള്ള ബന്ധത്തിന്റെ പേരില്‍ സര്‍വീസില്‍നിന്നും പുറത്താക്കിപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാല്‍ ഛോട്ടാരാജന്റെ ഗാംഗിലെ രാം നാരായണ്‍ ഗുപ്ത എന്നയാളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ശര്‍മ അറസ്റ്റിലായി.
ബോളിവുഡ് സിനിമയിലെ കഥാനായകനായി മാറിയ മറ്റൊരു വിദഗ്ധനാണ് ഇന്‍സ്പക്ടര്‍ ദയാ നായ്ക് . ഈ സിനിമയുടെ പേരുതന്നെ അബ് തക് ചപ്പാന്‍ (ഇതുവരെ 55) എന്നാണ്. അതിനകം ഏറ്റുമുട്ടലിലൂടെ 55 പേരെ കൊന്ന കഥയാണ് സിനിമയിലെ പ്രതിപാദ്യം. പിന്നീട് അദ്ദേഹത്തിന്റെ റിക്കോര്‍ഡ് 83 ആയി ഉയര്‍ന്നു. അദ്ദേഹം പിന്നീട് സസ്പെന്റുചെയ്യപ്പെട്ടു. കുര്‍ളയിലെ വടക്കുകിഴക്കന്‍ പരിധിയിലെ ഒരു വ്യാപാരിയായ താരിഖ് ഖാനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം.
മറ്റൊരു ഏറ്റുമുട്ടല്‍ സ്പെഷ്യലിസ്റ്റ് ആണ് പ്രഫുല്‍ ഭോസ്ലെ . അദ്ദേഹം 90 പേരെയാണ് കൊന്നിട്ടുള്ളത്. ക്വാജാ യൂനുസ് കേസില്‍ അറസ്റ്റുചെയ്യപ്പെട്ടു. ഇതേ കേസില്‍ ഉള്‍പ്പെട്ട അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍ സച്ചിന്‍ വാസെയുടെ റിക്കോര്‍ഡ് 63.
രവീന്ദ്ര ആങ്ക്രേ 50 ഏറ്റുമുട്ടല്‍ കൊല നടത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സത്കാരം ഏര്‍പ്പെടുത്തിയ ആളാണ് . എന്നാല്‍ 2008ല്‍ താനെയിലെ ഒരു കെട്ടിട നിര്‍മാതാവിനെ കസ്റ്റെഡിയിലെടുത്ത് പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ അഴിക്കുള്ളിലായി.
ഇങ്ങനെ പല സംസ്ഥാനങ്ങളിലും വ്യാജഏറ്റുമുട്ടലുകള്‍ നടന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്ഷേപങ്ങളെക്കുറിച്ചന്വേഷിക്കാനും നടപടിയെടുക്കാനും അധികാരമുള്ള പൊലീസ് കംപ്ളയിന്റ് അതോറിറ്റികള്‍ വേണമെന്ന് സുപ്രിംകോടതിയുടെ നിഷ്കര്‍ഷ ഉണ്ടായത്. എന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ വ്യവസ്ഥ, പരിഷ്കരിക്കുന്ന പൊലീസ് നിയമത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സന്നദ്ധമായിട്ടില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട കേരളാ പൊലീസ് ബില്ലില്‍ പൊലീസ് കംപ്ളയിന്റ് അതോറിറ്റി സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും രൂപീകരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതു മാത്രമല്ല ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേരളത്തില്‍ രൂപീകൃതമായ ജനമൈത്രി പൊലീസ് സംവിധാനത്തിന് നിയമപരിരക്ഷകൂടി പ്രസ്തുത ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബില്ലിലെ വകുപ്പുകള്‍ പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നവിധം പുഷ്ടിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പൌരനുമേല്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ കോണ്‍ഗ്രസോ ബിജെപിയോ പോലുള്ള പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇനിയും കൊണ്ടുവരാന്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.
പി ജയരാജന്‍ ചിന്ത വാരിക 09072010
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന പൊലീസ് നിയമങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെകാലത്ത് 1861ല്‍ പാസാക്കിയ ഇന്ത്യന്‍ പൊലീസ് ആക്ടിന്റെ പകര്‍പ്പുകള്‍തന്നെയാണ്. സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലകളിലെല്ലാം വലിയ മാറ്റങ്ങളുണ്ടായെങ്കിലും പൊലീസ് നിയമം ഏറെക്കുറെ മാറാതെ നിന്നു. 1975 ജൂണ്‍ 25-ാം തീയതി കോണ്‍ഗ്രസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥയില്‍ രാജ്യത്തുടനീളം വലിയതോതിലുള്ള പൊലീസ് അതിക്രമങ്ങളാണ് ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ജനതാപാര്‍ടിയുടെ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍വന്നത്. ജനത ഗവണ്‍മെന്റ് 1977 നവംബര്‍ 15 ന് ഒരു ദേശീയ പൊലീസ് കമ്മീഷനെ നിയോഗിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനം എന്ന നിലയിലും നിയമം നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയിലും പൊലീസിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് കമ്മിഷന്‍ നിയോഗിക്കപ്പെട്ടത്.
ReplyDelete