Tuesday, April 23, 2013

ഉത്തരേന്ത്യയില്‍നിന്ന് കൂടുതല്‍ പീഡനവാര്‍ത്തകള്‍


ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മനുഷ്യ മനഃസാക്ഷിയെ നാണിപ്പിക്കുന്ന തരത്തിലുള്ള കൂടുതല്‍ ബലാത്സംഗ വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് അധികവും പീഡനത്തിനിരയാകുന്നത്. വീട്ടമ്മമാര്‍ക്കും വൃദ്ധകള്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കുപോലും പലയിടത്തും രക്ഷയില്ല. പലപ്പോഴും പരാതി നല്‍കാനെത്തുന്നവരോട് കാടത്തപരമായ നയമാണ് പൊലീസ് സ്വീകരിക്കുന്നത്. കേസെടുക്കാന്‍ പൊലീസ് മടികാണിക്കുന്നതിനാല്‍ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ്.

ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതിനു സമാനമായ സംഭവമാണ് മധ്യപ്രദേശിലെ ജെയ്താപുര്‍ ഗ്രാമത്തില്‍ നടന്നത്. നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ജനനേന്ദ്രിയത്തില്‍ തടി കുത്തിക്കയറ്റുകയായിരുന്നു. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ജസാല ഗ്രാമത്തില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബാല്‍ജോറ കശ്യപ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസമിലെ കച്ചാര്‍ ജില്ലയില്‍ ഒമ്പതുവയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കരിംഗഞ്ചിലാണ് സംഭവം. പെച്ചച്ചോറ ഗ്രാമത്തിലെ മുത്തച്ഛന്റെ വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ അജ്ഞാതരായ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിനു സമീപത്തുള്ള തേയിലത്തോട്ടത്തിലെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രാജസ്ഥാനില്‍ ജയ്പുര്‍ ജില്ലയിലെ കനോട്ട പ്രദേശത്ത് മദ്യവയസ്കയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ജഗതാപുര പ്രദേശത്തു താമസിക്കുന്ന മകനെ കാണാന്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാമചന്ദ്ര, ഭീംറാം എന്നിവരെ സ്ത്രീ തിരിച്ചറിഞ്ഞു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശ് മുസാഫര്‍നഗറില്‍ അധ്യാപികമാരായ നാല് സഹോദരിമാരെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൂബ് ഖുറേഷി എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ ബന്ധുവായ യുവാവ് നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. തനിക്ക് 40,000 രൂപ പ്രതിഫലം കിട്ടിയതായും പ്രതി സമ്മതിച്ചു. പാരലല്‍ കോളേജ് അധ്യാപികമാരായ പെണ്‍കുട്ടികള്‍ ഏപ്രില്‍ രണ്ടിന് പരീക്ഷ ജോലിക്കുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കമേര്‍ജഹാന്‍ (26), ആയിഷ (25), ഇഷ (23), സനം (20) എന്നിവരാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ബന്ധുവായ യുവാവ് ഒളിവിലാണ്. നിയമംകൊണ്ടുമാത്രം പീഡനങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തിന്റെയും ജനങ്ങളുടെയും നിലപാട് മാറണമെന്നും അവര്‍ പറഞ്ഞു. ബോളിവുഡ് നടന്മാരും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഓംപുരി, മനോജ് വാജ്പേയ് എന്നിവരാണ് തിങ്കളാഴ്ച സംഭവത്തെ അപലപിച്ചത്. അതേസമയം ഛത്തീസ്ഗഢിലെ കോര്‍ബയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ബഹിഷ്കരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. ബാരഡിമുഡ ഗ്രാമത്തില്‍ മൂന്ന് മാസംമുമ്പ് പീഡിപ്പിക്കപ്പെട്ട കുട്ടിക്കും കുടുംബത്തിനുമെതിരെയാണ് പഞ്ചായത്തിന്റെ വിധി.

deshabhimani 230413

No comments:

Post a Comment