Tuesday, April 23, 2013

മെട്രോകള്‍ അടച്ചു


അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്നാംദിവസവും പ്രതിഷേധം തുടര്‍ന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തലസ്ഥാനത്തെ പ്രധാന റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തകരെ തടയാന്‍ കഴിഞ്ഞില്ല. മെട്രോ സര്‍വീസ് ഭാഗികമായി തടഞ്ഞത് ഗതാഗതം പ്രതിസന്ധിയിലാക്കി.

പാര്‍ലമെന്റ് വീഥിയില്‍ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ബാരിക്കേഡുകള്‍ തള്ളിനീക്കിയ സ്ത്രീകള്‍ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനുമുന്നിലേക്ക് തള്ളിക്കയറി. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനുമുന്നിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. ബജറ്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം തടഞ്ഞുനിര്‍ത്തണമെന്ന കണക്കുകൂട്ടലോടെയായിരുന്നു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം. ആയിരക്കണക്കിനുപേര്‍ ഗതാഗതത്തിന് ആശ്രയിക്കുന്ന മെട്രോ സര്‍വീസ് ഭാഗികമായി നിര്‍ത്തി. പാര്‍ലമെന്റ് പരിസരത്തെ റെഡ്ക്രോസ് റോഡ്, റാഫി മാര്‍ഗ്, റയ്സീന റോഡ് എന്നിവിടങ്ങള്‍ പ്രക്ഷോഭകര്‍ കൈയടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇന്ത്യാഗേറ്റിനടുത്തേക്കുള്ള വാഹനഗതാഗതവും നിയന്ത്രിച്ചു.

കഴിഞ്ഞ ഡിസംബറിലുണ്ടായ കൂട്ടബലാത്സംഗത്തെതുടര്‍ന്ന് ഇന്ത്യാഗേറ്റ് പരിസരത്ത് വന്‍തോതില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്നു. കുട്ടിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ യഥാസമയം നടപടിയെടുക്കുന്നതില്‍ ഡല്‍ഹി പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ കേസ് ഇല്ലാതാക്കാന്‍ കുട്ടിയുടെ അച്ഛന് കൈക്കൂലി വാഗ്ദാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തും. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യമെമ്പാടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തന്റെ രാജികൊണ്ട് ബലാത്സംഗംപോലുള്ള ഹീനകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആയിരംവട്ടം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ നീരജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. നീരജ്കുമാറിന്റെ രാജിക്കുവേണ്ടി ബിജെപിയും ആം ആദ്മി പാര്‍ടിയും പ്രക്ഷോഭത്തിലാണ്.

ബലാത്സംഗ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ശനിയാഴ്ച അറസ്റ്റിലായ മനോജ്കുമാറിന്റെ സുഹൃത്തും ബിഹാര്‍ ധര്‍ഭംഗ ജില്ലക്കാരനുമായ പ്രദീപാണ്(19) അറസ്റ്റിലായത്. ബിഹാറിലെ ബദയ്യ മേഖലയില്‍നിന്ന് സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ഡല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രദീപിനെ കോടതി റിമാന്‍ഡ് ചെയ്തു. ബലാത്സംഗംചെയ്തത് താനല്ലെന്നും സുഹൃത്തായ പ്രദീപാണെന്നുമാണ് മനോജ് പൊലീസിനോട് പറഞ്ഞത്. പ്രദീപിന് കുട്ടിയെ എത്തിച്ചുനല്‍കിയത് താനാണെന്ന് മനോജ് സമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രദീപ് കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലുള്ള മനോജിന്റെ വീട്ടിലേക്ക് വന്നു. അവിടെവച്ച് ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ എത്തിക്കാന്‍ പ്രദീപ് നിര്‍ബന്ധിച്ചു. ഇതനുസരിച്ച് ചോക്ലേറ്റ് നല്‍കി അഞ്ചുവയസ്സുകാരിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. കുട്ടി മരിച്ചെന്ന് കരുതി തങ്ങള്‍ ബിഹാറിലേക്ക് മുങ്ങുകയായിരുന്നെന്നും മനോജ് പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മധ്യപ്രദേശില്‍ 4 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

ചിന്ദ്വാര: മധ്യപ്രദേശില്‍ താമിയയിലെ ജെയ്താപുര്‍ ഗ്രാമത്തില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്തു. മാരകമായി മുറിവേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയുമായി അമ്മ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു. നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ പൊലീസ് തയ്യാറായത്. കേസില്‍ പ്രതിയായ വിഷ്ണു(18)വിനെ പിന്നീട് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അക്രമി തടി കുത്തിക്കയറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

വീട്ടിന് പുറത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞദിവസം മധ്യപ്രദേശ് സിയോണി ജില്ലയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് തോട്ടത്തില്‍ വലിച്ചെറിഞ്ഞ വാര്‍ത്ത പുറത്തുവന്നിരുന്നു. തലച്ചോറിനു ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിലാണ് പെണ്‍കുട്ടിയിപ്പോള്‍. ഫിറോസ്ഖാന്‍ (35) എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ എയര്‍ ആംബുലന്‍സില്‍ നാഗ്പുരിലെത്തിച്ചാണ് അടിയന്തര ചികിത്സ നല്‍കിയത്

deshabhimani 230413

No comments:

Post a Comment