Tuesday, April 23, 2013
ശിവഗിരി തീര്‍ഥാടനത്തെ ബി ജെ പി ഹിന്ദുത്വവല്‍ക്കരിക്കുന്നു
നവോത്ഥാന നായകനായ ശ്രീനാരായണഗുരുദേവന്‍ പഞ്ചശുദ്ധിയോടെ നടത്താന്‍ കല്‍പ്പിച്ച ശിവഗിരി തീര്‍ഥാടനത്തെ ഹൈന്ദവവല്‍ക്കരിച്ച് അശുദ്ധമാക്കാന്‍ ബി ജെ പി നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ ശ്രീനാരായണീയരില്‍ രോഷം പടരുന്നു.
ഗുജറാത്തിലെ വംശീയഹത്യക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയിലേക്ക് ആനയിക്കാന്‍ ഗൂഢാലോചന നടന്നത് ബി ജെ പിയുടെയും സംഘപരിവാറിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും അകത്തളങ്ങളിലായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞു. ശിവഗിരിയിലെ സ്വാമിമാരെ ചാക്കിട്ട് മോഡിയുടെ ശിവഗിരി എഴുന്നള്ളത്തിന് ചുക്കാന്‍ പിടിച്ചത് ബി ജെ പി നേതാവായ ഒരു മുന്‍ കേന്ദ്രമന്ത്രിയും വിശ്വഹിന്ദുപരിഷത്തിന്റെ ഒരു സംസ്ഥാന നേതാവും ചേര്‍ന്നായിരുന്നു.
തീര്‍ഥാടന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന മോഡിയുടെ വരവറിയിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാമെന്നും ശിവഗിരിയിലെ സന്യാസിമാര്‍ക്ക് ഈ ബി ജെ പി-വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ലക്ഷക്കണക്കിന് ബഹുവര്‍ണ്ണ പോസ്റ്ററുകളും ഫഌക്‌സ്‌ബോര്‍ഡുകളും നാടെമ്പാടും നിരന്നുകഴിഞ്ഞു. സംസ്ഥാന ബി ജെ പിക്ക് ഇതിനുവേണ്ടി ഗുജറാത്തിലെ ബി ജെ പി ഘടകം ദശലക്ഷങ്ങളുടെ ഫണ്ട് എത്തിച്ചുവെന്നും പറയപ്പെടുന്നു. വരുംനാളുകളില്‍ മോഡിക്ക് സ്വാഗതമോതുന്ന കമാനങ്ങള്‍ ശിവഗിരിയിലും സംസ്ഥാനത്തെ നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥാപിക്കുന്നതും ബി ജെ പിയുടെ ചെലവിലായിരിക്കും.
ഇതിനകം സാര്‍വത്രികമായി പ്രചരിപ്പിച്ചുകഴിഞ്ഞ മോഡിയുടെ കൂറ്റന്‍ ചിത്രം നിറഞ്ഞുനില്‍ക്കുന്ന പോസ്റ്ററില്‍ നരേന്ദ്രമോഡിക്ക് ശിവഗിരിയിലേക്ക് സ്വാഗതം എന്നെഴുതിയിട്ടുണ്ട്. ബി ജെ പിയുടെ പേരില്‍തന്നെയാണ് പോസ്റ്റര്‍. കോട്ടയം നാഗമ്പടം ക്ഷേത്രവളപ്പില്‍ നിന്നും ഗുരുദേവന്റെ ആഹ്വാനപ്രകാരം ഇലവുംതിട്ട രാഘവനടക്കമുള്ള അഞ്ചു തീര്‍ഥാടകര്‍ ശിവഗിരിയിലേക്ക് ആദ്യതീര്‍ഥാടനം നടത്തിയതുമുതല്‍ ഇതുവരെ തീര്‍ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടേയില്ല. ശിവഗിരിയില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പൊലീസ് നരനായാട്ടിനുശേഷം നടന്ന തീര്‍ഥാടന മഹോത്സവം പോലും രാഷ്ട്രീയം തീണ്ടാതെയാണ് കടന്നുപോയത്.
എന്നാല്‍ പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ ബി ജെ പി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ അദ്ദേഹത്തെ ശിവഗിരിയിലേക്ക് ക്ഷണിച്ചത് മതാതീത ആത്മീയതയുടെ പ്രതീകമായ മഹത്തായ ശിവഗിരി തീര്‍ഥാടനത്തെ കാവിക്കുപ്പായമണിയിച്ചു ഹൈന്ദവവല്‍ക്കരിക്കാനാണെന്ന ആരോപണവും ശ്രീനാരായണീയര്‍ക്കിടയില്‍ സാര്‍വത്രികമായിട്ടുണ്ട്.
വിവാദത്തിരയിളക്കിയ മോഡി-ഷിബു ബേബിജോണ്‍ കൂടിക്കാഴ്ചയും ഈ ബി ജെ പി-സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മോഡി ദര്‍ശനത്തിനുമുമ്പ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും മന്ത്രി ഷിബുവും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടാല്‍ അതൊന്നും വകവയ്ക്കാതെ ശിവഗിരിയിലെത്തണമെന്ന് സര്‍ക്കാര്‍ പ്രതിനിധിയായി മോഡിയോട് അഭ്യര്‍ഥിക്കാനുള്ള ദൗത്യവും മന്ത്രി ഷിബുവിനെ മുരളീധരന്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിവായി.
കൂടിക്കാഴ്ച വേളയില്‍ ബി ജെ പിയുടെ ഈ സന്ദേശം മന്ത്രിയെന്ന നിലയില്‍ത്തന്നെ ഷിബു മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കൈമാറി ശിവഗിരി സന്ദര്‍ശനം ഉറപ്പാക്കിയത്രെ. മോഡിയും ഷിബുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അന്നുതന്നെ വി മുരളീധരനെ മന്ത്രി ഷിബു അറിയിച്ചുവെന്ന വെളിപ്പെടുത്തലും മുരളീധരന്‍ വിരുദ്ധ ബി ജെ പി ക്യാമ്പില്‍ നിന്നും പുറത്തുവരുന്നുണ്ട്. ഇരുവരുടേയും മൊബൈലുകള്‍ പരിശോധിച്ചാല്‍ മോഡിയെ ശിവഗിരിയില്‍ എഴുന്നെള്ളിക്കാനുള്ള ഗൂഢാലോചനയില്‍ ഷിബുവിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അനാവരണം ചെയ്യപ്പെടുമെന്നും ഇതേ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നു.
കെ രംഗനാഥ് janayugom 230413
Labels:
ബിജെപി,
രാഷ്ട്രീയം,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment