Monday, July 12, 2010

അട്ടിമറിക്കാര്‍ക്കെതിരെ രംഗത്തിറങ്ങുക

നിലമ്പൂരില്‍ നടന്നത് അക്ഷരാര്‍ഥത്തിലുള്ള അട്ടിമറിനീക്കമാണ്. കേരളത്തില്‍ ഇത്രയും വലിയ ആസൂത്രിതമായ അട്ടിമറിശ്രമം ആദ്യമാണെന്നും തീവ്രവാദ ബന്ധം ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയുടെ ഇരുപത് സ്ഥലത്താണ് ബ്രേക്ക്പൈപ്പ് മുക്കാല്‍ ഭാഗത്തോളം മുറിച്ചത്. കുറ്റകൃത്യം സംബന്ധിച്ച് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല എന്നാണ് പൊലീസ് മേധാവി പറഞ്ഞത്. സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ സ്ഫോടകവസ്തു കടത്തുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിടിക്കുകയുണ്ടായി.

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദി ആക്രമണം ഉണ്ടായതിന്റെ തൊട്ടുപുറകെയാണ് നിലമ്പൂരില്‍ തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമം കണ്ടുപിടിക്കപ്പെടുന്നത്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നുപറയാനുള്ള തെളിവുകളൊന്നുമില്ല. എന്നാല്‍, കേരളത്തില്‍ മനുഷ്യത്വഹീനമായ ആക്രമണങ്ങളും കൂട്ടക്കൊലകളും ആസൂത്രിതമായി സംഘടിപ്പിക്കാന്‍ മടിയില്ലാത്ത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംശയരഹിതമായി തെളിയിക്കുന്നതാണ് രണ്ട് സംഭവവും. തൊടുപുഴ സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണോ നിലമ്പൂരിലെ പൈപ്പ് മുറിക്കല്‍ എന്ന സംശയവും നിലനില്‍ക്കുന്നു.

ആയുധ പരിശീലനവും വിഷലിപ്തമായ ആശയപ്രചാരണവും നടത്തി നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘടനകള്‍ക്ക് പ്രോത്സാഹനമോ സംരക്ഷണമോ നല്‍കുന്നവരും സഹായം സ്വീകരിക്കുന്നവരും മനസ്സിരുത്തി ചിന്തിക്കേണ്ട ഘട്ടമാണിത്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളില്‍നിന്നും ഭീകരതയുടെയും മാവോയിസ്റ് അക്രമമുള്‍പ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും ബോംബുസ്ഫോടനങ്ങളുടെയും വാര്‍ത്ത നിരന്തരം വരുമ്പോള്‍ ഏറെക്കുറെ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. ഇന്നാട്ടിലെ മതനിരപേക്ഷതയും സൌഹാര്‍ദവും സമാധാനവും തകര്‍ക്കാനുള്ള ഏതുനീക്കത്തെയും സര്‍വശക്തിയുമെടുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.

സമീപകാല സംഭവങ്ങളില്‍ ശ്ളാഘനീയമായ ഇടപെടലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിലമ്പൂരില്‍ പൈപ്പ് മുറിക്കാന്‍ കത്തി വാങ്ങിയ ചിലരുടെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നും ഇവരുടെ ഫോണിലേക്കു വന്ന വിളികളുടെ വിവരം ശേഖരിക്കുകയാണെന്നും ഡിജിപി വെളിപ്പെടുത്തിയിട്ടുണ്ട്. കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയെടുത്തവരെ കണ്ടെത്താനും ബന്ധപ്പെട്ട പലരെയും പിടികൂടാനും കഴിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുകയുമാണ്. അതേസമയം, തീവ്രവാദ ശക്തികള്‍ അടങ്ങിയിരിക്കുമെന്ന് കരുതാനാകില്ല. ചില പ്രത്യേക സംഭവങ്ങള്‍ മുതലെടുത്ത് നാട്ടിലാകെ കുഴപ്പം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കുനേരെ മുസ്ളിങ്ങള്‍ ചെരുപ്പെറിഞ്ഞു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാണ് തലശേരിയില്‍ ആര്‍എസ്എസ് കലാപത്തിന് തീകൊളുത്തിയത്. സമാനമായ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ എന്‍ഡിഎഫും മടിച്ചുനിന്നിട്ടില്ല എന്നതാണനുഭവം. ആ സംഘടനയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ടികളില്‍ നുഴഞ്ഞുകയറി അവയുടെ പ്രവര്‍ത്തകരെന്ന വ്യാജേന വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച അനേകം സംഭവങ്ങളുണ്ട്.

പൊലീസിന്റെ ജാഗ്രതയും ഇടപെടലും കൊണ്ടുമാത്രം തടഞ്ഞുനിര്‍ത്താനാവുന്നതല്ല എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയും പോലുള്ള മൌലികവാദ-ഭീകര സംഘടനകളുടെ പ്രവര്‍ത്തനം. അതിന് ജനങ്ങളെയാകെ അണിനിരത്തിയുള്ള രാഷ്ട്രീയ സമീപനമാണ് ആവശ്യം. ദൌര്‍ഭാഗ്യവശാല്‍, കേരളത്തിലെ യുഡിഎഫ് സംവിധാനം വര്‍ഗീയ ശക്തികളുടെ സംരക്ഷകരായാണ് നിലകൊള്ളുന്നത്. ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയത് എന്‍ഡിഎഫ് സംഘമാണെന്ന് സംശയരഹിതമായി തെളിഞ്ഞിട്ടും ആ ഭീകര സംഘടനയെ കടുത്ത വാക്കുകളില്‍ വിമര്‍ശിക്കാന്‍പോലും യുഡിഎഫ് തയ്യാറാകുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗാകട്ടെ, എന്‍ഡിഎഫിനെയല്ല സിപിഐ എമ്മിനെ ശകാരിക്കാനാണ് ഈ അവസരവും വിനിയോഗിക്കുന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കി നേട്ടമുണ്ടാക്കിയവര്‍ക്ക് ഇനിയുള്ള കാലത്തും വേണം എന്‍ഡിഎഫിനെ. കേരളത്തിലെ ഏറ്റവും അപകടകാരിയായ ഒരു വര്‍ഗീയ-ഭീകര സംഘടനയെ, അവര്‍ ഹീനമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നവരാണെന്ന് പലവട്ടം തെളിഞ്ഞിട്ടും പേരെടുത്ത് വിമര്‍ശിക്കാന്‍ പോലും കഴിയാത്തത്തത്ര ദുര്‍ബലമാണ് ഇന്ന് ലീഗിന്റെ അവസ്ഥ. എന്‍ഡിഎഫും മുസ്ളിം ലീഗും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത വിധമാണ് ഇന്ന് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്.

ഏതുനിമിഷവും പ്രകോപനം സൃഷ്ടിക്കാനും മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കാനും മടിയില്ലാത്ത സംഘടന എന്ന നിലയില്‍ എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ടിനെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടി ഒറ്റപ്പെടുത്താന്‍ മതനിരപേക്ഷതയില്‍ വിശ്വാസമുള്ള ജനങ്ങളാകെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആര്‍എസ്എസ് അര്‍ഹിക്കുന്ന വെറുപ്പും അറപ്പും ഒട്ടും കുറയാതെ എന്‍ഡിഎഫും അര്‍ഹിക്കുന്നു. ഈ വിഷവൃക്ഷത്തെ വളവും വെള്ളവും നല്‍കി വളര്‍ത്തിയ യുഡിഎഫിന്; വലതുപക്ഷ രാഷ്ട്രീയത്തിന് കൈകഴുകി രക്ഷപ്പെടാനാവില്ലതന്നെ. മാറാട് കൂട്ടക്കൊല നടത്തിയത് എന്‍ഡിഎഫാണ് എന്ന് വെട്ടിത്തുറന്നു പറയാനും ആ സംഘടനയുടെ ഭീകരമുഖം തുറന്നുകാട്ടാനും തയ്യാറായ പ്രസ്ഥാനമാണ് സിപിഐ എം. എന്‍ഡിഎഫിന്റെ ആയുധങ്ങള്‍ ഏറെയും പാഞ്ഞുവന്നിട്ടുള്ളത് സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെയാണ്. 2008ല്‍മാത്രം ആറ് കൊലപാതകമുള്‍പ്പെടെ അവര്‍ നടത്തിയ 193 ആക്രമണങ്ങളില്‍ 85ഉം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു. എന്നിട്ടും എന്‍ഡിഎഫിനെ വളര്‍ത്തുന്നത് സിപിഐ എമ്മാണെന്ന് മുസ്ളിം ലീഗ് പറയാന്‍ തയ്യാറാകുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ സാമാന്യബോധത്തിനുനേരെ കാര്‍ക്കിച്ചു തുപ്പുന്നതിനു തുല്യമാണ്. നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറി നീക്കത്തിനു പിന്നില്‍ എന്‍ഡിഎഫാണെന്ന് ഞങ്ങള്‍ ആരോപിക്കുന്നില്ല. എന്നാല്‍, കേരളത്തില്‍ അത്തരം പൈശാചികമായ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള സംഘടനയാണതെന്ന് ഓര്‍മിക്കപ്പെടാതിരുന്നുകൂടാ. നിലമ്പൂര്‍ അട്ടിമറി നീക്കത്തിനുപിന്നിലെ കറുത്ത ശക്തികളെ പിടികൂടി നിയമത്തിനുമുന്നിലെത്തിക്കാനുള്ള പഴുതടച്ച പ്രവര്‍ത്തനം പൊലീസ് നടത്തേണ്ടതുണ്ട്. ഒപ്പം നാട്ടില്‍ എന്തുവിലകൊടുത്തും സമാധാനവും സൌഹാര്‍ദാന്തരീക്ഷവും സംരക്ഷിക്കാനുള്ള മതനിരപേക്ഷ ശക്തികളുടെ ഒറ്റക്കെട്ടായ ഇടപെടലും ഉണ്ടാകണം.

ദേശാഭിമാനി മുഖപ്രസംഗം 12072010

2 comments:

  1. നിലമ്പൂരില്‍ നടന്നത് അക്ഷരാര്‍ഥത്തിലുള്ള അട്ടിമറിനീക്കമാണ്. കേരളത്തില്‍ ഇത്രയും വലിയ ആസൂത്രിതമായ അട്ടിമറിശ്രമം ആദ്യമാണെന്നും തീവ്രവാദ ബന്ധം ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയുടെ ഇരുപത് സ്ഥലത്താണ് ബ്രേക്ക്പൈപ്പ് മുക്കാല്‍ ഭാഗത്തോളം മുറിച്ചത്. കുറ്റകൃത്യം സംബന്ധിച്ച് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല എന്നാണ് പൊലീസ് മേധാവി പറഞ്ഞത്. സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ സ്ഫോടകവസ്തു കടത്തുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിടിക്കുകയുണ്ടായി.

    തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദി ആക്രമണം ഉണ്ടായതിന്റെ തൊട്ടുപുറകെയാണ് നിലമ്പൂരില്‍ തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമം കണ്ടുപിടിക്കപ്പെടുന്നത്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നുപറയാനുള്ള തെളിവുകളൊന്നുമില്ല. എന്നാല്‍, കേരളത്തില്‍ മനുഷ്യത്വഹീനമായ ആക്രമണങ്ങളും കൂട്ടക്കൊലകളും ആസൂത്രിതമായി സംഘടിപ്പിക്കാന്‍ മടിയില്ലാത്ത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംശയരഹിതമായി തെളിയിക്കുന്നതാണ് രണ്ട് സംഭവവും. തൊടുപുഴ സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണോ നിലമ്പൂരിലെ പൈപ്പ് മുറിക്കല്‍ എന്ന സംശയവും നിലനില്‍ക്കുന്നു.

    ReplyDelete
  2. രംഗത്തിറങ്ങാന്‍ റെഡി. എങ്ങനെ എതിലൂടെ ഇറങ്ങണം? പറഞ്ഞുതരൂ...

    ReplyDelete