ദേശീയ ഹര്‍ത്താല്‍ നാളെ
ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ഇടതുപക്ഷവും മതേതര കക്ഷികളും പ്രഖ്യാപിച്ച ദേശീയ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എല്ലാ തൊഴിലാളികളോടും പണിമുടക്കില്‍ അണിനിരക്കാന്‍ സിഐടിയുവും ഐഎന്‍ടിയുസിയും ആഹ്വാനംചെയ്തു. റെയില്‍വേ- ടെലികോം ജീവനക്കാരും അധ്യാപക- ജീവനക്കാരും പൊതുമേഖലാത്തൊഴിലാളികളും ഹര്‍ത്താലില്‍ പങ്കെടുക്കും. എന്‍ഡിഎ കക്ഷികള്‍ ഭാരത് ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
വിലക്കയറ്റം : ഇടതുപ്രക്ഷോഭത്തിന് പിന്തുണയേറുന്നു
വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് ജനപിന്തുണയേറുന്നു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്ഷോഭ പരിപാടികളാണ് രാജ്യമെങ്ങും കരുത്താര്‍ജിക്കുന്നത്. ജൂലായ് അഞ്ചിന് ഇടതുപക്ഷവും മറ്റു മതനിരപേക്ഷ കക്ഷികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ദേശവ്യാപകമായി തയ്യാറെടുപ്പ് നടക്കുകയാണ്. ഹര്‍ത്താലില്‍ നിന്ന് ആര്‍ക്കും വിട്ട് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. തിങ്കളാഴ്ചത്തെ ദേശീയ ഹര്‍ത്താല്‍ ബന്ദായി മാറുമെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായുള്ള വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ സെപ്തംബറില്‍ ഇടതുപക്ഷം ആരംഭിച്ച പ്രക്ഷോഭമാണ് തിങ്കളാഴ്ചത്തെ ഹര്‍ത്താലിലെത്തി നില്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും ഏപ്രില്‍ എട്ടിന് ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭവും നടത്തുന്നതുവരെ ഇടതുപക്ഷം ഒറ്റക്കായിരുന്നു. എന്നാല്‍ വിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെട്ട മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ഏപ്രില്‍ 27ന് ദേശീയ ഹര്‍ത്താല്‍ നടത്തുമ്പോള്‍ നാല് ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറമെ ഒമ്പത് മതനിരപേക്ഷ കക്ഷികള്‍ കൂടിയുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ ഹര്‍ത്താലാകുമ്പോഴേക്കും അത് വീണ്ടും വര്‍ധിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ അണിചേരുന്ന സ്ഥിതിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന ജനപക്ഷ മുദ്രാവാക്യങ്ങള്‍ക്ക് അംഗീകാരം വര്‍ധിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ പ്രചാരണജാഥയും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. പോസ്റ്ററും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം വ്യാപാരത്തെയും ബാധിക്കുന്നതിനാല്‍ പ്രധാന നഗരങ്ങളിലെല്ലാം വ്യാപാരികളും ഹര്‍ത്താലിന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കൊപ്പം വര്‍ഗ ബഹുജന സംഘടനകളും മുന്നിട്ടിറങ്ങി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളിയൂണിയനും അഭ്യര്‍ഥിച്ചു. എല്ലാ തൊഴിലാളികളോടും പണിമുടക്കില്‍ അണിനിരക്കാന്‍ സിഐടിയുവും ഐഎന്‍ടിയുസിയും ആഹ്വാനംചെയ്തു. റെയില്‍വേ- ടെലികോം ജീവനക്കാരും അധ്യാപക- ജീവനക്കാരും പൊതുമേഖലാത്തൊഴിലാളികളും ഹര്‍ത്താലില്‍ പങ്കെടുക്കും. പ്രാദേശിക ഗ്രാമീണ ബാങ്ക് എംപ്ളോയീസ് യൂണിയനും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയിലടക്കം പ്രധാന ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇക്കുറി വഴിതടയും. ജനരോഷം ഭയന്ന് കേന്ദ്രസര്‍ക്കാര്‍, ഹര്‍ത്താല്‍ പരാജയപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് പത്രപരസ്യവുമായി രംഗത്തിെറങ്ങിയിട്ടുണ്ട്. കോടികളുടെ നികുതിപ്പണമാണ് ഇതിനായി ദുരുപയോഗിക്കുന്നത്. ശനിയാഴ്ച പല ദേശീയ പത്രങ്ങളിലും അരപേജ് പരസ്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. അതോടൊപ്പം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഭീഷണി മുഴക്കി.
ഇന്ധനവില: മന്‍മോഹന്‍സിങ് തിരുത്തിയത് ഇന്ദിരയെ
എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞ് മന്‍മോഹന്‍സര്‍ക്കാര്‍ സഞ്ചരിക്കുന്നത് മൂന്നരപ്പതിറ്റാണ്ട് പുറകിലേക്ക്. അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് വില നിര്‍ണയിക്കുന്നതിന് അന്ന് നിലവിലുണ്ടായിരുന്ന ഇറക്കുമതി തുല്യതാനയം പ്രായോഗികമല്ലെന്നു കണ്ട് ഇന്ദിരാഗാന്ധിയുടെ കാലത്ത് പിന്‍വലിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങിയ വിലനിയന്ത്രണ സംവിധാനമാണ് മന്‍മോഹന്‍സിങ് എടുത്തുകളയുന്നത്.
നരസിംഹറാവുവിന്റെ ഭരണകാലത്ത് മന്‍മോഹന്‍സിങ് ധനമന്ത്രിയായതോടെ വിലനിയന്ത്രണസംവിധാനം ഉപേക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു. ഈ ലക്ഷ്യത്തോടെയാണ് സുന്ദരരാജന്‍ കമ്മിറ്റിക്കും കേല്‍ക്കര്‍ കമ്മിറ്റിക്കും രൂപംനല്‍കിയത്. ഇറക്കുമതി തുല്യതാനയം തിരിച്ചുകൊണ്ടുവന്നത് എന്നാല്‍, എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. അതോടെ വിലവര്‍ധന സര്‍വസാധാരണമായി. എന്നാല്‍, പിന്നീട് ഈ നയം ഉപേക്ഷിച്ച് വിലനിയന്ത്രണസംവിധാനം തിരിച്ചുകൊണ്ടുവന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു യുപിഎ സര്‍ക്കാരിന്റെ ആത്യന്തികലക്ഷ്യം.
അന്താരാഷ്ട്രവിലവര്‍ധന ചൂണ്ടിക്കാട്ടി 2004ല്‍ വന്ന യുപിഎ സര്‍ക്കാര്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പില്ലായിരുന്നെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ വിലനിയന്ത്രണസംവിധാനം ഉപേക്ഷിക്കുമായിരുന്നു.
യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ധനവില വര്‍ധിപ്പിച്ചത് ഒമ്പതുതവണയാണ്. (2010 ബജറ്റിലൂടെ നടപ്പാക്കിയ വിലവര്‍ധന ഉള്‍പ്പെടെ) രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നതിനുശേഷമാകട്ടെ മൂന്നുതവണയും വില വര്‍ധിപ്പിച്ചു. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മേയില്‍ അധികാരമേറ്റ് ഒരുമാസത്തിനകം ഇന്ധനവില വര്‍ധിപ്പിച്ചു. അന്ന് പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനുശേഷം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. 2005ല്‍ രണ്ടുതവണ വില വര്‍ധിപ്പിച്ചു. തുടര്‍ന്ന് 2006 ജൂണിലും 2008 ജൂണിലും വില വര്‍ധിപ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരുമാസത്തിനകംതന്നെ ഇന്ധനവില കുത്തനെ കൂട്ടി. തുടര്‍ന്ന് ബജറ്റിലൂടെ എക്സൈസ്-കസ്റംസ് തീരുവ വര്‍ധിപ്പിച്ച് പെട്രോള്‍-ഡീസല്‍വില രണ്ടര രൂപയിലധികം വര്‍ധിപ്പിച്ചു. അവസാനമായി ജൂ 25നും. യുപിഎ സര്‍ക്കാര്‍ വന്നതിനുശേഷംമാത്രം പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും വര്‍ധിപ്പിച്ചു. പാവപ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മണ്ണെണ്ണയ്ക്ക് വില വര്‍ധിപ്പിച്ചിരുന്നില്ല. ഇത്തവണ അതിനും വില കൂട്ടി.
ഇന്ധനവില വര്‍ധന ആര്‍ക്കുവേണ്ടിയെന്ന് വ്യക്തമാക്കണം: സിപിഐ എം
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ധിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിലനിയന്ത്രണ സംവിധാനം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. 1976ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരാണ് വിദേശ എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിച്ചതും വില നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതും. അന്ന് ഇന്ദിര ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഡോ. മന്‍മോഹന്‍സിങ്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും ഇന്ദിര ഗാന്ധിയുടെ മരുമകള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയുമായിരിക്കെയാണ് വിലനിയന്ത്രണം എടുത്തകളഞ്ഞത്. ഇത് എന്തിനുവേണ്ടിയാണെന്ന് ജനങ്ങളോട് തുറന്നുപറയണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ സഹായിച്ചത് പൊതുമേഖലയാണെന്നു സമ്മതിച്ച പ്രധാനമന്ത്രി എണ്ണമേഖലയിലെ പൊതുമേഖലയെ നശിപ്പിക്കുകയാണ്. പൊതുമേഖലയെ രക്ഷിക്കാനാണ് സബ്സിഡി എടുത്തുകളയുന്നതെന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. വിദേശക്കമ്പനികളായ ബര്‍മ ഷെല്ലും കാള്‍ടെക്സും എസോയും ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിച്ചതിനാലാണ് ഈ കമ്പനികളെ ഇന്ദിര ഗാന്ധി ദേശസാല്‍ക്കരിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. അതുവരെ അന്താരാഷ്ട്ര വില അനുസരിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്. പെട്രോളിയം വില കുറയ്ക്കുക എന്ന ലക്ഷ്യത്താടെ എണ്ണശുദ്ധീകരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതും ഇക്കാലത്താണ്.
മന്‍മോഹന്‍സിങ് അധികാരത്തിലെത്തിയതോടെ വില നിയന്ത്രണം എടുത്തുകളയാന്‍ നീക്കം തുടങ്ങി. റിലയന്‍സ്, എസാര്‍ കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കിരിത് പരീഖ് കമ്മിറ്റിയെ നിയമിച്ചതും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില നിയന്ത്രണം ഒഴിവാക്കിയതും. ഡീസലിന്റെയും വില നിയന്ത്രണം ഒഴിവാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ദൌര്‍ഭാഗ്യകരമാണെന്ന് വൃന്ദ പറഞ്ഞു. ഇന്ത്യയില്‍ പെട്രോളിയം വില കൂടാന്‍ കാരണം നികുതിയാണ് കാരണമെന്ന് മുന്‍ രാജ്യസഭാംഗവും പെട്രോളിയം പാര്‍ലമെന്ററി സമിതിയില്‍ അംഗവുമായ ദിപാങ്കര്‍ മുഖര്‍ജി പറഞ്ഞു. നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ ജനാര്‍ദന്‍ റെഡ്ഡി ചെയര്‍മാനായ പെട്രോളിയം മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. വില പിടിച്ചുനിര്‍ത്താന്‍ വിലസ്ഥിരതാ നിധിക്ക് രൂപംനല്‍കണമെന്നും ഈ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തിയാണ് വിലനിയന്ത്രണം എടുത്തു കളഞ്ഞതെന്ന് ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു.
deshabhimani 04072010
യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായുള്ള വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ സെപ്തംബറില്‍ ഇടതുപക്ഷം ആരംഭിച്ച പ്രക്ഷോഭമാണ് തിങ്കളാഴ്ചത്തെ ഹര്‍ത്താലിലെത്തി നില്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും ഏപ്രില്‍ എട്ടിന് ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭവും നടത്തുന്നതുവരെ ഇടതുപക്ഷം ഒറ്റക്കായിരുന്നു. എന്നാല്‍ വിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെട്ട മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ഏപ്രില്‍ 27ന് ദേശീയ ഹര്‍ത്താല്‍ നടത്തുമ്പോള്‍ നാല് ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറമെ ഒമ്പത് മതനിരപേക്ഷ കക്ഷികള്‍ കൂടിയുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ ഹര്‍ത്താലാകുമ്പോഴേക്കും അത് വീണ്ടും വര്‍ധിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ അണിചേരുന്ന സ്ഥിതിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന ജനപക്ഷ മുദ്രാവാക്യങ്ങള്‍ക്ക് അംഗീകാരം വര്‍ധിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ReplyDelete