വാഷിങ്ടണ്‍: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അമേരിക്കന്‍ വിദേശവകുപ്പിന്റെ റിപ്പോര്‍ട്ട് 2002ലെ വംശഹത്യയെ പരാമര്‍ശിച്ചാണ് ഈ വിമര്‍ശം. ആയിരത്തിയിരുനൂറോളം പേര്‍ കൊല്ലപ്പെട്ട വംശഹത്യക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ്ചെയ്യാനും നരേന്ദ്രമോഡി സര്‍ക്കാര്‍ തയ്യാറായില്ലെന്ന് "കണ്‍ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ് ഫോര്‍ 2012" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി മോഡിക്ക് അനുകൂലമായി പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് അന്വേഷണസംഘങ്ങള്‍ നല്‍കിയതെന്ന് ആക്ഷേപമുണ്ട്. നിരവധി കോടതികളില്‍ നിലവിലുള്ള കേസുകളില്‍ പുരോഗതിയുണ്ടെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടില്‍ ആശങ്ക തുടരുകയാണ്- റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് 60 പേജുള്ള അധ്യായത്തില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ഏറ്റവും പ്രധാന മനുഷ്യാവകാശ പ്രശ്നമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് പൊലീസിന്റെയും സുരക്ഷാസേനയുടെയും ക്രൂരത, പീഡനം, ബലാത്സംഗം എന്നിവയാണ്. സര്‍ക്കാരിന്റെ എല്ലാ തലത്തിലും വ്യാപകമായ അഴിമതി നീതിനിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. വിഘടനവാദവും തീവ്രവാദവും സാമൂഹിക സംഘര്‍ഷങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
deshabhimani
No comments:
Post a Comment