ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക ആഭാസത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നതാണ്, ഇക്കഴിഞ്ഞ ദിവസത്തെ സൈനിക രഹസ്യ ചോര്‍ച്ച. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ, ഭീകരവാദികളെ ഊട്ടിവളര്‍ത്തിയവര്‍ തന്നെ അതിനെതിരെ പടപ്പുറപ്പാടു നടത്തുന്നതിലെ അപഹാസ്യത ഒരു ദശകത്തോളമായി ലോകം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങേയറ്റം ഇരട്ടത്താപ്പു നിറഞ്ഞതും ആത്മാര്‍ഥത തൊട്ടുതീണ്ടാത്തതുമായ ഈ സൈനിക നടപടിയുടെ പ്രചോദനം യുദ്ധവെറി മാത്രമാണെന്ന് പല കേന്ദ്രങ്ങളും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടുതന്നെ, `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും ഫലത്തില്‍ അതിനോടു സലാം പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ അങ്കിള്‍ സാമും സാമിന്റെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന ഏതാനും തൊമ്മിരാഷ്‌ട്രങ്ങളുമാണ് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെയായി നടന്നുവരുന്ന, അധിനിവേശത്തിന്റെ തുടര്‍നടപടികളില്‍ പങ്കാളികളായുള്ളത്. മാനവരാശിയുടെ രക്ഷയ്‌ക്കെന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളുടെയും ക്രൂരതകളുടെയും സ്ഥിരീകരണമാണ്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക രഹസ്യ ചോര്‍ച്ചയിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
`ഭീകരതയ്‌ക്കെതിരായ യുദ്ധ'വുമായി ബന്ധപ്പെട്ട തൊണ്ണൂറ്റി രണ്ടായിരത്തോളം രഹസ്യ സൈനിക രേഖകളാണ് വിക്കിലീക്ക്‌സ് എന്ന വെബ് സൈറ്റ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുന്നതിന് സ്വന്തം ജനതയ്‌ക്കും ലോകത്തിനും മുന്നില്‍ അമേരിക്കന്‍ ഭരണകൂടം നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന നുണകളെ തുറന്നുകാട്ടുന്നതാണ് ഈ രേഖകള്‍. അമേരിക്കയും നാറ്റോ സൈന്യവും അഫ്‌ഗാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവയിലുണ്ട്. അഫ്‌ഗാന്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്‌ടമായ സിവിലിയന്‍മാരുടെ എണ്ണം പുറത്തുവന്നതിനേക്കാള്‍ എത്രയോ അധികമാണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. ഒസാമ ബിന്‍ ലാദനേയും മുല്ലാ ഒമറിനേയും ലക്ഷ്യമിട്ടുള്ള യുദ്ധത്തില്‍ അഫ്‌ഗാന്‍ ഗ്രാമങ്ങളെ ചുട്ടുപൊടിക്കുകയായിരുന്നു, അമേരിക്കന്‍ പട്ടാളക്കാര്‍. തകര്‍ന്നു തരിപ്പണമായ ഒരു രാജ്യത്ത്, തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു ചലിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കാനായെന്നതില്‍ കവിഞ്ഞ് എന്തെങ്കിലും `നേട്ടം' ചൂണ്ടിക്കാട്ടാന്‍ അമേരിക്കയ്‌ക്കാവില്ല. മുല്ല ഒമറും ഒസാമയും ഹിന്ദുക്കുഷിലെയോ വസീരിസ്ഥാനിലെയോ ഒളിയിടങ്ങളിലുണ്ടെന്ന് അമേരിക്കന്‍ നേതാക്കള്‍ തന്നെ നാഴികയ്‌ക്കു നാല്‍പ്പതുവട്ടമെന്നോണം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയ ശേഷം ലോകമെങ്ങും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയും ഭീകര സംഘടനകള്‍ മുളച്ചുപൊന്തുകയുമാണുണ്ടായത്. എല്ലാ അര്‍ഥത്തിലും തോറ്റുപോയ ഈ `യുദ്ധം' ജനതകള്‍ക്കു മേലുള്ള തെമ്മാടിത്തം മാത്രമായി തുടര്‍ന്നുകൊണ്ടുപോവുകയാണ്, അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് വിക്കിലീക്ക്‌സ് പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഇതിനേക്കാളെല്ലാം ഗൗരവമാര്‍ന്നതാണ്, `ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തില്‍ പാകിസ്‌ഥാന്റെ ഇരട്ടമുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. യുദ്ധത്തില്‍ അമേരിക്കയുടെ മുഖ്യ പങ്കാളിയായ പാകിസ്ഥാന്‍ കോടിക്കണക്കിനു ഡോളറിന്റെ യു എസ് സഹായവും ആയുധങ്ങളും പറ്റിക്കൊണ്ടിരിക്കുകയും അവ താലിബാനെയും മറ്റ് ഭീകര സംഘടനകളെയും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയുമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രഹസ്യ സൈനിക റിപ്പോര്‍ട്ടുകളിലൂടെ ഇക്കാര്യം അറിഞ്ഞിട്ടും പാകിസ്ഥാനുള്ള സഹായം തുടരുകയാണ് അമേരിക്കന്‍ ഭരണാധികാരികള്‍ ചെയ്‌തത്. ഭീകരതയെ ഇല്ലാതാക്കുകയല്ല, മേഖലയെ കലുഷിതമാക്കി നിര്‍ത്തുകയും അതുവഴി ആയുധക്കച്ചവടം കൊഴുപ്പിക്കുകയുമാണ് യാങ്കികളുടെ ലക്ഷ്യമെന്നതിന് മറ്റെന്തു തെളിവാണ് വേണ്ടത്?
തങ്ങളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുവാന്‍ ഭീകരതയെ ഉത്‌പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കയുടെ മുഖമാണ് അനാവൃതമാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായി നിരന്തരം നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാകിസ്ഥാന് ആയുധവും പണവും നല്‍കുന്നതില്‍ നിന്ന് പിന്തിരിയുകില്ലെന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ ദാസ്യത്തില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്.
`ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന്റെ പൂച്ചുപുറത്തായിട്ടും അതു തിരുത്താനോ മാനവരാശിയോടു ചെയ്‌ത തെറ്റുകള്‍ക്കു മാപ്പുപറയാനോ അമേരിക്ക തയ്യാറല്ല. മറിച്ച് സൈനിക രഹസ്യം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താനാണ് അവര്‍ ഒരുങ്ങുന്നത്. അഫ്‌ഗാന്‍ നയത്തില്‍ പിഴവൊന്നുമില്ലെന്നും അതു തുടരുമെന്നും പാകിസ്ഥാനുള്ള സൈനിക സഹായം കുറയ്‌ക്കില്ലന്നും ഒബാമ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ഗാമികളുടെ പാപഭാണ്ഡം വലിച്ചെറിയാന്‍ കരുത്തില്ലാത്ത, ദുര്‍ബലനായ ഭരണാധികാരിയാണ് താനെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ബാരക് ഒബാമ. അങ്ങനെയൊരാളില്‍നിന്ന് സൂര്യോദയങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.
ജനയുഗം മുഖപ്രസംഗം 29072010

ReplyDelete