Friday, July 23, 2010

എപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയാവില്ല

നാനാത്വത്തില്‍ ഏകത്വമുള്ള നാടെന്നാണ്‌ നാം നമ്മളെത്തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും ആ ഏകത്വത്തില്‍ കല്ലുകടിയുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും നിലനില്‍ക്കുന്നത്‌ കാണാതിരുന്നുകൂടാ. ചിലപ്പോഴെല്ലാം ഈ തര്‍ക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുംവിധം പരിധി വിടുകയും ക്രമസമാധാന തകര്‍ച്ചയ്‌ക്ക്‌ ഇടവയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. അതിര്‍ത്തിയെച്ചൊല്ലിയും വിഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതു സംബന്ധിച്ചുമാണ്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാവുന്നത്‌. തര്‍ക്കത്തിനിടയാക്കുന്ന വിഭവങ്ങളില്‍ മുഖ്യം ജലം തന്നെ. ബാബ്‌ളി അണക്കെട്ടിനെച്ചൊല്ലി മഹാരാഷ്‌ട്രയും ആന്ധ്രയും തമ്മില്‍ നടക്കുന്ന തര്‍ക്കമാണ്‌, രാജ്യത്തെ സജീവമായി നില്‍ക്കുന്ന നദീജല തര്‍ക്കങ്ങളുടെ പട്ടികയിലെ ഒടുവിലത്തേത്‌. ബാബ്‌ളി പദ്ധതിയെച്ചൊല്ലി ഇരു സംസ്ഥാനങ്ങളിലും ഉയര്‍ന്ന രാഷ്‌ട്രീയ വിവാദം തല്‍ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനാന്തര തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സംവിധാനം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, അത്‌ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്‌.

ഗോദാവരി നദിയിലെ വെള്ളം പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി മഹാരാഷ്‌ട്രയും ആന്ധ്രയും തമ്മിലുള്ള തര്‍ക്കത്തിന്‌, 1975ലെ ട്രിബ്യൂണല്‍ വിധിയോടെ തീര്‍പ്പായതാണ്‌. മൂന്നു പതിറ്റാണ്ടിനിപ്പുറം ഗോദാവരിയില്‍ തടയണ കെട്ടാനുള്ള മഹാരാഷ്‌ട്രയുടെ നീക്കമാണ്‌ തര്‍ക്കത്തെ വീണ്ടും കുത്തിപ്പൊക്കിയത്‌. 58 ഗ്രാമങ്ങള്‍ക്കു കുടിവെള്ളമെത്തിക്കാനും 7995 ഹെക്‌ടര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താനും ലക്ഷ്യമിട്ടുള്ള, 221 കോടി രൂപയുടെ ബൃഹദ്‌ പദ്ധതിയാണ്‌ മഹാരാഷ്‌ട്ര ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഗോദാവരി ട്രിബ്യൂണല്‍ വിധി അനുസരിച്ച്‌ അനുവദിക്കപ്പെട്ടിട്ടുള്ള ജലം മാത്രമേ, പുതിയ അണക്കെട്ടു വന്നാലും ഉപയോഗിക്കൂ എന്നാണ്‌ മഹാരാഷ്‌ട്ര പറയുന്നത്‌. ആന്ധ്ര അതിര്‍ത്തിയില്‍നിന്ന്‌ ഏഴു കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള പുതിയ ഡാം ഗോദാവരി ട്രിബ്യൂണല്‍ വിധിയെ അട്ടിമറിക്കുമെന്നാണ്‌ ആന്ധ്രയുടെ ആശങ്ക. തെലുങ്കാന മേഖലയിലെ പൊച്ചംപാഡ്‌ അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിനെ മഹാരാഷ്‌ട്രയുടെ പുതിയ ഡാം ബാധിക്കുമെന്ന്‌ അവര്‍ പറയുന്നു. ബാബ്‌ളി അണക്കെട്ടു പദ്ധതി ഗോദാവരി ട്രിബ്യൂണല്‍ വിധിക്കെതിരാണെന്നു ചൂണ്ടിക്കാട്ടി ആന്ധ്ര സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്‌. ഈ കേസില്‍ വാദം തുടരുകയാണ്‌. അതിനിടെ, നിയന്ത്രണങ്ങളോടെ നിര്‍മാണം തുടരാന്‍ മഹാരാഷ്‌ട്രയ്‌ക്ക്‌ സുപ്രിം കോടതി അനുമതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഇതനുസരിച്ച്‌ പദ്ധതി ഏതാണ്ട്‌ എണ്‍പതു ശതമാനം പൂര്‍ത്തിയാവുകയും ചെയ്‌തു.

ബാബ്‌ളി പദ്ധതി പ്രദേശം സന്ദര്‍ശിക്കാനുള്ള തെലുഗുദേശം നേതാവ്‌ എന്‍ ചന്ദ്രബാബു നായിഡുവിന്റെ നീക്കമാണ്‌, സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെ വീണ്ടും ആളിക്കത്തിച്ചത്‌. പദ്ധതിയിലൂടെ മഹാരാഷ്‌ട്ര അധിക ജലമെടുക്കുമോ എന്നു പരിശോധിക്കുമെന്നായിരുന്നു നായിഡുവിന്റെ പ്രഖ്യാപനം. നായിഡുവും സംഘവും പദ്ധതിപ്രദേശത്തു പ്രവേശിക്കുന്നതിന്‌ മഹാരാഷ്‌ട്രാ സര്‍ക്കാര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. വിലക്കു ലംഘിച്ച്‌ നായിഡുവും ടി ഡി പി നിയമസഭാംഗങ്ങളും അടങ്ങുന്ന സംഘം മുന്നേറിയത്‌ അറസ്റ്റിനിടയാക്കി, ഇതോടെ വിവാദം പുതിയ തലത്തിലേയ്‌ക്കു കടക്കുകയും ചെയ്‌തു. ആന്ധ്രയിലെ മുതിര്‍ന്ന നേതാവ്‌ എന്ന നിലയില്‍ നായിഡുവിന്‌ പദ്ധതി പ്രദേശം പരിശോധിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതായിരുന്നു. ആന്ധ്രയിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്താന്‍ അവിടത്തെ ജനപ്രതിനിധികളെ അനുവദിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിനു പകരം സംഘര്‍ഷത്തിന്റെ മാര്‍ഗമാണ്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അവലംബിച്ചത്‌. ഇത്‌ പ്രശ്‌നത്തെ പെരുപ്പിച്ചു. നായിഡുവിനും സംഘത്തിനും എതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിച്ച്‌ അവരെ നാട്ടിലേയ്‌ക്കു തിരിച്ചയച്ചതോടെയാണ്‌ പ്രശ്‌നത്തിനു താല്‍ക്കാലികമായെങ്കിലും വിരാമമായത്‌. ആന്ധ്രയില്‍നിന്നുള്ള ജനപ്രതിനിധികളോട്‌ മഹാരാഷ്‌ട്രാ പൊലീസ്‌ പെരുമാറിയ രീതിയെച്ചൊല്ലിയുള്ള തര്‍ക്കം ബാക്കി നില്‍ക്കുകയുമാണ്‌.

ഇരു സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങളോ കേന്ദ്ര സര്‍ക്കാരോ ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍, ആന്ധ്ര-മഹാരാഷ്‌ട്ര അതിര്‍ത്തിയെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ക്കു നേതൃത്വം നല്‍കുന്നത്‌ കോണ്‍ഗ്രസാണ്‌. ആ പാര്‍ട്ടിയുടെ നേതൃത്വത്തിനും ഇത്തരത്തില്‍ സംഘര്‍ഷം വളരാത്ത തരത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാമായിരുന്നു. ഇവരോടൊപ്പം, കേന്ദ്ര സര്‍ക്കാരും കാഴ്‌ചക്കാരായി നോക്കിനിന്നതോടെയാണ്‌ ക്രമസമാധാന തകര്‍ച്ചയിലേയ്‌ക്കെത്തുംവിധം തര്‍ക്കം മൂര്‍ച്ഛിച്ചത്‌. പ്രാദേശിക വികാരത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നവരെ പിണക്കാതെയുള്ള, ആരോഗ്യകരമല്ലാത്ത സമീപനമാണ്‌ ഇരു സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും ഇക്കാര്യത്തില്‍ സ്വീകരിച്ചത്‌. അപകടകരമാണിത്‌. ഇത്തരം സമീപനത്താല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നവരുടെ പ്രവൃത്തികള്‍ എപ്പോഴും അനര്‍ഥങ്ങളില്ലാതെ അവസാനിക്കുമെന്നു കരുതരുത്‌.

ജനയുഗം മുഖപ്രസംഗം 22072010

1 comment:

  1. നാനാത്വത്തില്‍ ഏകത്വമുള്ള നാടെന്നാണ്‌ നാം നമ്മളെത്തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും ആ ഏകത്വത്തില്‍ കല്ലുകടിയുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും നിലനില്‍ക്കുന്നത്‌ കാണാതിരുന്നുകൂടാ. ചിലപ്പോഴെല്ലാം ഈ തര്‍ക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുംവിധം പരിധി വിടുകയും ക്രമസമാധാന തകര്‍ച്ചയ്‌ക്ക്‌ ഇടവയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. അതിര്‍ത്തിയെച്ചൊല്ലിയും വിഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതു സംബന്ധിച്ചുമാണ്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാവുന്നത്‌. തര്‍ക്കത്തിനിടയാക്കുന്ന വിഭവങ്ങളില്‍ മുഖ്യം ജലം തന്നെ. ബാബ്‌ളി അണക്കെട്ടിനെച്ചൊല്ലി മഹാരാഷ്‌ട്രയും ആന്ധ്രയും തമ്മില്‍ നടക്കുന്ന തര്‍ക്കമാണ്‌, രാജ്യത്തെ സജീവമായി നില്‍ക്കുന്ന നദീജല തര്‍ക്കങ്ങളുടെ പട്ടികയിലെ ഒടുവിലത്തേത്‌. ബാബ്‌ളി പദ്ധതിയെച്ചൊല്ലി ഇരു സംസ്ഥാനങ്ങളിലും ഉയര്‍ന്ന രാഷ്‌ട്രീയ വിവാദം തല്‍ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനാന്തര തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സംവിധാനം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, അത്‌ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്‌.

    ReplyDelete