Monday, July 12, 2010

ബദല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കേന്ദ്ര സഹായം നിലച്ചു ബദല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പിന്നോക്ക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസമെത്തിക്കാന്‍ എസ്എസ്എ പദ്ധതിയനുസരിച്ച് സംസ്ഥാനത്താരംഭിച്ച ബദല്‍ വിദ്യാലയങ്ങള്‍ കേന്ദ്രസഹായം നിര്‍ത്തിയതിനെതുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കേന്ദ്രത്തിന്റെ നിഷേധ നയം കേരളത്തിലെ 478 ഭിന്നതല പഠനകേന്ദ്രങ്ങള്‍ക്കാണ് താഴ് വീഴ്ത്തുന്നത്. പട്ടികവര്‍ഗ- പണിയ വിഭാഗങ്ങളിലേതടക്കം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ജില്ലയിലെ 19 വിദ്യാലയങ്ങളുടെ നിലനില്‍പ്പും കേന്ദ്ര നിലപാടില്‍ അനിശ്ചിതത്വത്തിലായി. ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ബദല്‍ വിദ്യാലയങ്ങള്‍ക്കും കേന്ദ്രനയം തിരിച്ചടിയാവും.

പഠനം മുടങ്ങിയവര്‍ക്കും ഇതേവരെ സ്കൂളില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഭാവിയില്‍ തുടര്‍പഠനം സാധ്യമാക്കുന്ന തരത്തില്‍ ഒന്നു മുതല്‍ നാല് വരെ ക്ളാസ് വിദ്യാഭ്യാസം പ്രത്യേക സിലബസില്‍ ഒരുമിച്ചിരുത്തി നല്‍കാനുദ്ദേശിച്ചാണ് ഭിന്നതല പഠന കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഏകാധ്യാപക സ്കൂളുകളായി 2002 മുതലാണ് ബദല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയത്. 3000 രൂപ പ്രതിമാസ അധ്യാപക അലവന്‍സും പുസ്തകങ്ങളും എസ്എസ്എ മുഖേന കേന്ദ്രസര്‍ക്കാരും കുട്ടികള്‍ക്കുള്ള ലഘുഭക്ഷണ ചെലവുകള്‍ ഉള്‍പ്പെടെ പഞ്ചായത്തുകളുമാണ് നല്‍കിപ്പോന്നത്. ജൂണ്‍ 30 മുതല്‍ കേന്ദ്ര സഹായം നിര്‍ത്തി. ക്രമേണ സ്കൂളുകളാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പിന്നോക്ക വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയാണ് തകരുന്നത്.

ബദല്‍ വിദ്യാലയത്തില്‍ പഠിച്ച് എല്‍എസ്എസ് സ്കോളര്‍ഷിപ്പ് നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇരിട്ടിയിലെ ആദിവാസി മേഖലക്ക് ബദല്‍ വിദ്യാലയങ്ങള്‍ നല്‍കിയ ആശ്വാസം ചെറുതല്ല. ജില്ലാ കായികമേളകള്‍, കലാ മത്സരങ്ങള്‍, കരകൌശലവസ്തു നിര്‍മാണ പരിശീലന കളരികള്‍ തുടങ്ങി സാധാരണ സ്കൂളുകള്‍ നിറവേറ്റിവന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇരിട്ടി ഉപജില്ലയിലെ ബദല്‍ വിദ്യാലയങ്ങള്‍ പിന്നിലായിരുന്നില്ല. കേന്ദ്ര തീരുമാനം നടപ്പായാല്‍ മുഴക്കുന്നിലെ മൂന്നും കേളകം, ഉളിക്കല്‍ എന്നിവിടങ്ങളില്‍ രണ്ടും പയ്യാവൂര്‍, പടിയൂര്‍, ചെറുപുഴ, കോളയാട് പഞ്ചായത്തുകളിലെ ഒന്ന് വീതവുമുള്ള ബദല്‍ വിദ്യാലയങ്ങളും അടച്ചുപൂട്ടേണ്ടി വരും. സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം ഭരണഘടനാദത്തമായ അവകാശമായി കാണുന്ന നമ്മുടെ നാട്ടില്‍ കാടിന്റെ മക്കള്‍ക്ക് ലഭിച്ചുവന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു എന്നതാണ് കേന്ദ്ര തീരുമാനത്തിലെ വിരോധാഭാസം.
(മനോഹരന്‍ കൈതപ്രം)

ദേശാഭിമാനി വാര്‍ത്ത

2 comments:

  1. പിന്നോക്ക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസമെത്തിക്കാന്‍ എസ്എസ്എ പദ്ധതിയനുസരിച്ച് സംസ്ഥാനത്താരംഭിച്ച ബദല്‍ വിദ്യാലയങ്ങള്‍ കേന്ദ്രസഹായം നിര്‍ത്തിയതിനെതുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കേന്ദ്രത്തിന്റെ നിഷേധ നയം കേരളത്തിലെ 478 ഭിന്നതല പഠനകേന്ദ്രങ്ങള്‍ക്കാണ് താഴ് വീഴ്ത്തുന്നത്. പട്ടികവര്‍ഗ- പണിയ വിഭാഗങ്ങളിലേതടക്കം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ജില്ലയിലെ 19 വിദ്യാലയങ്ങളുടെ നിലനില്‍പ്പും കേന്ദ്ര നിലപാടില്‍ അനിശ്ചിതത്വത്തിലായി. ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ബദല്‍ വിദ്യാലയങ്ങള്‍ക്കും കേന്ദ്രനയം തിരിച്ചടിയാവും.

    ReplyDelete
  2. if you have one or two kids in a class, I dont think its easy to open such school...but the same time, if there is enough kids, no govt school should close. we should promote govt school.

    ReplyDelete