Monday, April 1, 2013

ഭാര്യ തല്ലിയെന്ന് മന്ത്രി ഗണേശ്കുമാര്‍


യാമിനി തങ്കച്ചിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേശ്കുമാര്‍ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യ യാമിനി തങ്കച്ചി തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പേഴ്സനല്‍ സ്റ്റാഫിന്റെ മുന്നില്‍ വച്ചുപോലും മര്‍ദ്ദിച്ചു. പരസ്ത്രീബന്ധമാരോപിച്ച് അപമാനിച്ചു. ഇനി തുടര്‍ന്നു പോകാന്‍ കഴിയില്ലെന്ന് ഗണേശ് ഹര്‍ജിയില്‍ പറഞ്ഞു. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളുള്ള തന്റെ ചിത്രങ്ങളും അപേക്ഷയോടൊപ്പം മന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്. രാംകുമാര്‍, അബ്ദുള്‍ കരീം എന്നിവര്‍ മുഖേനയാണ് മന്ത്രി ഹര്‍ജി നല്‍കിയത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ജൂണ്‍ 29 ന് പരിഗണിക്കും.

മുന്‍പും ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് യോജിച്ചു പോവുകയായിരുന്നു. കോടതിക്കു പുറത്ത് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. സ്ത്രീ വിഷയത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് മര്‍ദ്ദനമേറ്റത്. ഭാര്യ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുടുംബകോടതിയില്‍ പരാതി നല്‍കുന്നതും ആദ്യമാണ്. 25 ലക്ഷം വീതം രണ്ടു മക്കള്‍ക്ക് നല്‍കാനും സ്വത്തിന്റെ പകുതി ഭാര്യക്കും മക്കള്‍ക്കും നല്‍കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മക്കളുടെ പേരിലുള്ള തുക ഫിക്സഡ് ഡെപ്പോസിറ്റായി വേണ്ട പണമായി നല്‍കണമെന്ന് യാമിനി ആവശ്യപ്പെട്ടതു കൊണ്ടാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് ഗണേശിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. കാമുകിയുടെ ഭര്‍ത്താവ് ഗണേശിനെ മര്‍ദ്ദിച്ചുവെന്ന് പി സി ജോര്‍ജ് പരസ്യമായി പറഞ്ഞതിനെത്തുടര്‍ന്നാണ്  വിവാദം ഉയര്‍ന്നത്.

അതിനിടെ തിങ്കളാഴ്ച വൈകിട്ടോടെ യാമിനി തങ്കച്ചി പൊലീസ് സംരക്ഷണം തേടി. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

ഗണേശ് കുമാര്‍ രാജി വെക്കണം

തിരു: ലൈംഗിക വിവാദത്തില്‍പ്പെട്ട മന്ത്രി കെ ബി ഗണേശ്കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഘടകകക്ഷികള്‍ രംഗത്തു വന്നു. തിങ്കളാഴ്ച വൈകിട്ട് ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി നടത്തിയ വാര്‍ത്താസമ്മേളനത്തിനുശേഷം ഗണേശ് മുഖ്യമന്ത്രിയെ കണ്ടു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും കേരളകോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരും ഗണേശിന്റെ രാജിയാവശ്യപ്പെട്ടു.

മന്ത്രി 16 വര്‍ഷമായി തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചതായും അവര്‍ തുറന്നടിച്ചു. ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പത്രവാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിവാദത്തിനു തുടക്കം. മര്‍ദ്ദനമേറ്റത് ഗണേശിനാണെന്ന് പി സി ജോര്‍ജ് പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് യാമിനി പരാതി പറഞ്ഞിരുന്നുവെങ്കിലും പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി മുഖ്യമന്ത്രി മടക്കി. ഷിബു ബേബിജോണ്‍ ഇടനിലക്കാരനായി ചര്‍ച്ച നടത്തി വിവാഹമോചനത്തിനുള്ള വ്യവസ്ഥകള്‍ തയ്യാറാക്കി. ഈ വ്യവസ്ഥകള്‍ തെറ്റിച്ചതായി ആരോപിച്ച് തിങ്കളാഴ്ച രാവിലെ ഗണേഷ്കുമാര്‍ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. തന്നെ ഭാര്യ മര്‍ദ്ദിച്ചതായി ചിത്രങ്ങള്‍ സഹിതം ഹര്‍ജി നല്‍കി. ഈ സാഹചര്യത്തിലാണ് യാമിനി മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ഗണേശിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി നല്‍കിയ കത്ത് ഇപ്പോഴും യുഡിഎഫിനു മുന്നിലുണ്ട്. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടിലായത്. യാമിനി തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ കള്ളം ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ സഹപ്രവര്‍ത്തകന്റെ ഭാര്യ നല്‍കിയ പരാതിയില്‍പ്പോലും നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ല.

deshabhimani

No comments:

Post a Comment