മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി സംവരണമണ്ഡലത്തില്‍നിന്നു മത്സരിക്കാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് എം ശശിധരന്‍നമ്പ്യാരുടെ വിധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയാണ് കൊടിക്കുന്നില്‍. തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സിപിഐയിലെ ആര്‍ എസ് അനില്‍, ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം സെക്രട്ടറി സി കെ പത്മാകരന്‍, വൈദ്യുതിബോര്‍ഡ് എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു) നേതാവും വോട്ടറുമായ എന്‍ എസ് സജികുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ലോക്സഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനും ഉത്തരവ് അയക്കാനും കോടതി നിര്‍ദേശിച്ചു.
ചേരമര്‍ ക്രിസ്ത്യന്‍ സമുദായാംഗമായ കൊടിക്കുന്നില്‍ സുരേഷിന് പട്ടികജാതി സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ശരിയായി പരിശോധിക്കാതെയാണ് വരണാധികാരിയായ കലക്ടര്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാതി തെളിയിക്കുന്നതിന് കൊട്ടാരക്കര, നെടുമങ്ങാട് തഹസില്‍ദാര്‍മാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരവിരുദ്ധമാണ്. കൊടിക്കുന്നില്‍ സുരേഷ് പട്ടികജാതി വിഭാഗക്കാരനല്ലെന്ന കാര്യം കണക്കിലെടുക്കാതെയാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. ഇത് ക്രമവിരുദ്ധമാണ്. പരിവര്‍ത്തിത ക്രൈസ്തവവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും പരിവര്‍ത്തിത ക്രൈസ്തവവിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളായ കുഞ്ഞനും തങ്കമ്മയുമെന്നും കോടതി കണ്ടെത്തി. പട്ടികജാതിയില്‍പ്പെട്ട ഹിന്ദു-ചേരമര്‍ അംഗമാണെന്ന കൊടിക്കുന്നിലിന്റെ വാദം കോടതി തള്ളി. മാമോദീസ കൈക്കൊണ്ടാണ് കൊടിക്കുന്നില്‍ ക്രിസ്തുമതം സ്വീകരിച്ചതെന്നും സ്കൂള്‍രേഖകളില്‍ ജെ മണിയന്‍ എന്നാണെന്നും മതം ക്രിസ്ത്യന്‍ എന്നാണ് രേഖപ്പെടുത്തിയതെന്നും എതിര്‍സ്ഥാനാര്‍ഥി ആര്‍ എസ് അനില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടികജാതി സംവരണമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രികയില്‍ താന്‍ ഏതു സമുദായാംഗമാണെന്ന് പ്രഖ്യാപിക്കണ്ടതുണ്ട്. കൊടിക്കുന്നില്‍ ഹിന്ദു-പുലയ സമുദായാംഗമായതായി ഗസറ്റ് വിജ്ഞാപനം നടത്തുകയായിരുന്നു. ചേരമര്‍ സമുദായാംഗത്തിന് പുലയ സമുദായാംഗമാകാന്‍ ആവില്ലെന്ന് ഭരണഘടനാ ചട്ടങ്ങള്‍ അനുശാസിക്കുന്നു-കോടതി പറഞ്ഞു. പുലയര്‍ സമുദായം തന്നെ സമുദായാംഗമായി അംഗീകരിച്ചിട്ടുണ്ടെന്ന കൊടിക്കുന്നിലിന്റെ വാദവും കോടതി തള്ളി. കേരള പുലയര്‍ മഹാസഭ കൊച്ചിയില്‍ നടത്തിയ റാലിയില്‍ തന്നെ ക്ഷണിച്ചത് സമുദായത്തിന്റെ അംഗീകാരമാണെന്നായിരുന്നു വാദം. എന്നാല്‍ എഐസിസി പ്രസിഡന്റ് സോണിയഗാന്ധി പങ്കെടുത്ത ചടങ്ങില്‍ എഐസിസി സെക്രട്ടറിയെന്ന നിലയിലാണ് കൊടിക്കുന്നിലിനെ ക്ഷണിച്ചതെന്നും ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് അടക്കമുള്ള മറ്റു നേതാക്കളും പങ്കെടുത്തിരുന്നതായി പുലയര്‍ മഹാസഭ നേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
പുലയസമുദായാംഗമായല്ല കൊടിക്കുന്നില്‍ ജീവിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. തിരുവനന്തപുരത്തെ കേരള ഹിന്ദുമിഷന്‍ മുഖേനയാണ് കൊടിക്കുന്നില്‍ ഹിന്ദു-ചേരമര്‍ 'ശുദ്ധി' സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. എന്നാല്‍ ഹിന്ദു-ചേരമര്‍ വിഭാഗം അംഗീകരിച്ചതിന് തെളിവില്ല. യോഗ്യനല്ലാത്ത ആള്‍ മത്സരിച്ചു വിജയിച്ചാല്‍ ജനപ്രാതിനിധ്യനിയമത്തിലെ 100 (1) വകുപ്പുപ്രകാരം തെരഞ്ഞെടുപ്പ് അസാധുവാണ്. യോഗ്യനല്ലാത്ത വ്യക്തിക്ക് മത്സരിക്കാന്‍തന്നെ അവകാശമില്ല- കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായതിനുശേഷവും ഹിന്ദുവായി ജീവിച്ചതിനാല്‍ സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്ന സുരേഷിന്റെ വാദവും തള്ളി. തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവരും. ഉത്തരവ് സ്റ്റേചെയ്യണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്ന കലക്ടര്‍, പുലയര്‍ മഹാസഭ, ചേരമര്‍ സഭാനേതാക്കള്‍, തിരുവനന്തപുരം ലോകോളേജ് പ്രിന്‍സിപ്പല്‍, നെടുമങ്ങാട്, കൊട്ടാരക്കര തഹസില്‍ദാര്‍മാര്‍ തുടങ്ങിയ സാക്ഷികളെ കോടതി വിസ്തരിച്ചു.
(പി പി താജുദീന്‍)
ആദ്യ മത്സരത്തിലേ ചോദ്യംചെയ്യപ്പെട്ടു
കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ആദ്യ മത്സരത്തില്‍ത്തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ ബാലകൃഷ്ണനാണ് 1989ല്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യംചെയ്തത്. അടൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയ കെ കുഞ്ഞമ്പുവിനെ മാറ്റിയാണ് കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചത്. സുരേഷ് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ജയിച്ചാല്‍ത്തന്നെ കോടതി സുരേഷിന്റെ ജയം റദ്ദാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണന്‍ '89ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇക്കാര്യം പരിശോധിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തിലാണെങ്കിലേ മത്സരിക്കാനാകൂവെന്ന് അവര്‍ റിപ്പോര്‍ട്ട് കൊടുത്തു. എന്നാല്‍, സത്യം മറച്ചുപിടിച്ച് ഹിന്ദു പുലയര്‍ ചേരമര്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അവകാശപ്പെട്ട് സുരേഷ് പത്രിക കൊടുത്തു. എന്നാല്‍, ഈ പ്രശ്നം ഏതുഘട്ടത്തിലും വിവാദമാകുമെന്ന് സുരേഷിനു മനസ്സിലായി. അതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയാകുന്നതിന് തൊട്ടുമുമ്പ് താന്‍ ഹിന്ദുവാണെന്ന് സത്യവാങ്മൂലം കൊടുത്തത്. ക്രിസ്ത്യാനിയെന്ന് എസ്എസ്എല്‍സി ബുക്കിലെ വിശേഷണം പക്ഷേ, അപ്പോഴും നിലനിന്നു.
പത്താംക്ളാസില്‍ പഠിക്കുമ്പോള്‍തന്നെ ക്രിസ്ത്യന്‍ എന്ന വിശേഷണം താന്‍ മാറ്റിയിരുന്നെന്ന് സുരേഷ് ഇപ്പോള്‍ പറയുന്നതിനെ രേഖകള്‍ ന്യായീകരിക്കുന്നില്ല. ഹിന്ദു പുലയര്‍ ചേരമര്‍ വിഭാഗമാണെങ്കിലേ സംവരണ മണ്ഡലത്തില്‍ മത്സരിക്കാനാകൂ എന്നു മനസ്സിലായ 1989ല്‍ മാത്രമേ ക്രൈസ്തവ ദമ്പതികളുടെ മകനായ സുരേഷ് മതവിശ്വാസം മാറ്റിയുള്ളൂ. തുടര്‍ന്ന് ഇങ്ങോട്ട് എന്നും സത്യം മറച്ചുവച്ച് സുരേഷ് തെരഞ്ഞെടുപ്പു കമീഷനെ കബളിപ്പിച്ചുകൊണ്ടേയിരുന്നു
കള്ളസാക്ഷ്യം സ്ഥാനം നഷ്ടപ്പെടുത്തുന്നത് കേരളത്തില്‍ ആദ്യം
കള്ളസാക്ഷ്യം നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചശേഷംസ്ഥാനം നഷ്ടപ്പെടുന്ന സംഭവം കേരളത്തില്‍ ഇതാദ്യം. എന്നാല്‍,കോടതിവിധിയിലൂടെ നിയമസഭ- പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നത് കേരളത്തില്‍ ആദ്യമല്ല. കൊടിക്കുന്നില്‍ സുരേഷ് വ്യാജസത്യവാങ്മൂലത്തില്‍ അഞ്ചുതവണ പാര്‍ലമെന്റ് അംഗമായി എന്നത് ഗുരുതരമായ നിയമപ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കും. മൂവാറ്റുപുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത പി സി തോമസിന്റെ ലോക്സഭാംഗത്വം കഴിഞ്ഞ ലോക്സഭാകാലയളവില്‍ സുപ്രീംകോടതി അസാധുവാക്കിയിരുന്നു.
കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെടുന്നത് കേരളപ്പിറവിമുതലേ ഉടലെടുത്തിരുന്നു. 1957ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗമണ്ഡലത്തില്‍ ജനറല്‍സീറ്റില്‍ ജയിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ റോസമ്മ പുന്നൂസിന്റെ നിയമസഭാംഗത്വം കോടതി അസാധുവാക്കിയിരുന്നു. എതിര്‍സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപ്പത്രിക തള്ളിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിവിധി. 1960ല്‍ 23 വോട്ടിന് പരാജയപ്പെട്ട വി ആര്‍ കൃഷ്ണയ്യരെ (കമ്യൂണിസ്റ്റ് സ്വതന്ത്രന്‍) കോടതിയുടെ നിര്‍ദേശമനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഏഴ് വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച കേരളത്തിലെ ആദ്യത്തെ സാമാജികനാണ് കൃഷ്ണയ്യര്‍. തെരഞ്ഞെടുപ്പുവേളയില്‍ വര്‍ഗീയപ്രചാരണം നടത്തിയെന്ന ആക്ഷേപത്തില്‍ കെ എം മാണിയുടെയും സി എച്ച് മുഹമ്മദ്കോയയുടെയും നിയമസഭാംഗത്വം 1977ല്‍ ഹൈക്കോടതി അസാധുവാക്കി. എന്നാല്‍, സുപ്രീംകോടതിയില്‍നിന്ന് ഇവര്‍ അനുകൂലവിധി പിന്നീട് സമ്പാദിച്ചു.
1982ല്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിലെ എ സി ജോസ് പിന്നീട് സുപ്രീംകോടതിവിധിയുടെ സഹായത്താല്‍ വിജയിയായി. വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാന്‍ ജനപ്രാതിനിധ്യനിയമത്തില്‍ മതിയായ ഭേദഗതി വരുത്തിയിട്ടില്ലെന്ന കാരണത്താലായിരുന്നു കോടതിവിധി. വര്‍ഗീയപ്രചാരണം നടത്തിയതിന് എ ജെ സക്കറിയാസേട്ടിന്റെ (മുസ്ളിംലീഗ്) നിയമസഭാംഗത്വം ഹൈക്കോടതി 1987ല്‍ റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീംകോടതിയില്‍നിന്ന് സേട്ട് അനുകൂലവിധി നേടി. ഇരട്ടവോട്ടുകള്‍ സുപ്രീംകോടതി അസാധുവാക്കിയപ്പോള്‍ നീലലോഹിതദാസന്‍ നാടാരുടെ നിയമസഭാംഗത്വം 1981ല്‍ നഷ്ടമായി. കോവളത്തെ എതിരാളി ജോര്‍ജ് മസ്ക്രീനെ (കോണ്‍ഗ്രസ്) വിജയിയായി പ്രഖ്യാപിച്ചു. ഇടയ്ക്കാട്ട് ഒ ഭരതന്റെ (സിപിഐ എം) നിയമസഭാംഗത്വം 1991ല്‍ നഷ്ടമായത് ഹൈക്കോടതിവിധിയാലാണ്. രണ്ടാംസ്ഥാനക്കാരന്‍ കെ സുധാകരനെ വിജയിയായി കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഭരതനെ വിജയിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശപ്പത്രിക നല്‍കുമ്പോള്‍ സര്‍ക്കാരിന് കടബാധ്യതയുള്ള വ്യക്തിയായതിനാല്‍ തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്)യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. സുപ്രീംകോടതിവിധി രവിക്കനുകൂലമായി. പത്രിക സമര്‍പ്പിക്കുമ്പോള്‍ കോടതി കേസില്‍ തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്ന കാരണത്താല്‍ പി ജയരാജന്റെ (സിപിഐ എം) നിയമസഭാംഗത്വം 2001ല്‍ സുപ്രീംകോടതി റദ്ദാക്കി. പക്ഷേ, ഉപതെരഞ്ഞെടുപ്പില്‍ ജയരാജന്‍ വിജയിച്ചു.
തെരഞ്ഞെടുപ്പുവേളയില്‍ എതിര്‍സ്ഥാനാര്‍ഥിയെ സ്വഭാവഹത്യ നടത്തിയ ക്രൈം വാരിക വിതരണം ചെയ്തതിന് കല്ലൂപ്പാറയില്‍ ജോസഫ് എം പുതുശേരിയുടെ നിയമസഭാംഗത്വം ഹൈക്കോടതി അസാധുവാക്കി. പിന്നീട് ഉപാധികളോടെ ഈ ഉത്തരവ് സുപ്രീംകോടതി സ്റേചെയ്തു.
ആരോപണം പത്രിക നല്‍കിയപ്പോള്‍ ഉയര്‍ന്നത്
കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി വൈകിവന്ന നീതി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍തന്നെ കൊടിക്കുന്നില്‍ സമര്‍പ്പിച്ച ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നിരുന്നു. കൊടിക്കുന്നില്‍ സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നു കാട്ടി അന്നു രണ്ടുപേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പുപ്രക്രീയ തുടങ്ങിയതിനാല്‍ സംവരണമണ്ഡലത്തില്‍ മത്സരിക്കാമോ എന്ന പ്രശ്നത്തില്‍ അന്തിമതീരുമാനം കൈകൊള്ളേണ്ടത് വരണാധികാരിയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനോ ഹൈക്കോടതിക്കോ ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അവകാശമില്ലെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് വരണാധികാരിയാണെന്നു പ്രഖ്യാപിച്ച് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്നാണ് 2009 ഏപ്രിലില്‍ നടന്ന തെരഞ്ഞടുപ്പില്‍ സുരേഷിനു മത്സരിക്കാന്‍ വഴിയൊരുങ്ങിയത്. അന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതായിരുന്നു വിധി. എന്‍സിപി സംസ്ഥാനകമ്മിറ്റി അംഗം ബിജു ടി ചെറുകോല്‍, കോട്ടയം സ്വദേശി എന്‍ ശശിധരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സുരേഷിന്റെ മാതാപിതാക്കള്‍ ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരാണെന്നും ഈ വിഭാഗത്തിനു സംവരണാനുകൂല്യത്തിനു നിയമപരമായി അവകാശമില്ലെന്നും അന്നുതന്നെ പ്രചാരണം ഉണ്ടായി. എന്നാല്‍ താന്‍ ഹിന്ദു പുലയന്‍ ചേരമര്‍ വിഭാഗത്തില്‍പ്പെടുന്നു എന്നായിരുന്നു സുരേഷിന്റെ അവകാശവാദം. ഇതു തെളിയിക്കാനുള്ള സാക്ഷ്യപത്രമാണ് അന്നു വരണാധികാരിയായ ആലപ്പുഴ കലക്ടര്‍ പി വേണുഗോപാലിനു മുന്നില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം നല്‍കിയത്. ഇതാണ് അന്നു ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
(എം സുരേന്ദ്രന്‍)
കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചന: കൊടിക്കുന്നില്‍
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ് എംപിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു ദളിത് നേതാവായി താന്‍ ഉയര്‍ന്നുവരുന്നതില്‍ അസൂയപൂണ്ട ഇവരാണ് പരാതിക്ക് പിന്നില്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഒരു വിഭാഗം തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയായിരുന്നു. മാവേലിക്കരയിലും അടൂരിലും മത്സരിക്കാന്‍ ആഗ്രഹിച്ച ചിലര്‍ ഇതിനുപിന്നിലുണ്ട്. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെപിസിസിയുടെ പ്രധാന നേതാക്കളും കരുക്കള്‍ നീക്കി. ഇവരുടെ പേരുകള്‍ പരസ്യപ്പെടുത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. തന്നെ തകര്‍ക്കാനുള്ള ശ്രമം തുടക്കംമുതലുണ്ടായിരുന്നു. പാര്‍ടിയിലെ ഉന്നതപദവികളിലേക്ക് എത്തുന്നത് തടയാനും ശ്രമിച്ചു. കേന്ദ്രമന്ത്രിസ്ഥാനം കിട്ടാതിരിക്കാനും ഈ ലോബി കരുനീക്കി. ഈ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസിക്കും ഹൈക്കമാന്‍ഡിനും വിശദമായ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഒരു എംപിയെ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. എതിര്‍സ്ഥാനാര്‍ഥി ആര്‍ എസ് അനില്‍ പരാതി നല്‍കിയെന്നുമാത്രമേയുള്ളൂ. കേസ് നടത്തിപ്പ് മുഴുവന്‍ മറ്റു ചിലരായിരുന്നു. നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചതുമുതല്‍ പലരും പരാതിയുമായി വന്നിരുന്നു. അതെല്ലാം തള്ളിപ്പോയി. ജയിച്ചശേഷം എതിര്‍സ്ഥാനാര്‍ഥിയുമായി ഗൂഢാലോചകസംഘം രംഗത്തുവന്നു. ഹൈക്കോടതിയില്‍ ഏറ്റവും കൂടുതല്‍ കാശുവാങ്ങുന്ന അഭിഭാഷകനായ രാംകുമാര്‍ കേസ് വാദിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമായാണ്.
അഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അന്നൊന്നും ആരും പരാതി നല്‍കിയില്ല. ഇപ്പോഴത്തെ പരാതിക്കുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അത് സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാകുന്നത് നിര്‍ഭാഗ്യകരമാണ്- കൊടിക്കുന്നില്‍ പറഞ്ഞു.
കൊടിക്കുന്നിലിന്റെ പ്രതികരണത്തില്‍ കേരളത്തില്‍ ചില നേതാക്കളെ വിമര്‍ശിച്ചതില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി കൊടിക്കുന്നിലിനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് കെപിസിസിക്ക് പരാതി നല്‍കിയിരുന്നതായി പ്രസിഡന്റ് രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. ഇത് തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷനായ മൂന്നംഗകമ്മിറ്റിക്ക് നല്‍കി. കമ്മിറ്റി റിപ്പോര്‍ട്ട് തന്നാല്‍ ആവശ്യമായ നടപടിയെടുക്കും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊടിക്കുന്നില്‍ ഉന്നയിച്ച ആരോപണം ഗുരുതരമായ അച്ചടക്കലംഘനമല്ലേ എന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല.
കൊടിക്കുന്നിലിന്റെ ആക്ഷേപം പരിശോധിക്കണം: വയലാര്‍ രവി
തെരഞ്ഞെടുപ്പുകേസിനുപിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണത്തെക്കുറിച്ച് കെപിസിസി അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. കൊടിക്കുന്നിലിനെ ഡല്‍ഹിയിലെ വസതിയിലെത്തി കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. കേസ് സുപ്രീംകോടതിയില്‍ നേരിടുമെന്ന് വയലാര്‍ രവി പറഞ്ഞു. അതിനിടെ, തെരഞ്ഞെടുപ്പുകേസിന്റെ പേരില്‍ ഗ്രൂപ്പുപോര് മുറുകുന്നത് ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങി. എംപിമാരായ പി സി ചാക്കോ, കെ സി വേണുഗോപാല്‍, കെ പി ധനപാലന്‍, പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ കൊടിക്കുന്നിലിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. പരസ്യവിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പലരും ഉപദേശിച്ചതായും സൂചനയുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയെ കണ്ട് കൊടിക്കുന്നില്‍ കേസുവിവരങ്ങള്‍ ചര്‍ച്ചചെയ്തു. ഹൈക്കമാന്‍ഡിന്റെ പിന്തുണ ദ്വിവേദി ഉറപ്പുനല്‍കിയതായി കൊടിക്കുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക്സിങ്വിയെക്കൊണ്ട് കേസ് വാദിപ്പിക്കാമെന്ന ഉറപ്പും കൊടിക്കുന്നിലിന് ലഭിച്ചിട്ടുണ്ട്.
deshabhimani 27072010
കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ആദ്യ മത്സരത്തില്‍ത്തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ ബാലകൃഷ്ണനാണ് 1989ല്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യംചെയ്തത്. അടൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയ കെ കുഞ്ഞമ്പുവിനെ മാറ്റിയാണ് കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചത്. സുരേഷ് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ജയിച്ചാല്‍ത്തന്നെ കോടതി സുരേഷിന്റെ ജയം റദ്ദാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണന്‍ '89ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇക്കാര്യം പരിശോധിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തിലാണെങ്കിലേ മത്സരിക്കാനാകൂവെന്ന് അവര്‍ റിപ്പോര്‍ട്ട് കൊടുത്തു. എന്നാല്‍, സത്യം മറച്ചുപിടിച്ച് ഹിന്ദു പുലയര്‍ ചേരമര്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അവകാശപ്പെട്ട് സുരേഷ് പത്രിക കൊടുത്തു. എന്നാല്‍, ഈ പ്രശ്നം ഏതുഘട്ടത്തിലും വിവാദമാകുമെന്ന് സുരേഷിനു മനസ്സിലായി. അതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയാകുന്നതിന് തൊട്ടുമുമ്പ് താന്‍ ഹിന്ദുവാണെന്ന് സത്യവാങ്മൂലം കൊടുത്തത്. ക്രിസ്ത്യാനിയെന്ന് എസ്എസ്എല്‍സി ബുക്കിലെ വിശേഷണം പക്ഷേ, അപ്പോഴും നിലനിന്നു.
ReplyDeletehttp://aksharangal.socialgo.com/members/profile/1/blog-view/blog_16.htm
ReplyDeletelaalsalam com
http://aksharangal.socialgo.com/members/profile/1/blog-view/blog_16.htm