Sunday, July 11, 2010

ഇന്ന് കലാശപ്പോരാട്ടം

യുഗപ്പിറവി

അടുത്തുവന്നും അകന്നുമാറിയും പുല്‍പ്പരപ്പിലൂടെ പായുന്ന പന്തിനൊപ്പം, 90 മിനിറ്റ്മാത്രം നീണ്ടേക്കാവുന്ന മഹായുദ്ധത്തിനൊടുവില്‍ ആരുടെ മോഹങ്ങളാകും കിരീടംചാര്‍ത്തുക. പ്രപഞ്ചമാകെ ഒരു പന്തിലേക്കു ചുരുങ്ങിയ 30 ദിനരാത്രങ്ങള്‍ക്കുശേഷം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമവിധിക്കായി ലോകം കാത്തിരിക്കുന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഹോളണ്ടും സ്പെയിനും തുല്യദുഃഖിതരായ പക്ഷികളാണ്. 1934ല്‍ ഒരുമിച്ച് അരങ്ങേറിയ ഈ രണ്ടു ടീമും ഇതുവരെ ലോകകപ്പ് ജയിച്ചിട്ടില്ല. പരാജയപ്പെട്ട വിപ്ളവമായ ടോട്ടല്‍ ഫുട്ബോളിന്റെ കാലത്ത് രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും ഹോളണ്ടിന് അവസാനപടിയില്‍ കാലിടറി. 1950ലെ നാലാംസ്ഥാനമാണ് സ്പെയിനിന്റെ ഏറ്റവും വലിയ നേട്ടം. വിഫലമോഹങ്ങളുടെ, ശിഥിലസ്വപ്നങ്ങളുടെ ഏഴര പതിറ്റാണ്ടിനുശേഷം ഇന്ന് ഇരുവരും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ശപിക്കപ്പെട്ട സുന്ദരടീമെന്ന ദുഷ്പേര് ഹോളണ്ട് തുടച്ചുമാറ്റുമോ? അതോ 2008ലെ യൂറോ കപ്പിനൊപ്പം ലോകകപ്പും സ്പെയിനിന്റെ ശേഖരത്തിലാകുമോ?

ഇരു ടീമും മുമ്പ് എട്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ നാലില്‍ ജയിച്ച ഹോളണ്ടിന് പഴങ്കഥകളില്‍ മുന്‍തൂക്കമുണ്ട്. മൂന്നെണ്ണം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി. ഡച്ച്നിരയില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ മധ്യനിരക്കാരന്‍ നിഗല്‍ ഡി ജോങ്ങും പ്രതിരോധതാരം ഗ്രിഗറി വാന്‍ഡര്‍വിലും തിരിച്ചെത്തും. ജര്‍മനിക്കെതിരെ കളിച്ച ആദ്യ പതിനൊന്നില്‍ സ്പെയിന്‍ മാറ്റംവരുത്താന്‍ ഇടയില്ല. 4-2-3-1 ശൈലിയിലാണ് ടൂര്‍ണമെന്റിലുടനീളം ഹോളണ്ട് കളിച്ചത്. സെമിവരെ 4-1-3-2 ശൈലിയില്‍ കളിച്ച സ്പെയിന്‍ ജര്‍മനിക്കെതിരെ 4-2-3-1 വിന്യാസത്തിലേക്കു മാറി.

വലനെയ്ത് കാത്തിരിക്കുന്ന ചിലന്തിയെപ്പോലെയാണ് സ്പെയിന്‍. പന്തിന്മേല്‍ ആധിപത്യം ഉറപ്പിച്ച്, കുറിയ പാസുകളുടെ വലക്കണ്ണികളാല്‍ എതിരാളികളെ ശ്വാസംമുട്ടിച്ച്, ചുഴികളും മലരികളും സൃഷ്ടിച്ച് പ്രവഹിക്കുന്ന സ്പെയിനിന്റെ കളി ഫുട്ബോള്‍ എത്ര മനോഹരമാണെന്നു കാട്ടിത്തരുന്നു. കറ്റാലന്‍-ബാസ്ക് ദേശീയതകളുടെ പേരില്‍ പതിറ്റാണ്ടുകളായി ആഭ്യന്തരമായി കലഹിക്കുന്ന ഒരു നാട് ഫുട്ബോള്‍ക്കളത്തില്‍ പുറത്തെടുക്കുന്ന കൂട്ടായ്മ അത്ഭുതകരമാണ്. ടോട്ടല്‍ ഫുട്ബോളിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങളെയെല്ലാം കൈവെടിഞ്ഞ ഹോളണ്ടാകട്ടെ, എതിരാളികളുടെ നീക്കങ്ങള്‍ പാളുമ്പോള്‍ പൊടുന്നനെയുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് പ്രഹരമേല്‍പ്പിക്കുന്നത്. ഇരു ടീമിന്റെയും മധ്യനിരകള്‍ തമ്മിലുള്ള ബലപരീക്ഷണമാകും അന്തിമഫലത്തില്‍ നിര്‍ണായകമാകുക. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരനായ സാവി ഹെര്‍ണാണ്ടസാണ് സ്പെയിനിന്റെ തലച്ചോര്‍. ഗോളടിക്കുന്നതിനെക്കാള്‍ ഗോളടിപ്പിക്കുന്നതിലാണ് സാവിയുടെ മികവ്. എടുക്കുമ്പോള്‍ ഒന്നും തറയ്ക്കുമ്പോള്‍ ആയിരവുമായി മാറുന്ന സാവിയുടെ നീക്കങ്ങളാകും ഹോളണ്ടിന് ഏറ്റവും ഭീഷണിയാകുക.

സാവിക്കുള്ള ഹോളണ്ടിന്റെ മറുമരുന്നാണ് വെസ്ലി സ്നീഡര്‍. കത്തിമുനയുടെ മൂര്‍ച്ചയുള്ള സ്നീഡറുടെ പാസുകളാണ് ഈ ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലോളമെത്തിച്ചത്. ഗോളടിപ്പിക്കാന്‍ മാത്രമല്ല, ഗോളടിക്കുന്നതിലും വിദഗ്ധനാണ് രണ്ടു ടോപ് സ്കോറര്‍മാരില്‍ ഒരാളായ സ്നീഡര്‍. ഡേവിഡ് വിയ്യയാണ് സ്പെയിനിന്റെ കുന്തമുന. ഹോളണ്ടിന് ആര്യന്‍ റോബനും. ഫെര്‍ണാണ്ടോ ടോറസ്, സെക് ഫാബ്രിഗസ് എന്നിവരുടെ മങ്ങിയ ഫോം സ്പെയിനിന് തിരിച്ചടിയായപ്പോള്‍ റോബിന്‍ വാന്‍പേഴ്സി ഫോമിലേക്ക് ഉയരാത്തത് ഹോളണ്ടിനും ക്ഷീണമാണ്.

ഒരു ഷാര്‍പ് ഷൂട്ടറുടെ അഭാവം സ്പാനിഷ്നിരയിലുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച ടീം അവരാണ്. പക്ഷേ, ആറു മത്സരങ്ങളില്‍ ഏഴു ഗോള്‍മാത്രമാണ് നേടാനായത്. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഹോളണ്ടിന് മുന്‍തൂക്കമുണ്ട്. ഫൈനലിലേക്കുള്ള വഴിയില്‍ 12 തവണ ഡച്ച്പട എതിരാളികളുടെ വലകുലുക്കി. മെയ്ക്കരുത്തില്‍ ഹോളണ്ടിന്റെ പ്രതിരോധനിരയാണ് മുന്നില്‍. പക്ഷേ, ചങ്കുറപ്പില്‍ സ്പെയിനിനോട് കിടപിടിക്കില്ല. രണ്ടുഗോള്‍മാത്രമാണ് സ്പാനിഷ് പ്രതിരോധം വഴങ്ങിയത്. എന്നാല്‍, ഹോളണ്ടിന്റെ ഗോള്‍വല അഞ്ചുതവണ തുറക്കപ്പെട്ടു. വിങ്ങുകളിലെ ഒറ്റയടിപ്പാതയിലൂടെ സെര്‍ജിയോ റാമോസും യൊവാന്‍ കാപ്ദെവില്ലയും നടത്തുന്ന മുന്നേറ്റങ്ങളും പ്രതിരോധനിരയില്‍ സ്പെയിനിന്റെ മുതല്‍ക്കൂട്ടാണ്. ചരിത്രത്തിലെ എറ്റവും മികച്ച 10 ഗോളിമാരുടെ പട്ടികയിലുള്ള ഐകര്‍ കസിയസാണ് സ്പെയിനിന്റെ വല കാക്കുന്നത്. ഇതുവരെയുള്ള ആറു കളിയില്‍ നാലിലും സ്പാനിഷ്വല പന്തു കണ്ടില്ല. അതേസമയം, ഗോളി മാര്‍ട്ടെന്‍ സ്റ്റെകലന്‍ബര്‍ഗാണ് ഹോളണ്ടിന്റെ ദുര്‍ബലമായ വശങ്ങളിലൊന്ന്. ചില മികച്ച സേവുകള്‍ നടത്താറുണ്ടെങ്കിലും മുന്‍ഗാമി എഡ്വിന്‍ വാന്‍ഡര്‍സറെപ്പോലെ ഹോളണ്ടിന് സ്റ്റെകലന്‍ബര്‍ഗിനെ കണ്ണടച്ചു വിശ്വസിക്കാനാവില്ല.

ചരിത്രത്തിനരികെ ഇവര്‍

ചരിത്രത്തിനരികെയാണ് സ്പെയിനും ഹോളണ്ടും. ഞായറാഴ്ച ആരു ജയിച്ചാലും അവര്‍ സോക്കര്‍ ചരിത്രത്തിന്റെ ഭാഗമാകും. ബ്രസീലും ഇറ്റലിയും ജര്‍മനിയുമൊക്കെ കുത്തകയാക്കിവച്ചിരിക്കുന്ന ലോകകപ്പ് ചരിത്രത്തിന്റെ ഭാഗം. പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയാണ് 19-ാം ലോകകപ്പിന്റെ ഫൈനലില്‍ സ്പെയിനും ഹോളണ്ടും നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. പരമാവധി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയാണ് ഇവര്‍ക്ക് വിദഗ്ധര്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണെങ്കിലും സ്പെയിനിന് ലോകകപ്പ് നേടാനുള്ള ചങ്കുറപ്പില്ല എന്നാണ് ടൂര്‍ണമെന്റിനു മുമ്പ് പറഞ്ഞിരുന്നത്. ഹോളണ്ട് ആകട്ടെ ഐക്യമില്ലായ്മ എന്ന ശാപം ഏറ്റുവാങ്ങി പുറത്താകുമെന്നും കരുതപ്പെട്ടു.

പ്രാഥമിക റൌണ്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സ്പെയിന്‍ തോറ്റതോടെ എല്ലാം പതിവുപോലെയെന്ന പ്രതീതിയുണര്‍ന്നു. എന്നാല്‍ അടുത്ത കളിമുതല്‍ അവര്‍ അടിമുടി മാറി. ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട അവര്‍ ജര്‍മനിക്കെതിരെ കാഴ്ചവച്ച പ്രകടനം എന്നും ഓര്‍മയില്‍ നിലനില്‍ക്കും. എതിരാളികളെ ഭയക്കുന്നപോലെയാണ് അവര്‍ തുടക്കത്തില്‍ കളിച്ചത്. എന്നാല്‍ ഇടക്കിടെ ആക്രമിക്കാനും മടിച്ചില്ല. ഈ തന്ത്രത്തില്‍ ജര്‍മനി വീണുപോയി. മനസ്സുറച്ച് ആക്രമണത്തിനിറങ്ങാന്‍ കഴിയാത്ത അവര്‍ വല്ലാതെ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. മുന്നേറ്റക്കാര്‍ക്ക് ഊര്‍ജം പകരേണ്ട പൊഡോള്‍സ്കി ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധം കാക്കാന്‍ നിന്നത് ഇതുമൂലമാണ്. എന്നാല്‍ കൃത്യമായ പദ്ധതിയുള്ള സ്പെയിനാകട്ടെ കാര്‍ലോസ് പ്യുയോളിന്റെ ഗോളില്‍ കന്നി ഫൈനല്‍ ഉറപ്പാക്കി.

വമ്പന്‍ ടൂര്‍ണമെന്റുകളില്‍ പതറിപ്പോകുന്ന പതിവിനു വിരുദ്ധമായി സ്പെയിന്‍ ഈ ലോകകപ്പില്‍ ആക്രമണ ഫുട്ബോളിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. ഫൈനലില്‍ ആതിഥേയരോട് തോല്‍ക്കുക എന്നതാണ് ഹോളണ്ടിന്റെ വിധി. കലാശക്കളിക്ക് എതിരുനില്‍ക്കുന്നത് ദക്ഷിണാഫ്രിക്ക അല്ലാത്തതിനാല്‍ ഇക്കുറി ശാപമോക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കാം. സ്പെയിനിനെപ്പോലെ പ്രതിഭകള്‍ നിറഞ്ഞതാണ് ഹോളണ്ട് ടീം എന്ന് പറയാനാകില്ല. പക്ഷെ അവര്‍ ഒറ്റക്കെട്ടായി കളിച്ച് ജയം നേടുന്നു. യോഹാന്‍ ക്രൈഫിന്റെ കാലത്തെപ്പോലെ സുന്ദരമായ കളിയാണ് ഈ ടീമിന്റേത് എന്ന് പറയാനാകില്ല. പക്ഷെ അവര്‍ ജയിക്കുന്നു. സുന്ദരമായി കളിച്ച് തോല്‍ക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ എങ്ങിനെയെങ്കിലും ജയം നേടുന്നത്. ഫുട്ബോളില്‍ ജയിക്കുന്നവര്‍ മാത്രമാണല്ലോ ചിരിക്കുക.

വിയ്യയോ സ്നീഡറോ?

ലോകകപ്പ് ഫൈനല്‍ ഇന്ന് ജൊഹന്നസ്ബര്‍ഗില്‍ അരങ്ങേറുമ്പോള്‍ സ്പെയിനിന്റെ ഡേവിഡ് വിയ്യക്കും ഹോളണ്ടിന്റെ വെസ്ലി സ്നീഡര്‍ക്കും അത് കിരീടപോരാട്ടം മാത്രമല്ല.അഞ്ചു ഗോള്‍വീതം അടിച്ച് ലോകകപ്പിലെ ടോപ്സ്കോറര്‍മാരായ ഇരുവരും സ്വര്‍ണ ബൂട്ടിനുവേണ്ടികൂടിയാണ് പോരാടുന്നത്. ഹോളണ്ടിന്റെ പ്ളേമേക്കര്‍കൂടിയാണ് ഇരുപത്താറുകാരനായ സ്നീഡര്‍. 2003ല്‍ അരങ്ങേറിയശേഷം 67 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 19 ഗോള്‍ നേടി. അയാക്സ് ഫുട്ബോള്‍ അക്കാദമിയുടെ ഉല്‍പ്പന്നമാണ് ഈ മധ്യനിരക്കാരന്‍. ഇക്കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍നിന്ന് ഇന്റര്‍മിലാനിലെത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇറ്റാലിയന്‍ ലീഗ് ഉള്‍പ്പെടെ ഇന്റര്‍ ട്രിപ്പിള്‍ കിരീടം നേടിയതില്‍ നിര്‍ണായക സംഭാവന നല്‍കി. ലോകകപ്പും സുവര്‍ണപാദുകവുംകൂടി നേടാന്‍ കഴിഞ്ഞാല്‍ അതൊരു അപൂര്‍വ ബഹുമതിയാകും. ഫെര്‍ണാണ്ടോ ടോറസ് ഫോമിലല്ലാത്തതിനാല്‍ സ്പെയിനിന്റെ പ്രതീക്ഷകളത്രയും മുന്‍നിരയില്‍ വിയ്യയുടെ ചുമലിലാണ്. ഇതുവരെ ടീം നേടിയ ഏഴില്‍ അഞ്ചും വിയ്യയുടെ വകയാണെന്നതുതന്നെ ഉദാഹരണം. 2005ല്‍ സ്പാനിഷ് കുപ്പായത്തില്‍ തുടക്കംകുറിച്ച വിയ്യ 63 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 43 ഗോളാണ് അടിച്ചുകൂട്ടിയത്. ഒരു ഗോള്‍കൂടി നേടിയാല്‍ റൌള്‍ ഗോസാലസിന്റെ പേരിലുള്ള സ്പാനിഷ് ഗോള്‍വേട്ടയുടെ റെക്കോഡിന് ഒപ്പമെത്താനും വിയ്യക്കാകും. 2008ല്‍ സ്പെയിന്‍ യൂറോകപ്പ് നേടിയപ്പോള്‍ നാലു ഗോളോടെ വിയ്യയായിരുന്നു ടോപ്സ്കോറര്‍. അഞ്ചുവര്‍ഷം വലന്‍സിയക്കുവേണ്ടി കളിച്ച ഈ സ്ട്രൈക്കര്‍ അടുത്ത സീസണില്‍ ബാഴ്സലോണയ്ക്കുവേണ്ടിയാകും ബൂട്ട് കെട്ടുക.

താരങ്ങളില്‍ താരം ഷക്കീറ വീണ്ടും

കാകയും മെസ്സിയും റൊണാള്‍ഡോയും മങ്ങിപ്പോയ ആഫ്രിക്കന്‍ ലോകകപ്പിന്റെ താരമായ ഷക്കീറ സമാപന ച്ചടങ്ങിലും. ഉദ്ഘാടനത്തലേന്ന് ജൂ 10ന് 'വക്കാ വക്കാ' പാടി ആരാധകരുടെ ഹൃദയംകവര്‍ന്ന ഈ കൊളംബിയന്‍ പാട്ടുകാരി സ്പെയിന്‍-ഹോളണ്ട് ഫൈനലിനുമുമ്പ് 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സമാപനച്ചടങ്ങില്‍ ഗാനം അവതരിപ്പിക്കും. കൊച്ചുമകളുടെ അപകടമരണംമൂലം ഉദ്ഘാടനത്തില്‍നിന്നു വിട്ടുനിന്ന നെല്‍സ മണ്ടേല സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ഉറപ്പില്ല. ബ്രസീലും അര്‍ജന്റീനയും പോര്‍ച്ചുഗലും സെമി കാണാതെ പുറത്തായ നടപ്പു ലോകകപ്പില്‍ താരോദയം ഉണ്ടായില്ലെങ്കിലും ഷക്കീറയുടെ ഗാനം വമ്പന്‍ ഹിറ്റായി. ലോകകപ്പ് സോക്കര്‍ ആരാധകന്റെ മന്നസ്സില്‍ തൊടാതെയാണ് കടന്നുപോയതെങ്കിലും ഷക്കീറയുടെ നൃത്തവും ഗാനവും ആരാധകരുടെ മനസ്സില്‍ ഏറെനാള്‍ നിലനില്‍ക്കും.

സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സമാപനച്ചടങ്ങില്‍ ആഫ്രിക്കന്‍വനിതകളുടെ ജീവിതദുരിതം വെളിപ്പെടുത്തുന്ന ഗാനവുമായാണ് ഷക്കീറ എത്തുക. ആഫ്രിക്കന്‍സ്ത്രീകളുടെ ജീവിതദുരിതവും നിലനില്‍പ്പിനായുള്ള പോരാട്ടവും ലോകത്തിന് കാട്ടിക്കൊടുക്കണം- ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഷക്കീറ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ നര്‍ത്തകിമാരുടെ പിന്തുണയോടെയാണ് അവര്‍ ഗാനം അവതരിപ്പിക്കുക. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമാപനച്ചടങ്ങ് അവിസ്മരണീയ അനുഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി.

ഉദ്ഘാടനച്ചടങ്ങില്‍ ആഫ്രിക്കന്‍പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികളാണ് അവതരിപ്പിച്ചത്. എന്നാല്‍, സമാപനച്ചടങ്ങില്‍ ആധുനികതയാണ് പ്രമേയം. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഫുട്ബോള്‍ ആരാധകന്റെ ആഫ്രിക്കന്‍ അനുഭവം, ലോകകപ്പ്, ദക്ഷിണാഫ്രിക്ക എന്നീ പ്രമേയങ്ങളാണ് അവതരിപ്പിക്കുക. ഷക്കീറയ്ക്കു പുറമെ ദക്ഷിണാഫ്രിക്കന്‍ ഗായകസംഘമായ ലേഡി ബ്ളാക്ക്സ്മിത്ത് എംബാസോ, ജോസി, സുലുബോയ്, അബിജയ്ല്‍ കുബേക്ക തുടങ്ങിയവരും പരിപാടികള്‍ അവതരിപ്പിക്കും. മൊത്തം 780 കലാകാരന്മാരാണ് സമാപനച്ചടങ്ങില്‍ പങ്കെടുക്കുക. 215 രാജ്യങ്ങളില്‍ പരിപാടി നേരിട്ട് സംപ്രേഷണം ചെയ്യും. 50 ലക്ഷംപേര്‍ ഇതു കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാന്തര്‍ ഈ പരിശീലകര്‍

ഫൈനല്‍ കളിക്കുന്ന ഇരു ടീമുകളുടെയും പരിശീലകര്‍ അത്ര പ്രശസ്തരോ ബഹളക്കാരോ അല്ല. അതുകൊണ്ടുതന്നെ ഇവര്‍ മാധ്യമങ്ങള്‍ക്ക് പ്രിയരല്ല. ഈ ലോകകപ്പില്‍ മാധ്യമങ്ങള്‍ മാറഡോണയ്ക്കും ജോക്കിം ലോയ്വിനും കാപ്പല്ലോയ്ക്കും ഡൊമേഷിനുമൊക്കെ പിറകെയായിരുന്നു. ബഹളത്തിനിടയില്‍ സ്പാനിഷ് കോച്ച് വിസന്റെ ഡെല്‍ ബോസ്ക്വേയും ഹോളണ്ട് കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വികും അവരെ ഏല്‍പ്പിച്ച പണി ഭംഗിയായി ചെയ്തു. അതിനുള്ള ഫലം അവര്‍ക്ക് കിട്ടുകയും ചെയ്തു. ഡെല്‍ ബോസ്ക്വേ ശാന്തനാണ്. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടോളം റയല്‍മാഡ്രിഡിന് ഒപ്പമുണ്ടായിരുന്നു ഈ അറുപതുകാരന്‍. മധ്യനിരക്കാരനായിരുന്ന ബോസ്ക്വേ 18 തവണ ദേശീയകുപ്പായമണിഞ്ഞു. 2008 യൂറോ കപ്പിനുശേഷം ലൂയി അഗോണി രാജിവച്ചപ്പോള്‍ കോച്ചായി ചുമതലയേറ്റു. പ്രതിഭാധനരായ ഒരുപറ്റം കളിക്കാരെ ഒരേ ചരടില്‍ കോര്‍ത്ത് കളത്തിലിറക്കുകയെന്ന ശ്രമകരമായ ജോലി വിജയകരമായി ഏറ്റെടുത്തു. ഹോളണ്ട് കോച്ച് മാര്‍വികിന് കളിക്കാരനായി പേരും പെരുമയൊന്നുമില്ല. ഒരിക്കല്‍ മാത്രം ദേശീയ ടീമിലെത്തിയ മധ്യനിരക്കാരന്‍ ഹോളണ്ടിലെ നിരവധി ക്ളബ്ബുകള്‍ക്ക് കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. 2008 മുതല്‍ ഈ അമ്പത്തെട്ടുകാരന്‍ കോച്ചാണ്.

deshabhimani 11072010

1 comment:

  1. അടുത്തുവന്നും അകന്നുമാറിയും പുല്‍പ്പരപ്പിലൂടെ പായുന്ന പന്തിനൊപ്പം, 90 മിനിറ്റ്മാത്രം നീണ്ടേക്കാവുന്ന മഹായുദ്ധത്തിനൊടുവില്‍ ആരുടെ മോഹങ്ങളാകും കിരീടംചാര്‍ത്തുക. പ്രപഞ്ചമാകെ ഒരു പന്തിലേക്കു ചുരുങ്ങിയ 30 ദിനരാത്രങ്ങള്‍ക്കുശേഷം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമവിധിക്കായി ലോകം കാത്തിരിക്കുന്നു.

    ലോകകപ്പിന്റെ ചരിത്രത്തില്‍ ഹോളണ്ടും സ്പെയിനും തുല്യദുഃഖിതരായ പക്ഷികളാണ്. 1934ല്‍ ഒരുമിച്ച് അരങ്ങേറിയ ഈ രണ്ടു ടീമും ഇതുവരെ ലോകകപ്പ് ജയിച്ചിട്ടില്ല. പരാജയപ്പെട്ട വിപ്ളവമായ ടോട്ടല്‍ ഫുട്ബോളിന്റെ കാലത്ത് രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും ഹോളണ്ടിന് അവസാനപടിയില്‍ കാലിടറി. 1950ലെ നാലാംസ്ഥാനമാണ് സ്പെയിനിന്റെ ഏറ്റവും വലിയ നേട്ടം. വിഫലമോഹങ്ങളുടെ, ശിഥിലസ്വപ്നങ്ങളുടെ ഏഴര പതിറ്റാണ്ടിനുശേഷം ഇന്ന് ഇരുവരും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ശപിക്കപ്പെട്ട സുന്ദരടീമെന്ന ദുഷ്പേര് ഹോളണ്ട് തുടച്ചുമാറ്റുമോ? അതോ 2008ലെ യൂറോ കപ്പിനൊപ്പം ലോകകപ്പും സ്പെയിനിന്റെ ശേഖരത്തിലാകുമോ?

    ReplyDelete