Tuesday, July 27, 2010

പൊതുമേഖലാ നിക്ഷേപം കുപ്രചാരണം തള്ളുക

സംസ്ഥാനത്ത് ഈ വര്‍ഷം പത്ത് പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കുകയാണ്. മൂന്നു ദശകങ്ങള്‍ക്കുശേഷമാണ്, കേരളത്തില്‍ പൊതുമേഖലയില്‍ പുതിയല്ലസ്ഥാപനങ്ങള്‍ വരുന്നത്. പൊതുമേഖലാ കമ്പനികള്‍ അടച്ചുപൂട്ടിക്കൊണ്ടിരുന്ന അവസ്ഥ മാറി; പുതിയത് ആരംഭിക്കുന്ന ഘട്ടത്തിലേക്കുള്ള സംസ്ഥാന പൊതുമേഖലയുടെ വളര്‍ച്ച വേറിട്ട അനുഭവമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ബദല്‍നയത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണിത്. കേരള സ്റേറ്റ് ടെക്സ്റൈല്‍ കോര്‍പറേഷന്റെ കീഴില്‍ മൂന്ന് സ്ഥാപനം (കോമളപുരം, തലശേരി, ഉദുമ), ട്രാക്കോ കേബിളിന്റെ യൂണിറ്റ് തലശേരി, എസ്ഐഎഫ്എല്ലിന്റെ യൂണിറ്റ് ഷൊര്‍ണൂര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റ് കുഴല്‍മന്ദം, സിഡ്കോയുടെ ടൂള്‍റൂം കോഴിക്കോട്, കെല്‍ട്രോണ്‍ ടൂള്‍റൂം കം ട്രെയ്നിങ് സെന്റര്‍ കുറ്റിപ്പുറം, ബാംബൂ കോര്‍പറേഷന്റെ ബാംബൂ ഫ്ളോറിങ് ടൈല്‍സ് യൂണിറ്റ് ചെറുവണ്ണൂര്‍, കെഎസ്ഐഇയുടെ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റേഷന്‍ ആലുവ എന്നിവയാണ് പുതിയല്ലസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണത്തെ ശക്തിപ്പെടുത്തുകമാത്രമല്ല, ആയിരക്കണക്കിനുപേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കുകയും ചെയ്യും. പുതിയ സ്ഥാപനങ്ങള്‍ക്കും നിലവിലുള്ളവയുടെ വികസനത്തിനുമായി 574 കോടി രൂപയുടെ നിക്ഷേപമാണ് ഈ വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാരും മറ്റു ചില സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍പ്പന നടത്തുന്ന അവസരത്തിലാണ്, കേരളത്തില്‍ പൊതുമേഖല ശക്തിപ്പെടുത്തുന്നത്. രാജ്യത്തിനാകെ മാതൃക കാട്ടുന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. പുതിയ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത് മൂന്നു മാര്‍ഗത്തിലൂടെയാണ്.

ഒന്ന്- ബജറ്റില്‍ അനുവദിച്ച തുക
രണ്ട്- ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും കരുതല്‍ഫണ്ടുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ഫണ്ട്
മൂന്ന്- ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ

മേല്‍പ്പറഞ്ഞ വിധത്തില്‍ ഫണ്ട് സമാഹരിച്ച്, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. കരുതല്‍ഫണ്ടുള്ള കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് നൂറുകോടി രൂപ നിക്ഷേപത്തിനായി എടുക്കുന്നത്. കെഎംഎംഎല്‍ 63 കോടി രൂപയും എംസിഎല്‍ 40 കോടി രൂപയും നല്‍കുന്നു. ഈ തുക, നിക്ഷേപം നടത്തുന്ന കമ്പനികളില്‍ പകുതി ഓഹരിയായും പകുതി ലോണായും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖലാ കമ്പനികള്‍ കഴിഞ്ഞ നാലുവര്‍ഷം സ്വരൂപിച്ച ലാഭത്തിന്റെ ഒരു പങ്ക്, സംസ്ഥാനത്ത് പുതിയ സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നത് പുതിയ അനുഭവമാണ്. കെഎംഎംഎല്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് 158.70 കോടി രൂപയുടെ വികസനപ്രവര്‍ത്തനമാണ് ഈ വര്‍ഷം നടത്തുന്നത്. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനാണ് പുതിയ പ്രോജക്ട്- വരുംവര്‍ഷങ്ങളിലും, പുതിയ വികസനപദ്ധതികള്‍ ഈ കമ്പനിയില്‍ നടപ്പാക്കുന്നുണ്ട്. 550 കോടി രൂപയുടെ വികസനപദ്ധതികളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. ഈ വര്‍ഷവും തുടര്‍വര്‍ഷങ്ങളിലും കമ്പനി ഉണ്ടാക്കുന്ന ലാഭം ഇതിനായി വിനിയോഗിക്കും. ഉദാരവല്‍ക്കരണനയത്തിന്റെ ഫലമായി നേരിടേണ്ടി വരുന്ന ഏത് വെല്ലുവിളിയെയും അതിജീവിക്കാനുള്ള കഴിവ് കമ്പനിക്കുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കെഎംഎംഎല്‍ ഫണ്ട് നല്‍കുന്ന ടെക്സ്റൈല്‍ കോര്‍പറേഷന്‍ സഞ്ചിത നഷ്ടമില്ലാത്തതും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്ഥാപനമാണ്. കഴിഞ്ഞവര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ച ഈ കമ്പനി, ഈ വര്‍ഷവും ഇതേവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ലാഭകരമായാണ് മുന്നേറുന്നത്. കമ്പനിയുടെ മൊത്തം ആസ്തി 20 കോടിയിലധികം രൂപയ്ക്കുണ്ടെന്ന് കണക്കാക്കാവുന്നതാണ്. കമ്പനികളുടെ റിസര്‍വ് ഫണ്ട്, പൊതുവികസനത്തിന് ഉപയോഗിക്കുന്നു എന്നത് അഭിമാനകരമാണ്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍, കെഎംഎംഎല്ലിന് 326 കോടി രൂപ കരുതല്‍ഫണ്ടുണ്ടായിരുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത പദ്ധതികളുടെ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി അഡ്വാന്‍സ് നല്‍കിയ വകയില്‍ 58 കോടി രൂപ കമ്പനി നഷ്ടപ്പെടുത്തിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പലവഴിയിലൂടെയും ഫണ്ട് ചോര്‍ന്ന്, കമ്പനിയുടെ കരുതല്‍ഫണ്ട് 2006 ആകുമ്പോഴേക്കും ശോഷിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ കൊള്ളയ്ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനിച്ച് ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്രം അത് അംഗീകരിച്ചില്ല. അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍നിന്ന്, പാടെ വ്യത്യസ്തമാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

മലബാര്‍ സിമന്റ്സ് കമ്പനിയുടെ വികസനത്തിനായി 60 കോടി രൂപയാണ് മുടക്കുന്നത്. കമ്പനി കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ഉണ്ടാക്കിയ മൊത്തം ലാഭം 102 കോടി രൂപയാണ്. അതേസമയം, ഈ കമ്പനി 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷംകൊണ്ട് നേടിയ ലാഭം കേവലം 1.30 കോടി രൂപമാത്രമായിരുന്നു. അക്കാലത്ത്, ഫണ്ട് എത്രമാത്രം ചോര്‍ന്നിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സ്വന്തം വികസനപദ്ധതികള്‍ക്കുള്ള ഫണ്ട് ഉപയോഗിക്കാന്‍ മാറ്റിവച്ചിട്ടാണ്, മറ്റു പുതിയ സ്ഥാപനങ്ങളില്‍ ഓഹരിയെടുക്കാനും നിക്ഷേപം നടത്താനും 40 കോടി രൂപ മലബാര്‍ സിമന്റ്സ് വിനിയോഗിക്കുന്നത്. ഈ കഴിവിലേക്ക് മലബാര്‍ സിമന്റ്സിനെ എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. എസ്ഐഎഫ്എല്‍, കെഎസ്ഐഇ എന്നീ കമ്പനികള്‍ സ്വന്തം കരുതല്‍ഫണ്ടും ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് അവരുടെ പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.

പൊതുമേഖലാ കമ്പനികളുടെ മിച്ചഫണ്ട്, പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പണം നിക്ഷേപിക്കുന്നതിനെതിരെ, ദുര്‍ബലമായ രീതിയിലാണെങ്കിലും ചില എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാനിടയായി. കാര്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാതെയാണ് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ മൌനം ദീക്ഷിച്ചവരും കൂട്ടുനിന്നവരും നേതൃത്വം നല്‍കുന്ന ചില സംഘടനകള്‍ ഉയര്‍ത്തുന്ന എതിര്‍ശബ്ദം പരിഹാസ്യമാണ്. കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് കമ്പനികളിലെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കാകുമെന്ന് ഞാന്‍ കരുതുന്നില്ല.

കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം, കേരളത്തിലെ പൊതുമേഖലയുടെ സുവര്‍ണകാലമാണ്. എല്ലാ സ്ഥാപനത്തിലെയും തൊഴിലാളികള്‍ക്ക് സാമ്പത്തികാനുകൂല്യം ലഭിച്ചിട്ടുണ്ട്. ഒറ്റ തൊഴിലാളിയെയും പിരിച്ചുവിട്ടിട്ടില്ലെന്നുമാത്രമല്ല, അയ്യായിരത്തോളംപേരെ പുതിയതായി നിയമിക്കുകയും ചെയ്തു. എല്ലാ കമ്പനിയിലെയും ഒഴിവുകള്‍ നികത്താന്‍, സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമേഖല ശക്തിപ്പെടുത്താനും പുനരുദ്ധരിക്കാനും സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ ദേശീയതലത്തില്‍തന്നെ ശ്ളാഘിക്കപ്പെടുന്നു. കടുത്ത രാഷ്ട്രീയവിരോധവും നിരുത്തരവാദിത്തവുമാണ് ചില സംഘടനകളെ, സര്‍ക്കാരിന്റെ നടപടിക്കെതിരെ എതിര്‍പ്പുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. ചൌധരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലും ആഗോളവല്‍ക്കരണനയത്തിന്റെ അടിസ്ഥാനത്തിലും വമ്പന്‍ അഴിമതിയിലൂടെയും സംസ്ഥാന പൊതുമേഖലയെ തരിപ്പണമാക്കിയ യുഡിഎഫ് സര്‍ക്കാര്‍നയത്തിന് കൂട്ടുനിന്നവരുടെ വിലകുറഞ്ഞ കുപ്രചാരണം അവജ്ഞയോടെ തള്ളിക്കളയണം.

എളമരം കരീം deshabhimani 270072010

1 comment:

  1. കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം, കേരളത്തിലെ പൊതുമേഖലയുടെ സുവര്‍ണകാലമാണ്. എല്ലാ സ്ഥാപനത്തിലെയും തൊഴിലാളികള്‍ക്ക് സാമ്പത്തികാനുകൂല്യം ലഭിച്ചിട്ടുണ്ട്. ഒറ്റ തൊഴിലാളിയെയും പിരിച്ചുവിട്ടിട്ടില്ലെന്നുമാത്രമല്ല, അയ്യായിരത്തോളംപേരെ പുതിയതായി നിയമിക്കുകയും ചെയ്തു. എല്ലാ കമ്പനിയിലെയും ഒഴിവുകള്‍ നികത്താന്‍, സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമേഖല ശക്തിപ്പെടുത്താനും പുനരുദ്ധരിക്കാനും സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ ദേശീയതലത്തില്‍തന്നെ ശ്ളാഘിക്കപ്പെടുന്നു. കടുത്ത രാഷ്ട്രീയവിരോധവും നിരുത്തരവാദിത്തവുമാണ് ചില സംഘടനകളെ, സര്‍ക്കാരിന്റെ നടപടിക്കെതിരെ എതിര്‍പ്പുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. ചൌധരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലും ആഗോളവല്‍ക്കരണനയത്തിന്റെ അടിസ്ഥാനത്തിലും വമ്പന്‍ അഴിമതിയിലൂടെയും സംസ്ഥാന പൊതുമേഖലയെ തരിപ്പണമാക്കിയ യുഡിഎഫ് സര്‍ക്കാര്‍നയത്തിന് കൂട്ടുനിന്നവരുടെ വിലകുറഞ്ഞ കുപ്രചാരണം അവജ്ഞയോടെ തള്ളിക്കളയണം.

    ReplyDelete