രമ്യമായ ഒത്തുതീര്‍പ്പ് ഉറപ്പുനല്‍കി ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയെ ചതിയില്‍പ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ അവരെ കുറ്റവാളിയുമാക്കി. ഗണേശിനെ പുറത്തുനിന്ന് ആരും മന്ത്രിവസതിയില്‍ കയറി തല്ലിയിട്ടില്ലെന്ന പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി തിങ്കളാഴ്ച നിയമസഭയില്‍ ആവര്‍ത്തിച്ച മുഖ്യമന്ത്രി, തല്ലിയത് യാമിനിയാണെന്ന ഗണേശിന്റെ വാദം സാധൂകരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇടയ്ക്കിടെ അവകാശപ്പെടുന്ന മുഖ്യമന്ത്രിയാണ് ഗാര്‍ഹികപീഡന കേസിലെ ഇരയെ ക്രിമിനല്‍ക്കേസില്‍ കുടുക്കിയത്.
പതിനാറുവര്‍ഷം സഹിച്ചശേഷം ഗത്യന്തരമില്ലാതെ എല്ലാം തുറന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പൊട്ടിക്കരഞ്ഞ യാമിനി പൊലീസിന് പരാതി നല്‍കിയത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കപടമുഖമാണ് യഥാര്‍ഥത്തില്‍ യാമിനി പിച്ചിച്ചീന്തിയത്. തന്നെ പരിക്കേല്‍പ്പിച്ചത് യാമിനിയാണെന്ന ഗണേശന്റെ പരാതി അംഗീകരിച്ചാണ്, മറ്റാരും തല്ലിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞത്. നേരത്തെ മുഖ്യമന്ത്രി വാദിച്ചത് ഗണേശിന് അടി കിട്ടിയ സംഭവമേയില്ല എന്നാണ്. ഇപ്പോള്‍ പുറത്തുനിന്ന് വന്ന ആരും തല്ലിയില്ല എന്നായി. നിയമം നിയമത്തിന്റെ വഴിക്കല്ല, ഗണേശ് പറയുന്ന വഴിക്ക് പോകണമെന്ന സന്ദേശമാണ് ഇതുവഴി മുഖ്യമന്ത്രി പൊലീസിന് നല്‍കിയത്. അത് അധികം വൈകാതെ കൂടുതല്‍ വ്യക്തമായി.
രണ്ടുപേര്‍ക്കും പരാതിയുണ്ട്, രണ്ടുംപേരും അന്വേഷണം ആഗ്രഹിക്കുന്നു, നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പിന്നാലെ വന്നു. നിരന്തരം ഭാര്യയെ തല്ലുകയും ഭാര്യയില്‍നിന്ന് തല്ല് വാങ്ങുകയും ചെയ്യുന്ന ഒരാളെ മന്ത്രിയായി വാഴിക്കാനും എല്ലാ തെറ്റുകളും ന്യായീകരിക്കാനും ഒരു ലജ്ജയുമില്ല മുഖ്യമന്ത്രിക്ക്. ഗണേശിനെ അച്ഛന്‍ ബാലകൃഷ്ണപിള്ളവരെ തള്ളിപ്പറഞ്ഞിട്ടും മുഖ്യമന്ത്രി ചിറകിലൊതുക്കി കാത്തു. മുഖ്യമന്ത്രി കൂടെയുണ്ടെന്ന അഹങ്കാരമാണ് ഗണേശിനെന്ന് ബാലകൃഷ്ണപിള്ള പലതവണ പറഞ്ഞിട്ടുണ്ട്.
യാമിനിയുടെ കണ്ണുനീരിനെ നിസ്സാരമായാണ് മുഖ്യമന്ത്രി പരിഹസിച്ചുതള്ളിയത്. കരാറുണ്ടാക്കി അവസാനഘട്ടത്തില്‍ യാമിനി പിന്മാറിയതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി വാദിക്കുന്നു. അത് യഥാര്‍ഥത്തില്‍ ഗണേശിന്റെതന്നെ വാദമാണ്. പരാതി കൊടുത്തപ്പോള്‍ വാങ്ങാതിരിക്കുകയും എല്ലാം ശരിയാക്കാമെന്ന് വിശ്വസിപ്പിക്കുകയും പിന്നീട് പരാതിയില്ലെന്ന് എഴുതിവാങ്ങി നിയമസഭയില്‍വച്ച് ഗണേശിനെ വിശുദ്ധനാക്കുകയും ചെയ്ത കുരുട്ടുബുദ്ധിക്കാരനായി മുഖ്യമന്ത്രി മാറി. ഗണേശിന് മറ്റു സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നും യാമിനി പരാതിപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗികവസതി ഉള്‍പ്പെടെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായും യാമിനി പരാതിപ്പെട്ടിട്ടുണ്ട്. മന്ത്രിമന്ദിരം അവിഹിതബന്ധങ്ങള്‍ക്കുള്ള താവളമാക്കിയെന്ന് പരാതി ഉയര്‍ന്നിട്ടും ഉമ്മന്‍ചാണ്ടിക്ക് കൂസലില്ല.
(കെ എം മോഹന്‍ദാസ്)
കേസ് യാമിനിക്ക് എതിരെ
തിരു: കെ ബി ഗണേശ്കുമാറിനെതിരെ പരാതി നല്‍കിയ ഭാര്യ ഡോ. യാമിനി തങ്കച്ചിക്കെതിരെ പൊലീസ് കേസെടുത്തു. യാമിനിക്കെതിരെ കഴിഞ്ഞ ദിവസം കുടുംബക്കോടതിയില്‍ ഗണേശ് കുമാര്‍ കേസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് യാമിനിക്കെതിരെ കേസെടുത്തത്. ആയുധം ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍ (ഐപിസി 324), മരണഭയം ഉണ്ടാവുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍506(2) എന്നിവയാണ് യാമിനിക്കെതിരെ ചുമത്തിയ കുറ്റം.
നേരത്തെ, മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ യാമിനി എത്തിയപ്പോള്‍ അദ്ദേഹം അത് കൈപ്പറ്റാതെ സൂത്രത്തില്‍ മടക്കി അയച്ചിരുന്നു. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് പറഞ്ഞാണ് മടക്കി അയച്ചത്. എന്നാല്‍, മുഖ്യമന്ത്രിയില്‍നിന്നു യാമിനിക്ക് നീതി ലഭിച്ചില്ല. എല്ലാം പരിഹരിക്കാമെന്നും കരാര്‍ രൂപപ്പെടുത്താമെന്നും പറഞ്ഞ് പരാതിയില്‍നിന്ന് യാമിനിയെ പിന്തിരിപ്പിച്ചശേഷമാണ് ഗണേശിന് ആദ്യം കുടുംബക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി അവസരം ഒരുക്കിയത്. ഗണേശ്കുമാര്‍ തന്നെ ഭീകരമായി മര്‍ദിക്കുകയും തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും കഴുത്ത് പിടിച്ച് ഞെക്കുകയുംചെയ്തതായി യാമിനി പരാതിയില്‍ പറഞ്ഞിരുന്നു. ദേഹമാസകലം ഇടിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ മുന്നില്‍വച്ച് പലതവണ ഗണേശ് മര്‍ദിച്ചു. ഭര്‍ത്താവ് തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ട്. തികഞ്ഞ ക്രിമിനല്‍സ്വഭാവമുള്ള ഗണേശ് വൈരാഗ്യബുദ്ധിയോടെ എന്തെങ്കിലും ചെയ്യുമെന്നും ഭയക്കുന്നു. മുഖ്യമന്ത്രി ഇടപെട്ട് തന്റെയും മക്കളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും യാമിനി ആവശ്യപ്പെട്ടിരുന്നു. തന്നെ വകവരുത്താന്‍ ഗണേശ് ശ്രമിച്ചതായി യാമിനി പരാതിപ്പെട്ടിട്ടും വധശ്രമത്തിനോ മാരകമായി മുറിവേല്‍പ്പിച്ചതിനോ പൊലീസ് കേസ് എടുത്തില്ല.
അതേസമയം ഗണേശിനെതിരെ സ്ത്രീപീഡനം സംബന്ധിച്ച് (498 എ) കേസെടുത്തെങ്കിലും അവിടെയും ഒത്തുകളിയുണ്ടായി. ജാമ്യമില്ലാ വകുപ്പാണിത്. കേസെടുത്താല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം. മന്ത്രിസ്ഥാനം രാജിവച്ച ഗണേശ് ചൊവ്വാഴ്ച പകല്‍ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉണ്ടായിട്ടും അറസ്റ്റുണ്ടായില്ല. അന്വേഷണത്തിന് കൊല്ലത്തുനിന്നുള്ള സ്വന്തക്കാരെ നിയോഗിച്ച് അറസ്റ്റ് ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. ഗണേശിനെതിരെ സ്ത്രീപീഡനം(498 എ), മര്‍ദിച്ച് മുറിവേല്‍പ്പിക്കല്‍(323), അന്യായ തടങ്കല്‍(341) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇരുകേസിന്റെയും പ്രഥമവിവര റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കൊല്ലം എസ്പി ഉമ ബെഹ്റ, ഡിവൈഎസ്പി രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
മുഖ്യമന്ത്രി രാജിവയ്ക്കണം: പിണറായി
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. യാമിനി തങ്കച്ചി ഗണേശ്കുമാറിനെതിരെ നല്‍കിയ പരാതി തിരിച്ചുകൊടുത്തതിലൂടെ മുഖ്യമന്ത്രി ക്രിമിനല്‍കുറ്റമാണ് ചെയ്തത്. മുഖ്യമന്ത്രിയെ പിതൃതുല്യനായി കാണുന്നുവെന്നാണ്് യാമിനി പറഞ്ഞത്. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിച്ചാണ് അവര്‍ അങ്ങനെ വിശേഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം. ഗണേശ്കുമാറിന് പൊതുപ്രവര്‍ത്തകനായി തുടരാന്‍ അര്‍ഹതയില്ലെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.
നിയമസഭ സ്തംഭിച്ചു
തിരു: മന്ത്രി ഗണേശ്കുമാറിനായി സ്ത്രീയുടെ അവകാശം നിഷേധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവച്ചെങ്കിലും ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. ഇതിനിടെ ഗണേശ്കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു.
ഉമ്മന്‍ചാണ്ടി രാജിവെക്കണം: ഡിവൈഎഫ്ഐ നിയമസഭാമാര്‍ച്ച് നടത്തി
തിരു: യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ഗണേശിനെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നിയമസഭാകവാടത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭാര്യയെ പീഡിപ്പിച്ച സ്വന്തം സഹപ്രവര്‍ത്തകനായ മന്ത്രിക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി നാണം കെട്ട നിലപാടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. പരാതി വാങ്ങാന്‍പോലും കൂട്ടാക്കാതെ പ്രശ്നം താന്‍ പരിഹരിക്കാമെന്ന് അറിയിച്ചു തിരിച്ചുവിട്ടു. രാഷ്ട്രപതി ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം ഗണേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നതിനു പകരം രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേരളത്തിലെ പെണ്ണുങ്ങളുടെ മാനത്തിന് വില നല്‍കുന്നുവെങ്കില്‍ ഗണേശിനെ അറസ്റ്റു ചെയ്ത് ജയിലിലിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
deshabhimani 030413
No comments:
Post a Comment