Tuesday, July 13, 2010

ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം

ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം പൊതുവിതരണ സമ്പ്രദായം തകരും

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് പൊതുവിതരണ സമ്പ്രദായത്തെ പൂര്‍ണമായും തകര്‍ക്കുമെന്ന് വിലയിരുത്തല്‍. ചില്ലറവില്‍പ്പന മേഖല ബഹുരാഷ്ട്രകുത്തകകള്‍ക്ക് കൈമാറി പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനാണ് നീക്കം. ചില്ലറവില്‍പ്പന മേഖല തുറന്നുകൊടുക്കുമ്പോള്‍തന്നെ ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബിപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് കൂപ്പണുകള്‍ സര്‍ക്കാര്‍ നല്‍കും. ഈ കൂപ്പണുകള്‍ നല്‍കിയാല്‍ ഏത് സ്വകാര്യ കച്ചവടസ്ഥാപനത്തില്‍നിന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഭക്ഷ്യ കൂപ്പണുകള്‍ ഏര്‍പ്പെടുത്തുന്നതിനുമുമ്പ് വിദേശ-സ്വദേശ ചില്ലറ വില്‍പ്പനശാലകളുടെ ശൃംഖല രാജ്യത്തെമ്പാടും സൃഷ്ടിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ പരിപാടി. ചില്ലറ വില്‍പ്പനമേഖലയിലേക്ക് സ്വകാര്യ മേഖലയുടെ പ്രവേശനം ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം തകര്‍ക്കുകയാണ്. ഭക്ഷ്യകൂപ്പണ്‍ ഏര്‍പ്പെടുത്തണമെന്ന് ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയും ആവശ്യപ്പെട്ടിരുന്നു.

പൊതുവിതരണ സമ്പ്രദായം മോശമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിന് കാരണമായി ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ പൊതുചര്‍ച്ചയ്ക്കു വച്ച രേഖയില്‍ പറയുന്നത്. അമേരിക്ക-ഇന്ത്യ സിഇഒ ഫോറത്തിന്റെ തീരുമാനമനുസരിച്ചാണ് മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ യുപിഎ സര്‍ക്കാര്‍ വേഗത്തിലാക്കിയത്. വാള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ കമ്പനികളുടെ സമ്മര്‍ദഫലമായി അമേരിക്കയും ഈ ആവശ്യം ശക്തമാക്കിയിരുന്നു. വെയര്‍ഹൌസുകള്‍, കോള്‍ഡ് സ്റോറേജുകള്‍ എന്നിവ വളരെ കുറവാണെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്നും രേഖ പറയുന്നു.

ഈ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നതാണ് സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികളുടെ നിലപാട്. കാര്‍ഷികരംഗത്ത് നിക്ഷേപം നടത്താന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ വിമുഖത കാട്ടിയതാണ് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൌകര്യങ്ങള്‍ കുറയാന്‍ കാരണം. ബഹുരാഷ്ട്ര കുത്തകകള്‍ക്കുമാത്രമേ ഈ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം ഗവേഷണവിഭാഗം കണ്‍വീനര്‍ പ്രസേനജിത്ത് ബോസ് പറഞ്ഞു.

നിലവില്‍ സിംഗിള്‍ ബ്രാന്‍ഡില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. അത് മള്‍ട്ടി ബ്രാന്‍ഡിലേക്കും വ്യാപിപ്പിക്കണമെന്നാണ് വ്യവസായമന്ത്രാലയം പുറത്തിറക്കിയ രേഖ ആവശ്യപ്പെടുന്നത്. ഈ തീരുമാനം നിലവില്‍ വരുന്നതോടെ നിലവില്‍ ഭാരതി മിത്തലുമായി സഹകരിച്ച് ഇന്ത്യയില്‍ കാലുകുത്തിയ വാള്‍മാര്‍ട്ട് പ്രധാന നഗരങ്ങളിലെല്ലാം ചില്ലറവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും. അതോടെ കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കര്‍ഷകര്‍ക്ക് ആദ്യഘട്ടങ്ങളില്‍ നല്ല വില ലഭ്യമാകുമെങ്കിലും വാങ്ങുന്നത് ഒരു കമ്പനിയായി ചുരുങ്ങുന്നതോടെ വില വന്‍തോതില്‍ ഇടിയും. ചില്ലറ വില്‍പ്പനക്കാരെ മാത്രമല്ല കാര്‍ഷിക മേഖലയെയും ഈ കടന്നുകയറ്റം പ്രതികൂലമായി ബാധിക്കുമെന്നര്‍ഥം.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 12072010

1 comment:

  1. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് പൊതുവിതരണ സമ്പ്രദായത്തെ പൂര്‍ണമായും തകര്‍ക്കുമെന്ന് വിലയിരുത്തല്‍. ചില്ലറവില്‍പ്പന മേഖല ബഹുരാഷ്ട്രകുത്തകകള്‍ക്ക് കൈമാറി പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനാണ് നീക്കം. ചില്ലറവില്‍പ്പന മേഖല തുറന്നുകൊടുക്കുമ്പോള്‍തന്നെ ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബിപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് കൂപ്പണുകള്‍ സര്‍ക്കാര്‍ നല്‍കും. ഈ കൂപ്പണുകള്‍ നല്‍കിയാല്‍ ഏത് സ്വകാര്യ കച്ചവടസ്ഥാപനത്തില്‍നിന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഭക്ഷ്യ കൂപ്പണുകള്‍ ഏര്‍പ്പെടുത്തുന്നതിനുമുമ്പ് വിദേശ-സ്വദേശ ചില്ലറ വില്‍പ്പനശാലകളുടെ ശൃംഖല രാജ്യത്തെമ്പാടും സൃഷ്ടിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ പരിപാടി. ചില്ലറ വില്‍പ്പനമേഖലയിലേക്ക് സ്വകാര്യ മേഖലയുടെ പ്രവേശനം ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം തകര്‍ക്കുകയാണ്. ഭക്ഷ്യകൂപ്പണ്‍ ഏര്‍പ്പെടുത്തണമെന്ന് ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയും ആവശ്യപ്പെട്ടിരുന്നു.

    ReplyDelete