പ്രചാരണങ്ങളാലും അലങ്കാരങ്ങളാലും കണ്ണൂര്‍ ചുവപ്പണിഞ്ഞ് നില്‍ക്കുകയാണ്. വൈവിധ്യമാര്‍ന്ന പ്രചാരണ മാതൃകകള്‍ പരീക്ഷിച്ച സമ്മേളനം കണ്ണൂരിന് വലിയ ആവേശമാണ് സമ്മാനിച്ചത്. സമ്മേളനത്തിന് അനുബന്ധമായി അഞ്ചുദിവസമായി പൊലീസ് മൈതാനിയില്‍ നടക്കുന്ന ചരിത്ര പ്രദര്‍ശനം ഇന്ത്യയിലെ തൊഴിലാളികളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ്. ആയിരക്കണക്കിനാളുകളാണ് ചരിത്ര പ്രദര്‍ശനത്തില്‍ കാഴ്ചക്കാരായി എത്തുന്നത്. ദൃശ്യ- ശ്രവ്യ സങ്കേതങ്ങള്‍ സമന്വയിപ്പിച്ച പ്രദര്‍ശനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ സമ്മേളനത്തിന്റെ റാലി വിജയിപ്പിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തൊഴിലാളി കേന്ദ്രങ്ങളില്‍ അവസാനവട്ട സ്ക്വാഡ് പ്രവര്‍ത്തനം ഉള്‍പ്പടെ അവസാനഘട്ടത്തിലാണ്.
സിഐടിയു ദേശീയ സമ്മേളനം: കയ്യൂരില്‍ കൊടിമരം ഒരുങ്ങുന്നു
ചെറുവത്തൂര്‍: സിഐടിയു ദേശീയ സമ്മേളനത്തിന് വിപ്ലവ മണ്ണില്‍ കൊടിമരം ഒരുങ്ങുന്നു. പൊതുസമ്മേളന നഗരിയില്‍ ചെമ്പതാക ഉയര്‍ത്താനുള്ള കൊടിമരമാണ് കയ്യൂരിന്റെ മണ്ണില്‍ ഒരുങ്ങുന്നത്. നിറഞ്ഞ മനസോടെ കൊടിമരത്തിനുള്ള മരം നല്‍കിയത് കര്‍ഷക കുടുംബത്തിലെ അംഗമായ ചെറിയാക്കരയിലെ സി സരസ്വതിയാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കാവലാളായ സിഐടിയു പ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനം കണ്ണൂരിന്റെ മണ്ണിനെ കൂടുതല്‍ ചുവപ്പിക്കുമ്പോള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കഴുമരമേറിയ കയ്യൂരിന്റെ ധീരസഖാക്കളുടെ നാട്ടില്‍നിന്നെത്തുന്ന കൊടിമരം തലയുയര്‍ത്തി നില്‍ക്കും.
ധീര വിപ്ലവകാരികളുടെ ഓര്‍മകള്‍ ജ്വലിക്കുന്ന മണ്ണില്‍നിന്ന് കൊടിമരം കൊണ്ടുപോകുമ്പോള്‍ അത് തന്റെ പറമ്പില്‍ നിന്നാകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു സിപിഐ എം ചെറിയാക്കര മീത്തല്‍ ബ്രാഞ്ചംഗവും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായ സി സരസ്വതിയും കുടുംബവും. കൊടിമരം ഒരുങ്ങുന്നത് തവിടി മരത്തിലാണ്. കൊടിമരത്തിന്റെ മിനുക്കുപണികള്‍ നടത്തുന്നത് ടി വി ബാബു, കെ ബാലകൃഷ്ണന്‍, അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍. ചിത്രപ്പണി നിര്‍വഹിക്കുന്നത് വേണുഗോപാല്‍ ചായ്യോത്താണ്. കൊടിമര ജാഥ മൂന്നിന് രാവിലെ 9.30ന് കയ്യൂരില്‍ നിന്നാരംഭിക്കും. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായരില്‍നിന്ന് സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ കൊടിമരം ഏറ്റുവാങ്ങും.
റാലിയില്‍ കുടുംബസമേതം
കണ്ണൂര്‍: മുഴുവന്‍ പെട്രോള്‍ പമ്പ്, പാചകവിതരണ തൊഴിലാളികളും കുടുംബാംഗങ്ങളും സിഐടിയു സമ്മേളന റാലിയില്‍ അണിനിരക്കണമെന്ന് പെട്രോള്‍ പമ്പ്- പാചകവാതക വിതരണതൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റി യോഗം അഭ്യര്‍ഥിച്ചു. കെ വി രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ പ്രേമരാജന്‍, പി പ്രകാശ്കുമാര്‍, കെ കെ ഉമേശ് ബാബു എന്നിവര്‍ സംസാരിച്ചു.
റാലിയില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും കുടുംബസമേതം പങ്കെടുക്കാന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മോട്ടോര്‍ തൊഴിലാളിയായിരുന്ന എം കെ രാമകൃഷ്ണന്‍ ഒരു മാസത്തെ പിഎഫ് പെന്‍ഷന്‍ തുക സമ്മേളന ഫണ്ടിലേക്ക് സംഭാവന ചെയ്തു. സംഘാടക സമിതി ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ ജയരാജന് രാമകൃഷ്ണന്‍ തുക കൈമാറി. മുഴുവന്‍ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും കുടുംബസമേതം റാലിയില്‍ പങ്കെടുക്കാന്‍ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ തീരുമാനിച്ചു. പി രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ പ്രേമരാജന്‍, എം കെ ഗോപി, കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. പവര്‍ലൂം തൊഴിലാളികളെ കുടുംബസമേതം പങ്കെടുപ്പിക്കാന്‍ ജില്ലാ പവര്‍ലൂം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മാവള്ളി രാഘവന്‍, എ വിനോദ്, പി ശ്രീനിവാസന്‍, ഒ വി വിജയന്‍, സി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനം തീരുംവരെ ഓട്ടോകളില്‍ ചെങ്കൊടി
കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുക ചെങ്കൊടി കെട്ടി. ഓട്ടോ ലേബര്‍ യൂണിയന്‍ പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകളാണ് സിഐടിയു പതാകയുമായി ഓടുക. പ്രചാരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച പകല്‍ 11ന് സ്വാഗതസംഘം ഓഫീസ് പരിസരത്ത് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍ നിര്‍വഹിക്കും.
deshabhimani 020413
No comments:
Post a Comment