ശതാഭിഷിക്തനായ മുന്‍ മേയര്‍ എ കെ ശേഷാദ്രിയെ ആദരിച്ചതു സംബന്ധിച്ച് "ആദ്യ നഗരപിതാവിന് കൊച്ചിയുടെ ആദരം" എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ ദിനപത്രത്തില്‍ മാര്‍ച്ച് 28നു പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ആദ്യ കൗണ്‍സില്‍ അംഗവും സിപിഐ എമ്മിന്റെ അന്നത്തെ മേയര്‍സ്ഥാനാര്‍ഥിയുമായിരുന്ന സിഐടിയു അഖിലേന്ത്യ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. ശേഷാദ്രിയെ ആദരിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസ്, മേയര്‍ ടോണി ചമ്മണി എന്നിവര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളും വാസ്തവവിരുദ്ധമാണെന്നും ലോറന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊച്ചിയുടെ ആദ്യ നഗരപിതാവ് എ കെ ശേഷാദ്രി അല്ല. എ എ കൊച്ചുണ്ണി (കൊച്ചുണ്ണി മാസ്റ്റര്‍) ആണ്. 1969ലെ ആദ്യ നഗരസഭയില്‍ രണ്ടു സീറ്റിന്റെ ഭൂരിപക്ഷം സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക് ഉണ്ടായിരുന്ന സന്ദര്‍ഭത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പു നടന്നത്. സിപിഐ എം സ്ഥാനാര്‍ഥിയായി താനും കോണ്‍ഗ്രസുകാരനായ കൊച്ചുണ്ണിമാഷും തമ്മിലായിരുന്നു മത്സരം. രഹസ്യവോട്ടെടുപ്പാണ് നടന്നത്. കൂറുമാറ്റ നിരോധനിയമം നിലവിലില്ലാതിരുന്ന അക്കാലത്ത് സിപിഐ എം പിന്തുണയോടെ ജയിച്ച ഒരംഗം മറുഭാഗത്തിന് വോട്ട് രേഖപ്പെടുത്തുകയും ഇരുപക്ഷത്തിനും വോട്ട് തുല്യമായി വരികയുമായിരുന്നു. യോഗത്തില്‍ അധ്യക്ഷനായിരുന്ന കലക്ടര്‍ നറുക്കെടുപ്പു നടത്തിയതിനെത്തുടര്‍ന്ന് കൊച്ചുണ്ണി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യവോട്ടെടുപ്പില്‍ മറുഭാഗത്ത് വോട്ട്ചെയ്തത് ആരാണെന്ന്താന്‍ മനസ്സിലാക്കിയിരുന്നുവെങ്കിലും ഇതു വെളിപ്പെടുത്തുന്നത് ദുരന്തത്തിനു വഴിയൊരുക്കുമെന്നതിനാല്‍ ജനങ്ങളില്‍നിന്ന് ശക്തമായ ആവശ്യമുണ്ടായിട്ടും താന്‍ തയ്യാറായില്ല. പാര്‍ടിയുടെ മേയറെ സ്വീകരിക്കാന്‍ വന്‍ സന്നാഹവുമായി അത്രയേറെ പ്രവര്‍ത്തകരാണ് അന്ന് കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ തടിച്ചുകൂടിയത്. അവരെയാകെ നിരാശപ്പെടുത്തുന്നതായിരുന്നു മുന്നണിമാറിയുള്ള ഒരംഗത്തിന്റെ വോട്ട്ചെയ്യല്‍. ഇതാരെന്ന് വ്യക്തമായാല്‍ ഒരുപക്ഷെ ആ അംഗത്തിന്റെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്നു.
സിപിഐ, സിപിഐ എം നേതൃമുന്നണി വിട്ട് കോണ്‍ഗ്രസ് നേതൃമുന്നണിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് സിപിഐയിലെ ടി എം അബുവാണ് കൊച്ചിയുടെ മേയറായത്. ടി എം അബുവിനുശേഷം എ സി ജോസ്, കെ എം ഹംസക്കുഞ്ഞ് എന്നിവരാണ് മേയര്‍മാരായത്. തുടര്‍ന്നാണ് എ കെ ശേഷാദ്രി മേയര്‍ പദവിയില്‍ എത്തിയത്. സിപിഐ എം പിന്തുണയുള്ള സ്വതന്ത്രനായാണ് ശേഷാദ്രി ജയിച്ചതെങ്കിലും ഇദ്ദേഹം മറുഭാഗത്തിന്റെ പിന്തുണയോടെയാണ് മേയറായത്. ആദ്യ കൗണ്‍സിലിന്റെ അഞ്ചു വര്‍ഷത്തെ കാലാവധി 10 വര്‍ഷമായി നീട്ടി നല്‍കിയ സര്‍ക്കാര്‍ ശേഷാദ്രിയുടെ മേയര്‍ കാലയളവും ദീര്‍ഘിപ്പിച്ചു. ശേഷാദ്രിയെ ആദരിച്ച ചടങ്ങില്‍ കെ വി തോമസും മേയര്‍ ടോണി ചമ്മണിയുമൊക്കെ പുകഴ്ത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്.
മുല്ലശേരി കനാല്‍ എതിര്‍പ്പ് വകവയ്ക്കാതെ വീതി നന്നേ കുറച്ചത് ശേഷാദ്രിയുടെ കാലത്താണ്. ഇതാണ് ഈ ഭാഗത്ത് വലിയ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. പില്‍ക്കാലത്ത് പെട്ടിയും പറയും സ്ഥാപിച്ചിട്ടും വെള്ളക്കെട്ട് ഒഴിവാക്കാനായില്ല. കലൂര്‍ മലം ഡിപ്പോ അവിടെനിന്നു മാറ്റിയത് ശേഷാദ്രിയാണെന്ന ചിലരുടെ വാദവും അടിസ്ഥാനരഹിതമാണ്. ശേഷാദ്രി ചെയ്തുവെന്ന് ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ ശേഷാദ്രി അറിഞ്ഞു പറയിച്ചതാണെന്നു കരുതുന്നില്ല. നഗരചരിത്രത്തെ വളച്ചൊടിക്കുന്നത് ശരിയല്ല. രേഖകള്‍ പരിശോധിക്കാനും ഇക്കൂട്ടര്‍ തയ്യാറാവണം. ചരിത്രവസ്തുതകളില്‍ ജാഗ്രത പാലിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടതാണെന്നും ലോറന്‍സ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 020413
No comments:
Post a Comment