Wednesday, April 24, 2013

സാക്ഷിയുടെ ആര്‍എംപി ബന്ധം വെളിപ്പെട്ടു


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സാക്ഷിയുടെ ആര്‍എംപി ബന്ധം കോടതിയില്‍ വ്യക്തമായി. പ്രോസിക്യൂഷന്‍ രണ്ടാംസാക്ഷി ചോറോട് നാലാം വാര്‍ഡിലെ ടി പി രമേശന്റെ ആര്‍എംപി ബന്ധമാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ തുറന്നുകാട്ടിയത്.

ചോറോട് പഞ്ചായത്ത് നാലാംവാര്‍ഡില്‍ ആര്‍എംപി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സദാശിവന്റെ ബൂത്ത് ഏജന്റായി രമേശന്‍ പ്രവര്‍ത്തിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി. കോടതി സമന്‍സില്‍ രമേശന്‍ ഇട്ട ഒപ്പും തെരഞ്ഞെടുപ്പ് രേഖയിലെ ഒപ്പും ഒന്നാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് രമേശന്‍ അംഗീകരിച്ചില്ല. വോട്ടര്‍പട്ടികയില്‍ തന്റെ പേര് ദിനേശന്‍ എന്നാണെന്ന് രമേശന്‍ ബോധിപ്പിച്ചു. രമേശന്‍ എന്നാണ് ശരിയായ പേര്. ദിനേശന്‍ വിളിപ്പേരാണ്. ദിനേശന്‍ എന്ന പേരില്‍ ആര്‍എംപി സ്ഥാനങ്ങള്‍ വഹിച്ചത് മറച്ചുവയ്ക്കാനാണ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നതെന്ന് പ്രതിഭാഗം വാദിച്ചു. 2010 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സദാശിവന്‍ മത്സരിച്ചത് ഓര്‍മയില്ലെന്നായിരുന്നു സാക്ഷിയുടെ മറുപടി. ബൂത്ത് ഏജന്റുമാരായിരുന്ന മറ്റു പാര്‍ടിക്കാരുടെ പേരുകള്‍ പ്രതിഭാഗം രമേശനോട് വിവരിച്ചെങ്കിലും ഒരാളെയൊഴികെ മറ്റുള്ളവരെ അറിയില്ലെന്നും അവര്‍ ബൂത്ത് ഏജന്റുമാരായിരുന്നില്ലെന്നുമാണ് രമേശന്‍ മൊഴി നല്‍കിയത്.

തന്റെ പേരിലുള്ള വോഡഫോണ്‍ മൊബൈല്‍ കണക്ഷന്‍ പുതുക്കുടി മീത്തല്‍ ധനേഷിന്റെ പേരിലുള്ളതാണ്. മൊബൈല്‍ നമ്പര്‍ പൊലീസിന് പറഞ്ഞുകൊടുത്തിരുന്നു. രണ്ടുവര്‍ഷമായി ഇതേ കണക്ഷന്‍ ഉപയോഗിക്കുന്നു. ധനേഷിന്റെ പേരിലാണ് കണക്ഷനുള്ളതെന്ന് പൊലീസിന് മൊഴി കൊടുത്തിട്ടില്ലെന്ന് രമേശന്‍ ബോധിപ്പിച്ചു. ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സംഭവസ്ഥലത്ത് സാക്ഷി ഇല്ലെന്ന് മനസ്സിലാകുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വന്തം വീട്ടിലും ചന്ദ്രശേഖരന്റെ വീട്ടിലും പരിസരത്തുമാണ് ഉണ്ടായിരുന്നതെന്ന് ബോധ്യപ്പെടുമെന്നും പ്രതിഭാഗം വാദിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം ഒമ്പതുവരെ അച്ഛന്റെ അനിയന്റെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലായിരുന്നുവെന്നാണ് സാക്ഷി ബോധിപ്പിച്ചത്. കൊലയ്ക്കുപയോഗിച്ച വാളുകള്‍ പൊലീസ് കാണിച്ചുതരികയോ തിരിച്ചറിയുകയോ ഉണ്ടായിട്ടില്ലെന്നും സാക്ഷി മറുപടി നല്‍കി. സാക്ഷിയെ പറഞ്ഞുപഠിപ്പിച്ച കളവുകളാണ് മൊഴിനല്‍കുന്നതെന്ന് പ്രതിഭാഗം വാദിച്ചു.

കൊലപാതകം നേരില്‍ കണ്ടുവെന്ന് സ്ഥാപിക്കാന്‍ ഹാജരാക്കിയ രമേശനെ ഫെബ്രുവരി 15ന് പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിഭാഗം ക്രോസ് വിസ്താരത്തിനിടെ ഇയാള്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് വിസ്താരം നിര്‍ത്തിവച്ചു. വിസ്താരം ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. സാക്ഷിയുടെ ചികിത്സാരേഖകള്‍ സ്വീകരിച്ചതായി ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ പുനര്‍വിസ്താരം നടത്തി. കേസ് ഡയറിയിലെ 174 മുതല്‍ 181 വരെയുള്ള സാക്ഷികളെയും 184, 185, 233, 234 സാക്ഷികളെയും ബുധനാഴ്ച വിസ്തരിക്കും.

deshabhimani 240413

No comments:

Post a Comment