സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗിക അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന കുറ്റകൃത്യങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അച്ഛന് കൈക്കൂലി നല്‍കി കേസ് ഒതുക്കാന്‍ പൊലീസ് ശ്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ പ്രതിഷേധിച്ച യുവതിയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചത് ഡല്‍ഹി പൊലീസിന്റെ മനോഭാവം വെളിപ്പെടുത്തുന്നതാണ്. ഡല്‍ഹിയിലെ ക്രമസമാധാനനില ദിനംപ്രതി വഷളാവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാനും യുവാക്കളുടെയും മനുഷ്യാവകാശ സംഘങ്ങളുടെയും ഇടപെടല്‍ ആവശ്യമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം ചെറുക്കാന്‍ കൊണ്ടുവന്ന നിയമത്തില്‍ ജസ്റ്റിസ് വര്‍മ കമീഷന്റെ പല നിര്‍ദേശങ്ങളും ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പരമ്പരാഗതമായി നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ ഇല്ലാതാക്കാന്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസമേഖലയിലെ ഇടപെടലും ആവശ്യമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമക്കേസുകളില്‍ എഫ്ഐആര്‍ തയ്യാറാക്കാന്‍ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ബലാത്സംഗ കേസുകള്‍ സമയബന്ധിതമായി അതിവേഗ കോടതികളിലൂടെ തീര്‍പ്പാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പുനരധിവാസത്തിനും നടപടി വേണം. ഭരണതലത്തിലും പൊലീസിലും ആശുപത്രികളിലും ഇത്തരം കേസുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മെയ് 24നും 25നും മുംബൈയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവതികളുടെ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യും. ഇന്ത്യന്‍ സമൂഹത്തെ ലിംഗവിവേചനത്തില്‍നിന്ന് ഉയര്‍ത്തിക്കൊണ്ട് വരാന്‍ വേണ്ട പ്രവര്‍ത്തനപദ്ധതിക്കും കണ്‍വന്‍ഷന്‍ രൂപം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 240413
No comments:
Post a Comment