പലവ്യഞ്ജനങ്ങള്‍ക്കു പുറമെ പച്ചക്കറിക്കും സംസ്ഥാനത്ത് റെക്കോഡ് വിലക്കയറ്റം. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ വിലനിയന്ത്രണത്തിന് നടപടി സ്വീകരിക്കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എറണാകുളത്തെ മൊത്തമാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഒരുകിലോ ബീന്‍സിന്റെ മൊത്തവില 100 രൂപയെത്തി. മറ്റിടങ്ങളിലെ ചില്ലറവില 110നു മുകളിലാണ്. നേരത്തെ 30-35 രൂപ വിലയുണ്ടായിരുന്ന ബീന്‍സിന് ഒരാഴ്ചയ്ക്കകമാണ് പൊള്ളുന്ന വിലയായത്. ഒരാഴ്ച മുമ്പ് 15 രൂപയില്‍ താഴെയായിരുന്ന പയറിന്റെ വില 40 മുതല്‍ 60 രൂപവരെയായി. 12-13 രൂപ വിലയുണ്ടായിരുന്ന വെണ്ടക്കയ്ക്ക് 24 രൂപയാണ് ചൊവ്വാഴ്ച എറണാകുളത്തെ മൊത്തവില. ചില്ലറവില ഏതാണ്ട് 35 രൂപയോളമാണ്.
25 രൂപയായിരുന്ന പാവക്കയ്ക്ക് ഇപ്പോള്‍ മൊത്തവില 40 രൂപയാണ്. ചില്ലറവില 50 രൂപയോളവും. 25 രൂപയായിരുന്ന കാരറ്റിന് മൊത്തവില 40 രൂപയാണ്. മറ്റിടങ്ങളില്‍ വില 44 രൂപയായി. 13 രൂപയായിരുന്ന ബീറ്റ്റൂട്ടിന് ഇപ്പോള്‍ 30 രൂപ നല്‍കണം. 14 രൂപയായിരുന്ന പച്ചമുളകിന്റെ ഇപ്പോഴത്തെ മൊത്തവില 35 രൂപയാണ്. കേവലം 7, 8 രൂപയായിരുന്ന മുരിങ്ങക്കായ്ക്ക് 22 രൂപയാണ് മൊത്തവില. ചില്ലറവില 35 മുതല്‍ 40 രൂപ വരെയും. 20-22 രൂപയായിരുന്ന ഉള്ളിക്ക് 48-50 രൂപയായും കൂടി. 11-12 രൂപ മൊത്തവിലയുണ്ടായിരുന്ന തക്കാളിക്ക് എറണാകുളം മാര്‍ക്കറ്റില്‍ 24 രൂപയും മരട് മാര്‍ക്കറ്റില്‍ 30 രൂപയുമാണ് വില. 16 രൂപയുണ്ടായിരുന്ന വഴുതനങ്ങയ്ക്ക് 28 രൂപയായും 10 രൂപയായിരുന്ന കത്രിക്കയ്ക്ക് എറണാകുളത്ത് 26 രൂപയായും ഉയര്‍ന്നു. 30 രൂപയുണ്ടായിരുന്ന ഇഞ്ചിക്കാകട്ടെ 90 രൂപവരെ വിലയായി.
വിലകൂടിയതോടെ പച്ചക്കറിവരവും വില്‍പ്പനയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ എറണാകുളം മാര്‍ക്കറ്റിലേക്ക് 16, 17 ലോറികളില്‍ ചരക്ക് എത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ പത്തോളം വണ്ടി മാത്രമാണ് എത്തുന്നതെന്ന് മൊത്തവ്യാപാരി കെ പി സാദത്ത് പറഞ്ഞു. വിലവര്‍ധനയെത്തുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ കാര്യമായ നഷ്ടം സഹിക്കേണ്ടിവരുന്നു. അവധിക്കാലവും മറ്റും ആയതിനാല്‍ സാധാരണ പച്ചക്കറിവില കുറയേണ്ടതാണ്. എന്നാല്‍, ഓണക്കാലത്തെപ്പോലും അതിശയിക്കുന്ന വിലക്കയറ്റമാണ് ഇപ്പോഴെന്ന് സാദത്ത് പറഞ്ഞു. കച്ചവടം തകര്‍ന്നതിനെത്തുടര്‍ന്ന് പല കടക്കാരും സംയുക്തമായി ലോഡ് എത്തിക്കുകയാണെന്ന് മരട് മാര്‍ക്കറ്റിലെ മൊത്തവ്യാപാരിയായ കെ വി സെബാസ്റ്റ്യന്‍ പറഞ്ഞു. നേരത്തെ പുലര്‍ച്ചെമുതല്‍ രാവിലെ 10 വരെ മാര്‍ക്കറ്റ് സജീവമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഏതാണ്ട് ഏഴിനുതന്നെ കച്ചവടം അവസാനിക്കും. പലരും പച്ചക്കറി വാങ്ങാന്‍ തയ്യാറാകുന്നില്ല. കച്ചവടം കൂടിയിരുന്നുവെങ്കില്‍ പല സാധനങ്ങളുടെയും വില 100, 150 രൂപയ്ക്കു മുകളില്‍ എത്തുമായിരുന്നുവെന്നും സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
deshabhimani 240413
No comments:
Post a Comment