Tuesday, July 13, 2010

ടിക്കറ്റ് പ്ളീസ്...

'അവിടെ ടിക്കറ്റു കിട്ടിയോ....?' പരുക്കനായ പതിവുശബ്ദത്തിന് കാതോര്‍ത്തുനിന്ന യാത്രക്കാര്‍ ഈ പുതിയ പെണ്‍ ശബ്ദത്തെയും പരിചയപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള റൂട്ടുകളില്‍ കാക്കിയണിഞ്ഞ് ചരിത്രപരമായ ദൌത്യം നിറവേറ്റുകയാണ് വനിതാ കണ്ടക്ടര്‍. വയനാട്ടിലേക്കുള്ള ഈ നൂറുകിലോമീറ്റര്‍ യാത്രയില്‍.... വൈകിട്ടും രാത്രിയുമുള്ള സഞ്ചാരപഥത്തില്‍.... വളഞ്ഞും തിരിഞ്ഞുമുള്ള ചുരം കയറ്റത്തില്‍....എന്നിങ്ങനെ ഏതുവഴിയിലും ഇങ്ങനെയുമൊരു കണ്ടക്ടര്‍...?

ഈ വക ചോദ്യങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അപ്പോഴും ടിക്കറ്റുമെഷീനില്‍ സ്റ്റേജുകള്‍ക്ക് കമാന്‍ഡ് കൊടുക്കുന്നു. ശങ്കിക്കാന്‍ ഒന്നുമില്ല എല്ലാം സാധാരണപോലെതന്നെ. അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഒതുങ്ങി ഞെരുങ്ങിയിരുന്ന പെണ്‍മനസ്സുകളുടെ വിശാലലോകമാണിത്. പുരുഷകേന്ദ്രീകൃതമായ തൊഴില്‍ സംസ്കാരത്തിന് ഒരു തിരുത്തുകൂടിയാണിത്. വീട്ടിലെ കരിപുരണ്ട ലോകത്തില്‍ ഏറെക്കാലം പണയപ്പെട്ടുപോയതാണ് ഈ കാക്കിക്കുപ്പായം. കാക്കി നല്‍കുന്ന അധികാരത്തിന്റെ ധൈര്യബോധത്തിന് സമൂഹത്തിന്റെയാകെ പിന്തുണയുണ്ട്. ചില്ലറയ്ക്കുവേണ്ടി അലമുറയിടേണ്ടിവരുന്ന ഒരു ബസിന്റെ അകത്തളത്തില്‍ ഈ വനിതാ കണ്ടക്ടര്‍ക്ക് അധികം സമ്മര്‍ദങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നില്ല എന്നതാണ് തിരിച്ചറിയേണ്ട വസ്തുത.

അകത്തളങ്ങളിലെ കൈവിലങ്ങുകളില്‍നിന്നും ശരവേഗമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യാത്രകള്‍ വിസ്മരിക്കാനാവില്ല. നൂറുകണക്കിന് യാത്രക്കാരായ അമ്മമാരുടെയും ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും പ്രതിനിധികളായാണ് നെഞ്ചോട് ചേര്‍ത്തുവച്ച ടിക്കറ്റ്റാക്കുകളുമായി വനിതാ കണ്ടക്ടര്‍മാരുടെ രംഗപ്രവേശം. സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരുടെയും സ്വാര്‍ഥമായ നോട്ടത്തിന് മുന്നില്‍ ദഹിച്ചുപോകാന്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍.... നിലവിളിക്കാന്‍ ശബ്ദമുള്ളപ്പോഴും വായില്ലെന്ന് കള്ളത്തരം പറയേണ്ടിവരുന്നവര്‍... മാറ്റം ഇവര്‍ക്കിടയില്‍ നിന്നാകുമ്പോള്‍ കാക്കിധാരികളായ വനിതാ കണ്ടക്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഇന്നലെകളില്‍ കുട്ടികള്‍ക്കുവേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ ദാരിദ്ര്യത്തിന്റെ വിധികല്‍പ്പനകളെ സ്വീകരിച്ചിരുന്നവര്‍പോലും ഇന്ന് തൊഴില്‍മണ്ഡലത്തിന്റെ വിവിധ കോണുകളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നുഴഞ്ഞുകയറുന്ന ബ്ളൂടൂത്തിന്റെ സാധ്യതകളില്‍ വിനിമയം ചെയ്യപ്പെട്ടുപോകുന്ന സ്ത്രീ ശരീരങ്ങള്‍. വെല്ലുവിളികള്‍ ഏറെയുള്ള ഈ കാലഘട്ടത്തില്‍പ്പോലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ കരുത്തുറ്റ സാന്നിധ്യം. സ്ത്രീശാക്തീകരണത്തിന്റെ നാട്ടുവഴിയിലും നഗരവഴിയിലും കാലത്തിനോട് വെല്ലുവിളിക്കുന്ന കുടുംബിനികളുടെ ചരിത്രംകൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.

എണ്‍പതുകാരിയായ മുത്തശ്ശിയുടെ ആകുലതകള്‍ക്ക് ഈ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഒന്നുമറിയില്ല. കാലം തിരിച്ചെഴുതിയ കഥകളുടെ പുതിയ കാലമാണ്. 'വില്ലേജ് മെന്‍' എന്ന പേരിട്ട് പുരുഷഗണങ്ങള്‍ അടക്കിവാണ തസ്തിക ഇപ്പോള്‍ ആരുടേത് കൂടിയാണ്. രണ്ട് ചക്രത്തില്‍ ബാലന്‍സ് പിടിക്കണമെന്ന പിടിവാശിയും മറികടന്നാണല്ലോ ഇവരൊക്കെ അര്‍ഹമായ ഇടങ്ങളില്‍ കയറിപ്പറ്റിയത്. നീറുന്ന പ്രതിസന്ധികളില്‍ വാടിത്തളര്‍ന്നിരുന്ന വീട്ടമ്മയുടെ ദൈന്യതകളില്‍ നിന്നുമാണ് ഇപ്പോള്‍ ഇതൊക്കെയും എത്തിപ്പിടിച്ചത്. അടുക്കളയുടെ അരങ്ങില്‍ വിവിധ വേഷങ്ങള്‍ക്ക് കോലമൊരുക്കുന്ന തിരക്കിനിടയില്‍ നിന്നും ഇവരെ ചിന്തിപ്പിച്ചത് എന്തായിരിക്കാം.... വിദ്യാലയങ്ങളില്‍, കലാലയങ്ങളില്‍.... എവിടെയാണ് പ്രാതിനിധ്യം...

ഇനിയും ഇതൊന്നുമറിയാത്തവരോട് ഇവരില്‍ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്.... കേള്‍ക്കുന്നുണ്ടോ ഈ ശബ്ദങ്ങള്‍.... ?

രമേഷ് കുമാര്‍ വെള്ളമുണ്ട, സ്ത്രീ സപ്ലിമെന്റ്, ദേശാഭിമാനി ദിനപത്രം

1 comment:

  1. അകത്തളങ്ങളിലെ കൈവിലങ്ങുകളില്‍നിന്നും ശരവേഗമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യാത്രകള്‍ വിസ്മരിക്കാനാവില്ല. നൂറുകണക്കിന് യാത്രക്കാരായ അമ്മമാരുടെയും ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും പ്രതിനിധികളായാണ് നെഞ്ചോട് ചേര്‍ത്തുവച്ച ടിക്കറ്റ്റാക്കുകളുമായി വനിതാ കണ്ടക്ടര്‍മാരുടെ രംഗപ്രവേശം. സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരുടെയും സ്വാര്‍ഥമായ നോട്ടത്തിന് മുന്നില്‍ ദഹിച്ചുപോകാന്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍.... നിലവിളിക്കാന്‍ ശബ്ദമുള്ളപ്പോഴും വായില്ലെന്ന് കള്ളത്തരം പറയേണ്ടിവരുന്നവര്‍... മാറ്റം ഇവര്‍ക്കിടയില്‍ നിന്നാകുമ്പോള്‍ കാക്കിധാരികളായ വനിതാ കണ്ടക്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഇന്നലെകളില്‍ കുട്ടികള്‍ക്കുവേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ ദാരിദ്ര്യത്തിന്റെ വിധികല്‍പ്പനകളെ സ്വീകരിച്ചിരുന്നവര്‍പോലും ഇന്ന് തൊഴില്‍മണ്ഡലത്തിന്റെ വിവിധ കോണുകളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നുഴഞ്ഞുകയറുന്ന ബ്ളൂടൂത്തിന്റെ സാധ്യതകളില്‍ വിനിമയം ചെയ്യപ്പെട്ടുപോകുന്ന സ്ത്രീ ശരീരങ്ങള്‍. വെല്ലുവിളികള്‍ ഏറെയുള്ള ഈ കാലഘട്ടത്തില്‍പ്പോലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ കരുത്തുറ്റ സാന്നിധ്യം. സ്ത്രീശാക്തീകരണത്തിന്റെ നാട്ടുവഴിയിലും നഗരവഴിയിലും കാലത്തിനോട് വെല്ലുവിളിക്കുന്ന കുടുംബിനികളുടെ ചരിത്രംകൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.

    ReplyDelete