Monday, April 1, 2013

യുഡിഎഫ് ഭരണത്തില്‍ 118 ആദിവാസി പീഡനക്കേസുകള്‍


സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദിവാസി  സ്ത്രീകള്‍ക്ക് നേരെയുണ്ടായ പീഡനവുമായി ബന്ധപ്പെട്ട് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ കെ രാധാകൃഷ്ണനെ അറിയിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1268 കേസുകള്‍ എടുത്തു. സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 659 പേര്‍ കൊല്ലപ്പെട്ടതായി പി കെ ഗുരുദാസനെ  അറിയിച്ചു. 2011ല്‍ 13,113, 2012ല്‍ 12,919 സ്ത്രീ പീഡനക്കേസുകളും ഉണ്ടായതായി കെ ദാസനെ മന്ത്രി അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് 949 കേസ് രജിസ്റ്റര്‍ ചെയ്തു.

അന്യസംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ എം ആരിഫിനെ മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അനധികൃത മണല്‍ കടത്തുകാര്‍ പൊലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 3512 പരാതികള്‍ ലഭിച്ചതായി  എ കെ ബാലനെ മന്ത്രി അറിയിച്ചു. 634 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 238 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. രണ്ടു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചു. രണ്ടുപേരെ വെറുതേവിട്ടു.

3874 കേസുകളില്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാനുണ്ടെന്ന് സി രവീന്ദ്രനാഥിനെ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് 7,03,077 ക്രൈം കേസുകളും 58,00,935 പെറ്റികേസുകളും രജിസ്റ്റര്‍ ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ പെറ്റിക്കേസുകള്‍ തിരുവനന്തപുരം സിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 156341 എണ്ണം. എറണാകുളം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ 1867 എണ്ണം.  7490 പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതായി കെ എസ് സലീഖയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

മദ്യപിച്ചു വാഹനമോടിച്ചതിനാല്‍ 3,70,006 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.  ഹെല്‍മറ്റ് ധരിക്കാത്തതിന് 21,99,915 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22,74,77,100 രൂപ പിഴയിട്ടു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 5,25,643 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4,87,71,300 രൂപ പിഴയിട്ടു.

സണ്‍ ഫിലിം ഒട്ടിച്ചതുമായി ബന്ധപ്പെട്ട് 2,12,477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 2,17,97,660 രൂപ പിഴയിട്ടു. പൊലീസ് സേനയില്‍ 280 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകള്‍ ഉള്ളതായി എ എം ആരിഫിനെ മുഖ്യമന്ത്രി അറിയിച്ചു. ജനറല്‍ എക്‌സിക്യൂട്ടീവ് 193, എ ആര്‍ റിസര്‍വ്വില്‍ 75, ആംഡ് പൊലീസില്‍ 12 എസ് ഐ മാരുടെ ഒഴിവുമുണ്ട്.

തോട്ടംകൂലി പുതുക്കില്ല: മന്ത്രി

തിരുവനന്തപുരം: തോട്ടംമേഖലയിലെ കൂലിപുതുക്കല്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അപാകതകള്‍ പരിശോധിച്ചു തോട്ടം മേഖലയില്‍ പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കും. തോട്ടം മേഖലയിലെ തൊഴിലാളികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കും.

മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍പരമായ അനിശ്ചിതത്വം ഒഴിവാക്കാന്‍ ലേബര്‍ ഇന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കാര്യക്ഷമമാക്കുമെന്നും പാലോട് രവി, ബന്നി ബഹന്നാന്‍, സി പി മുഹമ്മദ്, വി ഡി സതീശന്‍, കെ കെ ജയചന്ദ്രന്‍, പി സി ജോര്‍ജ്ജ്, സി ദിവാകരന്‍, പി ഉബൈദുള്ള, എ എ അസീസ്, പി കെ ഗുരുദാസന്‍, ജോസ് തെറ്റയില്‍, ഇ എസ് ബിജിമോള്‍ എന്നിവരെ മന്ത്രി അറിയിച്ചു.

janayugom

No comments:

Post a Comment