Thursday, July 22, 2010

സോഷ്യലിസത്തോടും അലര്‍ജിയോ?

സോഷ്യലിസം എന്ന വാക്കിനോടുപോലും അസഹിഷ്ണുത വര്‍ധിക്കുകയാണോ? അത്തരം അസഹിഷ്ണുതയാല്‍ പ്രേരിതമായ ഒരു ഹര്‍ജി മുമ്പില്‍ വരുമ്പോള്‍, 'സോഷ്യലിസം' എന്നത് ഭരണഘടനാമൂല്യമാണെന്ന നിലയ്ക്ക് അതിനെ പരിരക്ഷിക്കുന്ന നിലപാടല്ലേ കോടതി എടുക്കേണ്ടത്? ഈ ചോദ്യം പ്രസക്തമാവുന്നത്, കഴിഞ്ഞദിവസം പരിഗണനയ്ക്കുവന്ന ഒരു പൊതുതാല്‍പ്പര്യഹര്‍ജിയില്‍ സുപ്രീംകോടതി നല്‍കിയ റൂളിങ്ങിന്റെ പശ്ചാത്തലത്തിലാണ്.

നവഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായി. ഇതാകട്ടെ, സോഷ്യലിസമെന്ന സങ്കല്‍പ്പത്തിന്റെ നേര്‍വിപരീതദിശയിലുള്ളതും. കമ്പോളശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന മുതലാളിത്ത വ്യവസ്ഥയാണിതിന്റെ കാതല്‍. ഇതു നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാജ്യത്താണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍ സോഷ്യലിസത്തോട് രാഷ്ട്രീയപാര്‍ടികള്‍ കൂറുപ്രഖ്യാപിക്കണം എന്നു വ്യവസ്ഥയുള്ളത്. ഇതു പ്രകടമായ വൈരുധ്യമാണെന്നു ചൂണ്ടിക്കാട്ടുന്നതും ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസമെന്ന വിശേഷണത്തോട് പ്രതിബദ്ധത പ്രഖ്യാപിച്ചാലേ രാഷ്ട്രീയപാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവൂ എന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെടുന്നതുമായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി. ഗുഡ് ഗവേണന്‍സ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണ് ഹര്‍ജി കൊടുത്തത്.

ഈ സംഘടനയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ കോടതിമുമ്പാകെ ബോധിപ്പിച്ചത്, 1990കളുടെ തുടക്കംമുതല്‍ കമ്പോളമാണ് നിര്‍ണായകശക്തികളെന്നിരിക്കെ, രാഷ്ട്രീയപാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പുകമീഷന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ സോഷ്യലിസത്തോട് കൂറുപ്രഖ്യാപിക്കണമെന്നുവരുന്നത് വൈരുധ്യമാണ് എന്നാണ്. 'സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തം മാത്രം' എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം സോവിയറ്റുയൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്നാടുകളില്‍ പിന്നോട്ടടിയുമുണ്ടായ ഘട്ടത്തില്‍ പരക്കെ മുഴങ്ങിക്കേട്ടതാണ്. ആ മുദ്രാവാക്യം ഇന്ന് അതേ ശക്തിയോടെ ഉയര്‍ത്താന്‍ ലോകത്തൊരിടത്തും ആരും ധൈര്യപ്പെടുമെന്നുതോന്നുന്നില്ല. വികസിത മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഗുരുതരമായ സാമ്പത്തിക മാന്ദ്യം മുതല്‍ ലാറ്റിനമേരിക്കയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പിലൂടെ ഒമ്പത് രാഷ്ട്രങ്ങളിലുണ്ടായ ഇടതുപക്ഷവിജയംവരെ എത്രയോ ദൃഷ്ടാന്തങ്ങള്‍ ആ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്നു. പക്ഷേ, സുപ്രീംകോടതി മുമ്പാകെ വന്ന പൊതുതാല്‍പ്പര്യഹര്‍ജിയും ഫാലി എസ് നരിമാന്‍ മുന്നോട്ടുവച്ച വാദമുഖവും പഴകിത്തുരുമ്പിച്ച ആ മുദ്രാവാക്യത്തിന്റെ പ്രതിധ്വനികള്‍ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍, ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയ, ജസ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റിസ് സ്യനന്തര്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്, ഭരണഘടനാ ആമുഖത്തിലെ സോഷ്യലിസമെന്ന മൂല്യത്തോട് പ്രതിബദ്ധത പ്രഖ്യാപിച്ചാലേ തെരഞ്ഞെടുപ്പു കമീഷന്‍ അംഗീകാരം ലഭിക്കൂ എന്ന വ്യവസ്ഥയെ എന്തുകൊണ്ടാണ് ഒരു പാര്‍ടിപോലും ഇതുവരെ ചോദ്യംചെയ്യാത്തത് എന്നാണ്. ഏതെങ്കിലും പാര്‍ടി ചോദ്യംചെയ്താല്‍ അപ്പോള്‍ അക്കാര്യം പരിശോധിക്കാം എന്നുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

പൊതുതാല്‍പ്പര്യഹര്‍ജിയിലും നരിമാന്റെ വാദത്തിലും സുപ്രീംകോടതിയുടെ റൂളിങ്ങിലും ഒരുപോലെ നിഴലിച്ചുകാണുന്നത്, 'സോഷ്യലിസം' ആക്ഷേപകരമായ എന്തോ ഒന്നാണ് എന്ന ചിന്തയാണ്. ഭരണ നടത്തിപ്പിനനുസരിച്ച് ഭരണഘടന ഭേദഗതിപ്പെടുത്തുകയാണോ വേണ്ടത്; അതോ ഭരണഘടനപ്രകാരം നാട്ടില്‍ ഭരണം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണോ? ഭരണഘടനയില്‍ സോഷ്യലിസം എന്ന് എഴുതിവച്ചിട്ടുള്ള സ്ഥിതിക്ക് ആ വഴിക്ക് ഭരണനടപടികള്‍ പോകുന്നുവെന്ന് ഉറപ്പുവരുത്താനാണ് സുപ്രീംകോടതി ഇടപെടേണ്ടത്. അല്ലാതെ, ഭരണനടത്തിപ്പ് മുതലാളിത്ത രീതിയിലാകയാല്‍, ഭരണഘടനയിലെ സോഷ്യലിസമെന്ന വാക്കിനോട് കൂറുപ്രഖ്യാപിക്കണമെന്ന വ്യവസ്ഥ, ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ ഉന്നയിച്ചാല്‍ അപ്പോള്‍ പരിശോധിക്കാം എന്നുപറയലല്ല.

സുപ്രീംകോടതി റൂളിങ്ങിന്റെ ധ്വനി എന്താണ്?

ഭരണഘടനയോടും അതിലെ സോഷ്യലിസം അടക്കമുള്ള മൂല്യങ്ങളോടും കൂറുപുലര്‍ത്താത്തിടത്തോളം ഒരു പാര്‍ടിയെയും രജിസ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല എന്ന ജനപ്രാതിനിധ്യനിയമത്തിലെ 29എ വകുപ്പ് റദ്ദാക്കുന്ന കാര്യം, അത്തരം ഒരു ആവശ്യം രാഷ്ട്രീയപാര്‍ടികളില്‍ നിന്നുയര്‍ന്നുവന്നാല്‍ പരിഗണിക്കാം എന്നല്ലേ? നിര്‍ഭാഗ്യകരം എന്നേ പറയാനാവൂ. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യമാണ് സോഷ്യലിസം. അതിനു നിരക്കാത്ത രീതിയിലുള്ള പരിഷ്കാരങ്ങള്‍ സാമ്പത്തികമടക്കമുള്ള ഏതുരംഗത്തുണ്ടായാലും അത് ഭരണഘടനാവിരുദ്ധമാണെന്ന് റൂളിങ് നല്‍കുന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതം. പൊതുമേഖലാ സ്ഥാപനങ്ങളടക്കമുള്ളവയില്‍നിന്ന് സര്‍ക്കാര്‍ ഓഹരികള്‍ പിന്‍വലിച്ച് തീവ്ര സ്വകാര്യവല്‍ക്കരണം നടത്തുന്നവര്‍പോലും തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം കിട്ടാന്‍ സോഷ്യലിസത്തോടു കൂറ് പ്രഖ്യാപിക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയെ എതിര്‍ത്തിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. അതേസമയം, ഈ സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ ഭരണഘടനാ വിരുദ്ധസ്വഭാവം ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടേയിരുന്നിട്ടുണ്ട് എന്നതു കോടതി കാണുന്നില്ല.

സോഷ്യലിസ്റ് എന്ന വിശേഷണം ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത് അടിയന്തരാവസ്ഥക്കാലത്താണ്. സോഷ്യലിസത്തിന്റെ മൂല്യങ്ങള്‍ക്കു കടകവിരുദ്ധമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കാതിരുന്ന ഇന്ദിരാഗാന്ധി ആ ദുഷ്ചെയ്തികള്‍ക്കെല്ലാം മറയിട്ടു കൈയടി നേടാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അത്. നാസിസത്തെ ശക്തിപ്പെടുത്താന്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ 'നാഷണല്‍ സോഷ്യലിസം' എന്ന വാക്കുപയോഗിച്ചതിന് സമാനമാണ് ആ നടപടി.

സ്വതന്ത്ര ഇന്ത്യ എന്നും സോഷ്യലിസത്തിന്റെ വിപരീതമായ മുതലാളിത്ത വികസന പാതയാണ് സ്വീകരിച്ചത് എന്നത് തര്‍ക്കമുള്ള കാര്യമല്ല. സ്വകാര്യ മൂലധനത്തിന്റെ സമാഹരണത്തിനും വിനിയോഗത്തിനുമുള്ള ഉപകരണംമാത്രമായി ഗവണ്‍മെന്റ് സംവിധാനത്തെ ചുരുക്കുകയാണ് എന്നും ചെയ്തിട്ടുള്ളത്. ആദ്യകാലത്ത് പൊതുമേഖലയ്ക്ക് കല്‍പ്പിക്കപ്പെട്ട പ്രാധാന്യംപോലും ഇല്ലാതാക്കുകയും ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും വിറ്റുതുലയ്ക്കുകയുമാണ് പില്‍ക്കാലത്ത് ചെയ്തതത്. കൃഷി, വ്യവസായം, ഖനനം തുടങ്ങിയ രംഗങ്ങളാകെ വിദേശ കമ്പനികള്‍ക്കു തുറന്നുകൊടുത്തു. ഇതിനെല്ലാം മറയായാണ് സോഷ്യലിസമെന്ന വാക്ക് ഇവിടെ ഉപയോഗിക്കപ്പെട്ടത്. ഈ വൈരുധ്യത്തിന്റെ ഭരണഘടനാവിരുദ്ധത തുറന്നുകാട്ടാനും ഭരണഘടനയുടെ ആമുഖം നിഷ്കര്‍ഷിക്കുന്ന മൂല്യങ്ങള്‍ക്കു വിരുദ്ധമായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൂടാ എന്നു കല്‍പ്പിക്കാനുമുള്ള അവസരമാണ് സത്യത്തില്‍ സുപ്രീംകോടതിക്ക് ഈ പൊതുതാല്‍പ്പര്യഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ലഭിച്ചത്. പക്ഷേ, കോടതിയുടെ മനസ്സു നീങ്ങിയത് മറ്റൊരു വഴിക്കായിപ്പോയി.

ദേശാഭിമാനി മുഖപ്രസംഗം 23072010

1 comment:

  1. സോഷ്യലിസം എന്ന വാക്കിനോടുപോലും അസഹിഷ്ണുത വര്‍ധിക്കുകയാണോ? അത്തരം അസഹിഷ്ണുതയാല്‍ പ്രേരിതമായ ഒരു ഹര്‍ജി മുമ്പില്‍ വരുമ്പോള്‍, 'സോഷ്യലിസം' എന്നത് ഭരണഘടനാമൂല്യമാണെന്ന നിലയ്ക്ക് അതിനെ പരിരക്ഷിക്കുന്ന നിലപാടല്ലേ കോടതി എടുക്കേണ്ടത്? ഈ ചോദ്യം പ്രസക്തമാവുന്നത്, കഴിഞ്ഞദിവസം പരിഗണനയ്ക്കുവന്ന ഒരു പൊതുതാല്‍പ്പര്യഹര്‍ജിയില്‍ സുപ്രീംകോടതി നല്‍കിയ റൂളിങ്ങിന്റെ പശ്ചാത്തലത്തിലാണ്

    ReplyDelete