Saturday, July 17, 2010

തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും വളര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയം

കഴിഞ്ഞ രണ്ട് ബജറ്റ് പ്രസംഗങ്ങളിലും 'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച' എന്ന ഭംഗിവാക്ക് കേന്ദ്ര ധനകാര്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? പുത്തന്‍ സാമ്പത്തികനയം നടപ്പിലാക്കിയശേഷം തൊഴിലില്ലായ്മയുടെ ആക്കം കൂടുകയും വ്യവസായ വളര്‍ച്ച പുറകോട്ട് പോവുകയുമാണ് ചെയ്‌തെന്ന് എന്ന് കണക്കുകള്‍ കാണിക്കുന്നു. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷത്തെയും അതിന് ശേഷമുള്ള പത്ത് വര്‍ഷത്തെയും വ്യാവസായിക വികസനത്തിന്റെ തോത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2009-10 ലെ സാമ്പത്തിക സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1980 ല്‍ 100 ആയിരുന്ന വ്യാവസായിക വളര്‍ച്ചാസൂചിക 1981 മുതല്‍ 1990-91 വരെയുള്ള കാലയളവില്‍ 212 ആയി. ഇരട്ടിയിലധികം. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ അടുത്ത സൂചിക കണക്കാക്കിയിരിക്കുന്നത് 1993-94 ല്‍ നൂറ് എന്നാണ്. 1999-2000 ല്‍ സൂചിക 154 ഉം 2009-2010 ല്‍ 275 ഉം ആയി. പത്ത് വര്‍ഷംക്കൊണ്ട് 154 ല്‍ നിന്നും 275 ആയി.
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെ വ്യാവസായിക വളര്‍ച്ചാനിരക്കിലെ വര്‍ധനവ് അതിന് മുമ്പുള്ള പത്ത് വര്‍ഷത്തേക്കാള്‍ കുറവാണ് എന്നതാണത്. ചെറിയ ചില കാലയളവുകളില്‍ വ്യാവസായികോല്‍പ്പാദന വളര്‍ച്ച കൂടുതലാണെന്ന് കണക്കുകളില്‍ കാണാം. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത് വ്യാവസായിക വളര്‍ച്ചാനിരക്ക് താഴോട്ട് പോയി എന്നാണ്.

തൊഴിലില്ലായ്മയുടെ കാര്യവും വ്യത്യസ്തമല്ല. തൊഴില്‍ മേഖലയില്‍ വലിയതോതില്‍ കുറവ് വന്നിരിക്കുന്നതായാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. 1994 മുതല്‍ 2007 വരെയുള്ള കാലയളവില്‍ അതിന് മുമ്പുള്ള കാലത്തേക്കാള്‍ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 1983 മുതല്‍ 1994 വരെ തൊഴില്‍ ലഭ്യതയുടെ വളര്‍ച്ച വര്‍ഷംതോറും 1.2 ശതമാനമായിരുന്നു. 1994 മുതല്‍ 2007 വരെ വര്‍ഷംതോറും തൊഴില്‍ ലഭ്യതാനിരക്ക്-0.23 ശതമാനമായി കുറഞ്ഞു. ഈ കുറവ് പ്രധാനമായും പൊതുമേഖലയിലാണെന്ന് ഭരണാധികാരികള്‍ ആശ്വസിക്കുന്നു. പൊതുമേഖലയില്‍ 1983 മുതല്‍ 1994 വരെ തൊഴില്‍ ലഭ്യത 1.5 ശതമാനം കണ്ട് വര്‍ധിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനംകൊണ്ട് 1993 മുതല്‍ 2007 വരെ പൊതുമേഖലാ വ്യവസായത്തില്‍ തൊഴില്‍ ലഭ്യതയുടെ വളര്‍ച്ച 0.57 ശതമാനമാണ്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊതുമേഖലയെ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയ 1991 മുതല്‍ ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ ഈ പിഴവ് നികത്തത്തക്കവണ്ണം സ്വകാര്യമേഖല വളര്‍ന്നതുമില്ല. ചുരുക്കത്തില്‍ ഡോ മന്‍മോഹന്‍സിംഗും കോണ്‍ഗ്രസും കൊട്ടിഘോഷിക്കുന്ന പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതിന്റെ അനുഭവം സംഘടിത വ്യാവസായികമേഖലയില്‍ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയിരിക്കുന്നു എന്നതാണ്. ജനസംഖ്യാ വര്‍ധനവ് വര്‍ഷംതോറും 1.9 ശതമാനമായിരിക്കെ തൊഴില്‍ ലഭ്യതയും - 0.23 ശതമാനമാകുമ്പോള്‍ ഇപ്പോഴുള്ള തൊഴിലില്ലായ്മയുടെ ആക്കം എത്രത്തോളമാണെന്ന് വ്യക്തം.

അസംഘടിതമേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2004 ല്‍ അസംഘടിതമേഖലയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ സെന്‍ഗുപ്ത അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് 2009 ല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഇതിന്മേല്‍ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. ഈ സമിതിയുടെ കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതാണ്. രാജ്യത്തെ 77 ശതമാനം ജനങ്ങളും ഒരു ദിവസം 20 രൂപയ്ക്ക് താഴെ മാത്രം വരുമാനമുള്ളവരാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സ്ഥിതി 1993-94 മുതല്‍ 2004-2005 വരെയുള്ള കാലയളവില്‍ കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ പ്രവൃത്തിസമയം കൂട്ടുകയും വരുമാനം കുറയ്ക്കുകയും ചെയ്തു. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ഥ വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും വരുമാന സുരക്ഷിതത്വവും ഇല്ല. ഈ വിഭാഗത്തിന് സാമൂഹിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതിനുശേഷം രാജ്യത്ത് പണക്കാരന്‍ കൂടുതല്‍ പണക്കാരനായും പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായും മാറി. ഈ സമ്പദ്‌വ്യവസ്ഥ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും പ്രദാനം ചെയ്യുന്നതാണെന്ന് വ്യക്തം.

ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

1 comment:

  1. കഴിഞ്ഞ രണ്ട് ബജറ്റ് പ്രസംഗങ്ങളിലും 'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച' എന്ന ഭംഗിവാക്ക് കേന്ദ്ര ധനകാര്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? പുത്തന്‍ സാമ്പത്തികനയം നടപ്പിലാക്കിയശേഷം തൊഴിലില്ലായ്മയുടെ ആക്കം കൂടുകയും വ്യവസായ വളര്‍ച്ച പുറകോട്ട് പോവുകയുമാണ് ചെയ്‌തെന്ന് എന്ന് കണക്കുകള്‍ കാണിക്കുന്നു. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷത്തെയും അതിന് ശേഷമുള്ള പത്ത് വര്‍ഷത്തെയും വ്യാവസായിക വികസനത്തിന്റെ തോത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2009-10 ലെ സാമ്പത്തിക സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1980 ല്‍ 100 ആയിരുന്ന വ്യാവസായിക വളര്‍ച്ചാസൂചിക 1981 മുതല്‍ 1990-91 വരെയുള്ള കാലയളവില്‍ 212 ആയി. ഇരട്ടിയിലധികം. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ അടുത്ത സൂചിക കണക്കാക്കിയിരിക്കുന്നത് 1993-94 ല്‍ നൂറ് എന്നാണ്. 1999-2000 ല്‍ സൂചിക 154 ഉം 2009-2010 ല്‍ 275 ഉം ആയി. പത്ത് വര്‍ഷംക്കൊണ്ട് 154 ല്‍ നിന്നും 275 ആയി.
    ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെ വ്യാവസായിക വളര്‍ച്ചാനിരക്കിലെ വര്‍ധനവ് അതിന് മുമ്പുള്ള പത്ത് വര്‍ഷത്തേക്കാള്‍ കുറവാണ് എന്നതാണത്.

    ReplyDelete