Tuesday, April 2, 2013

സ്വകാര്യബസ് ലോബിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശ


കാസര്‍കോട്: കെഎസ്ആര്‍ടിസിക്ക് അനുകൂലമായ കോടതി വിധികള്‍ക്ക് നേരെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കണ്ണടച്ചതോടെ കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ സ്വകാര്യബസ് ലോബികള്‍ പിടിമുറുക്കുന്നു. സുപ്രീംകോടതി, കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍, കര്‍ണാടക ഹൈക്കോടതി വിധികള്‍ അവഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യബസ് ലോബിയെ സഹായിക്കുന്നത്. കര്‍ണാടക- കേരള സംസ്ഥാന സര്‍ക്കാരുകള്‍ 2008ല്‍ ഒപ്പുവച്ച കരാര്‍പ്രകാരം ഈ റൂട്ടില്‍ ഇരു സംസ്ഥാനങ്ങളുടെയും കെഎസ്ആര്‍ടിസിക്ക് മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാന്‍ പാടുള്ളു. ഇതിനെതിരെ സ്വകാര്യബസ്സുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ 2010 ജനുവരിയില്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് കെഎസ്ആര്‍ടിസിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കോടതിവിധികളുടെ പകര്‍പ്പ് യഥാസമയം കേരള ഹൈക്കോടതിയില്‍ ഹാജരാക്കാതെ സര്‍ക്കാര്‍ സ്വകാര്യബസ് ഉടമകളെ സഹായിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഈ റൂട്ടിലെ യാത്രയെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കമീഷനെ നിയമിച്ചത്.

1992 മുതല്‍ കെഎസ്ആര്‍ടിസിക്ക് സമാന്തരമായി ഈ റൂട്ടില്‍ നിരവധി സ്വകാര്യബസുകള്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തിയിരുന്നു. കെഎസ്ആര്‍ടിഇഎ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ സര്‍വീസുകള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടു. സ്വകാര്യ ബസ്സുടമകള്‍ കര്‍ണാടക സിംഗിള്‍ ബഞ്ച്, ഡിവിഷന്‍ ബഞ്ച്, സുപ്രീംകോടതി വരെ കേസ് നടത്തിയെങ്കിലും കെഎസ്ആര്‍ടിഇഎയും കെഎസ്ആര്‍ടിസിയും മുന്നോട്ടുവച്ച വാദങ്ങള്‍ അംഗീകരിച്ച് നിയമവിരുദ്ധ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധിക്ക് ശേഷം പുതുക്കി നല്‍കേണ്ടതില്ലെന്നും വിധിച്ചു. അഞ്ചുവര്‍ഷമായി ഇരു ആര്‍ടിസികളും ജനോപകാരപ്രദമായി സര്‍വീസ് നടത്തുകയാണ്. കര്‍ണാടകത്തില്‍ ഭരണമാറ്റമുണ്ടായ ഉടന്‍ സ്വകാര്യബസ് ഉടമസ്ഥ ലോബി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണലിനെ വീണ്ടും സമീപിച്ചു. കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിക്കൊപ്പം കെഎസ്ആര്‍ടിഇഎയും കെഎസ്ആര്‍ടിസി മാനേജ്മെന്റും കക്ഷിചേര്‍ന്ന് സുപ്രീംകോടതി വിധിയുടെ പകര്‍പ്പുള്‍പ്പെടെ ഹാജരാക്കി. ഇവ പരിശോധിച്ച ട്രൈബ്യൂണല്‍ സ്വകാര്യ ബസ്സുടമകളുടെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി.

തുടര്‍ന്ന് എറണാകുളത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രൈബ്യൂണലില്‍ (എസ്ടിഎടി) സ്വകാര്യബസുടമകള്‍ പെര്‍മിറ്റ് നേടിയെടുക്കുന്നതിനായി ഹര്‍ജി നല്‍കി. സര്‍ക്കാര്‍ അനാസ്ഥ കാരണം കേസ് അനന്തമായി നീണ്ടുപോകുന്നതിനാല്‍ അതില്‍ തീര്‍പ്പാകുംവരെ സ്വകാര്യബസുകള്‍ക്ക് ഓടാന്‍ ഹൈക്കോടതി താല്‍ക്കാലിക അനുമതി നല്‍കി. 22 സ്വകാര്യബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഇതിനെതിരെ കെഎസ്ആര്‍ടിസി മാനേജ്മെന്റ് നല്‍കിയ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി, കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍, കര്‍ണാടക ഹൈക്കോടതി വിധികള്‍ കേരളത്തിലും ബാധകമാണെന്നിരിക്കെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിസംഗത പാലിച്ചതിനാല്‍ തെളിവെടുപ്പിനായി കമീഷനെ നിയമിക്കുകയായിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി നിയമിച്ച കമീഷന്‍ കാസര്‍കോട് തെളിവെടുപ്പിനെത്തിയപ്പോള്‍ സ്വകാര്യബസ് ലോബികള്‍ക്ക് അനുകൂലമായ മൊഴി നല്‍കാന്‍ ബിജെപി- ബിഎംഎസ്- എബിവിപി നേതാക്കളുമെത്തി. അന്തര്‍സംസ്ഥാന കരാര്‍ പുതുക്കേണ്ട സമയം അടുത്തതാണ് സ്വകാര്യബസ് ലോബി ശക്തമായ ഇടപെടലുമായി രംഗത്തുവരാന്‍ കാരണം.
(കെ സി ലൈജുമോന്‍)

കെഎസ്ആര്‍ടിസി യാത്ര സുരക്ഷിതമെന്ന് യാത്രക്കാര്‍

കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളിലെ യാത്ര സുരക്ഷിതമാണെന്നും സ്വകാര്യബസുകളില്‍ ഭീതിയോടെ മാത്രമേ കയറാനാകൂവെന്നും യാത്രക്കാര്‍. കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ട് ദേശസാല്‍ക്കരിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജി പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച കമീഷന്‍ മുമ്പാകെയാണ് യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ എ കെ മാധവനുണ്ണിയുടെ നേതൃത്വത്തിലുള്ള കമീഷനാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി- സ്വകാര്യബസ് ജീവനക്കാര്‍, സ്വകാര്യബസ് ഉടമകള്‍, യാത്രക്കാര്‍, സര്‍വീസ് സംഘടനകള്‍ എന്നിവരില്‍നിന്ന് തെളിവെടുത്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. യാത്രക്കാരില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്.

സ്വകാര്യബസുകളേക്കാള്‍ സുരക്ഷിത യാത്രയാണ് കെഎസ്ആര്‍ടിസിയിലേതെന്നും ഇവര്‍ കമീഷന്‍ മുമ്പാകെ പറഞ്ഞു. സ്വകാര്യബസുകള്‍ക്ക് ഈ റൂട്ടില്‍ പെര്‍മിറ്റുണ്ടായിരുന്ന കാലത്ത് മത്സരയോട്ടത്തിലൂടെ ജീവഹാനി സംഭവിച്ച നിരവധി പേരുടെ കുടുംബാംഗങ്ങളും മൊഴി നല്‍കാനെത്തി. സ്വകാര്യബസുകളുടെ പെര്‍മിറ്റ് റദ്ദായ ശേഷം ഇതുവഴിയുള്ള അപകടം നാമമാത്രമായി ചുരുങ്ങിയെന്നും കെഎസ്ആര്‍ടിസികള്‍ തമ്മില്‍ മത്സരയോട്ടമില്ലാത്തതും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായെന്ന് പലരും കമീഷന് മുന്നില്‍ വിവരിച്ചു. സ്വകാര്യബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും യാത്രക്കാരോടുള്ള മോശം പെരുമാറ്റവും പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടായിരുന്നതായും മൊഴി നല്‍കി. കെഎസ്ആര്‍ടിസിയില്‍ ഇത്തരം പ്രശ്നങ്ങളില്ലെന്നും ഇവര്‍ പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ഥം കൂടുതല്‍ കെഎസ്ആര്‍ടിസി ബസും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യവും അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നു. കാസര്‍കോട്- തലപ്പാടി റൂട്ടില്‍ ലോക്കല്‍ സ്റ്റോപ്പുള്ള സ്വകാര്യ ബസുകള്‍ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു.

പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്ന തെളിവെടുപ്പില്‍ സ്വകാര്യബസ് ലോബി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ തങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കുന്നതിന് പഠിപ്പിച്ച് ചട്ടംകെട്ടി കൊണ്ടുവന്നിരുന്നു. കെഎസ്ആര്‍ടിസിയെ കുറ്റംപറഞ്ഞ് കൂടുതല്‍ സ്വകാര്യബസുകള്‍ അനുവദിക്കാനാണ് ഇവര്‍ വാദിച്ചത്. അന്തര്‍സംസ്ഥാന റൂട്ടുകളിലെ പെര്‍മിറ്റ് സംബന്ധിച്ചുള്ള കേസ് എറണാകുളത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രൈബ്യൂണലില്‍ (എസ്ടിഎടി) നിലനില്‍ക്കുന്നതിനാല്‍ അതില്‍ തീര്‍പ്പാകുംവരെ സ്വകാര്യബസുകള്‍ ഓടാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 22 സ്വകാര്യബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇതിനെതിരെ കെഎസ്ആര്‍ടിസിയും സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിഇഎ (സിഐടിയു)യും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തെളിവെടുപ്പിനായി കമീഷനെ നിയമിച്ചത്. തിങ്കളാഴ്ചത്തെ തെളിവെടുപ്പില്‍ അഡ്വ. കെ വി പ്രഭാകരന്‍, കാസര്‍കോട് ഡിപ്പോ ഡിടിഒ കെ എസ് സുരേന്ദ്രന്‍, എന്‍ജിനിയര്‍ വി രമേശന്‍, എടിഒ ബി കെ സുകുമാരന്‍, കര്‍ണാടക ലോ ഓഫീസര്‍ രാജേഷ് ഷെട്ടി, മംഗളൂരു ലോ ഓഫീസര്‍ പ്രസന്നകുമാര്‍, കേരള സോണല്‍ ഓഫീസര്‍ യീസ്റ്റര്‍ യാഷിക, വിവിധ യൂണിയന്‍ ഭാരവാഹികള്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ മൊഴി നല്‍കി. കമീഷന്‍ ചൊവ്വാഴ്ച മംഗളൂരുവില്‍ തെളിവെടുപ്പ് നടത്തും.

deshabhimani 020413

No comments:

Post a Comment