Monday, July 19, 2010

കേന്ദ്രം ഭീഷണി മുഴക്കുന്നുവോ?

കേരളം കേന്ദ്രത്തിന്റെ സാമന്തരാജ്യമല്ല. കേന്ദ്ര ഗവണ്‍മെന്റും അതിലെ മന്ത്രിമാരും ചാരുകസേരയിലിരുന്ന് സംസ്ഥാനങ്ങളോട് ആജ്ഞാപിക്കുകയും കണ്ണുരുട്ടിക്കാട്ടുകയും ചെയ്യേണ്ടവരുമല്ല. ഫെഡറല്‍ സംവിധാനം, ജനാധിപത്യം, സാമാന്യമര്യാദ തുടങ്ങിയവ പറഞ്ഞുരസിക്കാനുള്ളതല്ല, പ്രയോഗത്തില്‍ വരുത്താനുള്ളതാണെന്ന മിനിമം വിവേകമെങ്കിലും പ്രകടിപ്പിക്കാതെയാണ് ചില കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന ഗവമെന്റിനുമേല്‍ കുതിരകയറുന്നത്. അതിരപ്പിള്ളി, പൂയംകുട്ടി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി വൈകിപ്പിക്കാനും രണ്ടുപദ്ധതിയും ഇല്ലാതാക്കാനും ഒരു കേന്ദ്രമന്ത്രിതന്നെ പരസ്യമായി ശ്രമിക്കുന്ന അനുഭവം ഫെഡറലിസത്തിന്റെ അന്തഃസത്ത കളഞ്ഞുകുളിക്കുന്നതാണ്. എല്ലാ കടമ്പകളും കടന്ന് യാഥാര്‍ത്ഥ്യമാകുന്നതിന്റെ അടുത്തെത്തിയ ഈ രണ്ട് പദ്ധതിയും പ്രൊഫ. മാധവ് ഗാഡ്ഗില്‍ തലവനായുള്ള പശ്ചിമഘട്ട പരിസ്ഥിതി ആഘാതപഠന സമിതിക്ക് കൈമാറുമെന്നാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് പറയുന്നത്.

കേരളത്തിന്റെ വൈദ്യുതി വികസന പ്രതീക്ഷകളില്‍ അതിരപ്പിള്ളി പദ്ധതിക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ചെലവേറിയ താപ പദ്ധതികള്‍ വൈദ്യുതിയുടെ വില കുതിച്ചുകയറ്റുമ്പോള്‍, ലഭ്യമായ ജലസ്രോതസ്സുകള്‍ വൈദ്യുതോല്‍പ്പാദനത്തിനായി പ്രയോജനപ്പെടുത്തുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും കടമയാണ്. പരിസ്ഥിതിയെ വിസ്മരിച്ചുകൊണ്ടല്ല, സംരക്ഷിച്ചുകൊണ്ടാണ് അത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചുമാത്രമേ പദ്ധതി ആരംഭിക്കാന്‍ കഴിയൂ. നദീതട- ജലവൈദ്യുത പദ്ധതികളെക്കുറിച്ച് വിലയിരുത്തുന്ന സമിതിയാണ് ഇപ്പോള്‍ അതിരപ്പിള്ളി പദ്ധതിയുടെ വിശദാംശം പരിശോധിക്കുന്നത്. തങ്ങള്‍ക്കു മുന്നിലെത്തിയ ഏഴ് പരാതിയില്‍ ആറും ഈ സമിതി തള്ളിയിരുന്നു. ജൈവവൈവിധ്യത്തെ പദ്ധതി എങ്ങനെ ബാധിക്കുമെന്നത് മാത്രമാണ് ഇനി പരിശോധിക്കാനുള്ളത്. അത്തരം പരിശോധന തുടങ്ങാനിരിക്കെ പൊടുന്നനെയാണ് പദ്ധതി ഇനി ഗാഡ്ഗില്‍ സമിതി പരിശോധിക്കട്ടെ എന്ന് കേന്ദ്രം പറയുന്നത്. അതിരപ്പിള്ളിക്കു പുറമെ 240 മെഗാവാട്ടിന്റെ പൂയംകുട്ടി പദ്ധതിയും ഗാഡ്ഗില്‍ സമിതി പരിശോധിക്കുമെന്ന് മന്ത്രി ജയ്റാം കേരള വൈദ്യുതിമന്ത്രി എ കെ ബാലനെ അറിയിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ സമിതിയില്‍നിന്ന് കേരളത്തിന് എന്തെങ്കിലും നീതികിട്ടുമെന്ന് കരുതാന്‍ ന്യായമില്ല. അതിരപ്പിള്ളി-പൂയംകുട്ടി പദ്ധതികളുടെ കടുത്ത എതിരാളികള്‍ ഉള്‍പ്പെടെയുള്ള ആ സമിതിയെ എന്തിന് ചുമതല ഏല്‍പ്പിച്ചു എന്നതിനുള്ള വിശദീകരണം കേന്ദ്രമന്ത്രി നല്‍കിയിട്ടില്ല.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ നിരന്തരമായ അട്ടിമറി ശ്രമമാണ് ജയ്റാം രമേശ് നടത്തിയത്. മൂന്നുവട്ടം പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതിയാണത്. ഈ കേന്ദ്രമന്ത്രി ഇടപെട്ട് ഇത് റദ്ദാക്കുകയായിരുന്നു. നദീതട വിദഗ്ധസമിതി മുമ്പാകെ കെഎസ്ഇബി വീണ്ടും തെളിവുകള്‍ സമര്‍പ്പിച്ച് അനുമതിക്ക് അപേക്ഷിച്ചു. അങ്ങനെയുള്ള പരിശോധനയിലാണ് ഏഴ് ആക്ഷേപങ്ങളില്‍ ആറും തള്ളിയത്. അതോടെ ആ സമിതി അപ്പാടെ പുനഃസംഘടിപ്പിക്കുകയാണ് ജയ്റാംരമേശ് ചെയ്തത്. എന്നിട്ടും വിദഗ്ധസമിതിയുടെ അനുമതി പദ്ധതിക്ക് കിട്ടുമെന്ന് തീര്‍ച്ചയായതോടെയാണ് ഗാഡ്ഗില്‍ സമിതിയെ രംഗത്തുകൊണ്ടുവരുന്നത്. നാട്ടില്‍ ഒരുവികസനപ്രവര്‍ത്തനവും നടക്കേണ്ടതില്ല എന്ന വഴിമുടക്കി നയമാണ് ജയറാം രമേശ് പിന്തുടരുന്നത്.

സൈലന്റ്വാലി പദ്ധതിക്ക് പകരമായി ഇന്ദിര ഗാന്ധിയുടെ കാലത്ത് കേരളത്തിന് അനുവദിച്ചതാണ് പൂയംകുട്ടിപദ്ധതി. 750 മെഗാവാട്ടായിരുന്ന നിര്‍ദിഷ്ട പദ്ധതി, വനഭൂമി ഏറെ നഷ്ടപ്പെടുമെന്നതിനാല്‍ 240 മെഗാവാട്ടായി കുറച്ചു. പണിതുടങ്ങാന്‍ ഇനി കേന്ദ്രാനുമതി മതി. അങ്ങനെ അനുമതി നല്‍കേണ്ടിവരുമെന്ന ഘട്ടത്തില്‍ ഗാഡ്ഗില്‍ സമിതി എന്ന കല്ലെടുത്ത് ആ പദ്ധതിയുടെ തലയ്ക്കുമുകളില്‍ വയ്ക്കുകയാണ് കേന്ദ്രം. പരിസ്ഥിതിയുടെ പേരാണ് എല്ലാറ്റിനും ഉപയോഗിക്കുന്നത്.

വളപട്ടണം പുഴയോരത്തെ കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ജയറാം രമേശ് നടത്തിയ ഇടപെടല്‍ ഇതിന്റെ മറ്റൊരു വശമാണ്. അനധികൃത മാലിന്യ നിക്ഷേപംമൂലം ജനങ്ങള്‍ക്ക് ശാപമായി മാറിയ പ്രദേശമാണ്, വൃത്തിയാക്കി കണ്ടലുകളെ സംരക്ഷിക്കുന്ന തീം പാര്‍ക്കാക്കി മാറ്റിയത്. ഇന്നവിടെ മാലിന്യമില്ല, ദുര്‍ഗന്ധമില്ല, കണ്ടലുകള്‍ നശിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയല്ല, നിയമാനുസൃതം രൂപീകരിക്കപ്പെട്ട സഹകരണ സംഘമാണ് ആ തീം പാര്‍ക്ക് നടത്തുന്നത്. വളര്‍ന്നുവരുന്ന വിനോദ സഞ്ചാര മേഖലയില്‍ പുതിയ ഒരനുഭവമായാണ് ആ പാര്‍ക്കിനെ ജനങ്ങള്‍ കാണുന്നത്. എന്നാല്‍, സഹകരണ സംഘത്തിലെ സിപിഐ എം സാന്നിധ്യംകണ്ട് വിറളിപിടിച്ചും മറ്റുചില താല്‍പ്പര്യങ്ങളോടെയും കണ്ണൂരിലെ എംപി കണ്ടല്‍പാര്‍ക്ക് പദ്ധതിയെ അട്ടിമറിക്കാനാണിറങ്ങിയത്. സ്വന്തം പാര്‍ടിക്കാരനായ ജയറാം രമേശിനെ അട്ടിമറിക്കുള്ള ആയുധമാക്കി മാറ്റി. സാങ്കേതികമായോ നിയമപരമായോ ആ പാര്‍ക്കിന്റെ നടത്തിപ്പില്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്താന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, ഞങ്ങള്‍ പറയുന്നത് കേരളം ചെയ്തിരിക്കണം; അല്ലെങ്കില്‍ പാര്‍ക്ക് പൂട്ടിക്കും എന്ന ഭീഷണിയാണ് കേന്ദ്രമന്ത്രിയില്‍നിന്നുണ്ടായത്. ഡല്‍ഹിയിലിരുന്ന് ആജ്ഞാപിക്കുന്നതെന്തും ഉപ്പുകൂട്ടാതെ വിഴുങ്ങേണ്ടവരാണ് സംസ്ഥാന ഗവമെന്റുകള്‍ എന്ന വികലധാരണയാണ് ആ മന്ത്രിയെ നയിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഈ ഭീഷണിതന്നെ ധാരാളം. മലിനപ്പെട്ട പുഴയോരം വെടിപ്പാക്കി, ഒരുതരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനവും നടത്താതെ പാര്‍ക്കുണ്ടാക്കുകയും അതില്‍ മനുഷ്യര്‍ പോവുകയും ചെയ്യുന്നത് ഓടിച്ചെന്ന് തടഞ്ഞുനിര്‍ത്തേണ്ട കുറ്റകൃത്യമാണെന്ന മട്ടില്‍ കേന്ദ്രമന്ത്രി പൊതുപ്രകടനം നടത്തുന്നത് ലളിതമായ ഭാഷയില്‍ അഹങ്കാരമാണ്. ഇത്തരം തൊടുന്യായങ്ങള്‍ നിരത്തി പൂട്ടിക്കാന്‍ മിനക്കെട്ടാല്‍, സംസ്ഥാനത്ത് ഇന്നുള്ള മിക്ക തീര്‍ഥാടനങ്ങളും നിര്‍ത്തിവയ്ക്കേണ്ടിവരും; ടൂറിസം പദ്ധതികള്‍ പൂട്ടിക്കെട്ടേണ്ടതായും വരും.

പുതിയ ആശയങ്ങളെയും മുന്‍കൈയുകളെയും രാഷ്ട്രീയലക്ഷ്യംവച്ച് ആക്ഷേപിക്കുകയും മുടക്കുകയും ചെയ്യുന്നവരുടെ മെഗഫോണായി ഒരു കേന്ദ്രമന്ത്രിതന്നെ മാറുന്നത് അംഗീകരിക്കാവുന്നതല്ല. കേരളത്തെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മോഹം പൂര്‍ത്തീകരിക്കാമെന്നു കരുതരുത്. ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം കേന്ദ്രമന്ത്രിമാരുടെ പ്രവൃത്തിയിലും ഉണ്ടാകണം.

ദേശാഭിമാനി മുഖപ്രസംഗം 19072010

2 comments:

  1. കേരളം കേന്ദ്രത്തിന്റെ സാമന്തരാജ്യമല്ല. കേന്ദ്ര ഗവണ്‍മെന്റും അതിലെ മന്ത്രിമാരും ചാരുകസേരയിലിരുന്ന് സംസ്ഥാനങ്ങളോട് ആജ്ഞാപിക്കുകയും കണ്ണുരുട്ടിക്കാട്ടുകയും ചെയ്യേണ്ടവരുമല്ല. ഫെഡറല്‍ സംവിധാനം, ജനാധിപത്യം, സാമാന്യമര്യാദ തുടങ്ങിയവ പറഞ്ഞുരസിക്കാനുള്ളതല്ല, പ്രയോഗത്തില്‍ വരുത്താനുള്ളതാണെന്ന മിനിമം വിവേകമെങ്കിലും പ്രകടിപ്പിക്കാതെയാണ് ചില കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന ഗവമെന്റിനുമേല്‍ കുതിരകയറുന്നത്. അതിരപ്പിള്ളി, പൂയംകുട്ടി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി വൈകിപ്പിക്കാനും രണ്ടുപദ്ധതിയും ഇല്ലാതാക്കാനും ഒരു കേന്ദ്രമന്ത്രിതന്നെ പരസ്യമായി ശ്രമിക്കുന്ന അനുഭവം ഫെഡറലിസത്തിന്റെ അന്തഃസത്ത കളഞ്ഞുകുളിക്കുന്നതാണ്. എല്ലാ കടമ്പകളും കടന്ന് യാഥാര്‍ത്ഥ്യമാകുന്നതിന്റെ അടുത്തെത്തിയ ഈ രണ്ട് പദ്ധതിയും പ്രൊഫ. മാധവ് ഗാഡ്ഗില്‍ തലവനായുള്ള പശ്ചിമഘട്ട പരിസ്ഥിതി ആഘാതപഠന സമിതിക്ക് കൈമാറുമെന്നാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് പറയുന്നത്.

    ReplyDelete
  2. അതിരപ്പള്ളി, പൂയംകുട്ടി പദ്ധതികള്‍ ഗാഡ്ഗില്‍ കമ്മറ്റിയുടെ പരിഗണനക്കു വിടേണ്ടിയിരുന്നില്ലെന്ന് വൈദ്യുതിമന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. മൂന്നു തവണ വിവിധ കമ്മറ്റികളുടെയും പരിസ്ഥിതി പഠനസമിതികളുടെയും അനുമതി ലഭിച്ച പദ്ധതിയാണിത്. ഈ രണ്ടു പദ്ധതികളും മുടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മനപൂര്‍വ്വം ഉടക്കുവെക്കാന്‍ വേണ്ടി മാത്രമാണ് കേന്ദ്രമന്ത്രി പദ്ധതി ഗാഡ്ഗില്‍ കമ്മറ്റിക്കു വിട്ടത്. അതിരപ്പള്ളി, പൂയംകുട്ടി പദ്ധതികളെ ഒരു കാര്യവുമില്ലാതെ കണ്ണടച്ച് എതിര്‍ക്കുന്ന ഒരംഗം ഈ കമ്മറ്റിയിലുള്ളതിനാല്‍ ഒരിക്കലും അനുകൂല തീരുമാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    deshabhimani news

    ReplyDelete