ചാരുകസേര ഉപദേഷ്ടാക്കളെന്ന് ആസൂത്രണ കമീഷന്‍ അംഗങ്ങളെ കേന്ദ്ര ഗതാഗതമന്ത്രി കമല്‍നാഥ് ആക്ഷേപിച്ചിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. രഹസ്യമായല്ല ആക്ഷേപിച്ചത്. പൊതുചടങ്ങില്‍വച്ച്, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ സാന്നിധ്യത്തിലായിരുന്നു അത്. അങ്ങനെ ആക്ഷേപിക്കുന്നത് ഉചിതമാണോ എന്നതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടായി. രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥ നേരിട്ടുമനസ്സിലാക്കാത്ത വിദഗ്ധസമിതി കേവലം അക്കാദമിക് തലങ്ങളിലൂടെമാത്രം നീങ്ങുന്നെന്നും ഇത് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്നുവെന്നുമുള്ളതാണ് ഒരു പക്ഷം. സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും മഹാകവാടം തുറന്നുവച്ചതിലൂടെ ആസൂത്രണ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ആസൂത്രണകമീഷന്‍ അംഗങ്ങളെ ചാരുകസേര ഉപദേഷ്ടാക്കളാക്കി മാറ്റിയത് എന്നതാണ് മറുപക്ഷം. രണ്ടിലും സത്യമുണ്ട്. ഈ ഇരുസത്യവും ഒരുപോലെ കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തെ ഹനിക്കാന്‍ ഒരുമിച്ചുവന്നിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ ഈ വിഷയം പരാമര്‍ശിക്കാന്‍ കാരണം.
കേരളം ഏറെ താല്‍പ്പര്യപൂര്‍വം മുമ്പോട്ടുവച്ച പദ്ധതിയാണ് കൊച്ചി മെട്രോ. പല തടസ്സവാദങ്ങളെയും മറികടന്ന്, ആ പദ്ധതി നിര്‍ദേശം അന്തിമ അനുമതിക്കായുള്ള പരിഗണനയ്ക്കായി കേന്ദ്രമന്ത്രിസഭയുടെ മുമ്പാകെ എത്തി. കേന്ദ്ര ധനവകുപ്പും നഗരവികസനവകുപ്പുമടക്കം പല ഘട്ടങ്ങളിലായി ഇതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയമുന്നയിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള വിശദീകരണങ്ങള്‍മൂലം, ആ സംശയങ്ങളാകെ ദൂരീകരിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭം എന്ന നിലയ്ക്ക് കൊച്ചി- മെട്രോ പദ്ധതി പ്രായോഗികമാകുമെന്ന പ്രതീക്ഷ ശക്തമായി. ഈ ഘട്ടത്തിലാണ്, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ, കേരളത്തിന്റെ പ്രതീക്ഷകളെയാകെ തകര്‍ക്കുന്നവിധത്തില്‍ പുതിയ നിര്‍ദേശവുമായി കടന്നുവരുന്നത്. പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ സംസ്ഥാനം നടപ്പാക്കിക്കൊള്ളണം എന്നതാണ് പുതിയ കല്‍പ്പന. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൊച്ചി മെട്രോപദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ച് പഠനം നടത്തിയിരുന്നു. വളരെ ലാഭകരമായി ആ പദ്ധതി നടപ്പാകുമെന്ന് ആ പഠനം കണ്ടെത്തുകയും ചെയ്തു. ലാഭകരമാകുമെന്ന് വ്യക്തമായിക്കഴിഞ്ഞ പദ്ധതിയില്‍ കേന്ദ്രം സഹകരിക്കേണ്ടതില്ലെന്നും സ്വകാര്യ മുതലാളിമാര്‍ സഹകരിച്ചുകൊള്ളട്ടെയെന്നും ആസൂത്രണകമീഷന്‍ പറയുന്നതിന്റെ അര്‍ഥം പകല്‍പോലെ വ്യക്തമാണ്. കേന്ദ്രസര്‍ക്കാരിനു വേണ്ട; സ്വകാര്യ മുതലാളിമാര്‍ക്കു മതി ലാഭം എന്നതാണത്. ഈ നിലപാടാകട്ടെ, കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയവുമായും സാമൂഹ്യരംഗങ്ങളില്‍നിന്നുള്ള പിന്മാറ്റനയവുമായും ബന്ധപ്പെട്ടതാണ് എന്നുകാണാന്‍ വിഷമമില്ല. എല്ലാ സാമൂഹ്യരംഗങ്ങളില്‍നിന്നും പിന്മാറി സ്വകാര്യമേഖലയ്ക്ക് മാത്രമായി കളമൊരുക്കിക്കൊടുക്കുക എന്ന കേന്ദ്രനയത്തിന്റെ പ്രതിഫലനംതന്നെയാണ് ആസൂത്രണകമീഷന്റെ നിലപാടില്‍ കാണുന്നത്.
ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ തന്റെ അധികാരപരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലാഭകരമാകുമെന്ന് ഉറപ്പുള്ള ഒരു പദ്ധതി, കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലിരിക്കുമ്പോള്‍, കേന്ദ്ര പങ്കാളിത്തം അനുവദിക്കില്ലെന്നുപറയാന്‍ ഇദ്ദേഹം ആരാണ്? ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്കും മുകളിലാണോ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ എന്ന ഉദ്യോഗസ്ഥന്റെ സ്ഥാനം?
കൊച്ചി ജനസാന്ദ്രതകൊണ്ട് വീര്‍പ്പുമുട്ടുന്നതും അതേസമയം വികസനോന്മുഖമായ വഴികളിലൂടെ നീങ്ങുന്നതുമായ കേന്ദ്രമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്തതാണ് ഗതാഗതക്കുരുക്കഴിക്കുന്ന മെട്രോ റെയില്‍പദ്ധതി. നിരവധി സാമ്പത്തികമേഖലകള്‍, വിവര സാങ്കേതികജ്ഞാന വ്യവസായങ്ങള്‍, അനുബന്ധ പ്രദേശങ്ങളിലുള്ള വ്യവസായശാലകള്‍, വല്ലാര്‍പാടത്ത് ഉയര്‍ന്നുവരുന്ന ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിങ്ങനെ കൊച്ചിയില്‍ ഇത്തരമൊരു മെട്രോ റെയില്‍പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഈ കാര്യങ്ങളെല്ലാം മനസ്സില്‍വച്ചുകൊണ്ടാണ് കൊച്ചി മെട്രോ റെയില്‍ എന്ന പദ്ധതി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാകണമെന്ന നിര്‍ദേശം കേരളം മുമ്പോട്ടുവച്ചത്. കക്ഷി-രാഷ്ട്രീയഭേദമെന്യേ കേരളം അപ്പാടെ ഈ ആവശ്യത്തിനു പിന്നില്‍ അണിനിരന്നിട്ടുണ്ട്.
ഡല്‍ഹിയിലാകുന്നത് കൊച്ചിയില്‍ പാടില്ല എന്ന ആസൂത്രണകമീഷന്റെ നിലപാടിന് ന്യായീകരണമൊന്നുമില്ല. വികസനകാര്യങ്ങളില്‍ മേഖലാ അസന്തുലിതാവസ്ഥയുണ്ടാകാതെ നോക്കുക എന്നത് ആസൂത്രണത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ഇവിടെയാകട്ടെ, മേഖലാപരമായ അസന്തുലിതാവസ്ഥ ഉണ്ടാക്കാനുള്ള സ്ഥാപനമായി ആസൂത്രണകമീഷന്‍ തരംതാഴുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരിനും ആ സര്‍ക്കാര്‍ മുമ്പോട്ടുവച്ച പദ്ധതി പരിഗണിക്കേണ്ട കേന്ദ്രസര്‍ക്കാരിനും എല്ലാം മേലെയാണ് ആസൂത്രണകമീഷന്‍ എന്നുവന്നാല്‍ അത് ജനാധിപത്യത്തിനുതന്നെ അപകടകരമാണ്. ഒരുപക്ഷേ, കേന്ദ്രസര്‍ക്കാര്‍, അതിന്റെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയെടുക്കാനുള്ള ഉപകരണമായി ആസൂത്രണകമീഷനെ ഉപയോഗിക്കുന്നതാണ് എന്നുംവരാം.
വിവിധ കേന്ദ്ര വകുപ്പുകള്‍ കാലാകാലങ്ങളില്‍ ഈ പദ്ധതിക്കെതിരെ തടസ്സവാദങ്ങളുന്നയിച്ചുകൊണ്ടിരുന്നുവെന്നതും ആ തടസ്സവാദങ്ങളെ യുക്തിപൂര്‍വം തട്ടിത്തെറിപ്പിക്കുന്ന വിശദീകരണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയെന്നതും അങ്ങനെ വരുമ്പോള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രാഥമികാനുമതി നല്‍കിയ അതേ ആസൂത്രണകമീഷന്‍ അന്തിമഘട്ടത്തില്‍ പദ്ധതി തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്നതും നാം ഓര്‍മിക്കേണ്ടതുണ്ട്. ഇത്രയൊക്കെയായിട്ടും ഇക്കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മൌനംപുലര്‍ത്തുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതായാലും, രാജ്യത്തെയും ജനങ്ങളെയും നേരിട്ടറിയാത്ത ഒരു 'ചാരുകസേര ഉപദേഷ്ടാവി'ന്റെ യാഥാര്‍ഥ്യബോധമില്ലാത്ത ഭ്രമചിന്തകളില്‍തട്ടി സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ വികസനപദ്ധതി തകര്‍ന്നുപോയിക്കൂടാ. അതിനായുള്ള സംയുക്തശ്രമങ്ങളാണ് ഇന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.
ദേശാഭിമാനി മുഖപ്രസംഗം 16072010
ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ തന്റെ അധികാരപരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലാഭകരമാകുമെന്ന് ഉറപ്പുള്ള ഒരു പദ്ധതി, കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലിരിക്കുമ്പോള്‍, കേന്ദ്ര പങ്കാളിത്തം അനുവദിക്കില്ലെന്നുപറയാന്‍ ഇദ്ദേഹം ആരാണ്? ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്കും മുകളിലാണോ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ എന്ന ഉദ്യോഗസ്ഥന്റെ സ്ഥാനം?
ReplyDelete