ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ മികവിനുള്ള സാക്ഷ്യപത്രമാകുന്നുണ്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏറെ പ്രതികൂലവും വൈഷമ്യം നിറഞ്ഞതുമായ ഒരു സാമ്പത്തികസ്ഥിതിയെ, ഭാവനാപൂര്‍ണമായ നടപടികളിലൂടെ എങ്ങനെ സംസ്ഥാനത്തിന്റെ വികസനത്തിന് അനുഗുണമായ ഒരു തലത്തിലേക്ക് മാറ്റിയെടുക്കാമെന്ന് തെളിയിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചുകാണുന്നത്.
തനത് നികുതിവരുമാനത്തിലുണ്ടായ വര്‍ധന, മൂലധനച്ചെലവിലുണ്ടായ വര്‍ധന തുടങ്ങിയവയൊക്കെ ശക്തിപ്പെടുന്ന സമ്പദ്ഘടനയുടെയും വികസനസംസ്കാരത്തിന്റെയും മാപിനികളാണ്. 2009 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷം സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തില്‍ 17 ശതമാനത്തിന്റെയും നികുതിയിതരവരുമാനത്തില്‍ 29 ശതമാനത്തിന്റെയും വര്‍ധനയുണ്ടായതായാണ് സിഎജി രേഖപ്പെടുത്തിയിട്ടുള്ളത്. പോയവര്‍ഷം 13,669 കോടി രൂപയായിരുന്ന നികുതിവരുമാനം, 15,990 കോടി രൂപയായി വര്‍ധിച്ചതായി സിഎജി റിപ്പോര്‍ട്ട് പറയുന്നു. 17 ശതമാനമാണ് ഈ വര്‍ധന. നികുതിപിരിവ് കര്‍ശനവും ഊര്‍ജസ്വലവുമാക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള ഇടപെടലിന്റെ ഫലമായേ ഇത്തരമൊരു വര്‍ധന സാധ്യമാകൂ എന്ന കാര്യം തര്‍ക്കമറ്റതാണ്.
അധികവിഭവസമാഹരണത്തിനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനക്ഷമതപോലും നികുതിവരുമാനം, നികുതിയിതര വരുമാനം എന്നീ സ്രോതസ്സുകള്‍ ഉള്‍ക്കൊള്ളുന്ന തനത് വിഭവങ്ങളെ ആശ്രയിച്ചാണ് വലിയൊരളവില്‍ നിലകൊള്ളുന്നത്. ഈ പശ്ചാത്തലത്തിലാണ് 17 ശതമാനം വര്‍ധന കൂടുതല്‍ പ്രസക്തമാകുന്നത്. വില്‍പ്പന, വ്യാപാരനികുതികള്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് 2008-09ല്‍ 21.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതായത് 2005 കോടി രൂപ. ഇതില്‍ 1700 കോടി രൂപ വില്‍പ്പനനികുതി മേഖലയിലും 867 കോടി രൂപ വ്യാപാരനികുതി മേഖലയിലുമാണ്. നികുതിപിരിവ് ഊര്‍ജസ്വലമാക്കുമെന്ന്, അധികാരമേറ്റ ഘട്ടത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത് യാഥാര്‍ഥ്യമായിരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്.
മൂലധനച്ചെലവ് വര്‍ധിച്ചാലേ വികസനമുള്ളൂ. പോയവര്‍ഷത്തെ അപേക്ഷിച്ച് മൂലധനച്ചെലവ് നടപ്പുവര്‍ഷം 15 ശതമാനം വര്‍ധിച്ചെന്നാണ് സിഎജി വിലയിരുത്തുന്നത്. യുഡിഎഫ് ഭരണത്തില്‍ മൂലധനച്ചെലവ് തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്ന രീതിയാണുണ്ടായിരുന്നത്. ആ രീതിക്ക് അറുതികുറിച്ചുകൊണ്ട് ഓരോ വാര്‍ഷിക ബജറ്റിലും മൂലധനച്ചെലവ് കൂട്ടി നിശ്ചയിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. അതിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ പൊതുവികസനത്തില്‍ കാര്യമായി പ്രതിഫലിക്കുകയും ചെയ്തു. സാമൂഹ്യസേവനമേഖലയില്‍നിന്ന് കഴിയുന്നത്ര പിന്‍വാങ്ങുകയെന്ന യുഡിഎഫ് കാലത്തെ രീതി തിരുത്തിക്കൊണ്ട് ആ മേഖലയില്‍ കാര്യമായി സര്‍ക്കാര്‍ ഇടപെടുന്ന അവസ്ഥയുണ്ടായി എന്നതും സിഎജി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്.
വികസന മൂലധനച്ചെലവും സാമൂഹ്യസേവനരംഗത്തെ മൂലധനച്ചെലവും കാര്യമായി വെട്ടിക്കുറച്ചുകൊണ്ട് റവന്യൂകമ്മി നിയന്ത്രിക്കാന്‍ നോക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ഈ രംഗങ്ങളിലും മൂലധനച്ചെലവ് കുറച്ചതല്ലാതെ, റവന്യൂകമ്മി കുറയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. അത് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, വികസനത്തിന്റെയും സേവനത്തിന്റെയും മേഖലകളിലെ മൂലധനച്ചെലവ് വര്‍ധിപ്പിച്ചുതന്നെ റവന്യൂകമ്മി കുറയ്ക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
വികസനത്തിന് പണമൊന്നും ചെലവാക്കുന്നില്ലെങ്കില്‍ റവന്യൂകമ്മി പൂജ്യമാക്കാന്‍ വിഷമമില്ല. വികസനത്തിന് പണം ചെലവഴിക്കാതിരിക്കെത്തന്നെ റവന്യൂകമ്മി കൂടി എന്ന പ്രതിഭാസമായിരുന്നു യുഡിഎഫ് ഭരണത്തിലെങ്കില്‍, വികസനത്തിനുള്ള വിഹിതം കൂട്ടിക്കൊണ്ടുതന്നെ റവന്യൂകമ്മി നിയന്ത്രിച്ചു എന്ന അത്ഭുതമാണ് എല്‍ഡിഎഫ് ഭരണത്തില്‍ കാണുന്നത്. ട്രഷറി മിക്കവാറും എല്ലാ ദിവസവും പൂട്ടുന്ന അവസ്ഥയായിരുന്നു യുഡിഎഫ് ഭരണത്തില്‍ കേരളത്തിലുണ്ടായിരുന്നത്. ആ അവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെടുത്തു.
വാര്‍ഷികപദ്ധതി അടങ്കല്‍ കുറച്ചുകൊണ്ടുവരികയും കുറഞ്ഞ പദ്ധതിപോലും പൂര്‍ണമായി നടപ്പാക്കാതെ വിടുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. അത് മാറ്റിയെടുക്കുകയും പദ്ധതി ലക്ഷ്യം കവിയുന്ന അവസ്ഥയിലേക്കുപോലും എത്തുന്ന സ്ഥിതിയുമുണ്ടായി. കടബാധ്യതകൊണ്ട് നിത്യനിദാനച്ചെലവുകള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പണത്തിന്റെ അഭാവംകൊണ്ട് പദ്ധതികള്‍ മുടങ്ങുന്ന പ്രശ്നമില്ല എന്ന നിലയിലേക്ക് അതിനെ മാറ്റിയെടുത്തു. ഇതെല്ലാം ഫലപ്രദമായ ധന മാനേജ്മെന്റിന്റെ ദൃഷ്ടാന്തങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി ഉണ്ടാക്കിയ പല തടസ്സങ്ങളെയും നേരിട്ടും മറികടന്നുമാണ് ഇതെല്ലാം സാധിക്കുന്നത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന സാമ്പത്തികവിഷയങ്ങള്‍ കൈയടക്കാനും അങ്ങനെ സംസ്ഥാന വിഭവസമാഹരണത്തെ ചുരുക്കി കേന്ദ്ര വിഭവസമാഹരണത്തെ ശക്തിപ്പെടുത്താനുമുള്ള ഇടപെടല്‍ നടത്തി. ഭരണഘടനയുടെ ഫെഡറല്‍സത്തയെ ചോര്‍ത്തിക്കളയുന്ന വിധത്തിലായിരുന്നു ഇത്. നിരവധി പ്രതികൂലനടപടി ശക്തിപ്പെട്ടുവന്ന ഘട്ടത്തില്‍തന്നെയാണ്, കേരളത്തിന് മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റ് സാധ്യമായത്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് കേരളത്തിന്റെ ധനകാര്യനടത്തിപ്പിനുള്ള അഭിനന്ദനമായിത്തീരുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 05072010
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ മികവിനുള്ള സാക്ഷ്യപത്രമാകുന്നുണ്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏറെ പ്രതികൂലവും വൈഷമ്യം നിറഞ്ഞതുമായ ഒരു സാമ്പത്തികസ്ഥിതിയെ, ഭാവനാപൂര്‍ണമായ നടപടികളിലൂടെ എങ്ങനെ സംസ്ഥാനത്തിന്റെ വികസനത്തിന് അനുഗുണമായ ഒരു തലത്തിലേക്ക് മാറ്റിയെടുക്കാമെന്ന് തെളിയിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചുകാണുന്നത്.
ReplyDelete