Wednesday, April 24, 2013
കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം പത്തുവര്‍ഷത്തിനിടെ 336 ശതമാനം വര്‍ധന
ഇന്ത്യയില്‍ കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന സംഭവങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 336 ശതമാനം വര്‍ധനവുണ്ടായി. ഇവയില്‍ നല്ലൊരു പങ്കും നടക്കുന്നത് സര്‍ക്കാരിന്റെ കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ് ഹോമുകളിലാണെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ കാലയളവിനുള്ളില്‍ 48,338 കേസുകളാണ് ഉണ്ടായിട്ടുള്ളതെന്ന് ക്രൈം ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. നടക്കുന്ന മുഴുവന്‍ സംഭവങ്ങളും പലപ്പോഴും പൊലീസിന്റെ അരികിലെത്താറില്ല. ബലാല്‍സംഗമടക്കം പലവിധത്തിലുള്ള ലൈംഗിക പീഡനത്തിന് കുട്ടികള്‍ ഇരയാകുന്നുണ്ട്. ''ജുവനൈല്‍ ജസ്റ്റിസ് ഹോമുകള്‍ കുട്ടികള്‍ക്ക് ഭീകരസ്ഥലം'' എന്ന പേരില്‍ ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് (എ സി എച്ച് ആര്‍) ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടികളുടെ ബലാല്‍സംഗം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് മധ്യപ്രദേശിലാണെന്ന് രേഖപ്പെടുത്തുകയുണ്ടായി. 2001 ല്‍ 390 കേസുകളായിരുന്നത് 2011 ല്‍ 9,465 കേസുകളായി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ 6,868 ഉം ഉത്തര്‍പ്രദേശില്‍ 5,949 ഉം ആന്ധ്രാപ്രദേശില്‍ 3,977 ഉം ഛത്തീസ്ഗഡില്‍ 3,688 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍ 2101 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ നടക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ഹോമുകളിലാണ്. 2011-12 ല്‍ സര്‍ക്കാര്‍ സഹായത്തോടെ 733 ഹോമുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമില്‍പ്പെടുത്തി വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പുനരധിവാസം, സംരക്ഷണം, പരിപാലനം, ഉന്നമനം തുടങ്ങിയവയൊക്കെ ലക്ഷ്യമിട്ട് നടത്തുന്ന ഹോമുകളില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയാകുന്നു എന്നത് ഗൗരവത്തോടെ കാണണമെന്ന് എ സി എച്ച് ആര്‍ ഡയറക്ടര്‍ സുഹാസ് ചക്ക്മ പറഞ്ഞു. എ സി എച്ച് ആര്‍ നടത്തിയ പഠനത്തിലെ 39 കേസുകളില്‍ 11 എണ്ണം സര്‍ക്കാരിന്റെ കീഴിലുളള ഒബ്‌സര്‍വേഷന്‍ ഹോംസ്, ഷെല്‍ട്ടര്‍ ഹോംസ്, അനാഥാലയങ്ങള്‍ എന്നിവയായിരുന്നു. എന്‍ ജി ഒ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് 27 കേസുകള്‍ ഉണ്ടായിട്ടുള്ളത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെയര്‍ടേക്കര്‍മാര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, പാചകക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതികളെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജര്‍മാരും ഉടമകളും സുഹൃത്തുക്കളുമൊക്കെ പ്രതികളാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് കുറ്റക്കാരെന്ന് എ സി എച്ച് ആര്‍ പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ പരിശോധനകളോ റിപ്പോര്‍ട്ട് നല്‍കലോ ഗൗരവമായി ഇവര്‍ കാണുന്നില്ലെന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
janayugom 240413
Subscribe to:
Post Comments (Atom)
No comments:
Post a Comment