കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് പ്രതികൂലമായി കേന്ദ്ര ആസൂത്രണ കമ്മിഷന്‍ തീരുമാനമെടുത്തതിനുപിന്നില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ അനാസ്ഥയും പദ്ധതിയോടുള്ള നിസ്സംഗസമീപനവുമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുന്നു.
2008ന്റെ തുടക്കത്തില്‍ തന്നെ പദ്ധതി സംബന്ധിച്ച അണിയറപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. അനുമതിലഭിച്ചാല്‍ മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണചുമതല വഹിക്കാമെന്നേറ്റ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയിരുന്നു.
മെട്രോ റയിലിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിയില്‍ കേന്ദ്ര പങ്കാളിത്തം ഉറപ്പാകുമെന്നും പ്രതീക്ഷിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോ റയില്‍ ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ രൂപകല്‍പന മുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ക്കായി യോഗ്യതയുള്ള കമ്പനിയെ കണ്ടെത്താന്‍ 2006-ല്‍ കിന്‍ഫ്ര മുഖേന താല്‍പര്യപത്രം ക്ഷണിക്കുകവരെ ചെയ്തു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ കേന്ദ്ര-സംസ്ഥാന പൊതുമേഖലയില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. മെട്രോ റയില്‍ ചെയര്‍മാന്‍ ഇ എം ശ്രീധരന്‍ കേന്ദ്ര-സംസ്ഥാന പദ്ധതിയ്ക്ക് അനുകൂലമായതോടെ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സംരഭത്തിനായി രംഗത്തിറങ്ങി.
ഇപ്പോള്‍ സ്വകാര്യപങ്കാളിത്തത്തിന് ശുപാര്‍ശചെയ്യുന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അന്ന് നിലപാടില്‍ അയവുവരുത്തിയത് ഹൈദരാബാദിലെ മെട്രോപദ്ധതി സത്യം-മെയ്റ്റാസ് സംഭവവികാസങ്ങളെ തുടര്‍ന്ന് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നതിനെതുടര്‍ന്നായിരുന്നു.
ഇതിനിടെ മെട്രോറയിലിനായി ഓഫീസ് തുറക്കാന്‍ 50 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ബജറ്റില്‍ സ്ഥലമെടുപ്പിനായി 20 കോടി രൂപയും വകയിരുത്തി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക്പിന്നാലെ മെട്രോ റയിലിന്റെ മുന്നോട്ടുപോക്കിനെ തടസപ്പെടുത്തുന്ന പിന്നാമ്പുറക്കളികളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. ഈ രണ്ട് പദ്ധതികളിലെയും സ്വകാര്യപങ്കാളിത്തത്തെ ഏറെ കൊട്ടിഘോഷിച്ചിരുന്നവരില്‍ ഇപ്പോള്‍ കേന്ദ്രത്തിലുള്ള എറണാകുളത്തെ പ്രതിനിധീകരിക്കുന്ന സഹമന്ത്രിയും ഉള്‍പ്പെടും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 25.3 കി.മീ നീളത്തില്‍ ആദ്യം വിഭാവനംചെയ്ത പദ്ധതി പിന്നീട് നെടുമ്പാശ്ശേരിവരെ നീട്ടുന്നതിനുള്ള നിര്‍ദേശവും സംസ്ഥാനസര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനും സംസ്ഥാന റവന്യൂവകുപ്പും സംയുക്തമായി ആലുവ മുതല്‍ പേട്ടവരെയുള്ള ഭാഗത്ത് സ്ഥലപരിശോധനയും പരിശോധനയ്ക്കുശേഷം അതിര്‍ത്തികല്ല് സ്ഥാപിക്കുന്ന ജോലികളും നിര്‍വഹിച്ചിരുന്നു. മെട്രൊ റയിലിനുവേണ്ടി സ്വകാര്യവ്യക്തികളുടെ വീടുകള്‍ ഒഴിപ്പിക്കേണ്ടിവരില്ലെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. നിലവിലുള്ള റോഡുകളുടെ മീഡിയനുകളില്‍ സ്ഥാപിക്കുന്ന തൂണുകളിലാണ് റയില്‍പാതകള്‍ ഉറപ്പിക്കുന്നത്. 25.3 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് മാത്രമാണ് സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്.
മെട്രോ റയില്‍ നിര്‍മാണത്തിനായിവരുന്ന ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ നിര്‍മാണസാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി വേണ്ടിവരുന്ന 25 ഏക്കര്‍ സ്ഥലവും സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ 16 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. മെട്രോ റയിലിന് ആലുവ പേട്ടവരെ 3084 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. നെടുമ്പാശ്ശേരിവരെ നീട്ടുകയാണെങ്കില്‍ 300 കോടി രൂപയാണ് അധിക െചലവ് കണക്കാക്കിയിരുന്നത്.
മെട്രോ റയില്‍പാത കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍ എന്നിവിടങ്ങളിലൂടെ മാധവഫാര്‍മസി ജംഗ്ഷനില്‍ എത്തി എം ജി റോഡില്‍ പ്രവേശിച്ച് അവിടെനിന്നും കടവന്ത്ര, വൈറ്റിലവഴി പേട്ടയിലേക്ക് എത്തുവാനാണ് വിഭാവനംചെയ്തിരുന്നത്.
മെട്രോ റയിലിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ വികസനത്തിനും റയില്‍വേമേല്‍പാലങ്ങളുടെ നിര്‍മാണത്തിനും സംസ്ഥാനസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ യുക്തിഭദ്രമായ ന്യായങ്ങളൊന്നുമില്ലാതെ, സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണെങ്കില്‍ മാത്രമേ കൊച്ചി മെട്രോറയില്‍ പദ്ധതി നടപ്പാക്കാനാവുകയുള്ളു എന്ന കേന്ദ്ര ആസൂത്രണ കമ്മിഷന്റെ വാദം കേരളത്തോട് തുടരുന്ന നിരന്തരമായ അവഗണനയുടെ ഭാഗമായി മാത്രമേ ആര്‍ക്കും കാണാനാവൂ.
ആര്‍ ഗോപകുമാര്‍ ജനയുഗം 07072010
കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് പ്രതികൂലമായി കേന്ദ്ര ആസൂത്രണ കമ്മിഷന്‍ തീരുമാനമെടുത്തതിനുപിന്നില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ അനാസ്ഥയും പദ്ധതിയോടുള്ള നിസ്സംഗസമീപനവുമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുന്നു.
ReplyDelete