Wednesday, July 14, 2010

ആണവബാധ്യത: പുതിയ ബില്‍ തയ്യാറാക്കണം

അമേരിക്കന്‍ ആണവലോബിയുടെ സമ്മര്‍ദഫലമായി തയ്യാറാക്കിയ ആണവബാധ്യതാ ബില്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ആണവദുരന്തമുണ്ടായാല്‍ ദുരന്തബാധിതരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പുതിയ ബില്ല് തയ്യാറാക്കണം. പാര്‍ലമെന്റിന്റെ ശാസ്ത്ര- സാങ്കേതിക സ്റാന്‍ഡിങ് കമ്മിറ്റിയോടാണ് നിലവിലുള്ള ബില്‍ റദ്ദാക്കണമെന്ന് സിപിഐ എമ്മിന് വേണ്ടി കാരാട്ട് ആവശ്യപ്പെട്ടത്. ആണവബാധ്യത ബില്‍ ഇപ്പോള്‍സ്റാന്‍ഡിങ്കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇടതുപക്ഷ അംഗങ്ങളുടെ സമ്മര്‍ദഫലമായി സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എമ്മിന്റെ അഭിപ്രായങ്ങള്‍ കാരാട്ട് അറിയിച്ചത്.

പ്രധാനമായും മൂന്ന് കാര്യമാണ് കാരാട്ട് കമ്മിറ്റിയെ ധരിപ്പിച്ചത്. ഒന്ന്, പൂര്‍ണമായും അമേരിക്കന്‍ ആണവലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. രണ്ട്, ബില്ലിലെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ആണവ റിയാക്ടറുകള്‍ വിതരണംചെയ്യുന്ന അമേരിക്കന്‍ കുത്തകകള്‍ക്ക് ആണവദുരന്തമുണ്ടായാല്‍ ഒരു ബാധ്യതയുമുണ്ടാവില്ല. മൂന്ന്, ദുരന്തമുണ്ടായാല്‍ റിയാക്ടര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പരമാവധി അഞ്ഞൂറ് കോടിയെന്ന ബാധ്യതാപരിധി തികച്ചും അപര്യാപ്തമാണ്.

അമേരിക്കന്‍ ആണവവിതരണ കമ്പനികളും നിക്ഷേപകരും ഉന്നതങ്ങളില്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് ഇപ്പോഴത്തെ രൂപത്തില്‍ സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ താല്‍പ്പര്യപ്രകാരം തയ്യാറാക്കിയ അനുബന്ധ നഷ്ടപരിഹാരച്ചട്ടത്തില്‍ (സിഎസ്സി) ചേരാന്‍ താല്‍പ്പര്യമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ബാധ്യതാ ബില്‍ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആണവസാമഗ്രികള്‍ സ്വീകരിക്കുന്ന എല്ലാ രാജ്യങ്ങളും സിഎസ്സിയില്‍ ഒപ്പുവയ്ക്കണമെന്ന താല്‍പ്പര്യമാണ് അമേരിക്കയ്ക്കുള്ളത്.
ആണവകമ്പനികളെ ബാധ്യതകളില്‍നിന്ന് പരമാവധി ഒഴിവാക്കുന്ന ചട്ടമാണിത്. സിഎസ്സിയുടെ ഭാഗമാകുന്നതോടെ നഷ്ടപരിഹാരം നല്‍കാന്‍ അന്താരാഷ്ട്ര ഫണ്ട് ലഭ്യമാകുമെന്ന ന്യായം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍,ഈ സഹായം വെറും 200 കോടി രൂപ മാത്രമേ വരൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭോപാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡിനു നല്‍കേണ്ടി വന്ന പരിമിതമായ ബാധ്യതപോലും തങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് യുഎസ് കമ്പനികളായ ജനറല്‍ ഇലക്ട്രിക്കും വെസ്റിങ്ഹൌസും ആഗ്രഹിക്കുന്നത്.നിലവില്‍ പൊതുമേഖലയിലുള്ള ആണവോര്‍ജ കോര്‍പറേഷന്‍ മാത്രമാണ് ഇന്ത്യയില്‍ റിയാക്ടര്‍ നടത്തിപ്പിന് അധികാരം. അമേരിക്കന്‍ വിതരണക്കമ്പനിയുമായി ആണവോര്‍ജ കോര്‍പറേഷന്‍ ഉണ്ടാക്കുന്ന കരാറില്‍ ഇത്തരം വ്യവസ്ഥ ഉണ്ടാകില്ലെന്നത് തീര്‍ച്ചയാണ്. വിതരണക്കമ്പനിയുടെ ഭാഗത്തുനിന്ന് വലിയ പാളിച്ചയുണ്ടായാല്‍ നടത്തിപ്പ് കമ്പനിക്ക് നഷ്ടപരിഹാരച്ചെലവ് തിരികെ ആവശ്യപ്പെടാമെന്ന് 17(ബി) ചട്ടത്തില്‍ വ്യവസ്ഥചെയ്യുന്നതായും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍,വലിയ പാളിച്ചയെന്നത് കോടതിയില്‍ തെളിയിക്കുക തികച്ചും അസാധ്യമായിരിക്കും. ഫലത്തില്‍ വിതരണക്കമ്പനിക്ക് ഒരു ബാധ്യതയും വരില്ല- കാരാട്ട് ചൂണ്ടിക്കാട്ടി.
(എം പ്രശാന്ത്)

deshabhimani 14072010

1 comment:

  1. അമേരിക്കന്‍ ആണവലോബിയുടെ സമ്മര്‍ദഫലമായി തയ്യാറാക്കിയ ആണവബാധ്യതാ ബില്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ആണവദുരന്തമുണ്ടായാല്‍ ദുരന്തബാധിതരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പുതിയ ബില്ല് തയ്യാറാക്കണം. പാര്‍ലമെന്റിന്റെ ശാസ്ത്ര- സാങ്കേതിക സ്റാന്‍ഡിങ് കമ്മിറ്റിയോടാണ് നിലവിലുള്ള ബില്‍ റദ്ദാക്കണമെന്ന് സിപിഐ എമ്മിന് വേണ്ടി കാരാട്ട് ആവശ്യപ്പെട്ടത്. ആണവബാധ്യത ബില്‍ ഇപ്പോള്‍സ്റാന്‍ഡിങ്കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇടതുപക്ഷ അംഗങ്ങളുടെ സമ്മര്‍ദഫലമായി സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എമ്മിന്റെ അഭിപ്രായങ്ങള്‍ കാരാട്ട് അറിയിച്ചത്.

    ReplyDelete