Tuesday, April 23, 2013
കേരളയാത്രയുടെ പേരില്‍ വന്‍ പണപ്പിരിവ്
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരളയാത്രക്ക് ജില്ലയില്‍ വന്‍ പണപ്പിരിവ്. മൂന്നരക്കോടി രൂപയാണ് കോണ്‍ഗ്രസുകാര്‍ യാത്രയുടെ പേരില്‍ സമാഹരിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനത്തിനിടയില്‍ ചെന്നിത്തലക്ക് നേരിട്ട് അമ്പതുലക്ഷം രൂപയാണ് കൈമാറുക. കെപിസിസി വിഹിതമെന്ന പേരിലാണിത്. രണ്ടാഴ്ചയായി ഫണ്ട് സമാഹരണയജ്ഞത്തിലാണ് നേതാക്കളെല്ലാം. പ്രത്യേക റസീറ്റടിച്ചാണ് പിരിവ്. അതേസമയം കെപിസിസി-ഡിസിസി ഭാരവാഹികളടക്കം റസീറ്റില്ലാതെയും പണം വാങ്ങുന്നുണ്ടൈന്ന് ആക്ഷേപമുണ്ട്. ഭരണസ്വാധീനമുപയോഗിച്ചാണ് പിരിവ്. വ്യാപാര-വ്യവസായ പ്രമുഖരെ നേരിട്ട് കണ്ടാണ് നേതാക്കളുടെ പണസമാഹരണം. ഹോട്ടലുടമകളില്‍നിന്നും മറ്റും അഞ്ചുലക്ഷം രൂപവരെ ആവശ്യപ്പെട്ട് ഡിസിസിയിലെ പ്രമുഖര്‍ സമീപിക്കുന്നുണ്ട്. ഫ്ളാറ്റുടമകള്‍, കരാറുകാര്‍ എന്നിവരെയും സമീപിക്കുന്നുണ്ട്.
ജില്ലയിലെ വാര്‍ഡ്, മണ്ഡലം കമ്മിറ്റികള്‍ വഴിയാണ് ഊര്‍ജിത പണപ്പിരിവ്. പഞ്ചായത്തിലെ വാര്‍ഡ് കമ്മിറ്റി പതിനായിരം രൂപയാണ് ശേഖരിക്കേണ്ടത്. ഇത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 45,000 രൂപയാണ്. മുനിസിപ്പാലിറ്റിയില്‍ 20,000വും. പഞ്ചായത്ത് വാര്‍ഡില്‍നിന്നുള്ള പതിനായിരത്തില്‍ മൂവായിരം രൂപ കെപിസിസിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് മാത്രം 36 ലക്ഷം കെപിസിസിക്ക് കിട്ടും. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വിഹിതംകൂടി ചേരുന്നതോടെ 50 ലക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ പണപ്പിരിവിനായി പായുകയാണ് നേതാക്കള്‍. അതേസമയം റസീറ്റില്ലാത്ത പണപ്പിരിവിനാണ് നേതാക്കളില്‍ പലര്‍ക്കും താല്‍പ്പര്യമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
കെപിസിസി ഭാരവാഹിയും ഡിസിസി ഭാരവാഹിയും വന്‍കിട കെട്ടിടനിര്‍മാണക്കമ്പനി ഉടമയെ അടുത്തടുത്ത ദിവസങ്ങളില്‍ഫണ്ടിനായി സമീപിച്ചത് നേതൃതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഡിസിസി പ്രമുഖന്‍ രണ്ടുലക്ഷം ആവശ്യപ്പെട്ടപ്പോള്‍ കെപിസിസി നേതാവ് ഒരുലക്ഷമാണ് ചോദിച്ചത്. ഇതേത്തുടര്‍ന്ന് മൂന്നാമതൊരു നേതാവിനെ കെട്ടിടനിര്‍മാണ കമ്പനി ഉടമ വിവരമറിയിച്ചതോടെയാണ് നേതാക്കളുടെ പണ സമാഹരണത്തിലെ "ആവേശം"പുറത്തറിഞ്ഞത്. യാത്രക്ക് ഫണ്ട് ശേഖരിക്കാത്ത മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭീഷണി ഡിസിസിയും കെപിസിസിയും ഉയര്‍ത്തിയിട്ടുണ്ട്. കൃത്യമായ വിഹിതം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജാഥാ സ്വീകരണകേന്ദ്രത്തില്‍ കൈമാറിയില്ലെങ്കില്‍ മണ്ഡലംകമ്മിറ്റി പിരിച്ചുവിടുമെന്നാണ് ഭീഷണി. നേതൃത്വം പറഞ്ഞ വിഹിതത്തില്‍ കൂടുതലായാല്‍ അതത് കമ്മിറ്റികള്‍ക്കും ഭാരവാഹികള്‍ക്കുമാണ് നേട്ടമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ഡിസിസി ഓഫീസ് വിലയ്ക്കെടുക്കാനായി മൂന്ന് കോടി രൂപ ഡിസിസി സമാഹരിച്ചിരുന്നു. ഇതിന്റെ കണക്ക് ഡിസിസിയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന ആക്ഷേപം പാര്‍ടി നേതൃനിരയിലുണ്ട്. ഐ വിഭാഗമാണ് പ്രധാനമായും ഈ ആക്ഷേപം ഉന്നയിക്കുന്നത്.
deshabhimani 230413
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment