Wednesday, April 24, 2013

കേരളം മൂന്നാമതായത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടില്‍: പിണറായി


തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാംസ്ഥാനത്തായത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളം പിന്നോട്ടടിച്ചതിന്റെ ചിത്രം വ്യക്തമായത്. എല്‍ഡിഎഫ് ഭരണകാലത്ത് ഈ മേഖലയില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തായിരുന്നെന്ന് പിണറായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അധികാരവികേന്ദ്രീകരണം ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതുകൊണ്ടാണ് 28 സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒന്നാംസ്ഥാനം നല്‍കിയത്. എന്നാല്‍, ഇന്ന് യുഡിഎഫ് ഭരണം അധികാരവികേന്ദ്രീകരണത്തിന്റെ നട്ടെല്ല് തകര്‍ത്തു. പദ്ധതിനിര്‍വഹണം തകര്‍ക്കുകയും നവ ഉദാര നയങ്ങളുടെ കമ്പോളതാല്‍പ്പര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ കീഴ്പ്പെടുത്തുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍. പദ്ധതി രൂപീകരണത്തിനും നിര്‍വഹണത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും പദ്ധതിനിര്‍വഹണത്തിന് തടസ്സമായി. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞിരുന്നു.

തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീട് നല്‍കി ഇന്ത്യയിലെ സമ്പൂര്‍ണഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട് ഇ എം എസ് ഭവനപദ്ധതി കൊണ്ടുവന്നു. 39 ലക്ഷം അംഗങ്ങളുമായി കുടുംബശ്രീയെ സ്ത്രീകളുടെ ഉന്നമനത്തിനുള്ള പ്രസ്ഥാനമാക്കി. ശുചിത്വമിഷനും മാലിന്യമുക്തകേരളം പദ്ധതിയും നടപ്പാക്കി. രണ്ട് വര്‍ഷത്തെ യുഡിഎഫ് ഭരണം ഇതെല്ലാം തകര്‍ക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്തു. ഇതിന്റെ ഫലമായാണ് കേരളം മൂന്നാംസ്ഥാനത്തായത്. സ്ത്രീ ശാക്തീകരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അടിത്തറയിടാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് കഴിഞ്ഞിരുന്നു. എന്നാല്‍, കുടുംബശ്രീ പ്രസ്ഥാനത്തെ അടക്കം ദുര്‍ബലമാക്കാനാണ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നീങ്ങിയത്. കേരളം പിന്നോട്ടടിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെങ്കിലും നയത്തിലും പരിപാടിയിലും സമീപനത്തിലും മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment