ഏതു കേസിലും വിധിന്യായമുണ്ടാകുന്നത് നിയമത്തിന്റെയും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ്. കേസ് ഏതുതന്നെയായാലും നീതിയും ന്യായവും ഉറപ്പാക്കുന്ന തീര്‍പ്പിലേക്കെത്തുന്നതിന് വ്യവസ്ഥാപിതമായ സംവിധാനങ്ങളും നടപടിക്രമങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുണ്ടാകുന്ന വിധിന്യായങ്ങള്‍ പോലും വിമര്‍ശത്തിന് അതീതമല്ല. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി വിധി ഉണ്ടാകുകയും മേല്‍കോടതികള്‍ അതു റദ്ദാക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ചൂണ്ടിക്കാണിക്കാനാകും.
വിധികള്‍ക്കു മാത്രമല്ല, വിധിപ്രസ്താവത്തിന്റെ ഭാഗമായും കേസ് പരിഗണനാവേളയിലും രേഖാമൂലവും അല്ലാതെയും കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കുപോലും വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുന്ന കാലമാണിത്. അങ്ങനെ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ ഒന്നായിരുന്നു കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്നും അധികാരികള്‍ തെരഞ്ഞെടുപ്പു കളിയിലായതിനാല്‍ ഇതൊന്നും അറിയുന്നില്ലെന്നും കഴിഞ്ഞ മാര്‍ച്ച് 24ന് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശം. എറണാകുളം കാക്കനാട്ടെ വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ച ഉത്തരവിലാണ് പൊലീസ് സ്റേഷനുകളില്‍ ആര്‍ക്കും പോകാനാകാത്ത സ്ഥിതിയാണെന്നും പൊലീസിനെ ജനങ്ങള്‍ ഭയപ്പെടുകയാണെന്നും ആഭ്യന്തരമന്ത്രിയുടെ മണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്നുമടക്കം ജഡ്ജി എഴുതിവച്ചത്.
അന്നുതന്നെ പരക്കെ വിമര്‍ശിക്കപ്പെട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം ഇപ്പോള്‍ പരമോന്നതകോടതി റദ്ദാക്കിയിരിക്കുന്നു. കേരളത്തിലെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്നാണ് ജസ്റിസുമാരായ അഫ്താബ് ആലവും ആര്‍ എം ലോധയുമടങ്ങിയ സുപ്രീം കോടതി വ്യക്തമാക്കിയത്. ഒരു ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ ഇത്തരം അഭിപ്രായപ്രകടനത്തിനു ജഡ്ജി മുതിരരുതായിരുന്നെന്നും വിവാദ പരാമര്‍ശം നീക്കംചെയ്യണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്.
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തെരഞ്ഞെടുപ്പുഫലത്തെയടക്കം ബാധിക്കാവുന്ന രാഷ്ട്രീയമാനങ്ങളുള്ള ഈ പരാമര്‍ശം ഹൈക്കോടതിയില്‍നിന്നുണ്ടായത്. സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളതെന്തെന്ന് ആരായാനുള്ള സാമാന്യമര്യാദ പാലിക്കപ്പെട്ടില്ല. മാധ്യമങ്ങളില്‍ അമിത പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത വന്നത്. എല്‍ഡിഎഫിന്റെയും ആഭ്യന്തരവകുപ്പിന്റെയും കൊള്ളരുതായ്മയാണ് കോടതി പരാമര്‍ശത്തിലൂടെ വെളിപ്പെട്ടതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ ആക്ഷേപം ചൊരിഞ്ഞു. സ്വാഭാവികമായും എല്‍ഡിഎഫിനുമേല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് അതൊരു ഘടകമായി. അനവസരത്തിലുള്ളതും അനവധാനതയോടെയുള്ളതും നീതിരഹിതവുമായ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അന്നുയര്‍ന്ന വിമര്‍ശങ്ങളെയാകെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി തീര്‍പ്പ്. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ത്തന്നെ വിവാദ പരാമര്‍ശങ്ങള്‍ സ്റേ ചെയ്തിരുന്നു. അന്തിമവിധിയിലാണ് പരാമര്‍ശങ്ങള്‍ പൂര്‍ണമായി നീക്കിയത്. കേരള ഹൈക്കോടതി സര്‍ക്കാരിനെതിരെ നേരത്തെയും അനാവശ്യ വിമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കണ്ണൂരില്‍ പട്ടാളത്തെ വിളിക്കണമെന്നും കേന്ദ്ര ഇടപെടല്‍ വേണമെന്നും മറ്റുമുള്ള പരാമര്‍ശം ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയതാണ്.
കേരളത്തിലെ ക്രമസമാധാനപാലനം ദേശീയതലത്തില്‍ പ്രശംസിക്കപ്പെടുന്നതും അഗീകാരങ്ങള്‍ നേടിയിട്ടുള്ളതുമാണെന്നത് ഇന്നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് സംശയമില്ലാത്ത സംഗതിയാണ്. കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറഞ്ഞ സംസ്ഥാനമാണിത്. പൊലീസ് സംവിധാനം ശക്തമാണ്. അതൊന്നും കണക്കിലെടുക്കാതെ, ഇന്നാട്ടില്‍ ജനങ്ങള്‍ക്ക് നിര്‍ഭയം വഴിനടക്കാനുള്ള സാഹചര്യം നിലവിലില്ല എന്നൊക്കെ ആരോപിക്കുന്നത്, പ്രതിപക്ഷത്തിന്റെ വിവേകശൂന്യമായ കവലപ്രസംഗത്തിനു തുല്യമാണ്. ദൌര്‍ഭാഗ്യവശാല്‍ അത്തരമൊരു സമീപനമാണ് ഹൈക്കോടതി വിവാദ പരാമര്‍ശത്തിലൂടെ സ്വീകരിച്ചത്.
ഇന്ത്യന്‍ ജനാധിപത്യവും ഭരണക്രമവും എക്സിക്യൂട്ടീവ്, ലെജിസ്ളേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ പരസ്പരപൂരകങ്ങളായ സഹവര്‍ത്തിത്വമാണ് വിഭാവനം ചെയ്യുന്നത്. ഇവിടെ ഒന്ന് മറ്റൊന്നിന്റെ പരിധിയില്‍ കടന്നുകയറുന്നതും മേല്‍ക്കൈക്ക് ശ്രമിക്കുന്നതും ആശാസ്യമല്ല. മുന്‍പിന്‍ നോക്കാതെ എക്സിക്യൂട്ടീവിനുമേല്‍ കുതിര കയറുന്ന അനുഭവമാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്.
കേരളത്തിലെ ക്രമസമാധാനം മെച്ചപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സഹിതമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ആ അപ്പീല്‍ അംഗീകരിച്ച സുപ്രീം കോടതി, കേരളസര്‍ക്കാരിന്റെ ക്രമസമാധാനപാലനത്തെ പൂച്ചെണ്ടുനല്‍കി പ്രകീര്‍ത്തിക്കുകയായിരുന്നെന്നും വ്യാഖ്യാനിക്കാം. ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ അമിതാഹ്ളാദത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വാര്‍ത്താ പരമ്പരകള്‍ രചിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സുപ്രീം കോടതി വിധിയെ അപ്രധാനമാക്കിയതിന്റെ രാഷ്ട്രീയവും ശ്രദ്ധിക്കേണ്ടതാണ്. നീതിന്യായ സംവിധാനവും മാധ്യമങ്ങളും കൂടുതല്‍ വസ്തുനിഷ്ഠമായ സമീപനം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യതയാണ് സുപ്രീം കോടതി വിധിയിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 14072010
ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ അമിതാഹ്ളാദത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വാര്‍ത്താ പരമ്പരകള്‍ രചിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സുപ്രീം കോടതി വിധിയെ അപ്രധാനമാക്കിയതിന്റെ രാഷ്ട്രീയവും ശ്രദ്ധിക്കേണ്ടതാണ്. നീതിന്യായ സംവിധാനവും മാധ്യമങ്ങളും കൂടുതല്‍ വസ്തുനിഷ്ഠമായ സമീപനം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യതയാണ് സുപ്രീം കോടതി വിധിയിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുന്നത്.
ReplyDeleteഈ വിധി പ്രക്യാപിച്ച ജഡ്ജിമാര്‍ ശുംബന്മാരാണ്...
ReplyDelete