Monday, April 1, 2013
പ്രതിപക്ഷം ഹിറ്റ്ലറുടെ പിന്‍ഗാമികള്‍: മഡൂറോ
വെനസ്വേലയിലെ പ്രതിപക്ഷം ഹിറ്റ്ലറുടെ പിന്‍ഗാമികളാണെന്ന് വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ നിക്കോളസ് മഡൂറോ. ക്യൂബയ്ക്കെതിരെ വെനസ്വേലയില്‍ സോഷ്യലിസ്റ്റ് വിരുദ്ധര്‍ നടത്തുന്ന പ്രചാരണങ്ങളെ പരാമര്‍ശിക്കവേയാണ് മഡൂറോ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‍ ജൂതന്മാരെ വേട്ടയാടിയതുപോലെയാണ് വെനസ്വേലയിലെ പ്രതിപക്ഷം ക്യൂബന്‍ ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച വെനസ്വേലന്‍ നായകന്‍ ഹ്യൂഗോ ഷാവേസിന്റെ സംസ്ഥാനമായ ബാരിനാസില്‍ സംഘടിപ്പിച്ച വന്‍ റാലിയെ അഭിവാദ്യംചെയ്യുകയായിരുന്നു മഡൂറോ.
"ഹിറ്റ്ലറുടെ പിന്‍ഗാമികള്‍ ക്യൂബന്‍ ജനതയ്ക്കെതിരെ വെനസ്വേലയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം രാജ്യത്തിന് ഏറെ അനിവാര്യമാണ്"- അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 14ന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൊവ്വാഴ്ച ഔദ്യോഗികമായി തുടക്കംകുറിക്കാനിരിക്കെ മഡൂറോയുടെ ശക്തമായ പ്രസംഗം ഷാവേസിന്റെ വാക്കുകള്‍പോലെ ആവേശമുണര്‍ത്തി. ജനങ്ങള്‍ ഹര്‍ഷാരവത്തോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചു. പത്തുവര്‍ഷം മുമ്പ് ഷാവേസിന്റെ താല്‍പ്പര്യപ്രകാരമാണ് ക്യൂബയില്‍നിന്ന് ഡോക്ടര്‍മാര്‍ വെനസ്വേലയിലേക്ക് എത്താന്‍ തുടങ്ങിയത്. സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാരോഗ്യപദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിലും ചേരികളിലും മറ്റും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ വെനസ്വേലയിലുണ്ട്. ലാറ്റിനമേരിക്കയുടെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളില്‍ ക്യൂബയ്ക്കൊപ്പം ശക്തമായി നിലയുറപ്പിച്ച നേതാവായിരുന്നു ഷാവേസ്. ആ പാരമ്പര്യംതന്നെ വെനസ്വേല പിന്തുടരുമെന്ന് പുതിയ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയില്‍നിന്ന് നേരിട്ടുള്ള ഉപദേശം സ്വീകരിച്ചാണ് മഡൂറോയും മറ്റ് നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്്. ക്യൂബന്‍ ഡോക്ടര്‍മാര്‍ ഈ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പണ്ട് ഷാവേസിനെതിരെ നടത്തി പരാജയപ്പെട്ട പ്രചാരണമാണിത്. നാലാംവട്ടവും വന്‍ഭൂരിപക്ഷത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സ്ഥാനമേല്‍ക്കാന്‍ കഴിയാതെയാണ് മാര്‍ച്ച് അഞ്ചിന് ഷാവേസ് അന്തരിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യത്തെ നയിക്കാന്‍ മഡൂറോക്ക് പിന്തുണ നല്‍കണമെന്ന് ഡിസംബര്‍ പത്തിന് ക്യൂബയിലേക്ക് ശസ്ത്രക്രിയക്കായി തിരിക്കുംമുമ്പ് ഷാവേസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഷാവേസിനോട് പരാജയപ്പെട്ട മിരാന്‍ഡ ഗവര്‍ണര്‍ ഹെന്‍റിക് കാപ്രിലെസാണ് മഡൂറോക്കെതിരെ പ്രതിപക്ഷസ്ഥാനാര്‍ഥി. മഡൂറോ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment