Thursday, July 15, 2010

കെപിസിസിക്കും ഒരു മുഴംമുമ്പേ കെസിബിസി

സെപ്തംബറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതേവരെ ഒരുങ്ങിത്തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പു മാമാങ്കത്തിന്റെ സമവായ ഫോര്‍മുലകളുടെ ചതുപ്പില്‍പ്പെട്ട് നേതൃത്വം ഉഴറുന്നു. കരുണാകരന്‍ ഉള്‍പ്പെടെ പല നേതാക്കളും കെപിസിസി പ്രസിഡന്റിനെതന്നെ വെല്ലുവിളിക്കുന്നു. കൂടെപ്പിറപ്പായ തമ്മിലടിയില്‍പ്പെട്ട് കോണ്‍ഗ്രസ് വിളറിനില്‍ക്കുന്നു. ഇതിനിടയിലും വലതുപക്ഷത്തിനുവേണ്ടി ചിലര്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. അത് മറ്റാരുമല്ല. മതമേധാവികള്‍തന്നെ.

ജൂലൈ 18ന് കേരളത്തിലെ കത്തോലിക്കാ പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനം തയ്യാറായി കഴിഞ്ഞു. അള്‍ത്താരകളില്‍ ദിവ്യബലിക്കു സാക്ഷികളായെത്തുന്ന വിശ്വാസ സമൂഹത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വലയില്‍ കുടുക്കാന്‍ അതീവ ജാഗ്രതയോടെ തയ്യാറാക്കപ്പെട്ട ഇടയലേഖനം മാധ്യമങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്. "ദൈവവിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും എതിരു നില്‍ക്കുന്ന പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി നില്‍ക്കുന്നതും തെരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കു''മെന്നാണ് കത്തോലിക്കാ മെത്രാന്‍ സമിതി വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പു കമീഷന്‍ വാര്‍ഡ് വിഭജനംപോലും പൂര്‍ത്തിയാക്കിയിട്ടില്ല. രാഷ്ട്രീയ പാര്‍ടികള്‍ തെരഞ്ഞെടുപ്പിലേക്ക് കടന്നിട്ടുമില്ല. എന്നിട്ടും കെസിബിസി യുഡിഎഫിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങി. മതനേതാക്കളുടെ കര്‍മമണ്ഡലമായ ആത്മീയത വിട്ട് എത്രയേറെ രാഷ്ട്രീയോത്സാഹത്തോടെയാണ് പ്രാദേശികമായി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഒരു തെരഞ്ഞെടുപ്പിന് മെത്രാന്‍ സമിതി കാലേക്കൂട്ടി അരങ്ങൊരുക്കുന്നത്. ഇത് രാഷ്ട്രീയമേഖലയിലെ മതത്തിന്റെ കടന്നുകയറ്റമല്ലാതെ മറ്റെന്താണ്.

ഇന്ത്യയിലെ ഹിന്ദുക്കളാകെ സന്യാസിമാരുടെ പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് ആഹ്വാനമുണ്ടായതും സമീപകാലത്താണ്. തൊഗാഡിയമാരുടെ മതപാര്‍ലമെന്റിന് ഭാരതീയ ഹിന്ദുക്കള്‍ ചെവി കെടുത്തുതുടങ്ങിയാല്‍ ഇതര മതവിശ്വാസികള്‍ എത്രപേര്‍ അവശേഷിക്കുമെന്നതും മെത്രാന്‍ സമിതിക്കു പ്രശ്നമല്ല.

ഇടയലേഖനം പുറത്തു വന്ന ദിവസംതന്നെയാണ് മൂവാറ്റുപുഴയില്‍ പള്ളിയിലെ ആരാധാനയ്ക്കുശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്കു പോയ ഒരു വിശ്വാസിയെ മറ്റൊരു കൂട്ടം വിശ്വാസികള്‍ കാറില്‍നിന്ന് പിടിച്ചിറക്കി റോഡില്‍കിടത്തി വലതുകൈ വെട്ടിമാറ്റിയത്. അധ്യാപകന്റെ കൈ വെട്ടിയവര്‍ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരായതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ കമ്യൂണിസ്റുകാരെ തള്ളി വിശ്വാസികളുടെ കൈ അറുത്തവനെ വിജയിപ്പിക്കാമെന്നാണോ കെസിബിസിയുടെ ന്യായം? കമ്യൂണിസ്റുകള്‍ക്കെതിരെ എന്തും വളച്ചുകെട്ടാതെ പറയാനറിയുന്നവര്‍ സ്വന്തം സഭാവിശ്വാസികളുടെ കൈ വെട്ടിയവരെപ്പോലും പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്നത് കേരളം കേട്ടിട്ടില്ല.

ഒരാള്‍ മതവിശ്വാസിയും ദൈവവിശ്വാസിയുമാണെങ്കില്‍ മറ്റാരേക്കാളും ഉല്‍ക്കൃഷ്ടം അതുമാത്രമാണെന്ന നിലപാട് കെസിബിസി ഉയര്‍ത്തുമ്പോള്‍ ഹിന്ദു-ഇസ്ളാം മതമൌലികവാദികളെ "പ്രത്യയശാസ്ത്രക്കാരായ'' പ്രസ്ഥാനങ്ങളേക്കാള്‍ വിശുദ്ധിയുള്ളവരായി അംഗീകരിക്കുകയാണ്. കന്ദമാലിലേക്കാളും ഗുജറാത്തിലേക്കാളും ക്രൈസ്തവസഭയെ ആകുലപ്പെടുത്തുന്ന എന്ത് ദൈവവിരുദ്ധ നടപടിയാണ് കേരളത്തില്‍ നടക്കുന്നത്? "പൊതു സമ്മതരായ സ്വതന്ത്രരെ ഈ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയേക്കാം'' എന്ന് ഇടയലേഖനത്തില്‍ ആശങ്കപ്പെടുന്നത് എവിടെനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്? ത്രിതല പഞ്ചായത്തുകളില്‍ ഇതര സംസ്ഥാനങ്ങളിലുള്ള മാതൃകകളെ പ്രകീര്‍ത്തിക്കുന്ന ഇടയലേഖനം പ്രാദേശിക വികസനത്തില്‍ കേരളത്തോട് താരതമ്യംചെയ്യാന്‍ ഏത് സംസ്ഥാനത്തെയാണ് മാതൃകയാക്കിയത്?

കന്ദമാലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ മൃതദേഹം വഹിച്ചു കൊണ്ട് 300 കിലോമീറ്റര്‍ ദൂരത്തില്‍ സംഘപരിവാര്‍ നടത്തിയ ഘോഷയാത്ര ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. "തൃശൂലത്തില്‍ പുരണ്ട വിഷബീജമെന്ന് ടീസ്റ്റ സെതല്‍വാദിനെപ്പോലുള്ള മതനിരപേക്ഷ വാദികള്‍ വിമര്‍ശിക്കുന്ന സംഘപരിവാറിനെതിരെ കെസിബിസി ഇടയലേഖനത്തില്‍ ഒരു വാചകംപോലും കാണാനായില്ല.

എല്ലാവര്‍ക്കും വീടും വെളിച്ചവും ഭക്ഷണവും കേരള സര്‍ക്കാരിന്റെ വികസനനേട്ടങ്ങളാണ്. മന്ത്രിസഭയൊന്നാകെയും വിവിധ വകുപ്പുകള്‍ വേറിട്ടും അസാമാന്യമായ നേട്ടങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ആറുതവണ അധികാരത്തിലെത്തിയ കേരളത്തില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നില്ല. വിശ്വാസികള്‍ കുറയുന്നില്ല. ആരാധനകള്‍ മുടങ്ങുന്നില്ല. പതിറ്റാണ്ടുകളായി സഭയുടെ സ്കൂളുകളിലും കോളേജുകളിലും ഡാര്‍വിനിസം തന്നെ പാഠ്യവിഷയമാണ്. എന്നിട്ടും പ്രപഞ്ചസൃഷ്ടി സംബന്ധിച്ച വിശ്വാസങ്ങള്‍ ദുര്‍ബലപ്പെട്ടിട്ടില്ല. പിന്നെന്താണ്കേരളത്തില്‍ മാത്രമായി ഇത്തരം രാഷ്ട്രീയ ഇടയലേഖനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്? നിരീശ്വരവാദത്തിന്റെ പഴിപറഞ്ഞ് ഏത് കൊള്ളക്കാരനെയും അധമനെയും ചൂഷകനെയും മാന്യനെന്നു വരുത്താന്‍ സഭ മടിക്കാഞ്ഞത് പക്ഷം ചേരലല്ലേ? ആഗോളവല്‍ക്കരണകാലത്ത് വറുതിയിലായ കര്‍ഷകന്റെയും കടലോരമക്കളുടെയും ദുരിതങ്ങള്‍ക്ക് ചെവികൊടുത്ത ഇടയലേഖനങ്ങളും കഴിഞ്ഞ ദശകത്തില്‍ കത്തോലിക്കാ സഭ ഇറക്കിയിട്ടുണ്ട്. മുതലാളിത്ത സമൃദ്ധിയുടെ നടുവിലും വറുതിയില്‍പ്പെട്ട പാവങ്ങളോട് പക്ഷംചേര്‍ന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മതവിശ്വാസികളുള്‍പ്പെടുന്ന സാമാന്യജനങ്ങളെ സമാശ്വാസിപ്പിക്കുമ്പോള്‍ സഭ അതിലെ നന്മ കാണേണ്ടതായിരുന്നു.

അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 14072010

1 comment:

  1. സെപ്തംബറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതേവരെ ഒരുങ്ങിത്തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പു മാമാങ്കത്തിന്റെ സമവായ ഫോര്‍മുലകളുടെ ചതുപ്പില്‍പ്പെട്ട് നേതൃത്വം ഉഴറുന്നു. കരുണാകരന്‍ ഉള്‍പ്പെടെ പല നേതാക്കളും കെപിസിസി പ്രസിഡന്റിനെതന്നെ വെല്ലുവിളിക്കുന്നു. കൂടെപ്പിറപ്പായ തമ്മിലടിയില്‍പ്പെട്ട് കോണ്‍ഗ്രസ് വിളറിനില്‍ക്കുന്നു. ഇതിനിടയിലും വലതുപക്ഷത്തിനുവേണ്ടി ചിലര്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. അത് മറ്റാരുമല്ല. മതമേധാവികള്‍തന്നെ.

    ReplyDelete