Saturday, July 10, 2010

കലുഷമാകുന്ന കശ്മീര്‍

അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളാണ് കശ്മീരില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അര്‍ധസൈനികസേനയും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, വെടിവയ്പ്, സൈന്യത്തിന്റെ ഫ്ളാഗ്മാര്‍ച്ച്, സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റുകള്‍, തെരുവുകളില്‍ കത്തിപ്പടരുന്ന അക്രമപ്രതിഷേധങ്ങള്‍ എന്നിങ്ങനെ കലുഷമാവുന്ന കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നവയാണ്.

ഒരു വിദ്യാര്‍ഥി വെടിയേറ്റുമരിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. നിരവധി യുവാക്കള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. സ്ഥിതി നിയന്ത്രണാതീതമാകുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗവമെന്റിന്റെ ശുപാര്‍ശപ്രകാരം സൈന്യത്തെ നിയോഗിച്ചത്. അര്‍ധസൈനികസേന ആവശ്യത്തില്‍ കവിഞ്ഞ ശക്തി പ്രതിഷേധക്കാര്‍ക്കെതിരെ പ്രയോഗിച്ചതായും വിഭാഗീയ സ്വഭാവമുള്ള ചില പ്രതിഷേധ സംഘടനകള്‍ കൌമാരപ്രായക്കാരെയും യുവാക്കളെയും മിലിറ്ററിസേനയ്ക്കും പൊലീസിനും നേര്‍ക്ക് ആക്രമണോല്‍സുകതയോടെ പറഞ്ഞയക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതായാലും അസ്വസ്ഥത പടരുകതന്നെയാണ്.

ഓരോ വര്‍ഷവും അമര്‍നാഥ് യാത്രയുടെയും മറ്റും സമയമാവുമ്പോള്‍ കശ്മീരില്‍ ക്രമസമാധാനപ്രശ്നം രൂക്ഷമാവുകയും സൈന്യത്തെ അത് നേരിടാന്‍ നിയോഗിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചയ്ക്ക് അവസരമൊരുങ്ങുകയും ചെയ്യാറുണ്ട്. സൈന്യം ക്രമസമാധാനപാലന ചുമതലയിലേക്ക് തിരിഞ്ഞാല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന് അവസരമൊരുങ്ങും എന്നു കരുതുന്നവരുമുണ്ട്. ഇതും സൈന്യവിനിയോഗകാര്യം വരുമ്പോള്‍ മനസ്സില്‍വയ്ക്കേണ്ടതുണ്ട്. കശ്മീരില്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയും ജാഗ്രത വേണം. കശ്മീര്‍ ജനത ജനാധിപത്യസംരക്ഷണത്തിനാണ് നിലകൊള്ളുന്നതെന്ന കാര്യം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് നിലയില്‍നിന്നുതന്നെ തെളിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഏത് നടപടിയും അപകടം ചെയ്യുകയേയുള്ളൂ.

കശ്മീര്‍ പ്രശ്നത്തില്‍ എങ്ങനെ നീങ്ങണമെന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തതയില്ല എന്ന സന്ദേശമാണ് യുപിഎ ഗവമെന്റ് നല്‍കുന്നത്. ഇത് അപകടകരമാണ്. സായുധസേനാ പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരവും പ്രതിരോധമന്ത്രി എ കെ ആന്റണിയും രണ്ടുതട്ടിലാണ്. പിന്‍വലിക്കണമെന്ന് ചിദംബരം; പിന്‍വലിക്കേണ്ടതില്ലെന്ന് ആന്റണി. കശ്മീര്‍ പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച എവിടെ പുനരാരംഭിക്കണം, ആരുമായി ചര്‍ച്ച നടത്തണം എന്നീ കാര്യങ്ങളിലും യുപിഎ ഗവമെന്റ് ഇരുട്ടിലുഴലുകയാണ്. നേരത്തെ തുടങ്ങിവച്ച പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഇടയ്ക്കെവിടെയോ ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ വിഭാഗീയ സ്വഭാവമുള്ള സംഘടനകള്‍ കശ്മീരിലെ യുവാക്കളില്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് കാണുന്നതില്‍ ഒമര്‍ അബ്ദുള്ള ഗവമെന്റും യുപിഎ ഗവമെന്റും ഒരുപോലെ പരാജയപ്പെട്ടു.

ഇടക്കാലത്ത് തുടങ്ങിവച്ച പ്രശ്നപരിഹാരചര്‍ച്ചകള്‍ ആരുമറിയാതെ ഇടയ്ക്കുവച്ച് നിന്നുപോയതും പ്രശ്നങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കാനുള്ള ശ്രമം യുപിഎ ഗവമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവാതെ പോയതും ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളാക്കിയെത്തിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിനെയും പിഡിപിയെയുംപോലുള്ള രാഷ്ട്രീയപാര്‍ടികള്‍ അണികളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിച്ച് വിഭാഗീയ ഛിദ്രശക്തികളുടെ സ്വാധീനങ്ങളെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. അതും ഉണ്ടായതായി കാണുന്നില്ല. നാഷണല്‍ കോണ്‍ഫറന്‍സുതന്നെയും ഒരു വിഘടിത പാര്‍ടിയായി നില്‍ക്കുകയാണ്. പതിനെട്ടുമാസംമുമ്പ് ഒമര്‍ അബ്ദുള്ള അധികാരമേറ്റ വേളയില്‍തന്നെയുണ്ടായതാണ് പാര്‍ടിക്കുള്ളിലെ ചേരിതിരിവ്. രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിസ്ഥാനത്തുവന്നതെങ്കിലും കശ്മീര്‍ പ്രശ്നപരിഹാരത്തിന് യുപിഎ ഗവമെന്റിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കുന്നതിന് ആ സൌഹൃദം ഉപയുക്തമായില്ല. രാഹുല്‍ഗാന്ധി ഒമര്‍ അബ്ദുള്ളയ്ക്ക് നല്‍കുന്ന പിന്തുണ പങ്കിടാന്‍ കോണ്‍ഗ്രസിന്റെ ആ സംസ്ഥാനത്തുനിന്നുള്ള നേതാവായ ഗുലാംനബി ആസാദ് തയ്യാറില്ല. ഇതുമൂലം സംസ്ഥാന ഗവമെന്റിന് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ പൂര്‍ണമായി ലഭിക്കുന്നില്ല എന്ന സ്ഥിതിവന്നു. ഭരണം ജനങ്ങളില്‍നിന്ന് പതിനെട്ടുമാസംകൊണ്ട് വലിയതോതില്‍ അകന്നുവെന്നു ചുരുക്കം.

ഈ അവസ്ഥ വിഭാഗീയ ഛിദ്രശക്തികള്‍ക്ക് കാര്യമായി മുതലാക്കാന്‍ കഴിഞ്ഞു. കശ്മീരിനെ കലുഷമാക്കി നിര്‍ത്തുകയെന്ന അജന്‍ഡ സ്വീകരിക്കാന്‍ അത്തരം ശക്തികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്നതായി ഒമര്‍ അബ്ദുള്ളയുടെ ഭരണപ്രാപ്തിയില്ലായ്മയും ജനങ്ങളില്‍നിന്നുള്ള ഈ ഒറ്റപ്പെടലും. ഇതിന്റെയൊക്കെ ഫലമായിക്കൂടിയാണ് അര്‍ധസൈനിക വിഭാഗങ്ങളുടെ 'കടുംകൈ'കളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്ന ഒമര്‍ അബ്ദുള്ളയ്ക്കുതന്നെ ഒടുവില്‍ കരസേനയെ തന്നെ നിയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ട സ്ഥിതി വന്നത്. സായുധ സേനാ പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒമര്‍ അബ്ദുള്ളയ്ക്ക്, ആ ആവശ്യം സാധിച്ചെടുക്കാന്‍ കഴിയുന്നവിധം യുപിഎ മന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയാതെ വന്നത്. ഏതായാലും ഒമര്‍ അബ്ദുള്ളയുടെ ഭരണപ്രാപ്തിയില്ലായ്മ മുതല്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം കാണുന്നതിനുള്ള യുപിഎ ഗവമെന്റിന്റെ ഇച്ഛാശക്തിയില്ലായ്മവരെ ഈ അവസ്ഥ അവിടെ ഉരുണ്ടുകൂടുന്നതിന് വഴിതെളിച്ച ഘടകങ്ങളായി.

കശ്മീരിനെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഷേഖ് അബ്ദുള്ളയുടെ പേരക്കുട്ടിയാണ് ഒമര്‍ അബ്ദുള്ള. ഷേഖ് അബ്ദുള്ളയ്ക്ക് കശ്മീര്‍ ജനതയെ തന്റെ ചിന്തകള്‍ക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പേരക്കുട്ടിക്ക് ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല. കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രി പലപ്പോഴും കശ്മീരില്‍ ഒരു സന്ദര്‍ശകന്‍ മാത്രമാവുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ഇച്ഛാശക്തിയോടെ യുപിഎ ഗവമെന്റും ഒമര്‍ അബ്ദുള്ള ഗവമെന്റും നീങ്ങേണ്ടിയിരിക്കുന്നു. അതോടൊപ്പം, നാഷണല്‍ കോഫറന്‍സും പിഡിപിയും മറ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ള സന്നദ്ധത കാട്ടേണ്ടതുണ്ട്. അങ്ങനെ, കൂട്ടായ ശ്രമത്തിലൂടെ കശ്മീരിനെ സാധാരണ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ന് ശക്തമാവേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 10072010

1 comment:

  1. അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളാണ് കശ്മീരില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അര്‍ധസൈനികസേനയും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, വെടിവയ്പ്, സൈന്യത്തിന്റെ ഫ്ളാഗ്മാര്‍ച്ച്, സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റുകള്‍, തെരുവുകളില്‍ കത്തിപ്പടരുന്ന അക്രമപ്രതിഷേധങ്ങള്‍ എന്നിങ്ങനെ കലുഷമാവുന്ന കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നവയാണ്.

    ReplyDelete