Monday, April 22, 2013

മന്ത്രി ഷിബു നരേന്ദ്രമോഡിയെ കണ്ടത് രാഷ്ട്രീയബാന്ധവത്തിന്: പിണറായി


മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ പോയത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൗത്യവുമായിട്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തില്‍ വോട്ടുകച്ചവടം നടത്തുന്ന പാര്‍ടിയാണ് ബിജെപി. അത് അവരുടെ നേതാക്കള്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളാണ് വോട്ട് കച്ചവടത്തിന് നേതൃത്വംകൊടുത്തിരുന്നത്. നരേന്ദ്രമോഡിയെ ഷിബുബേബി ജോണ്‍ പോയി കാണുന്നത് കേവലമായ കാഴ്ചയല്ല. മുമ്പത്തേപോലെ വോട്ടുനേടാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിക്കാനും ബിജെപിയെ ആ നിലയിലേക്ക് എത്തിക്കാനുമാണ്. അതുകൊണ്ടാണ് ചര്‍ച്ചയുടെ കാര്യം തുറന്ന് പറയാത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഉമ്മന്‍ചാണ്ടി ഇത്തരം രാഷ്ട്രീയ ബാന്ധവത്തിന് ഒരുങ്ങുന്നത്. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് എന്ത് കാര്യം. ഷിബുബേബി ജോണിനെ ഈ കാര്യങ്ങള്‍ ഏല്‍പ്പിച്ചതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി വഴുതി കളിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അനുവാദമില്ലാതെ ഒരു മന്ത്രിയും ഇത് ഏറ്റെടുക്കില്ലെന്ന് ആര്‍ക്കും അറിയാം. ഇതിനെതിരെ ജാഗ്രതപാലിക്കണമെന്ന് പിണറായി പറഞ്ഞു. സിപിഐ എം പന്തളം ഏരിയകമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിലും അടൂരില്‍ നടന്ന നിര്‍മാണത്തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തിലോ മറ്റെവിടെയെങ്കിലുംവച്ചോ അവിചാരിതമായി കണ്ടതല്ല; നേരത്തെ തയ്യാറാക്കിയ പരിപാടിയുടെ ഭാഗമായാണ് ഷിബു മോഡിയെ കണ്ടത്. മുഖ്യമന്ത്രി പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ തന്റെ ദൗത്യങ്ങള്‍ ചിലരെ ഏല്‍പ്പിക്കാറുണ്ട്. നേരത്തെ ചീഫ്വിപ്പ് പി സി ജോര്‍ജിനെയായിരുന്നു ഇത്തരം ദൗത്യങ്ങള്‍ ഏല്‍പ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട ഒരുകേസില്‍, ആ കോടതിയിലെ ജഡ്ജിനെക്കൊണ്ട് കേസെടുക്കാതിരിക്കത്തക്ക രീതിയില്‍ പി സി ജോര്‍ജ് തടഞ്ഞു. ഗണേശിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ദൗത്യവുമായി പോയത് ഷിബു ബേബി ജോണാണ്. മധ്യസ്ഥതയുടെ ഭാഗമായിട്ടാണ് പോയതെന്നാണ് പറഞ്ഞത്. ഇത്തരം ചില അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഷിബുബേബിജോണിനെ ഏല്‍പ്പിക്കാമെന്ന ധാരണയില്‍ മുഖ്യമന്ത്രി എത്തിയതാവാം. നരേന്ദ്രമോഡിയും ഷിബു ബേബിയും ഒരേ പാര്‍ടിക്കാരല്ല, ഒരേ ചിന്താഗതിക്കാരുമല്ല.

ആദ്യം പറയാന്‍ ശ്രമിച്ചത് ഗുജറാത്തിന്റെ വികസനമാതൃകയേ പറ്റിയാണ്. കേരളത്തിന്റെ വികസന മാതൃകയേക്കാള്‍ വലുതാണോ ഗുജറാത്തിന്റെ വികസനം. കേരളത്തിന്റെ വികസനമാതൃകയെ കവച്ചുവയ്ക്കാന്‍ ഏതെങ്കിലും സംസ്ഥാനത്തിന് ആയിട്ടുണ്ടോ. അതുമനസ്സിലാക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനായിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിനൊപ്പം നില്‍ക്കാന്‍ ഗുജറാത്തിനായിട്ടുണ്ടോ. കേരളത്തിന്റെ നിലവാരം തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജാതിരഹിത-മതനിരപേക്ഷ സമൂഹത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജാതിമതശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ കൂടെ നില്‍ക്കുകയാണ് യുഡിഎഫ്. ഷിബു ബേബി ജോണ്‍ നരേന്ദ്രമോഡിയെ കാണാന്‍ പോയത് മതനിരപേക്ഷ കേരളം ശക്തമായി എതിര്‍ക്കുന്നു. എസ്എന്‍ഡിപി നേതാവിന്റെ പ്രതികരണം അത് സ്വാഭാവിക നടപടി അല്ലേ എന്നായിരുന്നു. അതിന്റെ പിന്നിലുള്ള വികാരം വ്യക്തമാക്കുന്നത് ഇവര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുന്നവരാണെന്നാണ്.

deshabhimani 220413

No comments:

Post a Comment