Monday, April 1, 2013
മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതി മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോയി
ഭരണപക്ഷം വെള്ളം കുടിച്ചു:
വിഷയം കുടിവെള്ളമായതുകൊണ്ടാവാം സഭയില്‍ ഇന്നലെ ഭരണപക്ഷം അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്വപ്‌നപദ്ധതി പോലും വിമര്‍ശനത്തിന്റെ മലവെള്ള പാച്ചിലില്‍ ഒലിച്ചപോകുന്നതും സഭയില്‍ കാണേണ്ടിവന്നു. സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി ബില്‍ ചര്‍ച്ചയിലാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന് ഭരണപക്ഷത്തുനിന്നും പിന്തുണ ലഭിച്ചത്. വിപ്പുള്ളതിനാല്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യും, പക്ഷേ മനസ്... അത് മുമ്പ് വീരേന്ദ്രകുമാര്‍ പറഞ്ഞപോലെയാണെന്നാണ് ഭരണപക്ഷത്തെ ഏഴ് പേര്‍ സൂചിപ്പിച്ചത്.
ഇരിപ്പിടം യു ഡി എഫിലാണെങ്കിലും മനസ് എല്‍ ഡി എഫിലാണെന്നാണ് അടുത്തിടെ ജനതാദള്‍ സെക്കുലര്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഭരണപക്ഷത്തെ അഞ്ച് ഹരിതവാദികളും ഒപ്പം രണ്ട് സെക്കുലറുകാരും ആയപ്പോള്‍തന്നെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതായി. പിന്നെ ചര്‍ച്ച നടത്തുന്നതില്‍പോലും അര്‍ഥമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം ചര്‍ച്ചയില്‍നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഭരണപക്ഷത്തെ കുടുക്കുകയായിരുന്നു ഇന്നലെ പ്രതിപക്ഷം. സര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ക്കാതെ എങ്ങനെയാണ് ഹരിതവാദികള്‍ ഹരിതവാദികളാവുന്നത്?
ഇടുക്കിയിലെ മാതൃക കര്‍ഷകനായ പി ജെ ജോസഫിനെകൊണ്ട് ഈ ബില്‍ അവതരിപ്പിച്ചത് ആരാണ്? പ്രതിപക്ഷത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയതോടെ അവരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി പൊട്ടിത്തെറിക്ക് അവസരമില്ലാതാക്കുകയായിരുന്നു മന്ത്രി പി ജെ ജോസഫ്. ആദ്യമേ പൊളിഞ്ഞുവീണത് കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിന്‍വാതിലിലൂടെ കൊണ്ടുവന്ന ഉത്തരവായിരുന്നു. ഈ കമ്പനി കുപ്പിവെള്ള വിതരണത്തിനാണെന്ന് സമര്‍ഥിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കുപ്പിവെള്ള കമ്പനികള്‍ ജനത്തെ കൊള്ളയടിക്കുന്നുവെന്നും വന്‍കിടക്കാര്‍ക്ക് എന്തിന് സബ്‌സിഡി നിരക്കില്‍ വെള്ളം നല്‍കണമെന്നുമൊക്കെ ചോദിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമവും വിജയം കണ്ടില്ല.
കുപ്പിവെള്ളമെന്നല്ല കുടിവെള്ളമെന്നാണ് ഉത്തരവിലുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവ് വായിച്ച് സമര്‍ഥിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷ ഉപനേതാവിന് പിന്തുണയുമായി ആദ്യം തോമസ് ഐസക്കും പിന്നീട് വി ഡി സതീശനും രംഗത്തെത്തി. ചര്‍ച്ചയില്‍ പ്രതിപക്ഷത്തുനിന്നുള്ള മിക്കവരും ഫലപ്രദമായി തന്നെ ഇടപെട്ടു. നിരാകരണ പ്രമേയത്തിന് സമയ ക്ലിപ്തത തടസമല്ലാത്തത് പ്രതിപക്ഷം ശരിക്കും വിനിയോഗിക്കുകയായിരുന്നു. ഈ ഇടപെടലുകളാവട്ടെ ചര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്തു.
ഭരണ ഘടന ഉയര്‍ത്തി നിരവധി ഇടപെടലുകള്‍ നടത്തിയ ജി സുധാകരനും പ്രകൃതി ചൂഷണത്തെ നഖശിഖാന്തം എതിര്‍ത്ത മുല്ലക്കര രത്‌നാകരനും സഭയുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ഉയര്‍ത്തി ചര്‍ച്ചയില്‍ ഇടപെടാനുള്ള അവസരങ്ങള്‍ കോടിയേരി ബാലകൃഷ്ണനും പാഴാക്കിയില്ല.
പ്രകൃതി നിയമത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണിതെന്നു മുല്ലക്കര രത്‌നാകരന്‍ ചുണ്ടിക്കാട്ടി. ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതു പോലെ വെള്ളത്തിനായി ക്യൂ നില്‍ക്കുന്ന അവസ്ഥയും മുല്ലക്കര വരച്ചുകാട്ടി. ചോറുവയ്ക്കാതെ അരി വറുത്തു തിന്നുന്ന കാലം വിദൂരമല്ലെന്ന് ജോസ് തെറ്റയിലും നിരീക്ഷിച്ചു. ഹരിത എം എല്‍ എമാരെന്നു പറയുന്ന അഞ്ചുപേര്‍ എന്തു നിലപാടു സ്വീകരിക്കുമെന്ന് ചോദിച്ചത് വി എസ് സുനില്‍കുമാര്‍. ബില്ലിനോട് യോജിപ്പില്ലെന്ന് ടി എന്‍ പ്രതാപന്‍. ഈ അഞ്ചു പേര്‍ ബില്ലിനെ എതിര്‍ത്താല്‍ ബില്‍ പാസാക്കാനാകാതെ വരും. ഭൂരിപക്ഷമില്ലാതെ ബില്ലുമായി മുന്നോട്ടു പോകരുതെന്ന മുന്നറിയിപ്പ് ഈ ഘട്ടത്തില്‍ കോടിയേരി നല്‍കി. നദീജലം സംരക്ഷിക്കാന്‍ ജാഥ നടത്തിയ യു ഡി എഫ് എം എല്‍ എമാര്‍ എങ്ങനെ ബില്ലിനെ അനുകൂലിക്കുമെന്ന സംശയമായിരുന്നു സുനിലിന്. എന്നാല്‍ ബില്ലിനെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സതീശന്‍ വ്യക്തമാക്കിയതോടെ ഹരിത എം എല്‍ എമാരുടെ തനിനിറവും തുറന്നുകാട്ടപ്പെട്ടു.
ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയെങ്കിലും അവരുടെ ആവശ്യങ്ങളില്‍ അനുഭാവ സമീപനമായിരുന്നു വകുപ്പ് മന്ത്രിക്ക്.
താരിഫ് നിശ്ചയിക്കുന്നതിനുള്ള അവകാശം അതോറിറ്റിക്കാവരുതെന്നും സര്‍ക്കാരിനാവണം അവസാന വാക്കെന്നുമുള്ള ഭേദഗതി ബില്ലില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് ഈ റെഗുലേറ്ററി അതോറിറ്റിയെന്ന ചോദ്യമാണ് അപ്പോഴേക്കും അവശേഷിച്ചിരുന്നത്.
(എസ് സന്തോഷ് )
janayugom 020413
Subscribe to:
Post Comments (Atom)
No comments:
Post a Comment