Wednesday, April 24, 2013
ഗെയ്ല്‍ ഗര്‍ജിച്ചു
ബംഗളൂരു: ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഇനി വെസ്റ്റിന്‍ഡീസുകാരന്‍ ക്രിസ് ഗെയ്ലിന്റെ പേരില്‍. സിക്സറുകളുടെ പെരുമഴ കണ്ട ഇന്നിങ്സില്‍ കേവലം 30 പന്തുകള്‍ കൊണ്ടായിരുന്നു ഗെയ്ലിന്റെ സെഞ്ചുറി. ഐപിഎല്‍ ക്രിക്കറ്റില്‍ പുണെ വാരിയേഴ്സിനെതിരായ മത്സരത്തിലായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ഈ ഇടങ്കയ്യന്റെ ഗംഭീര പ്രകടനം. ഓപ്പണറായി ഇറങ്ങിയ ഗെയ്ല്‍ 66 പന്തില്‍ 175 റണ്ണുമായി പുറത്താകാതെനിന്നു. ആകെ 17 സിക്സും 13 ബൗണ്ടറികളും ആ ബാറ്റില്‍നിന്നു പിറന്നു. സ്ട്രൈക് റേറ്റ് 265.15ഉം. ഐപിഎലില്‍ യൂസഫ് പഠാന്റെ പേരിലായിരുന്നു വേഗമേറിയ സെഞ്ചുറി-37 പന്തില്‍നിന്ന്. 2009ല്‍ രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലായിരുന്നു ഇത്. ട്വന്റി-20യിലെ വേഗമേറിയ ശതകം മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിന്റെ പേരിലും-34 പന്തില്‍നിന്ന്. ഐപിഎലില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ (158) പേരിലുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ റെക്കോഡും ഈ മുപ്പത്തിമൂന്നുകാരന്‍ മാറ്റിയെഴുതി.
എല്ലാ റെക്കോഡുകളെയും അപ്രസക്തമാക്കുന്നതായിരുന്നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗെയ്ലിന്റെ വന്യമായ ഇന്നിങ്സ്. മത്സരം തുടങ്ങി 1.2 ഓവര്‍ എത്തിനില്‍ക്കെ മഴപെയ്തു. അപ്പോള്‍ അഞ്ചു പന്തില്‍ എട്ടു റണ്ണുമായി ഗെയ്ല്‍. മഴയ്ക്കുശേഷം കളി തുടങ്ങിയപ്പോള്‍ ഈശ്വര്‍ പാണ്ഡെയുടെ ശേഷിച്ച പന്തുകള്‍ അതിര്‍ത്തിയിലേക്ക് പാഞ്ഞു. രഞ്ജി ട്രോഫി ഈ സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ പാണ്ഡെയുടെ ഐപിഎലിലെ ആദ്യ ഓവറില്‍ പിറന്നത് 21 റണ്‍. 20 റണ്‍ ബൗണ്ടറികളിലൂടെ ഗെയ്ലിന്റെ വക.
പുണെ കാണാനിരിക്കുന്നതേയുണ്ടായുള്ളു, ഗെയ്ലിന്റെ വെടിക്കെട്ട്. മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അഞ്ചാമത്തെ ഓവര്‍. ആദ്യപന്തില്‍ മത്സരത്തിലെ ഗെയ്ലിന്റെ ആദ്യ സിക്സര്‍ പറന്നു. തൊട്ടുപിന്നാലെ മറ്റൊന്നുകൂടി. ഒരു ബൗണ്ടറിയും രണ്ടു സിക്സുംകൂടി ആ ഓവറില്‍ പാഞ്ഞു. ഗെയ്ലിന് 17 പന്തില്‍ 50. നാലു സിക്സ്, ആറു ബൗണ്ടറി. ഫീല്‍ഡര്‍മാര്‍ കാണികളും, കാണികള്‍ ഫീല്‍ഡര്‍മാരുമായി പിന്നീട്. നിന്നനില്‍പ്പില്‍ ഗെയ്ല്‍ തൊടുത്ത സിക്സറുകള്‍ സ്റ്റേഡിയത്തിന് അകത്തേക്കും പുറത്തേക്കും പായിച്ചപ്പോള്‍ പുണെ ഫീല്‍ഡര്‍മാര്‍ക്ക് മുകളിലേക്ക് നോക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ചില സിക്സുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഭീമന്‍ മേല്‍ക്കൂരയില്‍ താമസമാക്കിയപ്പോള്‍ ഇടയ്ക്കിടെ പുതിയ പന്തുമെടുക്കേണ്ടിവന്നു അമ്പയര്‍മാര്‍ക്ക്. സെഞ്ചുറിയിലേക്ക് പിന്നെ വേണ്ടിവന്നത് വെറും 13 പന്തുകള്‍ മാത്രം. 11 സിക്സും എട്ടു ബൗണ്ടറികളും അകമ്പടി ചാര്‍ത്തി വിന്‍ഡീസുകാരന്‍ ആക്രമണ ബാറ്റിങ്ങിന്റെ എല്ലാ സൗന്ദര്യവും കാണിച്ച് സെഞ്ചുറി തികച്ചു. അശോക് ദിന്ദയുടെ ഫ്രീഹിറ്റ് പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലെത്തിച്ചായിരുന്നു ഗെയ്ലിന്റെ ആഘോഷം.
സെഞ്ചുറി തികച്ചതിനുശേഷം പുണെ ബൗളര്‍മാരോട് വിന്‍ഡീസുകാരന്‍ അല്‍പ്പം ദയ കാണിച്ചു. സെഞ്ചുറിയുടെ ക്ഷീണം മാറിയപ്പോള്‍ വീണ്ടും കൊടുങ്കാറ്റ്. 15-ാം ഓവര്‍ എറിയാനെത്തിയ അലി മുര്‍ത്തസയെ 28 റണ്ണിനായിരുന്നു ശിക്ഷിച്ചത്. മൂന്നു സിക്സും രണ്ടു ബൗണ്ടറിയും. ഇതിനിടെ 53 പന്തില്‍ 150ഉം ഈ ജമൈക്കക്കാരന്റെ പേരില്‍കുറിച്ചു. ഗെയ്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍. ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. കെനിയക്കെതിരെ ശ്രീലങ്ക നേടിയ 260 റണ്ണിനെ ബാംഗ്ലൂര്‍ മറികടന്നു.
എട്ടു പന്തില്‍ 33 റണ്ണെടുത്ത എ ബി ഡിവില്ലിയേഴ്സായിരുന്നു അവസാന ഘട്ടത്തില്‍ ഗെയ്ലിനൊപ്പം കത്തിക്കാളിയത്. പുണെയ്ക്കായി നാല് ഓവറില്‍ 26 വഴങ്ങി ഒരു വിക്കറ്റെടുത്ത ലൂക്ക് റൈറ്റ് മാത്രമാണ് പിടിച്ചുനിന്നത്. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഭുവനേശ്വര്‍ നാല് ഓവറില്‍ 23 റണ്‍ മാത്രം വിട്ടുകൊടുത്ത് ഗെയ്ല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. ഈശ്വര്‍ പാണ്ഡെ 33 (2), ദിന്ദ 48 (4), മിച്ചല്‍ മാര്‍ഷ് 56 (3), മുര്‍ത്താസ 45 (2), ആരോണ്‍ ഫിഞ്ച് 29 (1) എന്നിവരെ ഗെയ്ല്‍ വശംകെടുത്തി. മത്സരത്തില്‍ ബാംഗ്ലൂര്‍ 130 റണ്ണിന് ജയിച്ചു. പുണെയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു വിക്കറ്റെടുത്ത് ബൗളറായും ഗെയ്ല്‍ തിളങ്ങി.
deshabhimani 240413
Subscribe to:
Post Comments (Atom)
No comments:
Post a Comment