Thursday, July 15, 2010

ജുഡീഷ്യറിയുടെ ലാഘവസമീപനത്തിന് കിട്ടിയ തിരിച്ചടി

നീതിന്യായ വ്യവസ്ഥയുടെ സമീപനങ്ങളെയും നടപടികളെയും കുറിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭമാണിത്. ജുഡീഷ്യറിയുടെ പ്രസ്താവങ്ങളും കല്‍പനകളും അധികാരപരിധി വിടുന്നുണ്ടോ എന്ന ആകുലതയും ആശങ്കയും സമീപകാലത്തായി പൊതുസമൂഹം പങ്കുവെയ്ക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ നാല് നെടും തൂണുകളില്‍ പ്രധാനമാണ് നീതിന്യായ വ്യവസ്ഥ എന്നതുകൊണ്ടുതന്നെ ഉന്നയിക്കപ്പെടുന്ന ആശങ്കകള്‍ക്കും ആകുലതകള്‍ക്കും ജനാധിപത്യ ബോധമുള്ളവരാകെ ചെവികൊടുക്കേണ്ടതുണ്ട്. ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി, മാധ്യമം എന്നിവയാണ് ജനാധിപത്യ പ്രക്രിയയിലെ സുപ്രധാന ഘടകങ്ങള്‍.

കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം അടിസ്ഥാന രഹിതവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്നാണ് ജസ്റ്റിസുമാരായ അഫ്‌നാബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ച് നിരീക്ഷിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ഹൈക്കോടതി ഇത്തരമൊരു വിവാദ നിരീക്ഷണം നടത്തിയത്. റഹീം പൂക്കടശ്ശേരി വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നും ജനങ്ങള്‍ പരാതിപറയാന്‍ ഭയക്കുന്ന വിധത്തിലുള്ള സംവിധാനമായി കേരള പൊലീസ് മാറിയെന്നുമുള്ള അനുചിത പരാമര്‍ശങ്ങള്‍ ജസ്റ്റിസ് രാംകുമാര്‍ നടത്തിയത്. ഇതിനെതിരായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഏതെങ്കിലും ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് ന്യായാധിപന്‍ മുതിരരുതായിരുന്നുവെന്നാണ് സുപ്രിംകോടതി വിലയിരുത്തിയിരിക്കുന്നത്.

രാഷ്ട്രീയമായ താല്‍പര്യങ്ങളും മുന്‍വിധികളും അപൂര്‍വം ചില ന്യായാധിപരെയെങ്കിലും സ്വാധീനിക്കുന്നുണ്ടോയെന്ന് നീതിപീഠങ്ങളില്‍ നിന്ന് സമീപകാലത്തുണ്ടായ പല വിധികളും അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും സംശയം ജനിപ്പിക്കുന്നു. ഒരു തിരഞ്ഞെടുപ്പിനെ സമൂഹം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ക്രമസമാധാന നില സംസ്ഥാനത്ത് സമ്പൂര്‍ണമായി തകര്‍ന്നുവെന്നും പൊലീസ് സ്റ്റേഷനുകളില്‍ പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണെന്നും മറ്റും കോടതി 'വിധി'ക്കുന്നത് ഉചിതമായ കാര്യമല്ല.

കേരളം ക്രമസമാധാനരംഗത്ത് മെച്ചപ്പെട്ട സംസ്ഥാനമാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുകയും ഇക്കാര്യത്തില്‍ ദേശീയമാധ്യമങ്ങള്‍ കേരളത്തിന് പുരസ്‌ക്കാരം നല്‍കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലായിരുന്നൂ ഹൈക്കോടതിയുടെ ഉപരിപ്ലവമായ അഭിപ്രായ പ്രകടനങ്ങള്‍.

ജനാധിപത്യ വ്യവസ്ഥയില്‍ ലെജിസ്ലേച്ചറും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളും സാമൂഹ്യ പ്രതിജ്ഞാബദ്ധതയും നിഷ്പക്ഷതയും ഉന്നത മൂല്യങ്ങളായി ഉയര്‍ത്തിപിടിക്കേണ്ടതുണ്ട്. പക്ഷഭേദങ്ങളോ കക്ഷി രാഷ്ട്രീയ പരിഗണനകളോ ഇവയെയൊന്നും സ്വാധീനിക്കുവാനോ വശീകരിക്കുവാനോ പാടില്ല.

നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്. നീതി നിഷേധിക്കപ്പെട്ടവരുടെ അവസാന ആശ്രയമാണ് കോടതികള്‍. ഭരണഘടന ഏതൊരു പൗരനും നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പിക്കുവാനും സംരക്ഷിക്കുവാനും കോടതികളും ന്യായാധിപ സമൂഹവും ഒപ്പം നില്‍ക്കുമെന്നതാണ് അവരുടെയെല്ലാം പ്രതീക്ഷ. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം നിയമവ്യവസ്ഥകളുടെ ലംഘനവും അതിനുമേലുള്ള കുതിരകയറ്റവുമൊക്കെ കോടതികളാല്‍ നിയന്ത്രിക്കപ്പെടുമെന്നും ജനങ്ങളെ പ്രത്യാശയോടെ നിലകൊള്ളാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ജുഡീഷ്യറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാകെ തങ്ങളുടെ നിഷ്പക്ഷതയിലും സാമൂഹ്യ പ്രതിജ്ഞാബദ്ധതയിലും ഭരണഘടനാ വിധേയത്വത്തിലും ബദ്ധശ്രദ്ധരായിരിക്കേണ്ടതാണ്. ന്യായാധിപരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു കാലിടര്‍ച്ചയോ വാക്കിലെ പാളിച്ചയോ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും.

ജുഡീഷ്യറി സംവിധാനത്തില്‍ അഴിമതി കടന്നുകൂടിയിട്ടുണ്ടെന്ന് പറഞ്ഞത് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കേസുകളില്‍ ന്യായാധിപന്മാര്‍ ഉള്‍പ്പെടുന്ന അനുഭവവും ഉണ്ടാവുന്നു. ഇതെല്ലാം ജുഡീഷ്യറിയുടെ പവിത്രതയ്ക്കാണ് മങ്ങല്‍ ഏല്‍പ്പിക്കുന്നത്.

അനാവശ്യമായ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നുവെന്ന് സുപ്രിംകോടതി തന്നെ ശരിവെയ്ക്കുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങളെ നീക്കം ചെയ്തത്. സുപ്രിംകോടതി നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ഔന്നത്യവും എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇടര്‍ച്ചകള്‍ക്കും ലാഘവസമീപനങ്ങള്‍ക്കും വഴിതെറ്റലുകള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നവര്‍ക്കുള്ള സന്ദേശമായി സുപ്രിംകോടതിയുടെ ഈ വിധി മാറണം. അങ്ങനെയായാല്‍ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരും.

ജനയുഗം മുഖപ്രസംഗം 15072010

2 comments:

  1. കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം അടിസ്ഥാന രഹിതവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്നാണ് ജസ്റ്റിസുമാരായ അഫ്‌നാബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ച് നിരീക്ഷിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ഹൈക്കോടതി ഇത്തരമൊരു വിവാദ നിരീക്ഷണം നടത്തിയത്. റഹീം പൂക്കടശ്ശേരി വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നും ജനങ്ങള്‍ പരാതിപറയാന്‍ ഭയക്കുന്ന വിധത്തിലുള്ള സംവിധാനമായി കേരള പൊലീസ് മാറിയെന്നുമുള്ള അനുചിത പരാമര്‍ശങ്ങള്‍ ജസ്റ്റിസ് രാംകുമാര്‍ നടത്തിയത്. ഇതിനെതിരായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഏതെങ്കിലും ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് ന്യായാധിപന്‍ മുതിരരുതായിരുന്നുവെന്നാണ് സുപ്രിംകോടതി വിലയിരുത്തിയിരിക്കുന്നത്.

    ReplyDelete
  2. ഇടതുപക്ഷത്തിനെതിരായ വിധികളുടെ വാര്‍ത്താപ്രധാന്യം ഇതിനുണ്ടെന്നു മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തോന്നാത്തതില്‍ അത്ഭുതമില്ല !
    തിരിച്ചായിരുന്നു സുപ്രീം കോടതി വിധിയെങ്കില്‍ കുറെദിവസം കൂടി ആഘോഷിക്കാമായിരുന്നു , കഷ്ടമായിപ്പോയി !

    ReplyDelete